VAZHITHARAKAL

ജെയിംസ് കുര്യൻ മാച്ചാത്തിൽ : ഒരു സംരഭകൻ്റെ വിസ്മയ വിജയ കഥ

Blog Image

"വിജയമെന്നത് ചെറിയ പരിശ്രമങ്ങളുടെ ആകെത്തുകയാണ്"


കഠിനാദ്ധ്വാനം , ജോലിയോടുള്ള അര്‍പ്പണബോധം, ജയിച്ചാലും തോറ്റാലും മികച്ചത് നമ്മള്‍ നല്‍കി എന്ന ദൃഢനിശ്ചയമാണ് വിജയത്തിന്‍റെ വില എന്നതുകൊണ്ട് പ്രാഥമികമായി അര്‍ത്ഥമാക്കുന്നത്. ഒരു സംരംഭം വിജയിക്കുകയല്ല, വിജയിപ്പിക്കുക എന്നതാണ് പ്രധാനം. വിജയസാധ്യത, സത്യസന്ധത, സ്വഭാവം, നിര്‍മ്മലത, വിശ്വാസം, സ്നേഹം, വിശ്വസ്തത എന്നിവയാണ് വിജയത്തിന്‍റെ അടിസ്ഥാന ശിലകള്‍ എന്ന് വിശ്വസിച്ചും തന്‍റെ പ്രവര്‍ത്തനത്തില്‍ പകര്‍ത്തിയും ജീവിക്കുകയും നമുക്ക് മാതൃകയുമായ ഒരു സംരംഭകനെ, ഒരു ജീവിതവഴികാട്ടിയെ ഈ വഴിത്താരയില്‍ നമുക്ക് പരിചയപ്പെടാം. ജെയിംസ് കുര്യന്‍ മാച്ചാത്തില്‍ (ജെയ്മി)


കൈപ്പുഴയില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക്
വിജയം അളക്കേണ്ടത് ഒരാള്‍ ജീവിതത്തില്‍ എത്തപ്പെട്ട സ്ഥാനങ്ങള്‍ കൊണ്ടല്ല മറിച്ച് അവിടെ വരെയെത്താന്‍ അവന്‍ മറികടന്ന പ്രതിബന്ധങ്ങളെക്കൂടി മനസ്സിലാക്കുമ്പോഴാണ്. കോട്ടയം കൈപ്പുഴയില്‍ നിന്നും കാലിഫോര്‍ണിയയിലെത്തി ബിസിനസിന്‍റേയും, പുതിയ ബിസിനസ് സംരംഭങ്ങളുടേയും വിജയഗാഥ രചിച്ച വ്യക്തിയാണ് ജെയിംസ് കുര്യന്‍ മാച്ചാത്തില്‍. അതിന് അദ്ദേഹത്തെ പ്രാപ്തമാക്കിയത് തന്‍റെ ജീവിതത്തോടുള്ള വീക്ഷണവും പ്രവര്‍ത്തന തല്പരതയുമാണ്. കോട്ടയം കൈപ്പുഴ മാച്ചാത്തില്‍ കുര്യന്‍ സാറിന്‍റേയും, ത്രേസ്യാമ്മ ടീച്ചറിന്‍റെയും മൂത്തമകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം കൈപ്പുഴയില്‍. തുടര്‍ന്ന് തുമ്പ സെന്‍റ് സേവിയേഴ്സ് കോളജില്‍ പ്രീഡിഗ്രി പഠനം. അദ്ധ്യാപകനായിരുന്ന പിതാവിന്‍റെ ദീര്‍ഘവീക്ഷണം കൊണ്ട് പ്രീഡിഗ്രി പഠനത്തിന് ശേഷം ഒരു ജോലി സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ ഡിഗ്രി പഠനത്തിന് പോകാതെ വളരെ വ്യത്യസ്തമായ ഒരു കോഴ്സിന് ചേര്‍ന്നു. 