VAZHITHARAKAL

കേരളം സാഹിത്യ അക്കാദമി അവാർഡ് അമേരിക്കയിലെത്തിച്ച കുമരകംകാരൻ

Blog Image

'ചിരിയുടെ ആക്രമണത്തിനെതിരെ, ഒന്നും നിലനില്‍ക്കില്ല'


മാശകൾ  കേട്ട് പൊട്ടിച്ചിരിക്കാത്തവരുണ്ടോ? ഏത് മസിലുപിടിത്തക്കാരനും ഒരസ്സല്‍ തമാശക്കുമുന്നില്‍ പിടിച്ചു നില്‍ക്കാനാകില്ല. ചില തമാശകള്‍ കേട്ട് പരിസരം മറന്ന്, സ്വയം മറന്ന് പൊട്ടിച്ചിരിച്ചുപോയ സാഹചര്യങ്ങള്‍ ഒരിക്കലെങ്കിലും ജീവിതത്തിലുണ്ടാകാത്തവര്‍ വിരളമല്ലേ? അപരിചിതരുടെ നര്‍മസംഭാഷണങ്ങള്‍ക്ക് പോലും ചില നേരങ്ങളില്‍ അറിയാതെ നമ്മള്‍ കാതോര്‍ത്തു പോകും. വാക്കുകളിലെ മായാജാലമാണത്. വാക്കുകള്‍ ശൈലികളില്‍ ഉരസിയുണ്ടാകുന്ന ഒരു തരം അനൈച്ഛികമായ പ്രവര്‍ത്തനം! ആ തമാശകളെ വാക്കുകളില്‍ ആവാഹിച്ച് പുസ്തകങ്ങളില്‍ അടച്ചുസൂക്ഷിക്കുന്ന നിരവധി എഴുത്തുകാര്‍ ലോകത്തെമ്പാടുമുണ്ട്. പുസ്തകങ്ങളിലെ മന്ത്രചരടുകള്‍ പൊട്ടിച്ച് ആ തമാശകള്‍ പുറത്തു വന്ന് ഓരോ വായനക്കാരനെയും ചിരിപ്പിക്കുകയും  ചിന്തിപ്പിക്കുകയും ചെയ്യുമ്പോള്‍ ആ എഴുത്തുകാരന്‍ വിജയിക്കുന്നു.
അങ്ങനെ വിജയശ്രീലാളിതനായ ഒരു എഴുത്തുകാരനെ പരിചയപ്പെടാം. 'കുമരകംകാരന്‍' എന്ന് കയ്യില്‍ പച്ചകുത്തിയ ഒരു അസ്സല്‍ കുമരകംകാരന്‍! ഹാസ്യവിഭാഗത്തിനുള്ള ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് കരസ്ഥമാക്കിയ അമേരിക്കന്‍ മലയാളി.
ജയന്ത് കാമിച്ചേരി.

'ഒരു കുമരകംകാരന്‍റെ കുരുത്തംകെട്ട ലിഖിതങ്ങള്‍' എന്ന പുസ്തകത്തിലൂടെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അമേരിക്കയിലേക്ക് കൊണ്ടുവന്ന ജയന്ത് മലയാള ഹാസ്യ സാഹിത്യ ലോകത്ത് സ്വന്തമായ ഒരു ഇരിപ്പിടം സ്വയം വലിച്ചിട്ട് ഇരിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു.
ജയന്ത് കാമിച്ചേരിയെ അടുത്തറിയുന്നവര്‍ പറയും ലോകത്തിന്‍റെ ഏത് കോണില്‍ ചെന്നാലും അദ്ദേഹം ഒരു തികഞ്ഞ കുമരകംകാരന്‍ തന്നെയാണെന്ന്. കുമരകംകരയും അവിടുത്തെ  കപ്പയും കരിമീനും അന്തിക്കള്ളും നാട്ടുഭാഷയും നാടന്‍ പ്രയോഗങ്ങളും ഏതുറക്കത്തിലും കാമിച്ചേരിക്ക് മനഃപാഠമാണ്. കുമരകത്തെ ഇത്രയുമധികം തൊട്ടറിഞ്ഞ അമേരിക്കന്‍ മലയാളി എഴുത്തുകാരനായ ജയന്ത് കാമിച്ചേരിയുടെ ജീവിത വഴികള്‍ അല്പം കുരുത്തംകെട്ട ലിഖിതങ്ങള്‍ തന്നെ.


ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കയില്‍ നിന്ന് കുമരകത്തേക്ക്
ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കയിലേക്ക് കുടിയേറിയ കുമരകം കാമിച്ചേരില്‍  ജെ.പി കാമിച്ചേരിയുടെയും, മേരിയുടെയും നാലാമത്തെ മകനായി ജയന്തിന്‍റെ ജനനം ടാന്‍സാനിയയിലായിരുന്നു. മോഹന്‍, അലക്സ്, മോളി, ജോപ്പന്‍, അനിയന്‍ എന്നിവരാണ് സഹോദരങ്ങള്‍. അമ്മയുടെ നാല്‍പ്പത്തെട്ടാം വയസ്സില്‍ ഇളയ സഹോദരന്‍ ഉണ്ടായപ്പോള്‍ 'അനിയന്‍' എന്ന് പേരിട്ടത് മൂത്ത മക്കള്‍ ചേര്‍ന്ന്. പിതാവിന് ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു ആ പേരെന്ന് ജയന്ത് കാമിച്ചേരി പറയുമ്പോള്‍ നര്‍മ്മത്തിന്‍റെ തുടക്കം വീട്ടില്‍നിന്ന് തന്നെ ആയിരുന്നുവെന്നു മനസ്സിലാക്കാം.  അദ്ദേഹത്തിന് 8 വയസുള്ളപ്പോഴാണ് മാതാപിതാക്കള്‍ കുമരകത്തേക്ക് മടങ്ങിയെത്തുന്നത്. മലയാളം സംസാരിക്കുമെന്നല്ലാതെ എഴുതാനോ വായിക്കാനോ അറിയാതെയാണ് കേരളത്തിലേക്ക് വരുന്നത്. പിന്നീട് ഒരു ട്യൂട്ടറെ വെച്ച് മലയാളം എഴുതാനും വായിക്കാനും പഠിച്ചെടുത്തു. പ്രാഥമിക വിദ്യാഭ്യാസം വള്ളാറപ്പള്ളി പ്രൈമറി സ്കൂളിലും തുടര്‍പഠനം സര്‍ക്കാര്‍വക കുമരകത്തെ സ്കൂളിലുമായിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് പ്രീഡിഗ്രി, തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം, പിന്നീട് മദ്രാസ് ഐ.ഐ.ടി.യില്‍  എം.ടെക് എന്നിങ്ങനെയായിരുന്നു തുടര്‍പഠനങ്ങള്‍.

