കോട്ടയം: ഉഴവൂർ ഔർ ലേഡി ഓഫ് ലൂർദ് ഹൈസ്കൂളിലെ (OLLHS) 1992 എസ്.എസ്.എൽ.സി. ബാച്ച് പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ ഓർമ്മക്കൂട്ട് ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ കാരുണ്യ സംരംഭമായ ‘ഓർമ്മക്കൂട്ട് – സ്നേഹസ്പർശം’ പദ്ധതിക്ക് ഉജ്ജ്വല തുടക്കം. നവംബർ 15 ഞായറാഴ്ച രാവിലെ 11.30ന് ഉഴവൂർ അരീക്കര കുഞ്ചൻ മിഷനറി ഭവനിൽ നടന്ന ചടങ്ങിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് ആനിമൂട്ടിൽ ഭദ്രദീപം തെളിയിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.
2018-ലെ സിൽവർ ജൂബിലി പുനഃസംഗമത്തെത്തുടർന്ന് രൂപംകൊണ്ട ഓർമ്മക്കൂട്ട് കൂട്ടായ്മയുടെ സാമൂഹിക പ്രതിബദ്ധതയുടെ പുതിയ ചുവടുവയ്പ്പാണ് ഈ പദ്ധതി. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്കും പരിചരണകേന്ദ്രങ്ങളിൽ കഴിയുന്ന നിരാലംബരായ വയോജനങ്ങൾക്കും സ്നേഹവും കരുതലും സന്തോഷവും പകരുകയാണ് ലക്ഷ്യം. കുറഞ്ഞത് രണ്ടുവർഷക്കാലം എല്ലാ മാസവും വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച് കാരുണ്യപ്രവർത്തനങ്ങൾ നടത്താനാണ് കൂട്ടായ്മയുടെ തീരുമാനം. പദ്ധതിയുടെ ആദ്യ സന്ദർശനത്തിനായി അരീക്കരയിലെ കുഞ്ഞച്ചൻ മിഷനറി ഭവനെയാണ് തിരഞ്ഞെടുത്തത്.
ഉദ്ഘാടന സമ്മേളനത്തിൽ ഓർമ്മക്കൂട്ട് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി അജി വേളൂപറമ്പിൽ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സജീവ് കുരുവിള അധ്യക്ഷത വഹിച്ചു. അധ്യക്ഷപ്രസംഗത്തിൽ സ്നേഹസ്പർശം പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനരീതികളും അദ്ദേഹം സദസ്സിന് വിശദീകരിച്ചു. തുടർന്ന്
പദ്ധതിയുടെ ജനറൽ കോർഡിനേറ്റർ ജോജോ ആനാലിൽ ,പദ്ധതിയുടെ വിജയത്തിനായി വിവിധ മേഖലകളിൽ ആത്മാർത്ഥമായി സഹകരിച്ചു കൊണ്ടിരിക്കുന്ന സിന്റോ വെട്ടുകല്ലേൽ, ബിജു കുപ്പേനാനിക്കൽ, മനോജ് ആലക്കൽ, സ്റ്റീഫൻ കരീംതോട്ടിയിൽ അനിത മുരിയന്മ്യാലിൽ,
ഷെൽബി കല്ലടയിൽ , സ്റ്റീഫൻ കുന്നുംപുറത്ത് ,ആത്മീയ ഗുരുക്കന്മാർ വിവിധ മേഖലയിലെ പ്രതിനിധികൾ എക്സിക്യൂട്ടീവ് മെമ്പേഴ്സ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓർമ്മക്കൂട്ട് കുടുംബാംഗങ്ങൾ എന്നിവരുടെ കൂട്ടായ പിന്തുണയാണ് പദ്ധതിയുടെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ഘാടന പ്രസംഗത്തിൽ കാരുണ്യപ്രവർത്തനങ്ങളുടെ പ്രാധാന്യവും സമൂഹത്തിൽ അവഗണിക്കപ്പെടുന്നവരിലേക്ക് സ്നേഹവും കരുതലും എത്തിക്കേണ്ടതിന്റെ ആവശ്യകതയും അഭിവന്ദ്യ മാർ തോമസ് ആനിമൂട്ടിൽ ഓർമിപ്പിച്ചു.