'ടൂള്‍ ആന്‍റ് ഡൈമേക്കിംഗ് കോഴ്സ്'. കണ്ണൂര്‍, തലശ്ശേരിയിലുള്ള നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിംഗ്  ഫൗണ്ടേഷന്‍റെ നാല് വര്‍ഷ ഡിപ്ലോമ കോഴ്സ്. തിരിഞ്ഞു നോക്കുമ്പോള്‍ തന്‍റെ ജീവിതത്തിന്  ചിട്ടയും ലക്ഷ്യബോധവും രൂപപ്പെടുത്തുവാന്‍ സഹായിച്ചത് ആ നാലുവര്‍ഷമായിരുന്നുവെന്ന് ജെയിംസ് അനുസ്മരിക്കുന്നു. ട്രെയിനിംഗ് സമയത്ത് തന്‍റെ വഴികാട്ടികള്‍ ആയിരുന്ന ബെനഡിക്ട് മാഷ്, ഗിരീഷ് മാഷ്, രാമചന്ദ്രന്‍ മാഷ്, പോള്‍മാഷ് എന്നിവരെ ജെയിംസ് നന്ദിപൂര്‍വ്വം ഓര്‍മ്മിക്കുന്നു. തന്‍റെ ജീവിതത്തിന് അടിത്തറ പാകിയ മാതാപിതാക്കളെയും ആന്‍റിയമ്മയെയും മറക്കാനാവില്ലെന്നു ജെയിംസ് സാക്ഷ്യപ്പെടുത്തുന്നു.
1981 മുതല്‍ 1986 വരെ ബാംഗ്ലൂരില്‍ ജോലി. ഈ സമയത്താണ് അമേരിക്കയില്‍ നിന്നുമെത്തിയ  ജെസ്സിയെ വിവാഹം കഴിക്കുന്നത്. അങ്ങനെ 1987-ല്‍ കാലിഫോര്‍ണിയായില്‍ എത്തിയതോടെ താന്‍ സ്വായത്തമാക്കിയ അറിവുകള്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതകള്‍ ഉള്ള ഒരു ലോകത്തേക്കാണ് എത്തിയതെന്ന് ജെയിംസ് തിരിച്ചറിഞ്ഞു. ജീവിതത്തിന്‍റെ ഉയര്‍ച്ചയിലേക്കുള്ള ഒരു വഴി സ്വയം കണ്ടെത്തിയതിന്‍റെ ചാരിതാര്‍ത്ഥ്യമായിരുന്നു തന്‍റെ അമേരിക്കന്‍ പ്രവേശമെന്ന് തിരിച്ചറിഞ്ഞ അസുലഭ നിമിഷം.


സ്നേഹത്തിന്‍റെയും, വിജയത്തിന്‍റെയും എ വണ്‍ ജെയ്സ് മെഷിനിംഗ് കമ്പനി
അവസരങ്ങള്‍ വരുന്നതുവരെ കാത്തുനില്‍ക്കാതെ അതിനായി പരിശ്രമിക്കുക എന്നതാണ് ഏതൊരു സംരംഭത്തിന്‍റെയും തുടക്കം. ജെയിംസ് കുര്യന്‍റെയും അമേരിക്കന്‍ ജീവിതം മറിച്ചായിരുന്നില്ല. ഒട്ടും പരിചിതമല്ലാത്ത നാട്ടില്‍ തന്നെ തുണച്ചത് താന്‍ പഠിച്ച കോഴ്സിന്‍റെ സാധ്യതകള്‍ തന്നെയായിരുന്നു. ലോകം തന്നെ ടെക്നിക്കല്‍ യുഗത്തിന്‍റെ ആദ്യപകുതിയിലേക്ക് കടക്കുന്ന കാലത്ത് അതിനൊപ്പം നീങ്ങാനൊരു സുവര്‍ണ്ണാവസരം. ഇന്ത്യയിലെ  സാധാരണ മെഷിനിംഗ് സിസ്റ്റത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു അമേരിക്കയില്‍ ഉണ്ടായിരുന്നത്. അവ പരിചിതമാകുവാന്‍ ആറ് മാസത്തെ സി എന്‍ സി മെഷിനിങ് ആന്‍ഡ് പ്രോഗ്രാമിങ് കോഴ്സ് പൂര്‍ത്തിയാക്കി ഒരു കമ്പനിയില്‍ മെഷിനിസ്റ്റ് ആയി ജോലിക്ക് കയറി. അങ്ങനെയിരിക്കെ കമ്പനി പൂട്ടലിന്‍റെ വക്കിലെത്തി. പുതിയ ജോലി നോക്കുകയോ പൂട്ടാന്‍ പോകുന്ന കമ്പനി ഏറ്റെടുത്ത് നടത്തുകയോ എന്ന കമ്പനിയുടമയുടെ ചോദ്യത്തിന് മുന്നില്‍ ജെയിംസ്  പതറിയില്ല. ജീവിതത്തിന്‍റെ പുതിയ വഴിത്തിരിവാണിതെന്ന് മനസിലുറച്ച് ആ കമ്പനി ഏറ്റെടുത്തു. അവിടെയാണ് എ വണ്‍ ജെയ്സ് മെഷിനിംഗ് കമ്പനിയുടെ പിറവി. അമേരിക്കയിലെ തന്‍റെ ആദ്യത്തെ തൊഴില്‍ സംരംഭത്തിന്‍റെ തുടക്കമായിരുന്നു അത്. ഈശ്വരന്‍ തന്‍റെ ഹൃദയത്തിലേക്ക് നീട്ടിയ ഒരവസരമായിരുന്നു അതെന്ന് ഊണിലും, ഉറക്കത്തിലും അദ്ദേഹം വിശ്വസിക്കുന്നു. 1991-ല്‍ ആ കമ്പനി ഏറ്റെടുക്കുമ്പോള്‍ സാമ്പത്തികമായി ഒരു മുതല്‍മുടക്കും ഉണ്ടായിരുന്നില്ല. ഒരു വര്‍ഷത്തേക്ക് കമ്പനി വാടകയ്ക്ക് ഏറ്റെടുത്ത് നടത്താനുള്ള എഗ്രിമെന്‍റിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. കഠിനാധ്വാനവും, സാധ്യതകളും സമര്‍ത്ഥമായി ഉപയോഗിച്ച നാളുകള്‍. നല്ല കസ്റ്റമേഴ്സിനെ ലഭിച്ചത് ഗുണകരമായി. ഒരുവര്‍ഷത്തിനിടയില്‍ മൂന്നുപേരെ കൂടി ജോലിക്ക് എടുക്കുകയും മൂവായിരം സ്ക്വയര്‍ ഫീറ്റുള്ള പുതിയ സ്ഥലത്തേക്ക് കമ്പനിയുടെ പ്രവര്‍ത്തനം  മാറ്റുകയും ചെയ്തു.    ആദ്യം ഒപ്പം കൂടിയ ജോലിക്കാരും ഇപ്പോഴും തന്നോടൊപ്പം ജോലി ചെയ്യുന്നുവെന്ന് ജെയിംസ് പറയുമ്പോള്‍ ജോലിക്കാരുമായുള്ള ആത്മബന്ധത്തിന്‍റെ മറ്റൊരു തലം കൂടി അദ്ദേഹം നമുക്ക് മുന്നില്‍ തുറന്നിടുന്നു.
