PRAVASI

പ്രാര്‍ത്ഥനാലയം കള്ളന്മാരുടെ ഗുഹയോ?

Blog Image

യേശു യെരുശലേം ദേവാലയത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടെ കണ്ട കാഴ്ചകള്‍ യേശുവിനെ കോപാകുലനാക്കി ഒരുവശത്ത് മണി എക്സ്ചേഞ്ച്, മറ്റൊരു വശത്ത് പ്രാവുകളെയും മറ്റു മൃഗങ്ങളെയും വില്‍ക്കുന്നവര്‍, മറ്റു കച്ചവടങ്ങള്‍ നടത്തുന്നവര്‍, ആരാധനയ്ക്കായി വരുന്നവരെ ചൂഷണം ചെയ്യുന്ന മറ്റൊരു സമൂഹം. പ്രകാരത്തിന് വെളിയില്‍ നടക്കേണ്ടതെല്ലാം പുരോഹിതന്മാരുടെ ഒത്താശയോട് പള്ളിമുറ്റത്ത് വരെ വന്നിരുന്നു. ഊനം ഇല്ലാത്ത മൃഗങ്ങളെ വേണം യാഗം അര്‍പ്പിക്കുവാന്‍. എന്നാല്‍ പുരോഹിതന്മാര്‍ കച്ചവടക്കാരുമായി സഖ്യത ഉണ്ടാക്കി ഊനം ഉള്ളതിനേയും ആലയത്തിന്‍റെ മുറ്റത്ത് വച്ച് പുരോതന്മാര്‍ക്ക് കൈമാറിയാല്‍ ആരും അറിയാതെ യാഗങ്ങള്‍ നടക്കും. പുരോതന്മാര്‍ക്ക് നല്ല തുക ലഭിക്കുകയും ചെയ്യും. യേശുവിന് കോപം വരുവാന്‍ ഉണ്ടായ പ്രധാന കാരണങ്ങള്‍ ഒന്ന് ദൈവ ആരാധനയുടെ വിശുദ്ധി നഷ്ടപ്പെട്ടു. രണ്ട് ദരിദ്രന്മാരും സാധാരണക്കാരും ചൂഷണം ചെയ്യപ്പെട്ടു. വിജാതീയര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സ്ഥലവും കച്ചവടക്കാര്‍ കൈയടക്കി ദൈവത്തിന്‍റെ നാമം ദുരുപയോഗം ചെയ്യപ്പെട്ടു. യേശു അതിനാലാണ് പറഞ്ഞത് എന്‍റെ ആലയം പ്രാര്‍ത്ഥനാലയം എന്ന് വിളിക്കപ്പെടും. നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി തീര്‍ത്തിരിക്കുന്നു. ദൈവത്തെ ആരാധിക്കേണ്ട സ്ഥലം കച്ചവടസ്ഥലം ആക്കി മാറ്റിയിരിക്കുന്നു. ദേവാലയം എല്ലാ ജനങ്ങള്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള സ്ഥലം ആയിരുന്നു. എന്നാല്‍ ഇതിന് വിപരീതമായിട്ടാണ് അവിടെ സംഭവിച്ചിരിക്കുന്നത്. ജനങ്ങള്‍ അനീതി ചെയ്യുകയും പാപം പ്രവര്‍ത്തിക്കുകയും ചെയ്ത ശേഷം ദേവാലയത്തില്‍ വന്ന് തങ്ങള്‍ സൂരക്ഷിച്ചതരാണ് എന്ന് കരുതുകയും ചെയ്തിരുന്നു. അതായത് ദേവാലയത്തെ പാപങ്ങള്‍ക്കുള്ള മറവിടം ആക്കി മാറ്റി.( യിരെ. 7.11)
9 മുതലുള്ള വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നത് 'നിങ്ങള്‍ മോഷ്ടിക്കുകയും വ്യഭിചരിക്കുകയും കള്ളസത്യം ചെയ്യുകയും ബാലിന് ധുപം കാട്ടുകയും അറിയാത്ത ദേവന്മാരോട് ചെന്ന് ചേരുകയും ചെയ്യുന്നു. പിന്നെ വന്ന് എന്‍റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തില്‍ എന്‍റെ സന്നിധിയില്‍ നിന്നുകൊണ്ട് ഞങ്ങളുടെ രക്ഷപ്പെട്ടിരിക്കുന്നു