നോയിബിലെ കുമ്പസാരത്തെപ്പറ്റിയായിരുന്നു ഇന്നത്തെ അച്ഛന്റെ പ്രസ്സംഗം . നമ്മുടെ ഉള്ളിലെ ചപ്പുചവറുകൾ അതിൽ പലതും നമുക്കാവശ്യമുള്ളതല്ല. അതൊക്കെ ഉപേഷിക്കാമെങ്കിൽതന്നെ നമ്മുടെ ജീവിതഭാരം കുറയും. നമ്മുടെ ഏതു ചവറുകളും ഏറ്റെടുക്കുവാനാണ് ഈശോ കുമ്പസാരകൂട്ടിലിരിക്കുന്നത് . പകരം സമാധാനവും സംതൃപ്തിയും അവിടുന്ന് തരുകയുംചെയ്യും. അച്ഛന്റെ വാക്കുകൾ ശരിയാണെന്നുതോന്നി എത്രയും വേഗം ഒരു കുമ്പസാരം നടത്തണം എന്ന ചിന്തയോടെ വേഗം നടന്നു വീടിന്റെമുന്പിലെത്തി ഗേറ്റ് തുറന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ പുറകീന്നൊരു വിളി 'അമ്മ..... തിരിഞ്ഞുനോക്കി ഒരമ്മയും മകനും .
'അമ്മ.... കുപ്പീ, പാട്ട, പഴയ സാധനങ്ങൾ എല്ലാം എടുക്കും നല്ലവിലയും കൊടുത്തിടും. തമിഴർ ആണെന്നുതോന്നുന്നു. നല്ല ഐശ്വര്യമുളള മുഖങ്ങൾ.
കാര്ര്യം വീടിന്റെ നിലവറയിലും തട്ടിന്പുറത്തും ഒക്കെ ധാരാളം കുപ്പികൾ കിടക്കുന്നുണ്ട്. കൂടാതെ എത്രയോ ആക്രി സാധനങ്ങൾ. വീട് പുതുക്കിയപ്പോൾ മിച്ചം വന്ന പല സാധനങ്ങളും പറമ്പിന്റെ മൂലയ്ക്ക് കിടപ്പുണ്ട്. ഇതൊക്കെവാരിക്കൊടുക്കാം എന്നുപറയുമ്പോൾ നല്ലവിലകിട്ടട്ടെ എന്നുപറഞ്ഞു മാറ്റിവയ്ക്കുകയായിരുന്നു പതിവ്. തന്നെയുമല്ല ഇവറ്റകളെയൊന്നും പറമ്പിലോ വീട്ടിലോ കയറ്റാൻ കൊള്ളില്ല എന്ന കമെന്റും.
അദ്ദേഹം വീട്ടിലില്ല പുറകിലെ മുറ്റത്തു കൂടികിടക്കുന്ന കുറെ കുപ്പികൾ മാത്രമെങ്കിലും ഒഴിവാക്കാം എന്ന് കരുതി. അവരെ വിളിച്ചുകയറ്റികാണിച്ചു . അതെല്ലാം അവർ വൃത്തിയാക്കിചാക്കിലാക്കി. ഉദ്ദേശിച്ചതിലുംനല്ലവിലതരുകയുംചെയ്തു. ഇനി മറ്റുവല്ലതുമുണ്ടോ എന്നവർ ചോദിച്ചപ്പോൾ മടിച്ചുമടിച്ചോരോന്നായി കാണിച്ചുകൊടുത്തു അതൊക്കെയും വൃത്തിയാക്കി അവർ ചാക്കിലാക്കി എല്ലാത്തിനും കാശുംതന്നു. അങ്ങനെ മുറ്റവും നിലവറയും കാലിയായി കൊടുത്തതെല്ലാം ചുമന്നവർ ഗേറ്റിനു പുറത്തേക്കുകൊണ്ടുപോയിട്ടു .
ഇനി എന്തെങ്കിലും കിടക്കുമോ 'അമ്മ ..
