അമ്മേരിക്കയിൽ നടക്കുന്ന ഡെമോക്രാറ്റിക് പ്രൈമറി തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച സ്ഥാനാർത്ഥികളെ വിചിന്തനം ചെയ്യുന്നത് നന്നായിരിക്കും. പ്രസിഡണ്ട് ജോൺ എഫ് കെന്നടിയുടെ ആദർശങ്ങളോ 80 കളിലും 90 കളിലും പാർട്ടി ഉയർത്തിപ്പിടിച്ചിരുന്ന സിദ്ധാന്തങ്ങളോ മൂല്യങ്ങളോ ഇപ്പോൾ എങ്ങും കാണാനില്ല. ഇതെല്ലാം തകിടം മറിച്ചും തൂത്തെറിഞ്ഞും സോഷ്യലിസ്റ്റ് മാർക്സിസ്റ്റ് സ്ഥാനാർത്ഥികൾ ഇപ്പോൾ ഡെമോക്രാറ്റിക് പാർട്ടിയുടെ മറവിൽ അധികാര കസേരയിലേക്ക് കുതിക്ക്കുകയാണ്. മിഷിഗണിൽ സോഷ്യലിസത്തിൻ്റെയും മത തീവ്രവാദത്തിൻ്റെയും പര്യായമായ അബ്ദുൾ എൽ സെയ്ഡ് തുടങ്ങി മിനസോട്ടയിൽ ഇൽഹാൻ ഒമാർ ഇങ്ങനെ നീളുന്ന ഒരു വൻ നിര രാജ്യത്ത് പിടിമുറുക്കുന്നു. സാമാന്യ ബോധവും സ്വതന്ത്രമായി ചിന്തിക്കുന്നവർക്കും ഇത് എങ്ങനെ കണ്ടില്ലെന്ന് നടിക്കുവാൻ കഴിയും?
പസഫിക്ക് മുതൽ അറ്റ്ലാൻറ്റിക്ക് വരെയും വടക്ക് കാനഡ തുടങ്ങി തെക്ക് മെക്സിക്കോ വരെയും കമ്മ്യൂണിസത്തിൻ്റെയും, സോഷ്യലിസത്തിൻ്റെയും, മത തീവ്രവാദത്തിൻ്റെയും ചലനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സിയാറ്റിൽ പട്ടണത്തെ ഗുണ്ടകളുടെ വിളയാട്ട കേന്ദ്രമാക്കി ജനജീവിതം ദുസ്സഹമാക്കി മാറ്റിയ മേയർ കാറ്റി വിൽസൺ, കാലിഫോർണിയയെ അധർമികളുടെ അഭയകേന്ദ്രമാക്കി മാറ്റിയ ഗവർണർ ഗാവിൻ ന്യൂസ്ക്കം, ബെല്ലും ബ്രേക്കും ഇല്ലാത്ത ബേർണി സാൻണ്ടേർഗ്‌സ്,
വിഷം തുപ്പുന്ന ഏ ഓ സി, നീയോർക്കിൻ്റെ ജൂത വിരുദ്ധ മേയർ മംതാനി, അർത്ഥമില്ലാത്ത വാക്കുകൾ കൂട്ടി കുഴച്ച് പൊള്ളച്ചിരി മുഖമുദ്രയാക്കിയ കമലാ ഹാരിസ് , കോടീശ്വരൻ ഒബാമ, ഉറക്കം തൂങ്ങി ജോ ബൈഡൻ തുടങ്ങി നീളുന്ന നിര ഇവരുടെ കണ്ണിലുണ്ണികളും തല തൊട്ടപ്പന്മാരും അത്രേ. ഇവർ ആരും തന്നെ അപ്പം മേടിക്കുവാൻ ക്യൂ നിൽക്കുന്നവർ അല്ല. ഖജനാവ് പണം കൊണ്ട് വിഹരിക്കുന്ന
ഇവരിൽ പലരും ദശ കോടികളുടെ ആസ്തിയുള്ളവരും സമ്പത്തിൻ്റെ മട്ടുപ്പാവിൽ ശയിക്കുന്നവരും പ്രൈവറ്റ് ജെറ്റിൽ അകമ്പടിയോടുകൂടി യാത്ര ചെയ്യുന്നവരും ആണ്. ഈ യാഥാർത്ഥ്യം നാം എന്തേ മറന്നു പോയി?