തുടര്‍ന്ന് വിജയ ഗാഥകള്‍ മാത്രം സമ്മാനിക്കുന്ന കമ്പനിയായി വിവിധയിടങ്ങളില്‍ എ വണ്‍ ജെയ്സ് മെഷിനിംഗ് കമ്പനി വളര്‍ന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട ടൂളുകളുടെ നിര്‍മ്മാണമായിരുന്നു തുടക്കത്തിലെങ്കിലും ഇപ്പോള്‍ വിവിധ കമ്പനികള്‍ക്ക് ആവശ്യമായ എല്ലാ ടൂളുകളും, അലുമിനിയം നിര്‍മ്മിത പാര്‍ട്സുകളും, മെഡിക്കല്‍ രംഗത്ത് ആവശ്യമായ പല ഉല്‍പ്പന്നങ്ങളും വിതരണം  ചെയ്യുവാന്‍ എ വണ്‍ ജെയ്സ് കമ്പനിക്ക് സാധിക്കുന്നതിന് കാരണം  താന്‍ ഉറപ്പു നല്‍കുന്ന ഗുണമേന്മയും സമയവുമാണ്. സിലിക്കണ്‍ വാലിയിലെ തിരക്കുപിടിച്ച ബിസിനസ് സംരംഭങ്ങള്‍ക്ക് സമയബന്ധിതമായി അവര്‍ക്ക് ആവശ്യമുള്ളത് നല്‍കുവാന്‍ കമ്പനി സദാ പരിശ്രമിക്കുന്നു.


എ വണ്‍ ജെയ്സ് കമ്പനി എന്നാല്‍ ഗുണമേന്മയും സമയവും
ഗുണമേന്മയില്‍ കോംപ്രമൈസിന് പോകുമ്പോഴാണ് പല ഉല്പന്നങ്ങളും ഗുണമില്ലാത്തതും ആവശ്യക്കാരില്ലാത്തതുമാകുന്നത്. എന്നാല്‍ എ വണ്‍ ജെയ്സ് മെഷീന്‍സ് ഗുണമേന്മയിലും സമയത്തിനും വില കല്പിക്കുന്നതിനാല്‍ സിലിക്കണ്‍ വാലിയിലെ പല കമ്പനികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മെക്കാനിക്കല്‍ പ്രോഡക്ടുകളുടെ ഉറവിടമായി എ വണ്‍ ജെയ്സ് മാറിയതിന് പിന്നില്‍ ഗുണമേന്മയും സമയവും എന്ന രണ്ട് ഘടകങ്ങളാണ് എന്നുറപ്പിക്കാം. മെഡിക്കല്‍, ഓട്ടോമോബൈല്‍, സെമി കണ്ടക്ടേഴ്സ്, സോളാര്‍ തുടങ്ങിയ മേഖലയിലാണ് എ വണ്‍ ജെയ്സിന്‍റെ ഉല്‍പ്പന്നങ്ങളുടെ ആവശ്യക്കാരുള്ളത്.
ഇരുന്നൂറിലധികം ജോലിക്കാര്‍ ഒരേ മനസ്, എവണ്‍ വിജയം
ജെയിംസ് ഏകനായി തുടങ്ങിയ കമ്പനിയിലേക്ക് ആദ്യം ഒപ്പം കൂടിയ ജോലിക്കാരന്‍ മുതല്‍ ഏതാണ്ട് ഇരുന്നൂറില്‍പരം ജോലിക്കാര്‍ പണിയെടുക്കുന്നു. എ വണ്‍ ജെയ്സ് മെഷീന്‍സ് എന്ന വലിയ സ്ഥാപനത്തിന്‍റെ വളര്‍ച്ചയുടെ കാരണം ഒന്നിച്ചു നിന്ന് ജോലി ചെയ്യാനുള്ള മനസ്സും, കമ്പനിയുടെ വിജയം തങ്ങളുടേയും വിജയമാണെന്ന് തിരിച്ചറിയുവാനുള്ള കാഴ്ച്ചപ്പാടുമാണ് എന്നതില്‍ സംശയമില്ല. അമേരിക്കയില്‍ സി.എന്‍.സി പ്രോഗ്രാമേഴ്സിനെ കിട്ടാനുള്ള ബുദ്ധിമുട്ടുമൂലം 2006-ല്‍ കോയമ്പത്തൂരില്‍ ഒരു സഹോദര സ്ഥാപനം എ വണ്‍ ജെയ്സ് ആരംഭിച്ചു.കൃത്യ സമയത്ത് അവിടെ നിന്നും പ്രോഗ്രാംസ് ലഭിക്കുന്നതിനാല്‍ കസ്റ്റമേഴ്സിന് സമയബന്ധിതമായി ജോലി ചെയ്ത് കൊടുക്കുവാന്‍ സാധിക്കുന്നു. ജെയിംസിന്‍റെ അധ്യാപകനായിരുന്ന രാമചന്ദ്രന്‍ മാഷ് ആണ് പത്തുപേരുള്ള ആ സ്ഥാപനത്തിന് നേതൃത്വം കൊടുക്കുന്നത് എന്നുള്ളത് ഒരു അനുഗ്രഹമായി ജെയിംസ് കരുതുന്നു.