എന്ന് പറയുന്നു. ഈ മ്ലേച്ഛതകള്‍  ഒക്കെയും ചെയ്യേണ്ടത് തന്നെയോ? എന്‍റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവോ? എനിക്കും അത് അങ്ങനെ തന്നെ എന്ന് തോന്നുന്നു എന്ന് യഹോവയുടെ അരുളപ്പാട്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആത്മീയ പാഠം ഒന്ന് കൊരിന്ത്യര്‍  മൂന്നിന്‍റെ 16 പ്രകാരം നാം ദൈവത്തിന്‍റെ മന്ദിരമാണ് അതുകൊണ്ട് നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും പ്രാര്‍ത്ഥനയ്ക്കും വിശുദ്ധിയും പ്രഥമസ്ഥാനം ഉണ്ടായിരിക്കണം. എന്നാല്‍ ഈ കാലഘട്ടത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആരാധനയുടെ മറവില്‍ എന്തെല്ലാമാണ് നടക്കുന്നത്. ജാതികളുടെ ഇടയില്‍ പരിഹാസ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. സഭയുടെ ആസ്ഥാന മന്ദിരങ്ങളില്‍ പോലീസിന്‍റെ സാന്നിധ്യം വേലി തന്നെ വിളവ് തിന്നുന്നു എന്ന് പറയും പോലെ സഭയെ പരിപാലിക്കേണ്ടവര്‍ തന്നെ സഭയെ വിഴുങ്ങുകയാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ വാങ്ങി തട്ടിപ്പ് നടത്തുന്നു സഭയുടെ ഖജനാവ് മോഷ്ടിക്കുന്നു മറ്റ് ആകാത്ത പ്രവര്‍ത്തികള്‍ ഒക്കെ ചെയ്യുന്നു. ലോക മനുഷ്യരോട് ഇട കലര്‍ന്ന് അവരെ പ്രീണിപ്പിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്തുകൂട്ടുന്നത്. സഭകള്‍ എന്ന ആശയം വിട്ടു പ്രസ്ഥാനങ്ങളും സംഘടനകളുമായി തരംതാണു പോയി. അപ്പൊസ്തലന്മാരുടെ ഉപദേശം പ്രസംഗിക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തികള്‍ എന്തുകൊണ്ട് അനുകരിച്ചുകൂടാ. അധികാരത്തിനുവേണ്ടി മത്സരങ്ങള്‍ നടത്തി കോടികളാണ് സ്ഥാനങ്ങള്‍ ലഭിക്കുവാന്‍ ചെലവഴിക്കുന്നത്. ജീവിത വിശുദ്ധിയുടെ പടിവാതില്‍ പോലും കാണാത്ത മഹാന്മാരാണ് പല സഭകളെയും നയിക്കുന്നത്. ഗുണ്ടായിസവും തെറിയഭിഷേകം നടത്തുന്നവര്‍ തങ്ങള്‍ വിശുദ്ധന്മാര്‍ എന്ന് പൊതുജനം അറിയുവാന്‍ സ്റ്റേജുകളില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ചില്ലറയല്ല. ദൈവം മുഖം നോക്കാതെ ശിക്ഷിക്കുന്ന ദൈവം എന്ന് അറിയാതിരിക്കരുത്. സഭാ അധ്യക്ഷന്മാര്‍ വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ട നാളുകളാണ് നമ്മുടെ മുമ്പിലുള്ളത്. ഈ അടുത്ത സമയത്ത് പ്രസിദ്ധമായ പരുമല പള്ളിയില്‍ വിശ്വാസികളെ അവഗണിച്ചും അവരുടെ സാന്നിധ്യത്തെ ഗണ്യമാക്കാതെ സിനിമാ നടനെ സ്വീകരിച്ചത് വലിയ വിവാദമായതാണ്.