ഇന്ന് കേൾക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ ഒട്ടുമിക്ക സ്ഥാനാർത്ഥികളും പണ്ടുള്ള ഡെമോക്രാറ്റിക് പാർട്ടിയുമായി യാതൊരു കൂറുള്ളവരോ അന്നുള്ള ആദർശങ്ങളോ സിദ്ധാന്തങ്ങളോ പിന്തുടരുന്നവരുമല്ല. ഇവർ തികച്ചും അമ്മേരിക്ക വിരുദ്ധ സ്ഥാനാർത്ഥികളും, ദൈവ നിഷേധികളും ആണ്. ഇക്കൂട്ടർ ആണും പെണ്ണും കൂടാതെ വേറെ ജെൻഡറുകളും ഉണ്ട് എന്ന് പഠിപ്പിക്കുന്നു. ടെക്സസിൽ സെനറ്റ് മത്സരത്തിനായി അര കെട്ടിയിറങ്ങിയിരിക്കുന്ന ജെയിംസ്സ് റ്റലാറിക്കോ ദൈവത്തിന് പുരുഷ നാമം പാടില്ല ദൈവം വേറെ ഏതോ ഒരു ഗ്രൂപ്പിൽ പെട്ടതാണെന്നും ഏഴിലധികം ജെൻഡറുകൾ ഉണ്ട് എന്നും അന്തരീക്ഷ മലിനീകരണം തടയുവാൻ ഇറച്ചി കഴിക്കരുതെന്നും പ്രചരിപ്പിക്കുകയാണ്. ഈ വിഡ്ഢിത്തരത്തിന് ഓശാന പാടുവാൻ കുറേ കോമരങ്ങളും ഉണ്ട് എന്ന് കേൾക്കുമ്പോൾ മുക്കത്ത് വിരൽ വച്ചു പോകും.
അമ്മേരിക്കയുടെ അഭിമാനമായ താങ്ക്സ് ഗിവിംഗ് വേണ്ട, മെമ്മോറിയൽ ദിനവും സ്വാതന്ത്ര്യ ദിനവും ആഘോഷിക്കേണ്ട എന്നും പറയുന്നവർ അധികാര കസേരയിൽ കയറി കൂടിയാൽ നാളെ സംഭവിക്കുവാൻ പോകുന്ന ദുരന്തം ഓർത്ത് അന്ന് വിലപിച്ചിട്ട് എന്ത് കാര്യം? ഇന്ന് നാം പ്രതികരണശേഷി നഷ്ടപ്പെട്ടവരായി മാറുന്നുവെങ്കിൽ.
