PRAVASI

ഉദ്ഘാടനം കഴിഞ്ഞു, നേരെ ബസിലേക്ക്! കണ്ടക്ടറെ അടുത്തിരുത്തി ടിക്കറ്റെടുത്ത് നഗരം ചുറ്റി; മുഖ്യമന്ത്രി വിജയിന്റെ യാത്ര

Blog Image

പുതുതായി നിരത്തിലിറക്കിയ സർക്കാർ ബസിൽ സാധാരണക്കാരനെപ്പോലെ ടിക്കറ്റെടുത്ത് യാത്ര ചെയ്ത് സോഷ്യൽ മീഡിയയിൽ തരംഗമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ജൂൺ 25-ന് രാവിലെ ചെന്നൈയിൽ സർക്കാർ പുതുതായി വാങ്ങിയ 300 ബസുകളുടെ ഫ്ലാഗ് ഓഫ് അദ്ദേഹം നിർവ്വഹിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് തന്റെ സ്വന്തം മണ്ഡലമായ പെരമ്പൂരിലേക്ക് സർവീസ് നടത്തുന്ന ’29 സി’ നമ്പർ ബസിൽ മുഖ്യമന്ത്രി കയറിയത്. കണ്ടക്ടറെ വിളിച്ച് അടുത്തിരുത്തി ടിക്കറ്റെടുത്ത വിജയ്, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയും മറ്റ് യാത്രക്കാരെ അഭിവാദ്യം ചെയ്തും നടത്തിയ യാത്രയുടെ വീഡിയോകൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. പുത്തൻ ബസുകൾ അനുവദിച്ചതിനേക്കാൾ, അതിൽ നേരിട്ട് യാത്ര ചെയ്യാനുള്ള അദ്ദേഹത്തിന്റെ ലാളിത്യത്തിനാണ് ജനങ്ങൾ കയ്യടിക്കുന്നത്.

പൊതുഗതാഗത സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി വലിയൊരു പരിസ്ഥിതി സൗഹൃദ വിപ്ലവത്തിനാണ് ചെന്നൈ നഗരം ഒരുങ്ങുന്നത്. ലോകബാങ്കിന്റെ സഹായത്തോടെ 1,337 കോടി രൂപ ചെലവഴിച്ച് 750 പുതിയ ഇലക്ട്രിക് ബസുകൾ കൂടി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഉടൻ റോഡിലിറക്കും. ഇതിൽ 550 എസി ബസുകളും 200 ഡീലക്സ് നോൺ-എസി ബസുകളുമാണുള്ളത്. നഗരത്തിലെ പ്രമുഖ ഡിപ്പോകളായ തണ്ടയാർപ്പേട്ട, കോയമ്പേട്, പൂനമല്ലി, തിരുവാൺമിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഈ ബസുകൾ സർവീസ് നടത്തും. നിലവിൽ 400 ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്ന ചെന്നൈയിൽ, പുതിയ ബസുകൾ കൂടിയെത്തുന്നതോടെ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗവും വായുമലിനീകരണവും വലിയ തോതിൽ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുൻഗണന നൽകുന്ന അത്യാധുനിക സംവിധാനങ്ങളോടെയാണ് ഈ പുതിയ ഇലക്ട്രിക് ബസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരിക്കൽ ചാർജ് ചെയ്താൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഈ ബസുകളിൽ യാത്രക്കാർക്കായി സീറ്റ് ബെൽറ്റുകളും സുരക്ഷയ്ക്കായി സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ ചാർജിംഗ് സൗകര്യങ്ങൾക്കായി ഡിപ്പോകളിൽ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ചെന്നൈവൺ ആപ്പ് വഴി ഒരു മാസത്തേക്ക് 2,000 രൂപയുടെ ബസ് പാസ് എടുക്കുന്നവർക്ക് എസി ബസുകളിലും നോൺ-എസി ബസുകളിലും പരിധിയില്ലാതെ യാത്ര ചെയ്യാനുള്ള മികച്ച അവസരവും സർക്കാർ ഒരുക്കുന്നുണ്ട്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.