അമേരിക്കയിൽ കുടിയേറ്റക്കാരായ ഏതൊരു വ്യക്തിയും മനസ്സിലാക്കിയിരിക്കേണ്ട ചില പ്രാഥമിക യാഥാർത്ഥ്യങ്ങളാണ് മൂന്ന് ഭാഗങ്ങളായി എഴുതിയിട്ടുള്ള “അമേരിക്കൻ ക്രിസ്ത്യാനിത്വം” എന്ന ഈ ലേഖന പരമ്പരയിൽ Dr. Thomas Ambumkayathu അവതരിപ്പിച്ചിരിക്കുന്നത്. ഭാഗം - I: കുടിയേറ്റക്കാരും ക്രിസ്തീയ അമേരിക്കയും; ഭാഗം - II: അമേരിക്കയുടെ ക്രിസ്തീയ അടിസ്ഥാനം; ഭാഗം - III: ക്രിസ്തീയ ദേശീയത്വവും ക്രിസ്ത്യാനിത്വവും. (അമേരിക്കൻ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി ഇംഗ്ലീഷിൽ എഴുതി, താൻ തന്നെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണ് ഈ ലേഖന പരമ്പര). “ദൈവരാജ്യം - ഇന്നിന്റെ വെളിച്ചവും നാളെയുട പ്രത്യാശയും” എന്ന പുസ്തകത്തിൻറെ രചയിതാവും, ആനുകാലിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങളും ലേഖനങ്ങളിലൂടെ വായനക്കാരുടെ മുൻപിൽ എത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്ര ചിന്തകനാണ് ഈ എഴുത്തുകാരൻ. തൻറെ പുസ്തകത്തിന്റെ കോപ്പികൾക്കോ, പുസ്തകത്തിലും ലേഖനങ്ങളിലും പരാമർശിച്ചിട്ടുള്ള വിഷയങ്ങളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിനോ തന്നെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. Email: vathomas.pvi@gmail.com.
അമേരിക്കൻ ക്രിസ്ത്യാനിത്വം - (Part – 2)
“അമേരിക്കൻ ക്രിസ്ത്യാനിത്വം” എന്ന പ്രധാന തലക്കെട്ടിൽ, മൂന്ന് ഭാഗങ്ങളായി വിഭജിച്ച് പരാമർശിച്ചിരിക്കുന്ന ഈ ലേഖന പരമ്പരയുടെ ഒന്നാം ഭാഗം: “കുടിയേറ്റക്കാരും ക്രിസ്തീയ അമേരിക്കയും” കഴിഞ്ഞ ലക്കത്തിൽ നിങ്ങളോട് പങ്കുവയ്ക്കുവാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. പ്രസ്തുത ഭാഗം ഈ ലക്കത്തിൽ പൂർത്തീകരിച്ച്, രണ്ടാം ഭാഗം അടുത്ത ലക്കത്തിൽ തുടരുവാൻ താല്പര്യപ്പെടുന്നു.
