ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ ഫോമായുടെ (FOMAA) അന്താരാഷ്ട്ര കൺവെൻഷന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, സംഘടനയ്ക്ക് ജന്മം നൽകിയ ഹൂസ്റ്റണിൽ നടക്കുന്ന ഈ മഹാസമ്മേളനം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സതേൺ റീജിയൻ പ്രവർത്തകർ ഒരുമിച്ച് പ്രവർത്തനം ആരംഭിച്ചു.
കൺവെൻഷനായി ഇതിനോടകം തന്നെ ആയിരത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമ്മേളനം നടക്കുന്ന ഹോട്ടലിലെ ഭൂരിഭാഗം മുറികളും ബുക്ക് ചെയ്യപ്പെട്ടതായും അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇപ്പോഴും ആവേശകരമായ രജിസ്ട്രേഷൻ തുടരുകയാണെന്നും അവർ അറിയിച്ചു.
ജൂൺ 23-ന് അപ്ന ബസാറിൽ ചേർന്ന സതേൺ റീജിയൻ പ്രവർത്തകയോഗത്തിൽ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ഫോമായുടെ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റീജിയണൽ ചെയർമാൻ വർഗീസ് രാജേഷ് മാത്യു സ്വാഗതം ആശംസിച്ചു.
വരുന്ന ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ 'വിന്‍ധം ഹൂസ്റ്റണി'ല്‍ അരങ്ങേറുന്ന ഫോമാ ഫാമിലി കണ്‍വന്‍ഷനോട് അനുബന്ധിച്ചുള്ള ഹോട്ടലുകളിലെ റൂമുകളെല്ലാം നിറഞ്ഞുവെന്ന് ബേബി മണക്കുന്നേല്‍ വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ക്ക് തൊട്ടടുത്തുതന്നെ മുറികള്‍ ലഭ്യമാക്കുന്നുണ്ട്.
തുടർന്ന് ഹൂസ്റ്റൺ കൺവെൻഷൻ ജനറൽ കൺവീനർ ജിജു കുളങ്ങര, ഫോമായുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കൺവെൻഷനുകളിലൊന്നായി ഈ സമ്മേളനത്തെ മാറ്റുന്നതിനായി എല്ലാവരും ആത്മാർഥമായി പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.
കൺവെൻഷൻ ചെയർമാൻ സുബിൻ കുമാരൻ ഒരുക്കങ്ങളുടെയും പ്രവർത്തനങ്ങളുടെയും പുരോഗതി സംബന്ധിച്ച വിശദീകരണം നൽകി. കൺവെൻഷൻ സ്പെഷ്യൽ സപ്പ്ളിമെന്റിന്റെ പ്രസിദ്ധീകരണത്തിലേക്കു ഏവരുടെയും പിന്തുണ മീഡിയ ചെയർ സൈമൺ വളാച്ചേരി അഭ്യർത്ഥിച്ചു.
യോഗത്തിൽ സൗത്തേൺ റീജിയനെ പ്രതിനിധീകരിച്ച് വിവിധ കമ്മിറ്റികളുടെ ചെയർപേഴ്സൺമാരെ തെരഞ്ഞെടുത്തു.
സെക്യൂരിറ്റി കമ്മിറ്റി: രാജൻ പത്തനാപുരം
ഓൺലൈൻ മീഡിയ കമ്മിറ്റി: ജീമോൻ റാന്നി
ഉദ്ഘാടന ഘോഷയാത്ര കമ്മിറ്റി: പൊടിയമ്മ പിള്ള
സ്വീകരണ-അതിഥി സത്കാര കമ്മിറ്റി: ജോയ് എൻ. സാമുവൽ
ബിസിനസ് മീറ്റ് കമ്മിറ്റി: ജോൺ ഉമ്മൻ (പ്രസാദ്)
വിഐപി സ്വീകരണ കമ്മിറ്റി ചെയർ പേഴ്സനായി എം.ജി. മാത്യു വിനെ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. മറ്റ് റീജിയനുകളിൽ നിന്നുള്ള കമ്മിറ്റി ചെയർപേഴ്സൺമാരെയും ഉടൻ തന്നെ വിവിധ പ്രവർത്തകസംഘങ്ങളിലേക്ക് ഉൾപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ കമ്മിറ്റികൾ പ്രവർത്തനം ആരംഭിക്കുകയും കൺവെൻഷൻ ഒരുക്കങ്ങൾ കൂടുതൽ സജീവമാവുകയും ചെയ്യും
ഫോമാ ദേശീയ റീജിയൻ നേതാക്കളായ തോമസ് ഒലിയാംകുന്നേൽ, ജോയ്. എൻ ശാമുവേൽ , എസ് .കെ.ചെറിയാൻ, ഷാജി എഡ്‌വേർഡ്, മിഖായേൽ ജോയ്, തോമസ് ജോർജ് (സഞ്ജു), ക്രിസ്റ്റഫർ ജോർജ് , മെർലിൻ സാജൻ, സാജൻ ജോൺ , ആൻസി ശാമുവേൽ,ശശി പിള്ള, ഡെന്നിസ് മാത്യു,സുരേഷ് രാമകൃഷ്ണൻ തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു .
.ഫോമാ ഇന്റർനാഷണൽ കൺവെൻഷനെ അമേരിക്കൻ മലയാളി സമൂഹത്തിന്റെ അഭിമാന സമ്മേളനമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് ഹൂസ്റ്റണിൽ ഇപ്പോൾ പുരോഗമിക്കുന്നത്.

.jpg)
.jpg)