പറമ്പിൽ മൂലയ്ക്ക് ചുണ്ടിക്കാണിച്ചിട്ടുപറഞ്ഞു അവിടെ നിങ്ങൾക്ക്പറ്റിയതുവല്ലതുമുണ്ടോ എന്ന് നോക്കിക്കേ. ചെന്നുനോക്കീട്ടവർ വിളിച്ചുപറഞ്ഞു റൊമ്പ ഐറ്റം കിടക്കെ...അമ്മ.... പക്ഷെ അതെല്ലാം എടുക്കതുക്കു നമ്മ കയ്യിൽ മതിയായ പൈസ കെടയാത് പകരമായി അതുക്കുള്ള ജോലിചെയ്തു ഞാങ്കൾ കൊടുത്തിടാം
അത് കൊള്ളാമല്ലോ? ഞാൻ ആദ്യം മുറ്റമടിക്കുന്ന ചൂലെടുത്ത് ആ അമ്മയുടെ കയ്യിൽ കൊടുത്തു. ഇവരുടെ പണി എങ്ങാനുണ്ടെന്ന് ഒന്നറിയണമല്ലോ. പെട്ടന്നവർ മുറ്റം മുഴുവൻ നിറഞ്ഞുകിടന്നിരുന്ന കരികില എല്ലാം അടിച്ചു കൂട്ടി കുഴിയിൽ തള്ളി. കുഴപ്പമില്ല ഞാൻ മനസ്സിൽ ചിന്തിച്ചപ്പോഴേക്കും അവർ പറമ്പിലേക്കിറങ്ങി കാടെല്ലാം വെട്ടിത്തെളിക്കാൻ തുടങ്ങി. അവർക്കാവശ്യമുള്ളതെല്ലാം അവർ ചോദിച്ചു ചോദിച്ചു ചാക്കിലാക്കി. കാടുപിടിച്ചുകിടന്ന പറമ്പിന്റെ രൂപം തന്നെ മാറി. ഇപ്പോൾ പറമ്പെല്ലാം കൃഷിചെയ്യാൻ പാകത്തിന് വൃത്തിയായിരിക്കുന്നു. . എലികളും പാമ്പുകളും തേളുകളും പഴുതാരകളും പമ്പകടന്നു. ആ മകനെ കടിക്കാൻവന്ന വലിയ ഒരു മൂർഖൻ പാമ്പിന്റെ തല ആ സ്ത്രീ നിർദയം തല്ലിത്തകർത്തു. എന്തൊരു ധൈര്ര്യമാണാസ്ത്രീക്ക് ഞാൻമനസ്സിൽ പറഞ്ഞു. പാമ്പിനെ കുഴിച്ചുമൂടുന്നതിനിടെ ആ തള്ളപറയുന്നുണ്ട് 'അമ്മ ഇടയ്ക്കിടെ ഇങ്ങനെ വൃത്തിയാക്കിയില്ലെങ്കിൽ ഇവന്മാരെല്ലാം ഇവിടെ താമസ്സമാക്കും. 'അമ്മ മനസ്സിൽ ഒന്നുവിചാരിച്ചാൾ ഞാങ്കൾ വന്നു ചെയ്തു കൊടുത്തിടാം.
അൽപ്പം കഴിഞ്ഞു 'അമ്മ... എല്ലാം കഴിഞ്ഞു ഞാങ്കൾ പോകുവാ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞപ്പോൾ . എന്നാൽ അല്പം ഭക്ഷണംഎന്തെങ്കിലും അവർക്കു കൊടുത്തേക്കാം എന്നുകരുതി അകത്തേക്ക് കയറി .
അടുപ്പിലെ തീ കെടുത്തിട്ട് ഇറങ്ങിച്ചെന്നപ്പോളേക്കും അവർ പോയികഴിഞ്ഞിരുന്നു.