1492 - മുതൽ (534 വർഷങ്ങൾക്കു മുൻപ്) യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറ്റം ആരംഭിച്ചു, 1776, ജൂലൈ മാസം, നാലാം തീയതി (250 വർഷങ്ങൾക്കു മുൻപ്) ഒരു രാഷ്ട്രമായി രൂപം കൊണ്ട ‘അമേരിക്ക’ എന്ന മഹത്തായ ഈ രാജ്യത്തിൻറെ ചരിത്രമാണല്ലോ കഴിഞ്ഞ ലക്കത്തിൽ പ്രതിപാദിച്ചത്. ഒപ്പം, അമേരിക്ക ഒരു ക്രിസ്തീയ രാജ്യമാണ് എന്നുള്ള വാദഗതിയെ ചരിത്രത്തിന്റെയും, വേദ വചനത്തിന്റെയും അടിസ്ഥാനത്തിൽ അല്പം വിലയിരുത്തുകയും ചെയ്തിരുന്നു. 1776 - ലെ ‘സ്വാതന്ത്ര്യ പ്രഖ്യാപന ശാസനം’ (Declaration of Independence); 1783 - ൽ കുടിയേറ്റ സംബന്ധമായി (അമേരിക്കയുടെ നിലപാട് വെളിപ്പെടുത്തി) പ്രസിഡൻറ് George Washington എഴുതിയ ഔദ്യോഗിക കത്ത്; 1863 - ൽ പ്രസിഡൻറ് Abraham Lincoln ഒപ്പിട്ട (അടിമത്വം അവസാനിപ്പിച്ചു കൊണ്ടുള്ള) ‘അടിമത്വ വിമോചന പ്രസ്താവന’ (Emancipation Proclamation); 1886 - ൽ അമേരിക്കയുടെ പ്രവേശന കവാടമായ Ellis Island - ൽ ഉയർത്തപ്പെട്ട ‘സ്വാതന്ത്ര്യത്തിന്റെ ശിലാരൂപം’ (Statue of Liberty) - ഇതെല്ലാം, അമേരിക്ക എന്ന ഈ മഹാരാജ്യത്തിന്റെ സഹാനുഭൂതിയും, മഹാമനസ്കതയും ലോക സമക്ഷം വെളിപ്പെടുത്തുന്നതായിരുന്നു. മാത്രമല്ല, പീഡനത്തിൽ നിന്നും, ദാരിദ്ര്യത്തിൽ നിന്നും ജീവരക്ഷയ്ക്കായി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും പലായനം ചെയ്ത ദശലക്ഷങ്ങൾക്ക് പ്രത്യാശയുടെ കിരണങ്ങൾ പകരുന്നതും ആയിരുന്നു.
കുടിയേറ്റത്തിന്റെ പ്രത്യാഘാതം.
അമേരിക്കയുടെ ഹൃദയം തുറന്ന ഈ ആഹ്വാനമാണ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും, വിശേഷിച്ച് തെക്കൻ യൂറോപ്പിൽ നിന്നും 23 ദശലക്ഷത്തിലധികം കുടിയേറ്റക്കാരെ അമേരിക്കയിൽ എത്തിച്ചത്. 40 വർഷങ്ങളോളം നീണ്ടുനിന്ന (1880 – 1920) ഈ കുടിയേറ്റത്തെ, ‘കുടിയേറ്റത്തിന്റ തിരമാല’ (The great wave) എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മുഖ്യഭാഗവും മതപീഡനത്തിൽ നിന്നും വിമോചനം തേടിയ യഹൂദന്മാരും, ദാരിദ്ര്യം സഹിക്കാതെ സ്വന്തം നാടുവിട്ട് ജീവിത മാർഗം തേടി ഇറങ്ങിയ ഇറ്റലിക്കാരായ കുടിയേറ്റക്കാരും ആയിരുന്നു. ഒരു വശത്ത്, വൻതോതിൽ ഉള്ള ഈ കുടിയേറ്റം ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഒരു പുതിയ ജീവിതം പകർന്നു എങ്കിലും മറുവശത്ത്, അമേരിക്കയുടെ അന്നുവരെ നില നിന്നിരുന്ന മതപരവും വർഗീയവുമായ രൂപഘടനയെ തകിടം മറിച്ചു. യൂദാ മതം അനുഷ്ഠിച്ചിരുന്ന യഹൂദന്മാരും, കത്തോലിക്കാ വിശ്വാസം അനുഷ്ടിച്ചിരുന്ന ഇറ്റലിക്കാരും അടങ്ങുന്ന ഈ കുടിയേറ്റം, ഭൂരിഭാഗവും പ്രൊട്ടസ്റ്റൻറ് വിശ്വാസികൾ ആയിരുന്ന വെളുത്ത വർഗ്ഗക്കാരെ അസ്വസ്ഥരാക്കി. കാരണം, യൂറോപ്പിന്റെ വടക്കൻ രാജ്യങ്ങളായ England, Netherlands, Ireland, Germany, Scandinavia തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വന്ന വെളുത്ത വർഗ്ഗക്കാർ, മറ്റ് സകലരെയും - ദക്ഷിണ യൂറോപ്പിൽ നിന്നും വന്ന യഹൂദന്മാരെയും, തെക്കൻ യൂറോപ്പിൽ നിന്നും വന്ന ഇറ്റലിക്കാരെയും കുറഞ്ഞവരായും അവിശ്വാസികൾ ആയിട്ടും ആണ് കണക്കാക്കിയിരുന്നത്.