തത്വചിന്തകനും കമ്യൂണിസത്തിൻ്റെ ഉപജ്ഞാതാവുമായ കാറൽ മാക്സ് ഒരിക്കൽ പറഞ്ഞു മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. ഇന്ന് കമ്മ്യൂണിസത്തിൻ്റെയും സോഷ്യലിസത്തിൻ്റെയും വിഷപ്പുക ശ്വസിച്ച് അമ്മേരിക്കയുടെ മണ്ണിൽ ഒരു തലമുറ മയങ്ങി കിടക്കുകയാണ്. ആമസോൺ ഡെലിവറിയും ഊബർ ഈറ്റ്സും മാത്രം അറിയാവുന്ന ഇവർ മനുഷ്യാവകാശ ലംഘനം നടത്തുന്ന രാജ്യങ്ങളിലോ, മത വ്യക്തി സ്വാതന്ത്ര്യം തൊട്ട് തേച്ചിട്ടില്ലാത്ത ചൈനാ, റഷ്യ, ആഫ്രിക്കൻ രാജ്യങ്ങളോ കണ്ടിട്ടില്ല. ഗുണ്ടായിസവും, മയക്കുമരുന്നും പട്ടിണിയും കൊണ്ട് നട്ടംതിരിയുന്ന മൂന്നാം കിട രാജ്യങ്ങളിൽ ഇവർ പാർത്തിട്ടില്ല, ആ തെരുവുകളിൽ നടന്നിട്ടില്ല. അമ്മേരിക്കയുടെ ഒരു വിളിപ്പാടകലെയുള്ള കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബ ബലൂൺ പൊട്ടുന്നത്പോലെ പൊട്ടിക്കൊണ്ടിരിക്കുന്നു. ജനകോടികൾ ഒരു നേരത്തെ ആഹാരത്തിനും മരുന്നിനും വേണ്ടി വലയുന്നു. വൈദ്യുതിയില്ല വൈദ്യനില്ല. ഇങ്ങനെ എത്രയെത്ര രാജ്യങ്ങളിൽ ജനങ്ങൾ നെടുവീർപ്പിട്ട് നട്ടം തിരിയുന്നു. കമ്മ്യൂണിസവും സോഷ്യലിസവും നാവിൽ നിന്ന് തേൻ തുള്ളി പോലെ പ്രസംഗിക്കുന്ന കപട നേതാക്കന്മാരുടെ മക്കളും കുടുംബങ്ങളും അവധിക്കാലം ചിലവഴിക്കുകയും മക്കളെ പഠിപ്പിക്കുവാൻ അയക്കുന്നതതും അമ്മേരിക്കയുടെ മണ്ണിൽ. ഇവർ ഇവിടെ ചികിത്സയ്ക്കായി ഏറ്റവും മുന്തിയ ഹോസ്പിറ്റലുകളിൽ പറന്നെത്തുകയും ചെയ്യുന്നു. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഞാനൊന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് കുഴലൂതുന്ന ശിരോമണികൾ നാടിന് അപഹാസ്യമാണ്.
ഈ സ്വതന്ത്ര രാജ്യമായ അമ്മേരിക്കയിൽ പണിയെടുക്കാതെയും ഒരു ചില്ലി കാശ് പോലും നികുതി കൊടുക്കാതെയും ഗവൺമെൻറ് ആനുകൂല്യങ്ങൾ കൈ ഇട്ട് വാരി പള്ള നിറയ്ക്കുന്നവർ ഒത്തിരി പേരുണ്ട്. ജോലി ചെയ്തും വ്യവസായങ്ങൾ തുടങ്ങിയും ജീവിതത്തിൻ്റെ പടികൾ ചവിട്ടി കയറിയവരെ ചവിട്ടി താഴ്ത്തി വളരെ പുച്ഛത്തോടെ ഇവർ അവരെ വീക്ഷിക്കുന്നു . ക്യാപ്പിറ്റലിസത്തെ വിഷം എന്ന് പറഞ്ഞ് അനുയായികളെ മണ്ടന്മാരാക്കി തലപ്പത്തിരിക്കുന്ന വ്യാജ നേതാക്കന്മാർ കുബേരത്വത്തിൻ്റെ രഥയാത്ര നടത്തുകയാണ്. ഇത് ഈ സമൂഹം തിരിച്ചറിഞ്ഞുവെങ്കിൽ കൊള്ളായിരുന്നു.
