PRAVASI

അമ്മയോടൊപ്പം അമ്മമാർക്ക് വേണ്ടി ബേബി മണക്കുന്നേൽ

Blog Image

ബേബി മണക്കുന്നേലിന്റെ  ആഭിമുഖ്യത്തിൽ നടത്തുന്ന പതിനാലാമത് "അമ്മയോടൊപ്പം" പദ്ധതിക്ക് തുടക്കമിടുകയായി. ജനുവരി 5 തിങ്കളാഴ്ച പിറവത്ത് വെച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.  അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫോമയുടെ പ്രസിഡണ്ടായ ബേബി മണക്കുന്നേൽ ഫോമയുടെ കേരള കൺവെൻഷനോട് അനുബന്ധിച്ചുള്ള പരിപാടിയായാണ് ഇത്തവണ "അമ്മയോടൊപ്പം" പദ്ധതി  തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പോരാളിയാര് എന്ന് ചോദിച്ചാൽ നിസംശയം നമ്മൾ പറയും." അമ്മ തന്നെ". ആ അമ്മമാരെ സംരക്ഷിക്കുന്നത് ലോകത്തിലെ ഏറ്റവും മഹത്തായ കർമ്മവുമാണ്. അങ്ങനെ നിർധനരായ ഒട്ടനേകം അമ്മമാർക്ക് സ്നേഹം തുളുമ്പുന്ന സഹായഹസ്തവുമായി സംരക്ഷണ വലയം തീർക്കുകയാണ് ബേബി മണക്കുന്നേൽ. കഴിഞ്ഞ 13 വർഷമായി വിധവകളായ പാവപ്പെട്ട അമ്മമാർക്ക് വേണ്ടി ബേബി മണക്കുന്നേൽ നടത്തുന്ന പദ്ധതിയാണ് അമ്മയോടൊപ്പം.

70 വയസ്സിന് മുകളിലുള്ള വിധവകളായ അമ്മമാർക്കായി പ്രത്യേക സഹായ പദ്ധതികൾ നടപ്പിലാക്കുക എന്നത് ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ ഓരോ വർഷത്തെയും സ്വപ്ന പദ്ധതിയാണ്. ആ സ്വപ്നത്തിന്റെ ഈ വർഷത്തെ സാക്ഷാത്കാരമായി ജനുവരി 5 ന് പിറവത്തെത്തുന്ന വിധവകളായ അമ്മമാരുടെ അരികിലേക്ക്  സഹായഹസ്തങ്ങളുമായി അദ്ദേഹത്തോടൊപ്പം ഫോമയും  ചെന്നെത്തുന്നു. പാവപ്പെട്ട അമ്മമാർക്ക് ഉപഹാരങ്ങളും സാമ്പത്തിക സഹായവും മുടങ്ങാതെ നൽകിവരുന്ന ഈ ജീവകാരുണ്യ പരിപാടിയിൽ ഇത്തവണ 750 ഓളം വിധവകൾ ആയ അമ്മമാരെയാണ് ക്ഷണിച്ചിരിക്കുന്നത്. അവർക്ക് ഒരായിരം സ്നേഹ സമർപ്പണത്തോടെ ഫോമയുടെ ആഭിമുഖ്യത്തിൽ ധനസഹായവും, വസ്ത്രവും, ധാന്യ കിറ്റും, മെഡിക്കൽ കിറ്റും നൽകും.

പ്രവാസി മലയാളികളും കേരള സമൂഹവും തമ്മിലുള്ള സാമൂഹിക സാംസ്കാരിക ബന്ധത്തിന്റെ സ്നേഹ സാക്ഷ്യമാണല്ലോ ഓരോ കൺവെൻഷനും. ഈ വർഷത്തെ ഫോമയുടെ  കേരള കൺവെൻഷനും അത്യധികം സവിശേഷതയോടെ അണിയറയിൽ തയ്യാറെടുത്തു കൊണ്ടിരിക്കുമ്പോൾ കൺവെൻഷന്റെ ഭാഗമായി അമ്മയോടൊപ്പം പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതിൽ അത്യധികം സന്തോഷിക്കുന്നുണ്ടെന്ന് ബേബി മണക്കുന്നേൽ പറഞ്ഞു. 2026 ജനുവരി 9,10,11 തീയതികളിൽ കോട്ടയം വിൻസർ  കാസിലിൽ വച്ചാണ് കേരള കൺവെൻഷൻ നടത്തുന്നത്.

കഴിഞ്ഞ 13 വർഷത്തോളം ഒരു മുടക്കവും തട്ടാതെ അമ്മയോടൊപ്പം പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞത് ബേബി മണക്കുന്നേൽ എന്ന മഹത് വ്യക്തിയുടെ നിസ്വാർത്ഥ സേവനത്തിന്റെ അടയാളമാണ്. കോവിഡ് പ്രതിസന്ധികൾ തുടർന്നപ്പോൾ പോലും പ്രായമായ,നിർധനരും, നിസ്സഹായരും, രോഗികളുമായ അമ്മമാരെ സമ്മാനങ്ങൾ നൽകിയ ആദരിക്കാൻ അദ്ദേഹം മറന്നില്ല.  അതുകൊണ്ടുതന്നെ കോവിഡ് മഹാമാരിയെ ഭയന്ന് പിന്തിരിയാതെ, 500 ഓളം അമ്മമാർക്ക് സമ്മാനങ്ങൾ വീടുകളിൽ എത്തിച്ചു നൽകി അദ്ദേഹം. അന്ന് അരിയും, നാഗാർജുനയുടെ ആയുർവേദ മെഡിക്കൽ കിറ്റും, പുതുവസ്ത്രങ്ങളും, മാസ്കും, സാമ്പത്തിക സഹായവും ആണ് നൽകിയത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.