കുടിയേറ്റം മുഖാന്തരം മാറ്റം സംഭവിച്ചുകൊണ്ടിരുന്ന അമേരിക്കയുടെ രൂപഘടന (religious structure), ശ്രേഷ്ഠരും സ്വദേശികൾ എന്നും സ്വയം കണക്കാക്കിയിരുന്ന വെളുത്ത വർഗ്ഗക്കാർക്ക് ഒരു ഭീഷണിയായി മാറി. അതിൻറെ പ്രത്യാഘാതമായി, സംഘടിതമായ എതിർപ്പുകൾ രാജ്യം ഒട്ടാകെ ഉയരുകയും അത് രണ്ട് രീതികളിൽ പ്രത്യക്ഷമാവുകയും ചെയ്തു. ഒന്ന്, 1865 - ൽ രൂപം കൊണ്ട ‘KKK’ (Ku Klux Klan) എന്ന വർഗീയ തീവ്രവാദ പ്രസ്ഥാനം ആയിരുന്നു. ഇവരുടെ സന്ദേശം: ‘അമേരിക്ക വെളുത്ത വർഗ്ഗക്കാരുടെ രാജ്യമാണ് എന്നും, മറ്റ് ഏത് വർഗ്ഗക്കാരുടെയും കുടിയേറ്റം യഥാർത്ഥ അമേരിക്കയുടെ തനിതായ രൂപത്തിന് കളങ്കം വരുത്തുന്നതും ആണ്’ എന്നതായിരുന്നു. ഈ സന്ദേശം വളര വേഗത്തിൽ പ്രചരിക്കപ്പെടുകയും രാജ്യം ഒട്ടാകെ 50 ലക്ഷത്തിലധികം ആളുകൾ അംഗത്വം കൈക്കൊള്ളുകയും ചെയ്തു. പലയിടങ്ങളിലായി കൊല്ലപ്പെട്ട ആയിരക്കണക്കിന് (ആഫ്രിക്കൻ സ്വദേശികൾ അടങ്ങുന്ന) മറ്റു വർഗ്ഗക്കാരുടെ നിഷ്ഠൂര മരണത്തിൻറെ പിന്നിലെ ക്രൂര കരങ്ങൾ ഈ വർഗീയ തീവ്രവാദി പ്രസ്ഥാനത്തിന്റേത് ആയിരുന്നു. ഇത് അമേരിക്കയുടെ “ക്രിസ്തീയ വിശ്വാസം” നില നിർത്തുന്നതിനുള്ള ഒരു ദൗത്യ നിർവഹണമായി അവർ കരുതിയിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
കുടിയേറ്റത്തിനെതിരെ ഉയർന്ന മറ്റൊരു പ്രതികരണമായിരുന്നു, 1924 - ൽ പാസാക്കപ്പെട്ട ‘കുടിയേറ്റ നിയന്ത്രണ നിയമം’ (Immigration Restriction Act). ഇങ്ങനെ ഒരു നിയമത്തിന്റെ ന്യായീകരണം, അടിസ്ഥാനമില്ലാത്ത ‘യുജിനിക്സ്’ (Eugenics) എന്ന ശാസ്ത്രീയ സിദ്ധാന്തം ആയിരുന്നു. പ്രസ്തുത ശാസ്ത്രീയ സിദ്ധാന്തം ഇതായിരുന്നു: “സമൂഹത്തിൻറെ ഏറ്റവും വലിയ പ്രശ്നം, താഴ്ന്ന നിലയിലുള്ള മനുഷ്യ വർഗ്ഗത്തെ പുനരുല്പാദനം ചെയ്യുവാൻ അനുവദിക്കുന്നതാണ്. ഉയർന്ന വർഗ്ഗത്തിലുള്ള മനുഷ്യരുടെ മാത്രം പ്രജനപ്രക്രിയയിലൂടെ സമൂഹത്തെ ഉൽകൃഷ്ടമാക്കി തീർക്കുവാൻ കഴിയും.” സത്യത്തിൽ, നാസി ജർമ്മനിയുടെ 60 ലക്ഷത്തിലധികം യഹൂദന്മാരെ കൊന്നൊടുക്കിയ വംശഹത്യക്ക് പ്രചോദനം കൊടുത്തതും ഈ സിദ്ധാന്തം ആയിരുന്നു. 