PRAVASI

ഇന്ത്യയുടെ GDP വളർച്ചയും ഒരു ദശകത്തിലെ വികസന കുതിപ്പും

Blog Image

ഇന്ത്യയുടെ കഴിഞ്ഞ മാർച്ച് 31 നു അവസാനിച്ച 2025-26 സാമ്പത്തിക വർഷത്തെ വളർച്ച നിരക്കും അനുബന്ധ കണക്കുകളും MoSPI ( കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ്‌ പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ) കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വിട്ടിരുന്നു. ലോക ബാങ്ക് അനുശാസിക്കുന്ന രീതിയിൽ ഓരോ രാജ്യത്തിന്റെയും വളർച്ചാ നിരക്ക് നിജപ്പെടുത്തുന്നത് ഒരു നിശ്ചിത കാലഘട്ടത്തിനുള്ളിൽ രാജ്യത്തിനകത്തു ഉല്പാദിക്കപ്പെടുന്ന എല്ലാ അന്തിമ സാധനങ്ങളുടെയും ( final products) സേവനങ്ങളുടെയും അകെ വിപണി മൂല്യത്തിന്റെ (GDP) അടിസ്ഥാനത്തിലാണ്. ഒരു സാമ്പത്തിക വർഷത്തിൽ ആ രാജ്യം കൈവരിച്ച മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 
(Gross Domestic Product) കണക്കെടുക്കുന്നതു അന്താരാഷ്ട്ര അക്കൗണ്ടിംഗ് സിസ്റ്റം നിർദ്ദേശിക്കുന്നതും ലോക ബാങ്കും അന്തർദേശിയ നാണയ നിധിയും അംഗീകരിക്കുന്നതുമായ ഡാറ്റ സോഴ്‌സുകളും എസ്റ്റിമേഷൻ രീതികളും അവലംബിച്ചാണ്. അങ്ങനെയല്ലായെങ്കിൽ ആ രാജ്യത്തിന് ലോകരാഷ്ട്രങ്ങളുമായി വ്യാപാര ബന്ധങ്ങളിലോ ലോക ബാങ്ക് ഇടപാടുകളിലോ പങ്കാളിയാകാൻ കഴിയില്ല. ധനതത്വ ശാസ്ത്ര സമവാക്യങ്ങളിലെ സങ്കീർണ്ണതകൾ ഒഴിവാക്കി ജിഡിപി യെ ഒരു രാജ്യത്തിന്റെ ഒരു സാമ്പത്തിക വർഷത്തിലെ ആകെ ആഭ്യന്തര ഉപഭോഗം (consumption), നിക്ഷേപം (Investment), സർക്കാർ ചെലവുകൾ (Government Expenses), വ്യാപാര മിച്ചം 
(Export value minus Imports Value) എന്നിവയുടെ ആകെത്തുകയായി കണക്കാക്കാവുന്നതാണ്.
                  2025- 26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7.7% സാമ്പത്തിക വളർച്ച കൈവരിക്കുകയും രാജ്യത്തിന്റെ GDP 346.36 ലക്ഷം കോടിയായി ഉയർത്തുകയും ചെയ്തിരിക്കുന്നു.
                  ലോക സാമ്പത്തിക ശക്തികളിൽ ഇന്ത്യക്കു മുകളിൽ സ്ഥാനമുള്ള അമേരിക്ക 2.2% വും ചൈന 5% വും ജർമ്മനി 1.4% വും വളർച്ചാ നിരക്കുകളാണ് ഈ കാലയളവിൽ കൈവരിച്ചിരിക്കുന്നത്. വളർച്ചാ നിരക്ക് കുറവായി നിൽക്കുമ്പോളും അമേരിക്കയുടെ GDP 30.77 ട്രില്യൻ ഡോളറാണെന്നും ചൈനയുടേത് 19.57 ട്രില്യൺ ഡോളറാണെന്നുമുള്ള വലിയ അന്തരം കാണാതിരുന്നുകൂടാ. അമേരിക്കയുടെ സമ്പത്ഘടന ഇന്ത്യയെക്കാളും എട്ടുമടങ്ങു വലുതും ജനസംഖ്യ വെറും 342 മില്ല്യനുമാണ്. 1.46 ബില്യൺ ജനങ്ങളുള്ള ഇന്ത്യ കഴിഞ്ഞ ദശകത്തിൽ നിലനിർത്തിപ്പോരുന്ന സുസ്ഥിര വികസനവും പ്രതിശീർഷ ജിഡിപി വളർച്ചയും ലോകത്തിന്റെ ശാക്തിക ചേരിയുടെ നെറുകയിലേക്കുള്ള ഇന്ത്യയുടെ നടന്നുകയറ്റവും 2047 ലെ വികസിത രാഷ്ട്രമെന്ന സ്വപ്നത്തെയും അനായാസമാക്കുന്നു. 