എല്ലാ രാജ്യക്കാരും എ വണ്‍ ജെയ്സില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും നാല്‍പ്പതോളം മലയാളികള്‍ കമ്പനിയിലുണ്ട്. പല കാലങ്ങളില്‍ ജോലി അന്വേഷിച്ചു വന്നവരും, ഭാഷയുടെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നവരുമായവര്‍. ഇവരെയെല്ലാം തന്‍റെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി ഒരു പുതിയ മോഡ്യൂളിലാക്കി അവരുടെ ജീവിതത്തെയും എവണ്‍ ആക്കിയെടുക്കുവാനും ജെയിംസ് മറന്നില്ല. ജോലി ആവശ്യപ്പെട്ട് തന്‍റെ മുന്നിലേക്ക് വന്ന പലരേയും ജോലി നല്‍കി ഒപ്പം കൂട്ടിയ നിരവധി കഥകള്‍ അദ്ദേഹത്തിന് പറയാനുണ്ട്. മുപ്പത്തിയൊന്നു  വര്‍ഷമായി അവരെല്ലാം ഒരു കുടുംബം പോലെ ഒപ്പം നില്‍ക്കുന്നു. അതാണ് എ വണ്‍ ജെയ്സ് കമ്പനി.


നാല് കമ്പനികള്‍ നാല് കഥകള്‍
ഈശ്വരാനുഗ്രഹമാണ് ജീവിതവിജയത്തിന്‍റെ കാതല്‍ എന്ന് വിശ്വസിക്കുന്ന ജെയിംസിന് തന്‍റെ ബിസിനസുകളില്‍ ലഭിച്ച അവസരങ്ങള്‍ എല്ലാം തന്നെ ജീവിത ഉയിര്‍പ്പുകള്‍ കൂടിയായിരുന്നു. ഇപ്പോള്‍ വിജയവഴിയില്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന നാല് കമ്പനികളും തന്‍റെ കയ്യില്‍ ലഭിക്കുമ്പോള്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു .ആദ്യം ജോലി ചെയ്ത സ്ഥാപനം ഏറ്റെടുത്തു നടത്തി നേടിയ വിജയത്തില്‍ നിന്ന് 2004-ല്‍ എ വണ്‍ ലേസര്‍ കമ്പനിയിലേക്ക് വരുമ്പോള്‍ കടം കയറിയ ഒരു കമ്പനിയെ തിരികെ പിടിക്കുക കൂടിയായിരുന്നു അദ്ദേഹം. 34 ജോലിക്കാരുള്ള  ഇന്നോടെക് എന്ന കമ്പനിയായി പിന്നീട് അത് മാറി.
കാലിഫോര്‍ണിയായില്‍ മുപ്പത് വര്‍ഷമായി നടന്നുവന്നിരുന്ന ഒരു കമ്പനി തകര്‍ച്ചയുടെ വക്കിലെത്തിയപ്പോള്‍ ഏറ്റെടുത്ത് എ വണ്‍ ജെയ്സ് ഷീറ്റ് മെറ്റല്‍ കമ്പനി 2014-ല്‍ തുടങ്ങുമ്പോഴും ശുഭാപ്തിവിശ്വാസം മാത്രമായിരുന്നു കൈ മുതല്‍. 12 ജോലിക്കാരുമായി കമ്പനി വിജയത്തിലോടുന്നു ഇപ്പോള്‍.