രസകരമായ അമേരിക്കന്‍ യാത്ര
ജയന്ത് അമേരിക്കയില്‍ എത്തിപ്പെട്ട കഥ വളരെ രസകരമാണ്. എഫ്.എ.സി.ടിയുടെ എഞ്ചിനീയറിംഗ് ഡിവിഷനായ ഫെഡോയില്‍ 12 വര്‍ഷം ജോലി ചെയ്തിരുന്നു. മുളകിന്‍റെ സത്തെടുത്തു വിദേശത്തേക്ക് കയറ്റി അയയ്ക്കുന്ന ഒരു കമ്പനി കൊച്ചിയില്‍ തുടങ്ങിയ സമയത്ത് അവിടെ ചേരുകയുണ്ടായി. ആ സമയത്താണ് ഒരു യൂറോപ്യന്‍ കമ്പനി കാമിച്ചേരിയുടെ കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. അമേരിക്കയിലുള്ള അവരുടെ ഓഫീസ് ആ രംഗത്ത് പരിചയസമ്പത്തുള്ള ഒരു വ്യക്തിയെ ഏല്‍പ്പിക്കാന്‍ അന്വേഷിക്കുന്ന സമയമായിരുന്നു അത്. അങ്ങനെയാണ് ജയന്ത് കാമിച്ചേരിയിലേക്ക് ആ ഉത്തരവാദിത്വം എത്തിച്ചേരുന്നത്. അങ്ങനെ 1997-ല്‍ അദ്ദേഹം വിസ്കോണ്‍സിനില്‍ എത്തി. പന്ത്രണ്ട് വര്‍ഷം അവിടെ ജോലി ചെയ്തു. പിന്നീട് പെന്‍സില്‍വേനിയയിലേക്ക് മാറി. ഇപ്പോള്‍ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില്‍പ്പന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയാണദ്ദേഹം. നാച്വറല്‍ പ്രിസര്‍വേറ്റീവ്സ് ചേര്‍ത്ത് ഏത് ഭക്ഷണസാധനവും ഏറ്റവും കൂടുതല്‍ കാലം ഉപയോഗപ്രദമാക്കുന്നതാണ് ഈ കമ്പനിയുടെ ലക്ഷ്യം. നോര്‍ത്ത് ഈസ്റ്റും, കാനഡയുമാണ് ജയന്തിന്‍റെ പ്രവര്‍ത്തനമേഖല.


എഴുത്തിലേക്ക്...  ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക്
എഴുത്തിന്‍റെ വഴിയിലേക്ക് ജയന്തിനെ നയിച്ചത് സ്വന്തം വീടു തന്നെയെന്ന് കൃത്യമായി പറയാം. അപ്പനും അമ്മയും നല്ല സഹൃദയരായിരുന്നു. തങ്ങള്‍ പരിചയപ്പെട്ട വ്യക്തികളുടെ ചില മാനറിസങ്ങള്‍ അതുപോലെ വീട്ടില്‍ അവതരിപ്പിക്കുമായിരുന്നു ഇരുവരും. ഒപ്പം ചില കഥകളും പറയുമായിരുന്നു. കൂട്ടിന് കഥാപുസ്തകങ്ങള്‍ കൂടി കിട്ടിയതോടെ വായനയുടെ ഒരു ലോകം സ്വയം തുറന്നിട്ടു. വായന എഴുത്തിലേക്ക് കടന്നപ്പോള്‍  ഇംഗ്ലീഷില്‍ എഴുതി, പ്രസിദ്ധീകരിക്കുവാനും തുടങ്ങി. ഇത് വായിച്ച മകള്‍ ഒരു അഭിപ്രായം പറഞ്ഞു. 'സ്വന്തം നാടിനെക്കുറിച്ച് പറയാന്‍ മാതൃഭാഷയാണ് നല്ലതെന്ന്'. അങ്ങനെ കുറെ മലയാളം പുസ്തകങ്ങള്‍ വായിച്ച് ഭാഷയിലെ പരിജ്ഞാനം വളര്‍ത്തിയെടുത്തു. ഇംഗ്ലീഷില്‍ എഴുതിയ സ്വന്തം പുസ്തകങ്ങളെല്ലാം അദ്ദേഹം തന്നെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു തുടങ്ങി. മകന്‍ ആനന്ദ് ജോസഫ് പോത്തന്‍ കാമിച്ചേരിയുടെ ആകസ്മിക മരണം അദ്ദേഹത്തെ വല്ലാതെ തളര്‍ത്തിയെങ്കിലും എഴുത്തിന്‍റെ ലോകം അദ്ദേഹത്തിന്‍റെ വേദനകളെ മറയ്ക്കാന്‍ മാര്‍ഗം നിര്‍ദ്ദേശിച്ചു കൊടുത്തു. മകന്‍റെ ഓരോ ചരമ വാര്‍ഷികത്തിലും അവനായി ഒരു കത്ത് എഴുതി സൂക്ഷിക്കുന്ന പതിവ് കാമിച്ചേരിക്കുണ്ടായിരുന്നു. ആ കത്തുകള്‍ മലയാളം പത്രത്തില്‍ അച്ചടിച്ചു വന്നതോടെയാണ് കാമിച്ചേരിയുടെ ഉള്ളിലെ എഴുത്തുകാരന്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഓരോ വര്‍ഷങ്ങളിലും നടന്ന കാര്യങ്ങളും വിശേഷങ്ങളും ദൂരെ ഒരിടത്തിരുന്ന് കാതോര്‍ക്കുന്ന മകന് എഴുതി അയക്കുന്ന രീതിയായിരുന്നു ആ എഴുത്തിന് ഉണ്ടായിരുന്നത്. ഇത് വായിച്ച് പലരും നല്ല അഭിപ്രായങ്ങള്‍ അറിയിച്ചത് വലിയ സന്തോഷമുണ്ടാക്കി. കുട്ടികളെ നഷ്ടപ്പെട്ട അച്ഛനമ്മമാര്‍ക്ക് തന്‍റെ എഴുത്തുകള്‍ സ്വന്തം കുറിപ്പുകള്‍ പോലെ വായിക്കാന്‍ സാധിച്ചത് വ്യക്തിപരമായി ഏറെ സന്തോഷിപ്പിച്ചു. സ്വന്തം അനുഭവങ്ങളുടെ തുരുത്തിലൂടെ എഴുത്തുവഴികളിലേക്കുള്ള ഒരു നടന്നു കയറ്റം കൂടിയായി മാറുകയായിരുന്നു ആ കുറിപ്പുകള്‍. കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ച 'ഒരു കുമരകംകാരന്‍റെ കുരുത്തംകെട്ട ലിഖിതങ്ങള്‍' സമര്‍പ്പിച്ചിരിക്കുന്നത് മകന്‍ ആനന്ദിനാണ്.


