PRAVASI

വായയിലെ അർബുദം ഇനി ഉമിനീരിലൂടെ തിരിച്ചറിയാം? ബയോപ്സി പരിശോധനകൾക്ക് വിടപറയാം;ഞെട്ടിക്കുന്ന വിവരങ്ങളുമായി ഐഐടി ഗവേഷകർ

Blog Image

വായയിലെ അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ വേദനയില്ലാതെ കണ്ടെത്താൻ പുതിയ സാങ്കേതികവിദ്യയുമായി ഇൻഡോർ ഐഐടിയിലെ ഗവേഷകർ എത്തിയിരിക്കുന്നു. ഉമിനീരും വായയുടെ ഉൾഭാഗത്തുനിന്നുള്ള സ്വാബും ഉപയോഗിച്ചാണ് കാൻസർ സാധ്യത തിരിച്ചറിയുന്നത്. ‘ബ്രിട്ടീഷ് ജേണൽ ഓഫ് കാൻസർ’ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിന് ഐഐടിയിലെ പ്രൊഫസർ ഹേം ചന്ദ്ര ജായാണ് നേതൃത്വം നൽകിയത്. നിലവിലുള്ള വേദനാജനകമായ ബയോപ്സി രീതിക്ക് ബദലായി, രോഗം പ്രാരംഭഘട്ടത്തിൽത്തന്നെ കണ്ടെത്താൻ ഈ നൂതനമാർഗ്ഗത്തിലൂടെ സാധിക്കുമെന്നാണ് ഗവേഷകരുടെ അവകാശവാദം.

ഓറൽ സ്ക്വാമസ് സെൽ കാർസിനോമ, ഓറൽ സബ്മ്യൂക്കസ് ഫൈബ്രോസിസ് എന്നീ രണ്ട് അവസ്ഥകളിലാണ് പഠനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആരോഗ്യമുള്ള വ്യക്തികൾ, രോഗബാധിതർ എന്നിവരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചാണ് പരീക്ഷണം നടത്തിയത്. ഉമിനീരിലൂടെ വായയിലെ കെമിക്കൽ സിഗ്നലുകളും സ്വാബിലൂടെ കോശങ്ങളെയും പ്രോട്ടീനുകളെയും ശേഖരിക്കാൻ സാധിക്കും. ഇതിലൂടെ ആരോഗ്യമുള്ള ടിഷ്യൂ കാൻസറിനു മുന്നെയുള്ള അവസ്ഥയിലേക്കും കാൻസറിലേക്കും മാറുന്നത് എങ്ങനെയെന്ന് നിരീക്ഷിക്കാൻ സാധിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

പല ലക്ഷണങ്ങളും പ്രകടമാകുന്നതിന് മുൻപ് തന്നെ കാൻസറിന്റെ അടയാളങ്ങൾ ഉമിനീരിലും ശ്ലേഷ്മ ഉപരിതലത്തിലും ലഭ്യമാകുമെന്നാണ് കണ്ടെത്തൽ. ഈ സാങ്കേതികവിദ്യയ്ക്കായി ഗവേഷകർ ഇതിനോടകം പേറ്റന്റിനും അപേക്ഷിച്ചിട്ടുണ്ട്. നിലവിലെ പരിശോധനകൾക്ക് പൂർണ്ണ ബദലല്ലെങ്കിലും ഭാവിയിൽ വേഗതയേറിയതും ചെലവുകുറഞ്ഞതുമായ സ്ക്രീനിംഗ് രീതികളിലേക്ക് ഇത് സഹായകരമാകും. വായയിലെ കാൻസർ സാധ്യത മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കാൻ ഈ സാങ്കേതികവിദ്യ വലിയതോതിൽ ഗുണം ചെയ്യും.

ചുണ്ടു മുതൽ തൊണ്ടയുടെ ഭാഗം വരെയുള്ള ഭാഗങ്ങളിൽ വായിലെ കാൻസർ ബാധിക്കാറുണ്ട്. ആദ്യകാല ലക്ഷണങ്ങളായ ചെറിയ വായ്പുണ്ണ്, വേദന, ഉണങ്ങാത്ത മുറിവ് എന്നിവ പലപ്പോഴും ആളുകൾ അവഗണിക്കാറാണ് പതിവ്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞും ഇത്തരം പാടുകളും മുറിവുകളും തുടരുകയാണെങ്കിൽ ഗുരുതര രോഗങ്ങളുടെ സൂചനയാകാം എന്നതിനാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്. ല്യൂക്കോപ്ലാക്കിയ പോലെയുള്ള പൂർവാർബുദ അവസ്ഥകളും കൃത്യസമയത്ത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

വായിൽ തുടർച്ചയായുള്ള പുണ്ണ്, വായ തുറക്കാൻ പ്രയാസം, നാവിലോ മോണയിലോ കാണുന്ന വെള്ളയോ ചുവന്നതോ ആയ മാറ്റങ്ങൾ, കഴുത്തിലെ മുഴകൾ എന്നിവ വായിലെ കാൻസർ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം പൂർണ്ണമായി ഒഴിവാക്കുക, സമീകൃത ആഹാരം ശീലിക്കുക, കൃത്യമായ ഇടവേളകളിൽ ഡെങ്കി പരിശോധനകൾ നടത്തുപോലെ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുക എന്നിവയിലൂടെ വായിലെ കാൻസർ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.