PRAVASI

പുതിയ ടൂറിസം മന്ത്രി അറിയാൻ

Blog Image

അവതരിപ്പിക്കപ്പെട്ട ഒരു ടൂറിസം ഉൽപ്പന്നവും ആശയവും വിജയിക്കാതെ പോയ അഞ്ചു വർഷങ്ങളാണ് കടന്നുപോയത്. 
ഒരു പക്ഷേ പത്ത് വർഷങ്ങൾ !മറ്റു മേഖലകളിൽ നിന്നു വ്യത്യസ്തമായി,ടൂറിസം മേഖലയുടെ നട്ടെല്ലായ സ്വകാര്യമേഖലയെ  ഏതാണ്ട് ശത്രുക്കളെപ്പോലെ കണ്ട  അഞ്ചുകൊല്ലം.കാരവൻ ടൂറിസം, ഫ്ലോട്ടിങ് ബ്രിഡ്ജ്, ഗ്ലാസ് ബ്രിഡ്ജ് , MICE ടൂറിസം ,  
ഡെസ്റ്റിനേഷൻ വെഡ്ഡിങ്,ഒരു പഞ്ചായത്തിൽ ഒരു ഡസ്റ്റിനേഷൻ, ഡിസൈൻ പോളിസി തുടങ്ങി ഒന്നും ക്ലച്ച് പിടിച്ചില്ല! 
മുരളി തുമ്മാരുകുടിയൊക്കെ കണ്ണടച്ചു പുകഴ്ത്തിയ K- ഹോംസ് എന്ന പാഴ് പ്രഖ്യാപനം പ്രഖ്യാപനമായി മാത്രം അവശേഷിച്ചു.
അന്ന് ഞാൻ എഴുതിയിരുന്നു ഇതിൻ്റെ  യഥാർത്ഥ വശം ! 
ഹോംസ്റ്റേകൾ പോലുള്ള മേഖലകൾക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല. 
ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് ഒരു ക്ഷേമനിധിയും ഉണ്ടായിട്ടില്ല. 
സർക്കാരിന് കടന്നെത്താൻ ബുദ്ധിമുട്ടുള്ള മാർക്കറ്റിംഗ് മേഖലകളിൽ സ്വകാര്യ സംരംഭകർ 
പണം മുടക്കുമ്പോൾ, അവർക്ക് യാതൊരു സാമ്പ ത്തിക സഹായവും നൽകുന്നില്ല. 
ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ് ഹൗസ് ബോട്ട് മേഖല.ലൈസൻസില്ലാതെ വേമ്പനാട്ടുകായലിൽ 
എണ്ണമറ്റ  ഹൗസ് ബോട്ടുകൾ  ടൂറിസ്റ്റുകളുടെ സുരക്ഷയെ വെല്ലുവിളിച്ച് ഓടുന്നു ! 


അവയുടെ ലൈസൻസിംഗിൽ ടൂറിസം വകുപ്പിന് ഒരു പങ്കുമില്ല! 
മലീമസമായ വേമ്പനാട് കായലിനെ,അഷ്ടമുടിക്കായലിനെ സംരക്ഷിക്കുവാൻ കാര്യമായ പദ്ധതികൾ ഒന്നുമില്ല. 
ടൂറിസം സേവന ദാതാക്കൾക്കായി വർഷങ്ങളായി തുടരുന്ന ടൂറിസം വകുപ്പിന്റെ ക്ലാസ്സിഫിക്കേഷൻ സ്കീമുകളിൽ കാര്യമായ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.പല സ്കീമുകളും ഇന്നും സേവന ദാതാക്കൾക്ക് അപ്രാപ്യമായി തുടരുന്നു.
പലവട്ടം നിവേദനങ്ങൾ നൽകിയിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല! പുതുതായി യാതൊരു ക്ലാസ്സിഫിക്കേഷൻ സ്കീമുകളും കൊണ്ടുവന്നിട്ടില്ല.ടൂറിസം സേവന ദാതാക്കൾക്കായി ഏകജാലക സംവിധാനത്തിലൂടെയുള്ള ലൈസൻസ് സിസ്റ്റം കൊണ്ടുവരാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.ആർക്കും ടൂർ ഓപ്പറേറ്റർ ആകാം ,
ആരെയും പറ്റിക്കാം എന്ന സ്ഥിതിയാണ്! റിസോർട്ടുകളുടെ, ഹോട്ടലുകളുടെ ലൈസൻസ് നൽകുന്നതിൽ , അവ ഒരു ടൂറിസം  ഉൽപ്പന്നം എന്ന നിലയ്ക്ക് ടൂറിസം വകുപ്പിന് ഒരു പങ്കുണ്ടാകേണ്ടതാണ്.ഏറ്റവും കുറഞ്ഞത് ടൂറിസം കേന്ദ്രങ്ങളിൽ എങ്കിലും.
