ഞാനും ഭർത്താവും കൂടി വാരാന്ത്യ സിനിമ കാണാനിരുന്നതായിരുന്നു. പടം കണ്ട തുടക്കത്തിൽ തന്നെ ഞങ്ങളുടെ മനസ്സിൽ തോന്നി “ അയ്യോടാ... ഈ പയ്യന് നമ്മുടെ പിള്ളേരുടെ (കൊച്ചുമക്കളുടെ) രൂപവും ഭാവവും ഒക്കെയുണ്ടല്ലോ...” എന്ന്. ആ തോന്നലിൽ തുടങ്ങിയ ഞങ്ങളുടെ നോട്ടം, സിനിമ തീരുന്നതുവരെ കണ്ണെടുക്കാതെ നോക്കിയിരുന്ന ഒരു അനുഭവമായി മാറി. സിനിമ ഇതായിരുന്നു. ബാലൻ ദ ബോയ് .
മഞ്ഞുമ്മൽ ബോയ്സിലൂടെ നമ്മെ വിസ്മയിപ്പിച്ച ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ ദ ബോയ്’ എന്ന സിനിമയിലെ ബാലൻ വെറുമൊരു കഥാപാത്രമല്ല; മറിച്ച് കണ്ടിരിക്കുന്ന ഓരോരുത്തരുടെയും മനസ്സിൽ എവിടെയൊക്കെയോ പതിഞ്ഞുപോയ, നമ്മോടത്രമേൽ പരിചിതമായ ഒരു കുഞ്ഞിന്റെ മുഖവും അവന്റെ ജീവിതവുമാണ്. ഇവിടെ ബാലനായ ആദിശേഷന്റെ നിഷ്കളങ്കമായ മുഖവും സ്വാഭാവികമായ അഭിനയവും ഏതൊരു പ്രേക്ഷകന്റെയും പ്രശംസയും പ്രാർത്ഥനയും പിടിച്ചുപറ്റുന്നതായിരുന്നു. ബാലന്റെ അമ്മയായ ഫർസാനയാകട്ടെ, ആ കഥാപാത്രമായി ജീവിച്ചുതന്നെയാണ് സ്ക്രീനിലെത്തുന്നത്. ഇരുവരുടെയും അഭിനയത്തിൽ കൃത്രിമതയുടെ ഒരു നിഴൽപോലുമില്ല. അവർ അഭിനയിക്കുകയാണെന്ന് മറന്ന്, അവരുടെ ജീവിതത്തിലേക്ക് നമ്മൾ ഒളിഞ്ഞുനോക്കുന്നതുപോലെ നമുക്ക് തോന്നിപ്പോകും.

കഥ തുടങ്ങുന്നത് ഒരു ജയിലിൽ നിന്നാണ്. അവിടെ 5 വയസ്സുള്ള ഒരു മകനെയും കൊണ്ട് ഒരമ്മ ശിക്ഷാ കാലാവധി അനുഭവിച്ചു വരികയായിരുന്നു. പിന്നീട് ജയിലിൽ നിന്ന് പുറത്തിറങ്ങിയ അമ്മയും മകനും പല കഥകളില് വ്യാജ വ്യക്തിത്വം വിലാസമാക്കി ജീവിക്കാൻ തുടങ്ങി. ഒരമ്മയുടെയും മകന്റെയും അതിജീവനത്തിന്റെ കഥ എന്ന് പറയുമ്പോഴും അതിനുള്ളിലെ കാമ്പ് നിസാരമല്ല. രാക്ഷസനോ അടിമയോ ആയി മകൻ വളരാതിരിക്കാൻ നിരന്തരം പേരും ഊരും മാറി ജീവിക്കുന്നതിനിടക്ക് ഒരിക്കൽ മകന്റെ കൈക്കുഞ്ഞിലെ അമ്മയുടെ പിടി വിട്ടു പോയി. അങ്ങനെ അവൻ പുതിയൊരു ജീവിതം ജീവിക്കുന്നു.താൻ എന്തായി തീരരുതെന്ന് അമ്മ ആഗ്രഹിച്ചോ ആ ജീവിതമെല്ലാം അവൻ ജീവിച്ചു തീർക്കുന്നു. ഒടുവിൽ അമ്മയെ തിരികെ കിട്ടാൻ വേണ്ടി അവൻ നടത്തുന്ന അവസാന യാത്രയാണ് 'ബാലൻ: ദ ബോയ്'.
ചില കഥാപാത്രങ്ങൾ സിനിമ തീർന്നാലും മനസ്സിൽ നിന്ന് ഇറങ്ങിപ്പോകാറില്ല. അത്തരത്തിൽ പ്രേക്ഷകഹൃദയങ്ങളിൽ എക്കാലവും ഇടംപിടിച്ചവരാണ് ബാലനും അവന്റെ അമ്മയും. അവരുടെ ചിരിയും നോട്ടവും നിശ്ശബ്ദതയും വേദനയും എല്ലാം വളരെ പതിഞ്ഞ നിറങ്ങളിൽ നമ്മുടെയെല്ലാം മനസ്സിൽ കോറിയിട്ടുണ്ട്. ജിത്തു മാധവന്റെ (ആവേശം ) മികച്ച രചനയ്ക്ക് ചിദംബരം നൽകിയ മനോഹരമായ സംവിധാനമാണ് ഈ സിനിമയുടെ മറ്റൊരു കരുത്ത്. വലിയ കാഴ്ചകളോ അമിതമായ ആഘോഷങ്ങളോ ഇല്ലാതെ, ഒതുക്കത്തിലും ലാളിത്യത്തിലും ഈ കഥ പറയാനുള്ള സൗന്ദര്യമാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ സിനിമ അവസാനിക്കുമ്പോൾ കഥ മാത്രമല്ല, ചില മനുഷ്യരും അവരുടെ വികാരങ്ങളും നമ്മോടൊപ്പം വീട്ടിലേക്ക് പോരുന്നുണ്ട്. ജീൻ പോളും , ടൊവിനോ തോമസും,പരുക്കൻ സ്വഭാവമുള്ള അമ്മച്ചിയും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളും സിനിമയ്ക്ക് കൂടുതൽ ഭംഗി നൽകുന്നുണ്ട്. എന്നാൽ ഈ സിനിമയുടെ ഹൃദയമിടിപ്പ് ബാലനും അവന്റെ ലോകവും തന്നെയാണ് നിസ്സംശയം പറയാം.
വലിയ ബജറ്റും വലിയ താരനിരയും മാത്രമല്ല നല്ല സിനിമയുടെ അളവുകോൽ എന്ന് വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്ന ചിത്രമാണിത്. ചെറിയൊരു കഥയെ സ്നേഹത്തോടെയും സത്യസന്ധതയോടെയും പറയുമ്പോൾ അതിന് വലിയൊരു ലോകത്തിന്റെ ഹൃദയത്തെ തൊടാനുള്ള ശക്തിയുണ്ടായിരിക്കും. OTT പ്ലാറ്റ്ഫോമിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് ഈ സിനിമ എത്തട്ടെ. ഇത്തരത്തിലുള്ള നന്മയുള്ള, ലളിതമായ, മനുഷ്യനെ മനുഷ്യനോട് ചേർത്തുനിർത്തുന്ന ചെറിയ സിനിമകൾ ഇനിയും ഉണ്ടാകട്ടെ...

ബിനു ചിലമ്പത്ത്,സൗത്ത് ഫ്ളോറിഡ