                       ലോകബാങ്ക് ഇന്ത്യയുടെ പ്രതിശീർഷ GDP 2702 ഡോളറാണെന്നു കണക്കുകൂട്ടുമ്പോൾ ചൈനയുടേത് 13862- ം അമേരിക്കയുടേത് 90027-ം ഡോളറാണ്. ഇവരെയൊക്കെ മറികടക്കാൻ ഇന്ത്യ കൃത്യമായ പദ്ധതികളോടെ ഇനിയും അനേകം മൈലുകൾ സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഒരു ഏകാധിപത്യ സർക്കാരിന്റെ ഉരുക്കു മുഷ്ടിയിൽ ചൈന വികസനം സാധ്യമാക്കുമ്പോൾ യു എസ്‌ വാണിജ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബ്യുറോ ഓഫ് ഇക്കണോമിക് അനാലിസിസ് എന്ന ഏജൻസി പണപ്പെരുപ്പത്തിന്റെയോ വിദേശ നാണ്യ ശേഖരത്തിന്റെയോ കാര്യമായ ആശങ്കയില്ലാതെയാണ് അമേരിക്കയുടെ വളർച്ചാ നിരക്ക് കണക്കുകൂട്ടുന്നത്.
ബഹു പാർട്ടി സംവിധാനവും പലവിധ ഉപദേശിയതകളും വിഭാഗീയ താത്പര്യങ്ങളും കുടിക്കുഴയുന്ന ഇന്ത്യൻ ജനാധിപത്യത്തിലെ ഭരണ നിർവ്വഹണം അത്രത്തോളം എളുപ്പമുള്ളതല്ല.
                              ഇന്ത്യയുടെ അതിവേഗ വളർച്ചയിൽ അസൂയാലുക്കളായുള്ള വിദേശ ശക്തികളുടെ സഹായത്താൽ ഇന്ത്യയെ ദുർബലപ്പെടുത്താൻ ആഭ്യന്തര ശക്തികളും രാഷ്ട്രീയ പാർട്ടികളും വരെ 
രാജ്യത്തിനകത്തുതന്നെയുണ്ടെന്ന കാര്യം തികച്ചും നിർഭാഗ്യകരമാണ്. അവരിൽ ചിലർ ഉന്നയിക്കുന്നതുപോലെ ജിഡിപി അടിസ്ഥാനമാക്കിയുള്ള വളർച്ച യാഥാർഥ്യത്തിലുള്ള വികസനമാണോ അതിന്റെ പ്രയോജനം സാധാരണക്കാരന് അനുഭവവേദ്യമാണോ എന്നീ ചോദ്യങ്ങളാണ് ഇവിടെ പരിശോധിക്കാൻ ശ്രമിക്കുന്നത്.
               ലോക സാമ്പത്തിക ശാസ്ത്ര രീതികൾ മാറിയതനുസരിച്ചുള്ള ജിഡിപി സീരീസിന്റെ അടിസ്ഥാന വർഷം 2011-12 എന്നത് ഇപ്പോൾ 2022-23 ആക്കി ഇന്ത്യ പരിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യൻ GDP യിൽ 48% സംഭാവന ചെയ്യുന്നത് സേവന മേഖലയാണ് (Service Sector). വ്യാവസായിക മേഖല (Industry) 25 % വും നിർമ്മാണ മേഖല (Manufacturing) 14% വും പങ്കു വഹിക്കുന്നു. 2047 ൽ 10 ട്രില്യൺ എന്ന GDP ലക്‌ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ സമസ്ത മേഖലകളിലും ആനുപാതികമായ വളർച്ച നേടുകയും രാജ്യത്തിന്റെ വ്യാപാര ലാഭവും വിദേശ നാണ്യ ശേഖരവും വർധിപ്പിക്കുകയും വേണം. 
                      2014-15 കാലത്തെ ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനം 4600 കോടി രൂപയുടേതായിരുന്നു. 2025 ൽ അത് 1.75 ലക്ഷം കോടിയായി വളർന്നിരിക്കുന്നു.
ഇന്ത്യയുടെ 2013-14 ലെ കയറ്റുമതി 1000 കോടിയിൽ താഴെയായിരുന്നുവെങ്കിൽ ഇന്ന് എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച കയറ്റുമതി വരവ്  3800 കോടിയിലെത്തിച്ചിരിക്കുന്നു. 2014 ൽ വെറും 312 ബില്യൺ വിദേശ നാണയ ശേഖരമുണ്ടായിരുന്ന ഇന്ത്യയുടെ കൈയിൽ ഇന്ന് 729.33 ബില്യൺ ഡോളറിന്റെ ശേഖരമുണ്ട്. കൂടാതെ റഷ്യയുമായും യു എ ഇ യുമായി ഇന്ത്യൻ റുപ്പീയിൽ വ്യാപാരം ആരംഭിച്ചു വിദേശനാണ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ദീർഘ വീക്ഷണമുള്ള വിദേശ നയവും ഊഷ്മളമായ അന്താരാഷ്ട സൗഹൃദങ്ങളും ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ (FDI) ചരിത്രപരമായ വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. 2014 നു ശേഷമുണ്ടായ ഇന്ത്യയിലെ ഭരണസ്ഥിരത വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും വർധിപ്പിച്ചിട്ടുണ്ട്. 