ഇരുപത്തിയഞ്ച് വര്‍ഷമായി നടത്തിക്കൊണ്ടിരുന്ന മറ്റൊരു കമ്പനി വാങ്ങി 2018-ല്‍ ഏഴ് ജോലിക്കാരുമായി ബൈ ഏരിയ  ഗ്രൈന്‍റിംഗ് കമ്പനിയാക്കി വളര്‍ത്തിയെടുത്തു.
തൊട്ടതെല്ലാം പൊന്നാക്കുക എന്ന് പറയുന്നത് ജെയിംസിന്‍റെ  കാര്യത്തില്‍ സത്യമാണല്ലോ എന്ന് അദ്ദേഹത്തോട് ചോദിച്ചാല്‍ അദ്ദേഹമത് തിരുത്തും. 'ദൈവാനുഗ്രഹം, വര്‍ക്ക് ഈസ് വര്‍ഷിപ്പ്'. ഒരേ മനസ്സോടെ കമ്പനിയെ വളര്‍ത്തിയ ഒരോ ജോലിക്കാരുടെയും അര്‍പ്പണ മനോഭാവവും, അദ്ധ്വാനവും കൊണ്ടാണ് ഇന്നത്തെ നിലയില്‍ എത്തിയതെന്ന് ജെയിംസ് പറയുന്നു.


എ വണ്‍ ജെയ്സ് കുടുംബം നല്‍കുന്ന ശക്തി.
എ വണ്‍ ജെയ്സ് എന്നത് ഒരു ചെറിയ പേരായി നമുക്ക് തോന്നുമെങ്കിലും വളരെ ചിന്തിച്ചുറച്ച്  ജെയിംസ് മാച്ചാത്തില്‍ തന്‍റെ കമ്പനിക്ക് നല്‍കിയ പേരാണത്. ഭാര്യ ജെസ്സി, മക്കളായ ജെന്‍സണ്‍, ജ്യോതിസ്, ജോസ്നി  പിന്നെ ജെയിംസും ഈ പേരുകളില്‍ നിന്ന് എ വണ്‍ ജെയ്സ് രൂപം കൊള്ളുമ്പോള്‍ കുടുംബത്തിന്‍റെ ഇമ്പം കമ്പനിയിലേക്കും കടന്നുവന്നു. ഭാര്യയും മക്കളും കമ്പനികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഒപ്പം നില്‍ക്കുന്നതാണ്  വലിയ വിജയം. പലപ്പോഴും അടുത്ത തലമുറ ഇത്തരം ബിസിനസില്‍ ഒപ്പം കൂടണമെന്നില്ല. ഇവിടെ ഈശ്വരാനുഗ്രഹം എന്നോണം  മക്കള്‍ തന്നോടൊപ്പം ഉണ്ട്. അത് ഞാനും എന്‍റെ കുടുംബവും ഇരുന്നൂറോളം ജോലിക്കാര്‍ക്ക്  നല്‍കുന്ന ഉറപ്പും കൂടിയാണ്. ആ ഉറപ്പിലാണ് എ വണ്‍ ജെയ്സ് മെഷീന്‍ കമ്പനിയുടെ നിലനില്‍പ്പ്.