പക്ഷേ യാതൊരു പങ്കുമില്ല.അതുകൊണ്ടുതന്നെ വയനാടും മൂന്നാറും പോലുള്ള മേഖലകളിൽ അനധികൃത റിസോർട്ടുകളും മതിയായ സൗകര്യങ്ങളില്ലാത്ത അക്കോമഡേഷൻ യൂണിറ്റുകളും കൂണുകൾ പോലെ മുളച്ചുയരുന്നു !
മലബാർ ടൂറിസം വികസനം ഇന്നും സ്വപ്നം മാത്രമാണ്. 
കണ്ണൂരിൽ ഇന്നും ഒരു പഞ്ചനക്ഷത്ര ഹോട്ടൽ വന്നിട്ടില്ല.കൊച്ചി - മൂന്നാർ - തേക്കടി - ആലപ്പുഴ -കുമരകം
എന്ന പരമ്പരാഗത ടൂറിസ്റ്റ് സർക്കീട്ടിനെ വെല്ലുന്ന കാസറഗോഡ് - കണ്ണൂർ - വയനാട് സർക്കീട്ട് ഇനിയും വികസിപ്പിച്ചിട്ടില്ല! 
മുൻ മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ കാര്യമായി ആകെ വന്നത് മുഴപ്പിലങ്ങാട് ബീച്ചിന്റെ വികസനവും KTDC യുടെ ഒരു  ഹോട്ടലും മാത്രമാണ്.ചൂരൽമല  ദുരന്തത്തിൽപ്പെട്ടുപോയ വയനാട്ടിലെ മൊത്തം ടൂറിസം ഇനിയും പൂർണ്ണമായും തിരികെ  വന്നിട്ടില്ല! 
ഉത്തരവാദിത്ത ടൂറിസം എന്നത് ഒരു വ്യക്തിയിൽ ഒതുങ്ങി,രാഷ്ട്രീയ ലക്ഷ്യം മാത്രം മുൻനിർത്തി,കോൺക്ലേവുകളും  കോൺഫറൻസുകളും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുള്ള പ്രഖ്യാപനങ്ങളും ആയിച്ചുരുങ്ങി.കേപ് ടൗൺ ഡിക്ലറേഷനിലെ പ്രധാന
പ്രഖ്യാപനങ്ങൾ എല്ലാം അവർ മറന്നു.ടൂറിസം വകുപ്പിന്റെ ഒരു വിഭാഗം മാത്രമായിരിക്കേണ്ട ഉത്തരവാദിത്ത ടൂറിസത്തെ
പ്രത്യേകം സൊസൈറ്റി ആക്കി മാറ്റിയതോടുകൂടി ടൂറിസം ഡയറക്ടർക്ക് മീതേ പറക്കുന്ന പക്ഷിയായി അത് മാറി!
ടൂറിസം വകുപ്പിന്റെ പ്രധാന പദ്ധതികൾ 'ഉത്തരവാദിത്തം' ഇല്ലാത്തതും സൊസൈറ്റിയുടെ മാത്രം 'ഉത്തരവാദിത്തം' ഉള്ളതും എന്ന സ്ഥിതിയിലേക്ക് പോലും കാര്യങ്ങൾ മാറി! ഉത്തരവാദിത്ത ടൂറിസത്തിൽ ടൂറിസം ഡയറക്ടർ നോക്കുകുത്തിയായി! 
ടൂറിസം മന്ത്രിക്ക് ഇടയ്ക്കിടെ ആകെ പ്രഖ്യാപിക്കാൻ ഉണ്ടായിരുന്നത് ഈ വക ഉത്തരവാദിത്ത ടൂറിസം 'ഗിമ്മിക്കുകൾ' മാത്രമായിരുന്നു !
ആകെ നടന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നോ അന്യ രാജ്യങ്ങളിൽ നിന്നോ ടൂറിസ്റ്റുകളെ ഇവിടെ എത്തിക്കാൻ യാതൊരു വിധത്തിലും സഹായിക്കാത്ത കുറെ   'മന്ത്രി വ്ലോഗുകൾ' മാത്രം! മന്ത്രി ഓഫീസിന് ആകെ താല്പര്യം, 
ടൂറിസം വകുപ്പ് ജീവനക്കാരുടെ സ്ഥലംമാറ്റത്തിൽ മാത്രമായിരുന്നു ! 
ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ ടൂറിസ്റ്റുകളുടെയും കാലാകാലങ്ങളിൽ ഉള്ള എണ്ണത്തിലെ വർദ്ധന എന്നത് വികസനത്തിന്റെ  സൂചികയായി കണക്കാക്കാൻ കഴിയില്ല. 
പല കാരണങ്ങളുണ്ട്.
ഇവിടെ എഴുതിയാൽ തീരില്ല. അത് കഴിഞ്ഞ സർക്കാരിൻ്റെ മാത്രം സംഭാവനയും അല്ല !
ധാരാളം ചെയ്യാനുണ്ട് .ആദ്യത്തെ പണി ടൂറിസം വകുപ്പിന്റെ അഴിച്ചു പണി തന്നെയാണ്.
ശ്രീ.സന്തോഷ് ജോർജ് കുളങ്ങരയെപ്പോലെയുള്ള വിദഗ്ധരിൽ നിന്നും ആശയങ്ങൾ 
സ്വീകരിക്കുന്നതിൽ തെറ്റില്ല.എല്ലാവരും ആദ്യം ആവശ്യപ്പെടുന്നത് അതാവും,ഈ മന്ത്രിസഭയും ആദ്യം ചെയ്യാൻ പോകുന്നത്  അതൊക്കെയാകും എന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.പക്ഷേ അവർക്ക് മനസ്സിലാകാത്ത,
അറിയാത്ത ഒരു സിസ്റ്റത്തിന്റെ കറക്ഷൻ ആണ് ആദ്യം വേണ്ടത്. 
ഒരു സിസ്റ്റമിക് കറക്ഷൻ ! 
ആ കറക്ഷൻ്റെ തുടർച്ചയായി മാത്രമേ മറ്റെന്തും നടക്കുകയുള്ളൂ.
ടൂറിസം വകുപ്പിലെ ജീവനക്കാരെ പൂർണ്ണമായും വിശ്വാസത്തിൽ എടുത്തുകൊണ്ടും അവരുമായി നിരവധി ചർച്ചകൾ നടത്തിക്കൊണ്ടും അവർക്ക് നിലവിലുള്ള തസ്തികകളും പ്രൊമോഷൻ സാധ്യതകളും ഒട്ടും കുറയാതെയും 
ടൂറിസം വകുപ്പിന്റെ ഏറ്റവും വലിയ ബാധ്യതയായ ഹോസ്പിറ്റാലിറ്റി  വിഭാഗം പ്രത്യേകം ഒരു വകുപ്പാക്കി മാറ്റണം.
അതൊരു വലിയ വകുപ്പാണ്.14 ജില്ലകളിലും പ്രധാന  ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഉള്ള ഗസ്റ്റ് ഹൗസുകളുടെയും ചില യാത്രിനിവാസുകളുടെയും മന്ത്രിമന്ദിരങ്ങളുടെയും മന്ത്രിമാർക്കും മറ്റും വാഹനങ്ങൾ നൽകുന്ന ഗാരേജിന്റെയും ചുമതല ടൂറിസം  വകുപ്പിലെ ഈ ഹോസ്പിറ്റാലിറ്റി വിഭാഗത്തിനാണ്.ഇതിൻ്റെ കാര്യങ്ങൾ നോക്കാൻ വകുപ്പിൽ 
പ്രമോഷൻ കിട്ടി വരുന്ന ഒരു അഡീഷണൽ ഡയറക്ടർ ഉണ്ടെങ്കിലും പൂർണ്ണ ഉത്തരവാദിത്വം 
ടൂറിസം ഡയറക്ടർക്ക് തന്നെയാണ്.ഈ ഉത്തരവാദിത്വം നിർവഹിക്കേണ്ടി വരുന്നതുകൊണ്ട് , പ്രധാനപ്പെട്ട പോർട്ട്ഫോളിയോ ആയ  ടൂറിസത്തിന്റെ കാര്യങ്ങൾ നോക്കാൻ ഡയറക്ടർക്ക് സമയം കിട്ടുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.
ഇതൊരു പരാധീനത തന്നെയാണ്.ഈ പരാധീനത ഇനിയും പരിഹരിച്ചില്ലെങ്കിൽ നമ്മുടെ ടൂറിസം മുമ്പോട്ടു പോവുക ബുദ്ധിമുട്ടാണ്.