പ്രധാനപ്പെട്ട യാഗങ്ങള്‍
 ഹോമയാഗം, ഭോജന യാഗം, സമാധാന യാഗം, പാപയാഗം, അകൃത്യ യാഗം
 ഈ യാഗങ്ങള്‍ക്കുവേണ്ടി കൊണ്ടുവന്നിരുന്നത് സാമ്പത്തിക ശേഷിക്കും യാഗസ്വഭാവത്തിനും അനുസരിച്ചുള്ളതാണ്. കാളക്കിടാവ് ആട്ടുകൊറ്റന്‍ ആട്ടിന്‍കുട്ടി പ്രാവ്, കുറുപ്രാവ് എന്നിവയായിരുന്നു അര്‍പ്പിച്ചിരുന്നത് ലേവ്യ അഞ്ചിന്‍റെ ഏഴും പ്രകാരം ആട്ടിന്‍കുട്ടിയെ നല്‍കാന്‍ കഴിയാത്തവര്‍ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെ അര്‍പ്പിക്കുമായിരുന്നു. യാഗം അര്‍പ്പിക്കുന്നവര്‍ യാഗത്തെ കൊണ്ടുവരണമായിരുന്നു, പാപത്തിന്‍റെ തീവ്രത അനുസരിച്ചാണ് യാഗം അര്‍പ്പിക്കേണ്ടത് മൃഗത്തിന് വൈകല്യമോ ന്യൂനത ഉണ്ടോ എന്ന് പരിശോധിക്കണം യാഗം അര്‍പ്പിക്കുന്ന വ്യക്തി മൃഗത്തിന്‍റെ തലയില്‍ കൈവയ്ക്കണം പാപ സ്വഭാവം അനുസരിച്ച് അതിനെ അറുക്കേണം പുരോഹിതന്‍ രക്തം എടുത്ത് നിയമപ്രകാരം അര്‍പ്പിക്കണം. യാഗത്തിന്‍റെ നിയമമനുസരിച്ച് മാംസം യാഗപീഠത്തില്‍ വച്ച് ദഹിപ്പിക്കണം മഹാപുരോഹിതന്‍, പുരോഹിതന്‍, ലേവ്യന്‍ എന്നിവര്‍ ആയിരിക്കണം യാഗം നടത്തേണ്ടത് ഇങ്ങനെയായിരുന്നു പഴയനിയമ ആലയത്തിലെ യാഗങ്ങളും ക്രമങ്ങളും പഴയനിയമ യിസ്രായേല്‍ ഇതെല്ലാം അനുസരിച്ചിരുന്നു.
 പുതിയനിയമ യിസ്രായേല്‍ എങ്ങനെയുള്ളവര്‍ ആയിരിക്കണം എന്ന് ചിന്തിച്ച് ഈ ലേഖനം അവസാനിപ്പിക്കാം. ജഡപ്രകാരമുള്ള യിസ്രയേല്‍ ആണ് പഴയനിയമത്തിലുള്ളത്. അബ്രഹാമിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ശാരീരിക സന്തതികള്‍ ആണ് യഹൂദ ജനത. പുതിയ നിയമസഭയിലെ യിസ്രായേല്‍ എന്ന് പറഞ്ഞാല്‍ ആത്മീയമായി വിശ്വാസത്താല്‍ ദൈവജനമായവരാണ്. ഗലാത്യര്‍ മൂന്നിന്‍റെ 26 മുതല്‍ 29 വരെ യേശുക്രിസ്തുവില്‍ ഉള്ള വിശ്വാസത്താല്‍ നിങ്ങളെല്ലാവരും ദൈവത്തിന്‍റെ മക്കളാകുന്നു. മുമ്പ് നിങ്ങള്‍ ജാതികള്‍ ആയിരുന്നു ഇസ്രായേല്‍ ഉടമ്പടിയില്‍ നിന്നും അകന്നവര്‍ ആയിരുന്നു. എന്നാല്‍ യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ ദൈവത്തോട് അടുക്കുവാന്‍ സാധിച്ചു ക്രിസ്തു നമ്മുടെ സമാധാനം അവന്‍ ഇരുവശത്തെ ഒന്നാക്കി ആകയാല്‍ പുതിയനിയമ യിസ്രായേല്‍ ആയിരിക്കുന്ന നമുക്ക് യാഗവ്യവസ്ഥയില്ല ക്രിസ്തു നമുക്കുവേണ്ടി ഏകയാഗമായി തീര്‍ന്നു ഇരുവശത്തെ ഒന്നാക്കി. ആകയാല്‍ ആത്മീയരുടെ ഇടയില്‍ പക്ഷങ്ങള്‍ക്ക് പ്രസക്തിയില്ല സ്തോത്രയാഗം അര്‍പ്പിച്ച് ദൈവത്തെ മഹത്വപ്പെടുത്താം മറ്റുള്ളവര്‍ക്ക് മാതൃകയായി ജീവിച്ച് അനേകരെ ക്രിസ്തുവിങ്കലേക്കു ആദായപ്പെടുത്തുവാന്‍ സംഗതിയാകട്ടെ എല്ലാ ജഡീക ചിന്തകളെയും അകറ്റി ക്രിസ്തുവില്‍ ഒരു അപ്പത്തിന്‍റെ അംശികള്‍ എന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കാം അധികാരം അല്ല വലുത് ആത്മീയമാണ് നാം ഇപ്പോള്‍ എവിടെയെന്ന് തിരിഞ്ഞുനോട്ടത്തിനുള്ള അവസരമായി കാണാം ദൈവം കൃപ ചെയ്യട്ടെ.

പാസ്റ്റര്‍. പി. പി. കുര്യന്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.