ജെയിംസ് മാച്ചാത്തില്‍ എന്ന സമ്പൂര്‍ണ്ണ ഗൃഹനാഥന്‍
കൈപ്പുഴക്കാരുടെ പ്രിയപ്പെട്ട റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍  മാച്ചാത്തില്‍ കുര്യന്‍ സാറിന്‍റെയും ത്രേസ്യാമ്മ ടീച്ചറിന്‍റെയും മൂത്തമകന്‍ ഇപ്പോഴും ഗൃഹനാഥന്‍ തന്നെ. കുടുംബത്തിന് ഏറ്റവും പ്രിയപ്പെട്ടവന്‍ തന്നെ. ടോമി മാച്ചാത്തില്‍ & ബീമോള്‍ (മുകളേല്‍) എറണാകുളം, ബിബി & ജോയി തെക്കേല്‍ (ചിക്കാഗോ), ജിജി & സയോ കുളങ്ങര (ന്യൂയോര്‍ക്ക്) എന്നിവരാണ് സഹോദരങ്ങള്‍. മള്ളൂശേരി മറ്റത്തില്‍ ഏബ്രഹാമിന്‍റെയും, പരേതയായ അന്നമ്മയുടെയും മകള്‍ ജെസ്സിയാണ് ഭാര്യ. ജെന്‍സണ്‍ മാച്ചാത്തില്‍ (മെക്കാനിക്കല്‍ എഞ്ചിനീയര്‍) & സിമി (ചെറുകര) മാഡിസണ്‍, മെയ്സണ്‍ (കൊച്ചുമക്കള്‍), ജ്യോതിസ് മാച്ചാത്തില്‍ (അക്കൗണ്ടന്‍റ്) & നീത (പോളച്ചേരില്‍), ജോസ്നി (നേഴ്സ്) എന്നിവരാണ് മക്കള്‍.
സമ്പൂര്‍ണ്ണ ഗൃഹനാഥന്‍ എന്ന വാക്ക് ജെയിംസ് മാച്ചാത്തിലിന് സ്വന്തം. കാരണം മറ്റൊന്നുമല്ല കുടുംബത്തിന്‍റെ മഹത്വം അദ്ദേഹത്തിന് അറിയാം എന്നതു തന്നെ.
സഹോദരി ബിബിയുടെ വാക്കുകളിലൂടെ ഒരു സഹോദരനേയും അതിലുപരി ഒരു മനുഷ്യനെയും നമുക്ക് വായിച്ചെടുക്കാം.
'ഞാന്‍ ജെയ്മി ചേട്ടായിയെ കുറിച്ച് പറയുകയാണെങ്കില്‍ ഇത്രയും സഹോദര സ്നേഹമുള്ള ഒരു ആങ്ങള ഒരിടത്തും കാണുകയില്ല. എത്ര തിരക്കുള്ള ദിവസമാണെങ്കിലും ഞങ്ങള്‍ സഹോദരങ്ങളെ വിളിക്കാത്ത ഒരു ദിവസം പോലുമില്ല. അതുപോലെ ഭാര്യയും മക്കളുമായും എല്ലാ കാര്യങ്ങളും പങ്കുവയ്ക്കും. ബിസിനസ്സും കുടുംബ ബന്ധങ്ങളും ഒരുപോലെ കൊണ്ടുപോകാന്‍ ചേട്ടായിക്കുള്ള കഴിവ് പറയാതിരിക്കാന്‍ പറ്റുകയില്ല'
ഈ വാക്കില്‍ എല്ലാം ഉണ്ട്. ഒരു മനുഷ്യന്‍ കുടുംബത്തെ കാക്കുന്ന കഥ. തന്നെ സ്നേഹിക്കുന്നവരെ കരുതുന്ന കഥ. ഈ കഥ ഒരു ചെറിയ സ്ഥലത്ത് പറയേണ്ട, അറിയേണ്ട കഥയല്ല.. മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്കും, തലമുറകളില്‍ നിന്ന് തലമുറകളിലേക്കും പകരേണ്ട കഥയാണ്. ജെയിംസ് മാച്ചാത്തില്‍ എന്ന പച്ച മനുഷ്യന്‍റെ ജീവിത കഥ. അദ്ദേഹത്തിന്‍റെ എല്ലാ സംരംഭങ്ങളും വിജയിക്കട്ടെ. ദൈവാനുഗ്രഹം അത്രമേല്‍ അദ്ദേഹത്തില്‍ ചൊരിയട്ടെ. അത് മറ്റുള്ളവരിലേക്കും പകരട്ടെ...

Related Posts