എന്താണ് ഇപ്പോൾ അമേരിക്കയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്? മിന്നിത്തിളങ്ങുന്നതെല്ലാം പൊന്നെന്നു കൊട്ടി ഘോക്ഷിച്ചുകൊണ്ട് കൊടി പിടിക്കുന്ന ഒരു തലമുറ നിരത്തിലിറങ്ങിയിരിക്കുന്നു. കൊച്ചു കലാലയങ്ങളിൽ തുടങ്ങി വിദ്യാഭ്യാസ മേഖലയുടെ ഉയർന്ന തലങ്ങളിൽവരെ കമ്മ്യൂണിസം എന്ന മയക്കു മരുന്ന് പലരുടെയും ചിന്തകളെ കീഴ്പ്പെടുത്തി കഴിഞ്ഞു. കലാലയങ്ങളിൽ വിദ്യാധനം കുത്തി നിറയ്ക്കുന്നതിന് പകരമായി വർഗീയതയും കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് നിരൂപണങ്ങളും കൊച്ചുമനസ്സുകളിൽ കുത്തി നിറയ്ക്കുന്നു. ദൈവമില്ലെന്നും, നിയമപാലകർ വേണ്ട, അതിർത്തികൾ വേണ്ട, ആണും പെണ്ണും അല്ല വേറെയും ജെൻഡർ ഉണ്ട്, ഗർഭചിദ്രം മൗലിക അവകാശം, മാതൃ രാജ്യത്തെ അവഹേളിക്കുക, സ്വവർഗ്ഗരതി കുഴപ്പമില്ല എന്നിവർ കേളി കൊട്ടുന്നു. ഈ ചതിക്കുഴിയിൽ വീണ് പലരും ഉടയുകയാണ്. സ്വരാജ്യ സ്നേഹം തൊട്ടു തേച്ചിട്ടില്ലാത്ത സാമൂഹിക വിരോധികളും ദൈവനിഷേധികളും ഈ സമ്പൽ സമൃദ്ധവും സ്വാതന്ത്ര്യത്തിൻ്റെ ഈറ്റില്ലവും ലോകത്തിൻ്റെ പ്രശംസയും ആയ ഈ മഹൽ രാജ്യത്തെ കുട്ടിച്ചോറാക്കുവാൻ ആവോളം കിണഞ്ഞ് ശ്രമിക്കുകയാണ്. . ഇതിൽ വീണു പോകരുത്. സാത്താൻ്റെ തന്ത്രങ്ങളെ കുറിച്ച് നാം അറിവില്ലാതിരിക്കരുത് (2 കൊരി 2: 11)
ഇന്ന് അമ്മേരിക്കയെ പിടിച്ചു കുലുക്കുന്ന പ്രകൃതി ദുരന്തത്തെക്കാളും, കാട്ടു തീയെക്കാളും ഭയാനകമാണ് ഈ സുനാമി. രാജ്യത്തിൻ്റെ സമ്പത്തും സ്വാതന്ത്ര്യവും ചൂഷണം ചെയ്ത് അൽ കൈഡാ, ഹമാസ്, ഹുത്തീസ് തുടങ്ങിയുള്ള ഇസ്ലാമിക് തീവ്രവാദ സംഘടനകളെ അനുമോദിക്കുകയും അവരുടെ കൊടികൾ ഈ രാജ്യത്ത് പാറിക്കുകയും ചെയ്യുന്നവർ സ്വതന്ത്ര രാജ്യത്തിന് എന്നും ഒരു ഭീഷണിയാണ്. സാത്താൻ താനും വെളിച്ച ദൂതൻ്റെ വേഷം ധരിച്ചുകൊണ്ട് പനാമർ പോലുള്ള മാരകമായ വിഷം പഞ്ചസാരയിൽ പൊതിഞ്ഞ് വെച്ചു നീട്ടുന്നത് നാം തിരിച്ചറിയണം. ജനം ദൈവത്തിങ്കലേക്ക് തിരിയട്ടെ നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ വഴിയിതാകുന്നു എന്നുള്ള ശബ്ദം കാതുകളിൽ കേൾക്കട്ടെ (യെശയ്യാവ് 30: 21)

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