1920 – ൽ, കോൺഗ്രസിൻറെ മുൻപിൽ ‘യുജിലിക്സ്’ സിദ്ധാന്തത്തിന്റ ഒരുെ വിദഗ്ധൻ സാക്ഷീകരിച്ചത് ഇങ്ങനെയാണ്: “യഹൂദന്മാരും, ഇറ്റലിക്കാരും അതുപോലുള്ള വിവിധ വർഗ്ഗക്കാരായ കുടിയേറ്റക്കാർ അമേരിക്കയുട തദ്ദേശീയ ജീൻപൂൾ (gene pool) മലിനസം ആക്കി മാറ്റുന്നു. കുടിയേറ്റക്കാരെ കുറച്ച്, വടക്കൻ യൂറോപ്പ്യൻ വംശജരായ വെളുത്ത വർഗ്ഗക്കാരുടെ ജീൻപൂൾ മലിനപ്പെടാതെ നിലനിർത്തേണ്ടത് അമേരിക്കയുടെ ശുദ്ധി (purity) പുനസ്ഥാപിക്കുവാൻ ആവശ്യമാണ്.” അമേരിക്കയുടെ തദ്ദേശീയർ എന്ന് അവകാശപ്പെടുന്ന വെളുത്ത വർഗ്ഗക്കാരെക്കാൾ വലിയ വ്യത്യാസങ്ങൾ ഒന്നും ഇല്ലാത്ത യഹൂദന്മാരെയും, ഇറ്റലിക്കാരെയും ഇങ്ങനെയാണ് കാണുന്നതെങ്കിൽ, ആഫ്രിക്ക, ഇന്ത്യ, മറ്റ് ഏഷ്യൻ രാജ്യങ്ങൾ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ നിന്നും ഉള്ള കുടിയേറ്റക്കാരെ എങ്ങനെ വിവക്ഷിക്കുന്നു എന്നത് ചിന്തിക്കാവുന്നതേ ഉള്ളൂ. ഇതേ ചിന്താഗതി തന്നെ അല്ലേ ഇന്നത്തെ നിഷ്ഠൂരമായ immigration enforcement - ൻറെ പിന്നിലും എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല.
കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നിയമ നടപടികൾ
1924 - ൽ ‘കുടിയേറ്റ നിയന്ത്രണ നിയമം’ പാസാക്കുമ്പോൾ പ്രസിഡൻറ് കൂളിഡ്ജ് (Coolidge) നടത്തിയ പ്രസ്താവന തികച്ചും ശ്രദ്ധേയമാണ്: “അമേരിക്ക, അമേരിക്കക്കാരുടേത് ആയി തന്നെ തുടരണം.” വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന്,1954 - ൽ പാസാക്കിയ ഈ കുടിയേറ്റത്തിന്റെ quota കണക്കാക്കുവാൻ ഉപയോഗിച്ചത്, 1890 – ലെ അമേരിക്കയുടെ സെൻസസ് ആയിരുന്നു. അന്ന് ഇവിടെ വെളുത്ത വർഗ്ഗക്കാർ വളരെയും മറ്റുള്ളവർ തികച്ചും പരിമിതവും ആയിരുന്നു. അങ്ങനെ 34 വർഷങ്ങൾക്ക് പിന്നിലേക്ക് പോയി, തികച്ചും വർഗീയതയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഈ കുടിയേറ്റ (quota) വ്യവസ്ഥിതി ആയിരുന്നു അടുത്ത 40 വർഷങ്ങളിലെ കുടിയേറ്റ നിയമം. അതുകൊണ്ട്, അമേരിക്ക വീണ്ടും വെള്ളക്കാരുടേതാക്കുക എന്ന ലക്ഷ്യം സാധൂകരിക്കപ്പെട്ടു. അമേരിക്ക, വെള്ളക്കാർ മെജോറിറ്റി ഉള്ള രാജ്യമായി തന്നെ നിലനിന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 1924 - ൽ പാസാക്കിയ ‘കുടിയേറ്റ നിയന്ത്രണ നിയമം’ അമേരിക്ക വെള്ളക്കാരുടെ രാജ്യം’ എന്ന വർഗീയ തീവ്രവാദത്തിന്റെ അംഗീകരണം ആയിരുന്നു.
