PRAVASI

കളഞ്ഞു കിട്ടിയ മുതലിന്റെ ഉടമയെ കണ്ടെത്താൻ കടം വാങ്ങി വഴിപാട് നടത്തി കാത്തിരുന്ന ഒരമ്മ ; പോലീസ് സ്റ്റേഷനിൽ പോകാൻ ഓട്ടോക്കൂലിക്ക് പോലും കയ്യിൽ പണമില്ലായിരുന്നു

Blog Image

പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിൽ വെച്ച് ജോർജ് ഈശോ എന്ന വയോധികൻ വിറയ്ക്കുന്ന കൈകളോടെ ആ സ്വർണ്ണ ബ്രേസ്ലേറ്റ് വാങ്ങിയിട്ട് ഇങ്ങനെ പറഞ്ഞു. “ഇത്രയും വില കൂടി നിക്കുന്ന സമയത്ത് ഇത് തിരിച്ച് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല. നിങ്ങൾ ആയതുകൊണ്ട് മാത്രമാണ് ഇത് തിരിച്ച് കിട്ടിയത്”
കോഴഞ്ചേരി സ്വദേശിയായ ശ്രീലത എന്ന ഈ അമ്മയുടെ കഥ കേട്ടാൽ നമ്മൾ അറിയാതെ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്തുപോകും. ബി.എഡ് കോളേജിലെ താത്കാലിക ജീവനക്കാരിയാണ് ശ്രീലത. ജീവിതം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു സാധാരണക്കാരി. കോഴഞ്ചേരി ജംഗ്ഷനിൽ വെച്ചാണ് ഇവർക്ക് നാലേമുക്കാൽ പവൻ (ഏകദേശം 6 ലക്ഷത്തോളം രൂപ വിലവരുന്ന) സ്വർണ്ണ ബ്രേസ്ലെറ്റ് കിട്ടുന്നത്. 


ആ നിമിഷം അവർക്ക് വേണമെങ്കിൽ അത് സ്വന്തമാക്കാമായിരുന്നു. ആരും കാണാനില്ല. സ്വന്തം കഷ്ടപ്പാടുകൾക്ക് അതൊരു പരിഹാരമാകുമായിരുന്നു. പക്ഷെ ശ്രീലത ചെയ്തത് മറ്റൊന്നാണ്. പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണം എന്നുണ്ട്, പക്ഷെ സ്റ്റേഷനിലേക്ക് പോകാനുള്ള ഓട്ടോക്കൂലി പോലും കയ്യിലില്ല. ഒടുവിൽ കോഴഞ്ചേരിയിലെ ശ്രീലക്ഷ്മി ജ്വല്ലറി ഉടമയായ അനിൽ കുമാറിനെ സമീപിച്ച് വിവരം പറഞ്ഞു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് ആറന്മുള സ്റ്റേഷനിൽ ആ സ്വർണ്ണം ഏൽപ്പിക്കുന്നത്.
അങ്ങനെ സ്വർണ്ണത്തിന്റെ ഉടമസ്ഥനായ ജോർജ് ഈശോയെ കണ്ടെത്തി. 
"ഇന്നലെ വൈകുന്നേരം അമ്പലത്തിൽ പോയി ഭഗവാനോട് പ്രാർത്ഥിച്ചിരുന്നു, ഇതിന്റെ ഉടമസ്ഥന് തന്നെ ഇത് തിരികെ കിട്ടണമേ എന്ന്. അമ്പലത്തിൽ കാണിക്കയിടാൻ വെച്ചിരുന്ന പൈസ എടുത്താണ് ഞാൻ വണ്ടിക്കൂലി കൊടുത്ത് ഇവിടെ വന്നത്. എനിക്കിത് വേണ്ട.. എന്റെ മക്കൾക്ക് നന്മ വരാൻ വേണ്ടിയാണ് ഞാൻ ഇത് ചെയ്തത്."
ശ്രീലതയുടെ ഈ വാക്കുകൾ കേട്ട് ജോർജ് ഈശോ മാത്രമല്ല, കണ്ടുനിന്ന പോലീസുകാർ വരെ അത്ഭുതപ്പെട്ടു പോയി. ഇതിന് പകരമായി താൻ ഒരു സമ്മാനം തരുന്നുണ്ടെന്ന് ജോർജ് ഈശോ ഉറപ്പ് നൽകി. അതുകൂടാതെ മകൾ ടി.ടി.സിക്ക് പഠിക്കുകയാണല്ലേ, പഠനകാര്യങ്ങളിൽ എന്തെങ്കിലും സഹായം വേണമെങ്കിലും ചെയ്തു കൊടുക്കാമെന്നും ജോർജ് ഈശോ ഉറപ്പ് നൽകി.
കഷ്ടപ്പാടുകൾക്കിടയിലും സത്യസന്ധത കൈവിടാത്ത ശ്രീലത എന്ന ഈ അമ്മ, നമ്മളോട് വിളിച്ചു പറയുന്നത് വലിയൊരു പാഠമാണ്. പണമല്ല, മനസ്സിലെ നന്മയാണ് ഏറ്റവും വലിയ സമ്പത്ത്.
നൂറ് വട്ടം സല്യൂട്ട് ഈ അമ്മയ്ക്ക്!
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.