PRAVASI

‘വേദന കാരണം അച്ഛൻ കരയുന്നത് കണ്ട് ഞാൻ പാട്ട് നിർത്തി’; കെ.എസ്. ചിത്ര

Blog Image

അച്ഛന്റെ സ്‌നേഹവും ത്യാഗങ്ങളുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമെന്ന് ഗായിക കെ.എസ്. ചിത്ര. ഓറൽ കാൻസറിന്റെ കടുത്ത വേദന അനുഭവിച്ചിരുന്ന സമയത്തുപോലും തന്റെ റെക്കോർഡിങുകൾക്ക് അച്ഛൻ കൂടെ വരുമായിരുന്നു എന്ന് ചിത്ര ഓർക്കുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗായിക മനസ്സ് തുറന്നത്.

ഒരാൾ കൂടെയില്ലാതെ താൻ റെക്കോർഡിങിന് പോകാറില്ലായിരുന്നുവെന്നും ഇപ്പോഴും ആ രീതിയാണ് തുടരുന്നതെന്നും ചിത്ര പറയുന്നു. സ്വന്തമായി തീരുമാനമെടുക്കാൻ തനിക്ക് പേടിയാണെന്നും, അഭിപ്രായം ചോദിക്കാൻ സാരി തിരഞ്ഞെടുക്കുമ്പോൾ പോലും ഒപ്പം ഒരാൾ വേണമെന്നും അവർ കൂട്ടിച്ചേർത്തു.
‘അനുരാഗി’ എന്ന സിനിമയിലെ പാട്ടിന്റെ റെക്കോർഡിങിന് കടുത്ത വേദനയ്ക്കിടയിലും പെയിൻകില്ലർ കഴിച്ചാണ് അച്ഛൻ തനിക്കൊപ്പം എത്തിയത്. താൻ പാടിക്കൊണ്ടിരിക്കുമ്പോൾ വോയ്സ് റൂമിൽ അച്ഛൻ ഒപ്പമുണ്ടാകും. പാടുന്നതിനിടയിൽ ഇടയ്ക്കിടെ തിരിഞ്ഞുനോക്കുമ്പോൾ അച്ഛന്റെ ആക്ഷനുകളിൽ നിന്ന് പാട്ട് അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് തനിക്ക് മനസ്സിലാകുമായിരുന്നു.

എന്നാൽ ഒരു റെക്കോർഡിങ് സമയത്ത് തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് അച്ഛന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ വരുന്നതാണ്. മരുന്നിന്റെ ഫലമൊക്കെ കഴിഞ്ഞു കടുത്ത വേദന കൊണ്ടായിരുന്നു അദ്ദേഹം കരഞ്ഞത്. അത് തന്റെ മനസ്സിൽ വല്ലാതെ കൊണ്ടു. തനിക്ക് വേണ്ടിയല്ലേ അച്ഛൻ ഇത്രയും വേദന സഹിച്ച് ഇവിടെ ഇരിക്കുന്നതെന്ന് ചിന്തിച്ച താൻ, അച്ഛന്റെ വിഷമം കണ്ട് തനിക്ക് പാടാൻ കഴിയില്ലെന്നും റെക്കോർഡിങ് നിർത്തി നാട്ടിലേക്ക് തിരിച്ചുപോകാമെന്നും പറയുകയായിരുന്നു. അത്രത്തോളം ആ സംഭവം തന്നെ വിഷമിപ്പിച്ചുവെന്ന് മനസ്സിലാക്കിയാണ് അതിനുശേഷം അച്ഛൻ പിന്നെ കൂടെ വരാതിരുന്നതെന്നും, പിന്നീട് അമ്മയോ കസിൻ ബ്രദറോ ആണ് കൂടെ വന്നിരുന്നതെന്നും ചിത്ര വ്യക്തമാക്കി. ഇന്ന് താൻ എന്തെങ്കിലും നിലയിലെത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണം അച്ഛന്റെ ആ വലിയ ത്യാഗങ്ങൾ മാത്രമാണെന്നും കെ.എസ്. ചിത്ര കൂട്ടിച്ചേർത്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.