അക്ഷരങ്ങളുമായി അമേരിക്കയില്‍ നിന്ന് കേരളത്തിലേക്ക്
ഇന്ത്യന്‍ എക്സ്പ്രസിന്‍റെ സമകാലിക മലയാളം വാരികയിലൂടെയാണ് നാട്ടില്‍ എഴുത്തിന്‍റെ ആദ്യപടി ജയന്ത് കാമിച്ചേരി ചവിട്ടി തുടങ്ങിയത്. ഇന്ത്യന്‍ എക്സ്പ്രസിന്‍റെ തന്നെ ഡല്‍ഹിയില്‍ നിന്നിറങ്ങുന്ന 'ഓപ്പണ്‍' എന്ന് പേരുള്ള മാഗസിനില്‍ ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. ഇന്ത്യ കറണ്ട്സ്, ഖബര്‍, വിസ്കോണ്‍സില്‍ ജര്‍ണല്‍, നോട്ടര്‍ ടാം യൂണിവേഴ്സിറ്റിയുടെ മാസികയിലും അമേരിക്കന്‍ മാസികകളിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. പിന്നീടങ്ങോട്ട് എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം നാടിനെക്കുറിച്ചുള്ള ജീവസ്സുറ്റ ഓര്‍മകളെ പുസ്തകങ്ങളില്‍ പകര്‍ത്തിയെടുത്തു. കുമരകത്ത് ഒരു പെസഹ, ഒരു കുമരകംകാരന്‍റെ കുരുത്തംകെട്ട ലിഖിതങ്ങള്‍, വേമ്പനാടന്‍ ബ്വാന എന്നീ മൂന്നു പുസ്തകങ്ങള്‍ പുറത്തിറങ്ങി 'വേമ്പനാടന്‍ ബ്വാന' മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചത്. ആ തലക്കെട്ടും അതിലെ കഥാപാത്രങ്ങളും ആയിടെ വളരെയധികം ജനശ്രദ്ധയാകര്‍ഷിച്ചു. ഈസ്റ്റ് ആഫ്രിക്കന്‍ ഭാഷയില്‍ 'ബ്വാന' എന്നാല്‍ മാഷേ എന്നാണ് അര്‍ത്ഥം. പിതാവിനെ അവിടെയുള്ള നാട്ടുകാര്‍ അങ്ങനെയാണ് വിളിച്ചിരുന്നത്. മലയാളത്തിന്‍റെ പ്രിയ കഥാകൃത്ത് പി.എഫ്. മാത്യൂസ് അവതാരിക എഴുതിയ പുസ്തകത്തിനു മികച്ച പ്രതികരണം കൂടി ആയപ്പോള്‍ എഴുത്ത് തനിക്കും നന്നായി വഴങ്ങും എന്ന തിരിച്ചറിവ് ഉണ്ടായി. കോട്ടയത്തുകാരന്‍റെ തനത് ഭാഷാ ശൈലിയും നാട്ടിന്‍പുറത്തെ നര്‍മ്മപ്രയോഗങ്ങളും കാമിച്ചേരിയുടെ കഥകളെ വേറിട്ടതാക്കുന്നു.