                                   ഓട്ടോ മൊബൈൽ ഇലക്ട്രോണിക്സ് ഔഷധ നിർമ്മാണം പ്രതിരോധം റിന്യൂവബിൾ എനർജി തുടങ്ങിയ മേഖലകളിൽ ആഗോള കമ്പനികൾ വൻ നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നു. മൊബൈൽ ഫോൺ നിർമ്മാണത്തിൽ ലോകത്തെ രണ്ടാമത്തെ പദവി ഇന്ത്യക്ക് ഇന്ന് സ്വന്തമാണ്.
      വിദേശ ആശ്രിതത്വം പരമാവധി ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ആരംഭിച്ച make in India 
പദ്ധതി പ്രതിരോധ രംഗത്ത് കൈവരിച്ച സ്വാശ്രയത്വത്തോടെ രാജ്യത്തിന്റെ സ്വയം പര്യാപ്തതക്കും വൻ കയറ്റുമതികൾക്കും സാദ്ധ്യതകൾ തുറന്നിരിക്കുന്നു. പിറന്നു വീണതുമുതൽ യുദ്ധരംഗത്തേക്കു വലിച്ചിഴക്കപ്പെട്ട ഇന്ത്യ പ്രതിരോധ ചെലവുകൾക്കായി വലിയ ബഡ്ജറ്റ് വിഹിതമാണ് മാറ്റിവച്ചുകൊണ്ടിരുന്നത്. എന്നാൽ ഇന്ന് സ്ഥിതിയാകെ മാറുകയും ഇരുപതില്പരം രാജ്യങ്ങളിലേക്ക് പ്രതിരോധ സാമഗ്രികളും ഡ്രോണുകളും കയറ്റിയയക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. പൂർണ്ണമായി  തദ്ദേശീയമായി രൂപകൽപ്പന ചെയ്തു നിർമ്മിച്ച വിമാനവാഹിനി കപ്പലായ INS വിക്രാന്ത്, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ, ആകാശ് എയർ ഡിഫൻസ് സിസ്റ്റം, പിനാക മൾട്ടി ബാരൽ റോക്കറ്റു ലോഞ്ചർ, ധനുഷ് പീരങ്കികൾ, ലൈറ്റ് കോമ്പാക്റ്റ് എയർ ക്രാഫ്റ്റായ തേജസ്സ് യുദ്ധവിമാനങ്ങൾ, ആർട്ടിലറി ഗണ്ണുകൾ, ഡ്രോണുകൾ തുടങ്ങി നീളുന്ന പട്ടിക. സൈനിക സാമഗ്രികളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഓർഡനൻസ് ഫാക്ടറി ബോർഡിനെ പ്രത്യേക പ്രതിരോധ പൊതുമേഖല സ്ഥാപനങ്ങളായി (DPSUs) വിഭജിച്ചു യു പിയിലെയും തമിഴ്നാട്ടിലെയും ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോറുകൾക്കു രൂപം കൊടുത്തതും കര നാവിക വ്യോമസേനാ വിഭാഗങ്ങളെ സംയോജിപ്പിക്കാനായി ചീഫ് ഡിഫൻസ് സ്റ്റാഫ് (CDS)
എന്ന സൈനിക പദവി സൃഷ്ടിച്ചതും ആ രംഗത്തെ വിപ്ലവാത്മക പരിവർത്തനങ്ങളായിരുന്നു.
                 Production Linked Incentive (PLI ) പദ്ധതിയിലൂടെ GDP യിലെ വ്യാവസായിക മേഖലയുടെ വളർച്ചക്കായി പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും സബ്സിഡികളും നൽകി സോളാർ മോളിക്യു്ളുകൾ 
ടെക്സ്റ്റെയിൽ നിർമ്മാണം മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മിതി ഡ്രോണുകളുടെ ഉൽപ്പാദനം തുടങ്ങി 14 മേഖലകൾ തെരഞ്ഞെടുത്തു സർക്കാർ നടത്തിയ ഇടപെടലുകൾ ആ രംഗങ്ങളെയാകെ അഭിവൃദ്ധിപ്പെടുത്തി. Ease of Doing Business ഉറപ്പുവരുത്തിയ സിംഗിൾ വിൻഡോ ക്ലിയറൻസ് മുഖേന ഇന്ത്യക്ക് ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് രൂപം കൊടുക്കാൻ സാധിച്ചു.