എന്നാൽ, രണ്ടാം ലോക മഹാ യുദ്ധത്തോട് കൂടി കാര്യങ്ങൾക്കെല്ലാം വ്യത്യാസം വരേണ്ടി വന്നു . 1945 - 1965 വരെ ഉള്ള കാലയളുകളിൽ ലോകത്തിൻറെ 25% - ൽ അധികം പ്രതിനിധീകരിക്കുന്ന 50 - ൽ അധികം രാജ്യങ്ങൾ സ്വതന്ത്ര രാജ്യങ്ങൾ ആയി പ്രഖ്യാപിക്കപ്പെട്ടു. ശീതയുദ്ധം (cold war) എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ലോകത്തിലെ രാജ്യങ്ങൾ എല്ലാം രണ്ട് മഹാ ശക്തികളുടെ (superpowers) ഭാഗങ്ങളായി അണിനിരന്നു. അമേരിക്ക നേതൃത്വം കൊടുത്ത പാശ്ചാത്യ- മുതലാളിത്ത ശക്തി ഒരു വശത്തും, റഷ്യ നേതൃത്വം കൊടുത്ത ദക്ഷിണ - കമ്മ്യൂണിസ്റ്റ് (സമത്വ) ശക്തി മറുവശത്തും. ഈ ആഗോളപരമായ വിഭജനം, അമേരിക്കയുടെ കുടിയേറ്റ നിയമത്തെ ഒന്നുകൂടി വിലയിരുത്തുവാനും, Lady Liberty - യുടെ മങ്ങിപ്പോയ തിരി ഒന്നുകൂടെ ജ്വലിപ്പിക്കുവാനും കാരണമായി. അമേരിക്കയുടെ വർഗീയ പ്രേരിതമായ ‘കുടിയേറ്റ വ്യവസ്ഥിതി’ റഷ്യയ്ക്ക് എതിരായി ഉള്ള ശീതവാറിൽ നിലനിൽക്കുന്നതിന് തടസ്സമാണ് എന്ന ബോധ്യം അന്നത്തെ ഭരണകൂടത്തിന് ഉണ്ടായി. അതിൻറെ ഫലമായി, President John F. Kennedy അമേരിക്കയുടെ സൗത്തിൽ (South) കറുത്ത വർഗ്ഗക്കാർക്ക് എതിരായി നില നിന്നിരുന്ന വേർകൃത്യ നിയമങ്ങളും (Jim Crow Laws), 1924 - ൽ പാസാക്കിയ ‘കുടിയേറ്റ നിയന്ത്രണ നിയമവും’ തിരുത്തി എഴുതുവാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടു. അധികം താമസിക്കാതെ President Kennedy കൊല്ലപ്പെട്ടു. എങ്കിലും, അടുത്ത പ്രസിഡണ്ടായി രംഗപ്രവേശം ചെയ്ത President Lyndon Johnson പ്രസ്തുത പോരാട്ടം തുടരുകയും, അതിൻറെ ഫലമായി, 1965 - ൽ ‘ദേശീയ കുടിയേറ്റ നിയമം’ (Immigration and Nationality Act of 1965) Statue of Liberty - യുടെ മുൻപിൽ വച്ച് President Johnson ഒപ്പിടുകയും, കോൺഗ്രസ് അത് പാസാക്കുകയും ചെയ്തു. ചരിത്രപ്രധാനവും, ഇന്ന് അമേരിക്കയിൽ എത്തി സുഭിക്ഷമായി ജീവിക്കുവാൻ (മലയാളികൾക്ക് അടക്കം) വിദേശികൾക്ക് അവസരം