ഒരു കുമരകംകാരന്‍റെ കുരുത്തം കെട്ട ലിഖിതങ്ങള്‍
2022-ലെ കേരള സാഹിത്യ അക്കാദമിയുടെ ഹാസസാഹിത്യകാരനുള്ള പുരസ്കാരം ജയന്ത് കാമിച്ചേരിയുടെ 'ഒരു കുമരകംകാരന്‍റെ കുരുത്തംകെട്ട ലിഖിതങ്ങള്‍'ക്ക് ലഭിച്ചപ്പോള്‍ കൈയ്യടിച്ചത് ലോക മലയാളികള്‍ ആയിരുന്നു. അമേരിക്കയിലിരുന്ന് നാടിനെക്കുറിച്ച് എഴുതി പുരസ്കാരം നേടുമ്പോള്‍ ധന്യമായത് മലയാളം കൂടിയാണെന്ന് ജയന്ത് തിരിച്ചറിയുന്നു. ഒരുപിടി ലേഖനങ്ങള്‍ തമാശയുടെ പശ്ചാത്തലത്തില്‍ പറയുമ്പോള്‍ പ്രശസ്ത കഥാകൃത്ത് ഉണ്ണി ആര്‍. ഒറ്റവരിയില്‍ ഈ പുസ്തകത്തെ വരച്ചിടുന്നു. 'കടലായ കടലെല്ലാം നീന്തി അമേരിക്കയിലെത്താന്‍ കെല്പുള്ളവരാണ് കുമരകംകാര്‍. തുഴച്ചിലിന്‍റെ ആ കൈക്കരുത്ത് എഴുത്തിലുള്ള ജയന്ത് കാമിച്ചേരിയെ വായിക്കുമ്പോള്‍ കുമരകംകാരനെ കാണാം. ഒരു കുപ്പി അന്തിക്കള്ളിന്‍റെ ഇച്ചിരി മൂച്ചും രസവും വാക്കുകളില്‍ തൊട്ട ഈ എഴുത്ത് മറ്റൊരു കോട്ടയംകാരനായ എന്നെ സന്തോഷിപ്പിക്കുന്നു'. ഇപ്പോള്‍ ജയന്ത് കാമിച്ചേരിയും സന്തോഷിക്കുന്നു. കേരള സര്‍ക്കാരിന്‍റെ അവാര്‍ഡ് ഈ പുസ്തകത്തിന് ലഭിച്ചത് ജയന്തിനെ സംബന്ധിച്ച് വലിയ ഉത്തരവാദിത്വം കൂടിയാണ്. എഴുതാനുള്ള കരുത്തും കൂടി ഈ അംഗീകാരം നല്‍കുന്നുവെങ്കിലും തുടര്‍ന്നും പ്രവാസി എഴുത്തുകാരെ തേടി വീണ്ടും പുരസ്കാരങ്ങള്‍ എത്തട്ടെ എന്നും അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നു. നിരവധി പുതുനാമ്പുകള്‍ ആഗോള മലയാളി എഴുത്തുകാര്‍ക്കിടയില്‍ നിന്ന് വളര്‍ന്നുവരുന്നത് സന്തോഷമാണെന്നു അദ്ദേഹം പറയുന്നു.


