എറണാകുളം മൂവാറ്റുപുഴയാറ്റിൽ കാണാതായ കുടുംബത്തിലെ നാലാമത്തെ മൃതദേഹവും കണ്ടെത്തി. ദുരന്തത്തിൽപ്പെട്ട രണ്ടാമത്തെ കുട്ടിയുടെ മൃതദേഹമാണ് ദീർഘനേരത്തെ തെരച്ചിലിനൊടുവിൽ ആറ്റുതീരം കടവ് ഭാഗത്ത് നിന്ന് ഫയർഫോഴ്‌സും സ്കൂബ സംഘവും ചേര്‍ന്ന് കണ്ടെടുത്തത്. കുട്ടിയുടെ പിതാവ് നാരായണന്റെ മൃതദേഹവും ഇന്നലെ ഇതേ പ്രദേശത്തുനിന്നു തന്നെയാണ് രക്ഷാപ്രവർത്തകർക്ക് ലഭിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ അമ്മ വിജിമോൾ, മൂന്ന് വയസ്സുള്ള മകൾ എന്നിവരുടെ മൃതദേഹങ്ങൾ മുളക്കുളം ഭാഗത്തുനിന്ന് കണ്ടെടുത്തിരുന്നു. ഇതോടെ കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കുടുംബം കൂട്ട ആത്മഹത്യ ചെയ്തതാണെന്നാണ് പിറവം പൊലീസിന്റെ പ്രാഥമിക നിഗമനം.
താമസിച്ചിരുന്ന വാടകവീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്ന ഇവർ പിന്നീട് ആരാധനാലയങ്ങളുടെയും കാരുണ്യമനസ്കരുടെയും സഹായത്തോടെയാണ് കഴിഞ്ഞുകൂടിയിരുന്നത്. പിന്നീട് പോലീസിന്റെ ഇടപെടലിലൂടെ ഇവർക്ക് താൽക്കാലികമായി ഒരു വീട് സജ്ജമാക്കി നൽകിയിരുന്നെങ്കിലും ജീവിത പ്രതിസന്ധികൾ ഇവരെ തളർത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