ഉളവാക്കുകയും ചെയ്ത ഈ നിയമം ഒപ്പിട്ട President Lyndon Johnson - നോടും, അതിന്റെ പിന്നിൽ സ്വന്തം ജീവൻ പോലും പണയം വെച്ച് ത്യാഗം സഹിച്ച Dr. Martin Luther King Jr. തുടങ്ങിയ Civil Rights Movement - ൻറെ ധീര യോദ്ധാക്കളോടും നാം എന്നും കടപ്പെട്ടിരിക്കുന്നു. മറുവശത്ത്, പ്രാരംഭം മുതൽ തന്നെ അമേരിക്കയുടെ ഈ വിശാലമനസ്കതയ്ക്ക് എതിരായി പോരാട്ടം നടത്തിയതിൽ ഭൂരിഭാഗവും ‘പ്രൊട്ടസ്റ്റൻറ് വിശ്വാസികൾ’ ആയിരുന്ന യാഥാസ്ഥിതികർ (Conservatives) ആയിരുന്നു എന്നത് ഒരു പ്രൊട്ടസ്റ്റൻറ് വിശ്വാസിയായ എനിക്ക് അംഗീകരിക്കുവാൻ പ്രയാസം ഉണ്ടെങ്കിലും, ചരിത്രം തിരുത്തുവാൻ കഴിയില്ലല്ലോ.
കുടിയേറ്റത്തിൽ അനാവരണം ചെയ്യപ്പെട്ട കപട ഭക്തി.
പണ്ടുമുതലേ കേൾക്കാറുള ഒരു പ്രസ്താവനയാണ്, “അമേരിക്ക ഒരു ക്രിസ്തീയ രാജ്യമാണ്; ക്രിസ്തീയ മൂല്യങ്ങളിലും വിശ്വാസത്തിലും, അധിഷ്ഠിതമായി രൂപം കൊണ്ട ഒരു രാജ്യമാണ്” എന്നത്. ഈ ധാരണയുടെ അടിസ്ഥാനത്തിൽ അമേരിക്കയെ ഒരു ക്രിസ്തീയ രാജ്യമായി തന്നെ നില നിർത്തുവാൻ തികച്ചും ആത്മാർത്ഥവും ഗൗരവവുമായ വാതഗതികളും പരിശ്രമങ്ങളും നടക്കുന്നുണ്ട്. ഈ ചിന്താഗതിയോട് പൂർണ്ണമായും യോജിക്കുന്നതിന് മുമ്പ് നാം നമ്മോട് തന്നെ ചോദിക്കേണ്ടുന്ന രണ്ട് പ്രധാനപ്പെട്ട ചോദ്യങ്ങളുണ്ട്: ഒന്ന്, എന്താണ് ക്രിസ്ത്യാനിത്വം? 1492 - ൽ തുടങ്ങി, അടുത്തകാലത്തെ ICE (Immigration and Customs Enforcement) ൻറെ പ്രവർത്തന രീതികൾ വരെയുള്ള കുടിയേറ്റ ചരിത്രത്തിൻറ വഴിത്താരയിലൂടെ ഒന്ന് സഞ്ചരിച്ചാൽ എന്തുമാത്രം ക്രിസ്ത്യാനിത്വം നമുക്ക് ദൃശിക്കുവാൻ കഴിയും? രണ്ട്, അമേരിക്കയുട സ്ഥാപന പിതാക്കന്മാർ യഥാർത്ഥത്തിൽ ക്രിസ്തീയ വിശ്വാസികൾ ആയിരുന്നുവോ? 1788 - ൽ പാസാക്കിയ അമേരിക്കയുട ഭരണ ഘടനയിലോ (U.S. Constitution), 1791 - ൽ പാസാക്കിയ അവകാശ പത്രികയിലോ (Bill of Rights) ഒരു ക്രിസ്തീയ രാജ്യത്തിൻറെ വിവക്ഷ വെളിപ്പെടുന്നുണ്ടോ?