പുരസ്കാരങ്ങള്‍
എഴുത്തിന് ഏത് അംഗീകാരങ്ങള്‍  ലഭിച്ചാലും വിനയാന്വിതനായി സ്വീകരിക്കുമെന്ന് ജയന്ത് കാമിച്ചേരി പറയുന്നു. ഓരോ അംഗീകാരവും ഓരോ അടയാളപ്പെടുത്തല്‍ കൂടിയാണ്. ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന), മലയാളി അസോസിയേഷന്‍ ഓഫ് മെരിലാന്‍റ്, ഫൊക്കാന, ജനനി മാസിക, ന്യൂയോര്‍ക്ക് സര്‍ഗവേദി, കോട്ടയം അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയ തുടങ്ങിയ സംഘടനാ പുരസ്കാരങ്ങളും, അംഗീകാരങ്ങളും മുതല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് വരെ ലഭിക്കുമ്പോഴും ജയന്ത് കാമിച്ചേരി കുമരകംകാരന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞു ജീവിക്കുകയാണ്.

സഞ്ജയനും ജയന്ത് കാമിച്ചേരിയും
കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷം മലയാളം കണ്ട ഏറ്റവും ശ്രദ്ധേയനായ ഹാസ്യ സാഹിത്യകാരന്‍ സഞ്ജയനാണ്. സമകാലിക ലോകത്തിന്‍റെ  ചലനങ്ങളെ രസകരമായി അവതരിപ്പിച്ചാണ് സഞ്ജയന്‍ വായനക്കാരെ ചിരിപ്പിച്ചിരുന്നത്. കലാകാരന് സ്വയം കരയുമ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കുന്നവനാകണം എന്ന വിദൂഷക ധര്‍മ്മമായിരുന്നു സഞ്ജയന്‍റെ ആപ്ത വാക്യം. പക്ഷെ ദുഃഖങ്ങള്‍ എന്നും കൂട്ടായിരുന്നു സഞ്ജയന്. ഏക മകന്‍റെ മരണം സഞ്ജയനെ ഏറെ സങ്കടപ്പെടുത്തിയെങ്കിലും എഴുത്തിലൂടെയാണ് ആ വിഷമങ്ങളെ അദ്ദേഹം മറികടന്നത്. സഞ്ജയന്‍റെ ജീവിതാനുഭവങ്ങളോട് സമാനത പുലര്‍ത്തുന്ന ജയന്ത് കാമിച്ചേരിയും അകാലത്തില്‍ മരണപ്പെട്ട മകനുവേണ്ടി എഴുതിയ കത്തുകളില്‍ തുടങ്ങിയ എഴുത്തിന് ഹാസ്യ സാഹിത്യ രംഗത്ത് അംഗീകാരം ലഭിക്കുമ്പോള്‍ 'കരച്ചിലും ചിരിയുമുള്ള ലോകത്ത് ഭേദം ചിരി തന്നെയാണെന്ന്' സഞ്ജയന്‍ എഴുതിയത് ജയന്തും പിന്തുടരുന്നു എന്ന് എഴുതാതെ വയ്യ. 
കേരളത്തിലെ ഹാസ്യ സാഹിത്യ പ്രസ്ഥാനത്തിന്‍റെ ആചാര്യനായ തോല കവി മുതല്‍ കുഞ്ചന്‍ നമ്പ്യാര്‍, മീശാന്‍ വാമനന്‍, സഞ്ജയന്‍, കുട്ടികൃഷ്ണമാരാര്‍, കെ.സി. നാരായണന്‍ നമ്പ്യാര്‍, മോഹിതന്‍, ഇ.വി. കൃഷ്ണപിള്ള, വി.കെ.എന്‍, വേളൂര്‍ കൃഷ്ണന്‍ കുട്ടി, ചെമ്മനം ചാക്കോ, സുകുമാര്‍ തുടങ്ങിയവരുടെ നിരയിലേക്ക് ജയന്ത് കാമിച്ചേരിയും കടന്നുവരുമ്പോള്‍ ലോകമലയാളികള്‍ക്ക് അഭിമാനിക്കാം. ഈ കുമരകംകാരന്‍ എഴുതിയ ലിഖിതങ്ങള്‍ അത്ര കുരുത്തംകെട്ടതായിരുന്നില്ല എന്ന്.