എതിർപ്പുകൾ സ്വാഭാവികം.അധിക സാമ്പത്തിക ബാധ്യത വരുത്താതെ,ജീവനക്കാരെ പുനർ വിന്യസിച്ച് ഈ വകുപ്പ് വിഭജനം   നടത്താവുന്നതാണ്.പുതിയ ഹോസ്പിറ്റാലിറ്റി  വകുപ്പിൽ ജീവനക്കാർക്ക് ഒരു നഷ്ടവും ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്താൻ  സർക്കാരിന് കഴിയും, കഴിയണം.ടൂറിസം വകുപ്പിന്റെ ജോലി അടിസ്ഥാന സൗകര്യ വികസനവും  പുതിയ ടൂറിസം ഉൽപ്പന്നങ്ങളുടെ കണ്ടെത്തലും വികസനവും മാർക്കറ്റിംഗും മാത്രമാണ്.അതിനുവേണ്ടിയുള്ള  സ്റ്റാഫ് മാത്രം മതി അവിടെ.
അവർക്ക് മതിയായ യോഗ്യതകൾ ഉണ്ടായിരിക്കണം എന്ന് മാത്രം.നിലവിലുള്ള ജില്ലാ ഓഫീസുകളും റീജിയണൽ ഓഫീസുകളും   ഹോസ്പിറ്റാലിറ്റി വകുപ്പിന് കൊടുക്കാം.പകരം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓരോ റീജിയണൽ  ഓഫീസുകൾ മാത്രം മതിയാകും ടൂറിസം വകുപ്പിന്. ഇതിൻ്റെ ചുമതല  KAS കാർക്ക് കൊടുക്കാവുന്നതാണ്.
ഇത്തരമൊരു മാറ്റം വന്നാൽ തന്നെ ടൂറിസം വകുപ്പിന്റെ പണി പകുതി കുറയും. ടൂറിസം ഡയറക്ടർ , സെക്രട്ടറി തസ്തികകളിലേക്ക്  കഴിവതും കേരളീയർ അല്ലാത്തവരെ പരിഗണിക്കരുത്. 
നമ്മുടെ സാംസ്കാരിക പശ്ചാത്തലവും,ചരിത്ര പശ്ചാത്തലവും, നമ്മുടെ പ്രകൃതിയും,
ഒക്കെ നന്നായി അറിയാവുന്ന പക്വമതികളും പരിചയസമ്പന്നരുമായ ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രമേ ഈ തസ്തികകളിലേക്ക്  പരിഗണിക്കാവൂ.കേരളീയരല്ലാത്തവരിൽ ഈ സ്ഥാനങ്ങളിൽ സംഭാവന ചെയ്യാൻ കഴിഞ്ഞവർ അമിതാഭ് കാന്തിനെപ്പോലെ രണ്ടോ മൂന്നോ പേർ മാത്രമാണ്.കളക്ടറായി സേവനമനുഷ്ഠിക്കാത്ത ആരെയും ടൂറിസം ഡയറക്ടർ ആക്കരുത്.കണ്ടുവരുന്നത് എന്തെന്നാൽ,
അവരുടെ പരിചയക്കുറവും കലക്ടറായി പോകാനുള്ള അവരുടെ വ്യഗ്രതയും
പഠിക്കാനുള്ള അവരുടെ മനസ്സിന് ,കാര്യങ്ങൾ നടപ്പാക്കാനുള്ള അവരുടെ മനസ്സിന്
തടസ്സം നിൽക്കുന്നു എന്നുള്ളതാണ്.ഇത് കഴിഞ്ഞ 30 വർഷത്തെ അനുഭവത്തിൽനിന്ന് പറയുന്നതാണ്.
ടൂറിസം ഡയറക്ടറുടെ കീഴിലുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ചെയർമാനാണ് ജില്ലാ കളക്ടർ.
അപ്പോൾ ടൂറിസം ഡയറക്ടർ ആയ ശേഷം ഒരു ഐ.എ.എസ് ഓഫീസർ കളക്ടറായി പോകുന്ന കാഴ്ച ആലോചിച്ചു നോക്കുക.
ഇത് പലവട്ടം സംഭവിച്ചതാണ്. ചീഫ് സെക്രട്ടറി ആയിരുന്നവൻ വെറും സെക്രട്ടറിയായി മാറുന്ന അവസ്ഥ ! 