വരുന്ന ലക്കങ്ങളിൽ ഈ ചോദ്യങ്ങൾക്കുള്ള സത്യസന്ധവും കഴിയുന്നത്ര കൃത്യവുമായ ഉത്തരങ്ങൾ തരുവാൻ ഞാൻ ആഗ്രഹിക്കുന്നു. തൽക്കാലം, ആദ്യത്തെ ചോദ്യത്തിന് വളരെ സംക്ഷിപ്തമായ ഒരു മറുപടി തന്നുകൊണ്ട് ഒന്നാം ഭാഗം അവസാനിപ്പിക്കുന്നു. എന്താണ് ക്രിസ്ത്യാനിത്വം? ഉത്തരം വളരെ ലളിതമാണ്: ക്രിസ്ത്യാനിത്വം, യേശുക്രിസ്തുവിന്റെ കാൽച്ചുവടുകൾ - ജീവിത മാതൃക പിന്തുടരുന്നതാണ്. ‘നിങ്ങൾ പോയി ലോകം മുഴുവൻ എൻറെ സാക്ഷികൾ ആകുവിൻ’ എന്ന് അനുശാസിച്ചപ്പോൾ യേശു അർത്ഥമാക്കിയത്, താൻ കാൽവറി ക്രൂശിൽ വെളിപ്പെടുത്തിയ നിസ്തുല്യ സ്നേഹം, ത്യാഗം, മനസ്സലിവ്, ക്ഷമ, ഉദാരത എന്നി മനുഷ്യത്വത്തിന്റെ സമ്പൂർണ്ണത തങ്ങളുടെ ജീവിതത്തിലൂടെ ലോകത്തിന് പകർന്നു കൊടുക്കുക എന്നതായിരുന്നു. മത്തായിയുടെ സുവിശേഷത്തിൽ (25:35-46) താൻ നടത്തിയ പ്രസ്താവന കുടിയേറ്റക്കാരോടുള്ള ബന്ധത്തിൽ നമുക്ക് വിലയിരുത്താവുന്നതാണ്. പ്രസ്താവനയുടെ സംക്ഷിപ്തം ഇതാണ്: “എനിക്ക് വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല. അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തു കൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടിപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല.” അതിന് അവർ, “കർത്താവേ, ഞങ്ങൾ നിന്നെ അപ്രകാരം ഒരിക്കലും കണ്ടിട്ടില്ലല്ലോ; ഞങ്ങൾ നിന്നെ നിരസിച്ചിട്ടില്ലല്ലോ.” ഇതിന് യേശു കൊടുത്ത മറുപടി ക്രിസ്ത്യാനിത്വത്തിന്റെ കാതലായ സന്ദേശമാണ്: “ഈ ഏറ്റവും ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്യാതിരുന്ന ഓരോ കാര്യങ്ങളും എനിക്കായിരുന്നു നിങ്ങൾ ചെയ്യാതിരുന്നത്.” യഥാർത്ഥ ക്രിസ്ത്യാനിത്വം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ പരിമിതിയിൽ - റിപ്പബ്ലിക്കൻ ആണെങ്കിലും ഡെമോക്രാറ്റിക് ആണെങ്കിലും, ഒതുക്കുവാൻ കഴിയുന്നതല്ല. സത്യത്തിൽ, ഒരു മതത്തിൻറെ പരിമിതിയിലും, പ്രത്യേകിച്ച് സഭയുടെയോ സംഘടനയുടെയോ പരിമിതികളിൽ പോലും ഒതുങ്ങുന്നതല്ല!
(തുടരും)

ഡോ. വി.എ തോമസ്
(Dr. Thomas V. Ambumkayathu)