                      ഒരു ദശകത്തിനുള്ളിൽ രാജ്യത്തെ സ്വർണ്ണ നിക്ഷേപ മൂല്യം 31 ബില്യൺ ഡോളറിൽ നിന്നും 114.22
ബില്യനായി ഉയർത്തിയതോടൊപ്പം ലോകോത്തര നിലവാരമുള്ള അനേകം നിർമ്മിതികൾക്കും രാജ്യം സാക്ഷ്യം വഹിച്ചു. ജമ്മുകശ്മീരിലെ ചെനാബ് നദിക്കു മുകളിലായി നിർമ്മിച്ച ലോകത്തെ ഏറ്റവും ഉയരം കൂടിയ റയിൽവേ മേൽപ്പാലം, ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബെർട്ടിയെ പിന്നിലാക്കി ഗുജറാത്തിലെ നർമ്മദാ തീരത്തു നിർമ്മിച്ച 182 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സ്റ്റാച്യു ഓഫ് യൂണിറ്റി, അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിനെക്കാൾ വലുപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ അറുപത്തിയേഴ്‌ ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സൂററ്റ് ഡയമണ്ട് ബൗർസ് എന്ന ഒറ്റ ഓഫീസ്‌ സമുച്ചയം, ഹിമാചൽ പ്രദേശിലെ ലോകത്തിലെ ഏറ്റവും വലിയ അടൽ ടണൽ എന്ന ഹൈ വേ തുരങ്കം, മുംബൈ മുതൽ നയി മുംബൈ വരെ 21.8 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ചിരിക്കുന്ന അടൽ സേതുവെന്ന ഇന്ത്യയിലെ നീളമേറിയ കടൽപ്പാലം, കൊൽക്കത്തയിലെ ആദ്യത്തെ നീളം കൂടിയ ഇന്ത്യൻ അണ്ടർ മെട്രോ, അഹമ്മദാബാദിൽ പണി പൂർത്തിയാക്കിയ നരേന്ദ്ര മോദി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം 1,32,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുമെന്ന ശേഷികൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായി മാറി, അങ്ങനെ തുടരുന്ന അനേകം നിർമ്മിതികൾ. ആധുനിക ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റി വരച്ചിരിക്കുന്നു.
                         അഭിവൃദ്ധിയുടെ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി കാശ്മീർ മുതൽ കന്യാകുമാരിവരെയുള്ള ജനങ്ങളിൽ എത്തിക്കാനായി സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും തമ്മിൽ രാഷ്ട്രീയേതര നവീനമായൊരു വികസന സംസ്കാരം ഇന്ത്യയിൽ ഇതിനകം രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അതിന്റ മറ്റൊരു കാരണം ഗതാഗത രംഗത്തും ചരക്കു നീക്കങ്ങളിലും രാജ്യം കൈവരിച്ച വേഗതയാണ്.
2014 ൽ നിന്നും 2026 ലേക്ക് എത്തുമ്പോൾ 91287 കി.മീ.
ഹൈവേനീളം 1,46,572 കി.മീ. ആയും 93 കി.മീ. എക്സ്പ്രസ്സ് ഹൈവേ 3000 കി.മീ. ആയും വർധിച്ചു. കണക്‌റ്റിവിറ്റി കാര്യത്തിൽ റയിൽവേ ലൈനുകൾ 91287 കി. മീ. ൽനിന്നും 1,46572 കി.മീ ആയും ഉയർന്നു.
അന്ന് 74 എയർപോർട്ടുകൾ ഉണ്ടായിരുന്ന ഇന്ത്യയിൽ ഇന്ന് 166 എയർപോർട്ടുകൾ ഉണ്ടായിരിക്കുന്നു.
                         ഇന്ത്യയുടെ ജിഡിപി വളർച്ച പലവിധ ലോകാന്തര വെല്ലുവിളികളെ അതിജീവിച്ചു കൈവരിച്ച നേട്ടവും ഭാരതത്തിന്റെ 2047 ലേക്കുള്ള വികസന കുതിപ്പുമാണ്. ഇന്നത്തെ നൂറ്റാണ്ടു നിങ്ങളുടേതെങ്കിൽ അടുത്ത നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കും എന്ന് പടിഞ്ഞാറൻ ലോകത്തെ നോക്കി സ്വാമി വിവേകാനന്ദൻ അന്ന് പറഞ്ഞത് ഇന്ന് യാഥാർഥ്യമാകുന്നതിൽ ഓരോ ഭാരതീയനും അഭിമാനം കൊള്ളാം. 

     സുരേന്ദ്രൻ നായർ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.