ഉഴവൂർ ഫൊറോന വികാരി ഫാ. അലക്സ് ആക്കപറമ്പിൽ , കുഞ്ഞച്ചൻ മിഷനറി ഭവൻ ഡയറക്ടർ ബ്ര. ബിനോയ് ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷിബി മത്തായി എന്നിവർ ആശംസകൾ നേർന്നു. ഭവനിലെ അന്തേവാസികളായ പ്രവീണും ജെയ്ക്കും അവതരിപ്പിച്ച ഗാനങ്ങൾ ചടങ്ങിന് ഹൃദ്യത പകർന്നു.
വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിനി ചാക്കോയും ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. തങ്കച്ചൻ ഏലവുങ്കലും ചേർന്ന് പദ്ധതിയുടെ ലോഗോ അനാച്ഛാദനം ചെയ്തു. തുടർന്ന് അഭിവന്ദ്യ മാർ തോമസ് ആനിമൂട്ടിലിനെയും ബ്ര. ബിനോയ് ജെയിംസിനെയും ഓർമ്മക്കൂട്ടിന്റെ പ്രത്യേക ഫലകങ്ങൾ നൽകി ആദരിച്ചു. അന്തേവാസികൾക്കുള്ള സമ്മാനവിതരണവും നടന്നു. ഓർമ്മക്കൂട്ട് അംഗവും ഉഴവൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറുമായ സ്റ്റീഫൻ കുന്നുംപുറത്ത് നന്ദി പ്രകാശിപ്പിച്ചു. ഭക്ഷണാശീർവാദത്തോടെ സമ്മേളനം സമാപിച്ചു.
ഓരോ മാസവും തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങൾ സന്ദർശിച്ച് അന്തേവാസികൾക്കൊപ്പം സമയം ചെലവഴിക്കുക, ഭക്ഷണം ഒരുക്കി നൽകുക, വിനോദപരിപാടികൾ സംഘടിപ്പിക്കുക, ദൈനംദിന ആവശ്യങ്ങൾക്കുതകുന്ന സമ്മാനങ്ങൾ കൈമാറുക എന്നിവയാണ് പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ. കേവലം സഹായവിതരണത്തിനപ്പുറം, അവർക്കൊപ്പം സന്തോഷം പങ്കിടാനും സ്നേഹവും പരിഗണനയും അനുഭവിക്കാനും കഴിയുന്ന ഒരു ദിനം സമ്മാനിക്കുകയാണ് സ്നേഹസ്പർശത്തിന്റെ ലക്ഷ്യം.
ഒരേ വിദ്യാലയമുറ്റത്ത് സൗഹൃദം പങ്കിട്ട സഹപാഠികൾ വർഷങ്ങൾക്കിപ്പുറം ആ ബന്ധങ്ങളെ സാമൂഹിക സേവനത്തിനുള്ള കരുത്താക്കി മാറ്റുന്നു എന്നതാണ് സ്നേഹസ്പർശത്തിന്റെ ഏറ്റവും വലിയ സവിശേഷത. “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതിലാണ് അനുഗ്രഹം” എന്ന സന്ദേശം ജീവിതത്തിൽ പകർത്തി, ഓരോ മാസവും ഓരോ സ്ഥാപനത്തിലേക്ക് സ്നേഹത്തിന്റെ കരുതലുമായി കടന്നുചെല്ലുന്ന ഓർമ്മക്കൂട്ടിന്റെ ഈ സ്നേഹയാത്ര കൂടുതൽ മനുഷ്യഹൃദയങ്ങളിലേക്ക് കാരുണ്യത്തിന്റെ വെളിച്ചം പകരട്ടെ.






