PRAVASI

ടി.പി. വധം ഏറ്റുപറയാൻ സത്യസന്ധതയുണ്ടോ: കെ.കെ. രമ

Blog Image

സിപിഎം കോഴിക്കോട്ട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.കെ. രമ എംഎൽഎയും മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസും രംഗത്ത്. നേതൃത്വത്തിന്റെ തിരുത്തൽ പ്രഹസനത്തിനിടെ ടി.പി. ചന്ദ്രശേഖരൻ വധമെന്ന തിരുത്താനാകാത്ത തെറ്റ് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത സിപിഎമ്മിനുണ്ടോയെന്ന് കെ.കെ. രമ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. നേതൃത്വത്തിന്റെ തെറ്റുകൾക്കൊപ്പം വിട്ടുവീഴ്ചയില്ലാതെ നിന്നതുകൊണ്ടാണ് ടി.പിയെ വെട്ടിനുറുക്കിക്കൊന്നത് എന്നും അവർ ഓർമ്മിപ്പിച്ചു.

പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായ സംയുക്ത യോഗമാണ് ‘വിപുലീകൃത സംസ്ഥാന സമിതി’യെന്ന് മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് പരിഹസിച്ചു. സെമിനാർ മൂഡിൽ നടത്തുന്ന ഈ ശക്തിപ്രകടനം പിണറായി ഫാൻസ് ക്ലബ്ബിന്റെ ഒത്തുകൂടലാണെന്നും, മൂന്ന് ദിവസം കൊണ്ട് കോടികൾ ചെലവഴിക്കുന്ന ഈ നീക്കം പരാജയങ്ങളുടെ ആഘാതത്തിൽ സമനില തെറ്റിയതിന്റെ ലക്ഷാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ തിരുത്തൽ പ്രഖ്യാപനവുമായി സിപിഎം നേതൃത്വം കോഴിക്കോട് ഒത്തുകൂടുമ്പോൾ, പാർട്ടിക്കകത്തും പുറത്തുനിന്നുമുള്ള അതിശക്തമായ ചോദ്യങ്ങളും പരിഹാസങ്ങളുമാണ് ഈ വിപുലീകൃത യോഗത്തെ പ്രതിക്കൂട്ടിലാക്കുന്നത്. തിരുത്തലുകളുടെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.