ഇത്രപെട്ടെന്നിവർ സ്ഥലം വിട്ടോ സംശയത്തോടെ ഗേറ്റ് അടച്ചുകൊണ്ടിരുന്നപ്പോൾ. അതാ ഗേറ്റിനു മുന്നിൽ അദ്ദേഹം നിൽക്കുന്നു എന്താ.. എന്ത് നോക്കുവാ ഗേറ്റിനു പുറത്ത് . ആ..ഹാ പഴയസാധനങ്ങൾ പെറുക്കുന്ന ഒരമ്മയും ഒരു കുട്ടിയും വന്നായിരുന്നു ഞാനാ കുപ്പിയും വേണ്ടാതെകിടന്ന പഴയസാധനങ്ങളൊക്കെയും അങ്ങ് പെറുക്കികൊടുത്തു. അവരതിന് നല്ലവിലയും തന്നു. പിന്നെ കാശു്ത്തീർന്നപ്പോൾ പകരമായി പറമ്പിലെ കാടും മേടും വെട്ടിത്തെളിക്കുകയും ചെയ്തു. ഞാനല്പം ഭക്ഷണം അവർക്കായി വിളമ്പികൊണ്ടു വന്നപ്പോഴേക്കും അവർ പോയിക്കഴിഞ്ഞു. ഏതായാലും ക്രിസ്തുമസിന് ഒരുക്കമായിട്ട് വീടും പരിസരവും ഒക്കെയൊന്ന് വൃത്തിയായികിട്ടി .
അല്ല നിങ്ങളെവിടെയായിരുന്നു ഇത്രയും നേരം പള്ളീന്നിറങ്ങീട്ടെങ്ങോട്ടാപോയത് . അതോ അച്ഛൻ ഇന്ന് കുമ്പസാരത്തിന്റ കാര്ര്യം പറഞ്ഞപ്പോൾ എനിക്കും ഒന്ന് കുമ്പസ്സാരിക്കണം എന്ന് തോന്നി. പട്ടണത്തിലെ ആശ്രമപള്ളിയിൽ ചെന്നപ്പോൾ അവിടെ ഭയങ്കര ആൾത്തിരക്ക് . ഏതായാലും വൈകിയാലും കുമ്പസാരിച്ചിട്ടേ പോകുന്നുള്ളൂ എന്ന് ഞാനും കരുതി. രണ്ടുമൂന്നുവര്ഷമായില്ലേ കുമ്പസാരിച്ചിട്ട്.
ഓ അത് നന്നായി ആ കാടും ഒന്ന് വെട്ടിത്തെളിക്കാൻ തോന്നിയല്ലോ. ഞാൻ നിങ്ങളോടെങ്ങനെ ഒന്ന് പറയും എന്ന് വിഷമിച്ചിരിക്കുകയായിരുന്നു
അപ്പോൾ ഇത്തവണത്തെ ക്രിസ്തുമസ് അടിപൊളി. വൃത്തിയായ മുറ്റത്തും പരിസരത്തും ഒക്കെ കുറച്ചു ലൈറ്റെല്ലാം ഇട്ടേക്കാം . എന്തൊരിരുട്ടായിരുന്നു അവിടെല്ലാം.
എന്നാലും ഒറ്റദിവസം കൊണ്ട് ഇങ്ങനെ എങ്ങനെ തെളിക്കാൻ അവർക്കായി. ആരായിരിക്കും ആ അമ്മയും മകനും ആ ചോദ്യത്തിനുത്തരം ഇനിയും ബാക്കി നിൽക്കുന്നു.
അപ്പോഴും പളളിലെ കുമ്പസാരകൂട്ടിലിരുന്നോണ്ട് അവിടെ മുട്ടുകുത്തുന്ന ഓരോരുത്തരുടെയും ഉള്ളിലെ കാടും മേടും വെട്ടിത്തെളിച്ച് വേണ്ടാത്ത ചവറുകൾ സ്വയം ഏറ്റുവാങ്ങി പകരം അതിന്റെ വിലയായി തന്റെ ശരീരവും രക്തവും വാഗ്ദാനംചെയ്യുകയായിരുന്നു ഈശോ .
കാരണം ആ ഹൃദയങ്ങളിൽ വേണമല്ലോ തനിക്കു പിറക്കാൻ..

മാത്യു ചെറുശേരി