പുതിയ ടൂറിസം മന്ത്രിക്ക് ലഭിക്കുന്ന ഉദ്യോഗസ്ഥ ടീമാണ് പ്രധാനം.ടൂറിസം സെക്രട്ടറിക്കും ഡയറക്ടർക്കും മിനിമം മൂന്നുവർഷം നൽകണം.കേരള ടൂറിസത്തിന്റെ ചരിത്രം പഠിക്കാത്ത ഒരു ഉദ്യോഗസ്ഥനും ആ സ്ഥാനത്തിരുന്ന്
ഒരു സംഭാവനയും ചെയ്യാൻ കഴിയില്ല.കഴിഞ്ഞ സർക്കാർ ആർക്കും ഒരു ഉപയോഗവും ഇല്ലാത്ത ഒരു ജംബോ ടൂറിസം ഉപദേശക സമിതി രൂപീകരിച്ചു വച്ചിട്ടുണ്ട്.അത് ആകെക്കൂടിയത് രണ്ടോ മൂന്നോ വട്ടം മാത്രം.അതിൽ മന്ത്രി പങ്കെടുത്തത് എത്രവട്ടം എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു!മന്ത്രി ഇരുന്നത് എത്ര സമയം എന്നും !ആ ജംബോ ടൂറിസം ഉപദേശ സമിതി പിരിച്ചുവിടണം.
പഴയതുപോലെ അതിൻ്റെ എണ്ണം കുറച്ച്വിദഗ്ദ്ധരെ മാത്രം ഉൾപ്പെടുത്തി,
അത് കൃത്യമായി കൂടണം.അവരുടെ അഭിപ്രായങ്ങൾ പരിഗണിക്കണം.സ്വകാര്യ മേഖലയുമായി ടൂറിസം മന്ത്രി ഇടയ്ക്കിടെ ചർച്ചകൾ നടത്തണം.വയനാട് ദുരന്തം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ടൂറിസത്തെ ബാധിക്കുമ്പോഴും അന്താരാഷ്ട്ര പ്രശ്നങ്ങൾ ടൂറിസത്തെ ബാധിക്കുമ്പോഴും അതിനെ നേരിടാനുള്ള പോംവഴികൾ കണ്ടെത്താൻ വിദഗ്ധരെയും ഉദ്യോഗസ്ഥരെയും 
ഏജൻസി പ്രതിനിധികളെയും ഉൾപ്പെടുത്തി ടൂറിസം വകുപ്പിന് ഒരു റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ( R & D ) വിഭാഗത്തിന്  ടൂറിസത്തിൽ അടിയന്തരമായി രൂപം കൊടുക്കണം.പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളുടെ പരിപാലനത്തിന്റെ ചുമതല ഓരോ ഏജൻസികൾക്കായി വിഭജിച്ചു നൽകണം.ഇപ്പോൾ ഒരു ഡെസ്റ്റിനേഷനും നാഥനില്ലാത്ത അവസ്ഥയാണ്.കേരള ടൂറിസം ഇൻഫ്രാസ്ട്രക്ഷൻ ലിമിറ്റഡ് ( KTIL ) , KTDC പോലുള്ള സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ ഡെസ്റ്റിനേഷനുകൾ പരിപാലിക്കാനുള്ള അനുഭവ സമ്പത്ത് ഉണ്ട് .
ഓരോ വർഷവും അവർക്ക് പ്രത്യേക ഫണ്ട് ഇതിനായി അനുവദിക്കണം.KTDC യ്ക്ക് വെറും ഹോട്ടൽ ചെയ്ൻ എന്ന അവസ്ഥയിൽ  നിന്ന് മോചനം നൽകണം.എത്ര സാമ്പത്തിക സ്ഥിതിയിലും,ടൂറിസം മാർക്കറ്റിങ്ങിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഉള്ള  ബജറ്റിൽ കൂടുതൽ തുക ഓരോ വർഷവും വക കൊള്ളിക്കുക തന്നെ വേണം.ഇതെല്ലാം മന്ത്രിസഭ അധികാരമേറ്റ്  അധികസമയം എടുക്കാതെ ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്.
ഇത്രയും ചെയ്താൽ തന്നെ നമ്മുടെ ടൂറിസം രംഗത്ത് കാര്യമായ മാറ്റങ്ങൾ വരും എന്നത് ഉറപ്പാണ്. 
പുതിയ മന്ത്രിക്കും മന്ത്രിസഭയ്ക്കും അതിന് കഴിയട്ടെ എന്ന് ആശിക്കുന്നു.
പ്രശാന്ത് വാസുദേവ് 
മുൻ ഡെപ്യൂട്ടി ഡയറക്ടർ 
കേരളം ടൂറിസം വകുപ്പ് &ടൂറിസം  കൺസൾട്ടന്റ്

 പ്രശാന്ത് വാസുദേവ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.