കുടുംബം
കഥകള്‍ കേട്ടു വളര്‍ന്ന ജയന്ത് കാമിച്ചേരി കടന്നു വന്ന വഴികളിലെ ഓരോ പുല്‍നാമ്പിനോടുപോലും സ്നേഹം പ്രകടിപ്പിക്കുന്ന എഴുത്തുകാരനാണ്. ഈ നല്ല നിമിഷങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന കുടുംബത്തോട് അദ്ദേഹം നന്ദി പറയുന്നു. മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. ഇളയ അനുജന്‍ തറവാട്ടിലാണ്. മൂത്ത സഹോദരന്‍ മരിച്ചുപോയി. രണ്ടാമത്തെയാള്‍ കാനഡയില്‍. മൂന്നാമത്തേത് സഹോദരിയാണ്. കാലിഫോര്‍ണിയായില്‍ മകളോടൊത്ത് താമസിക്കുന്നു. നാലാമത്തെയാള്‍ ബാംഗ്ലൂരില്‍. ഭാര്യ അനിത നമ്പൂതിരി കോട്ടയം കുറിച്ചിത്താനം സ്വദേശിനി. രണ്ടുപേരുടെയും പുനര്‍വിവാഹമായിരുന്നു. ജയന്ത് കാമിച്ചേരിയുടെ മകള്‍ അലോക ഭര്‍ത്താവ് നവീനും മൂന്ന് മക്കളുമൊത്ത് ഹൂസ്റ്റണില്‍ താമസിക്കുന്നു. അനിതയുടെ മകള്‍ ശ്രീല മെഡിസിന്‍ പഠിച്ച് റസിഡന്‍സി ചെയ്യുന്നു. ജയന്ത് കാമിച്ചേരിയുടെ നര്‍മത്തില്‍ പൊതിഞ്ഞ വാക്കും വരികളും ഇവിടെ അവസാനിക്കുന്നില്ല. നാട്ടിന്‍പുറത്തെ നന്മകളെ നര്‍മ്മത്തില്‍ മുക്കിയെടുത്ത പുതിയ കഥകള്‍ക്കായുള്ള അന്വേഷണത്തിലാണദ്ദേഹം. നര്‍മ്മം എന്നും നര്‍മ്മം തന്നെയാണ്. കാലഹരണത്തില്‍ അതിന്‍റെ സൗന്ദര്യം കുറഞ്ഞു പോകുകയോ ഇല്ലാതാവുകയോ ചെയ്യുന്നില്ല. സെപ്റ്റംബര്‍ അഞ്ചിന് തൃശൂര്‍ സാഹിത്യ അക്കാദമിയുടെ നിറഞ്ഞ സദസില്‍ മികച്ച ഹാസസാഹിത്യകാരനുള്ള പുരസ്കാരം  ജയന്ത് കാമിച്ചേരി  സ്വീകരിക്കുമ്പോള്‍ ലോക മലയാളികള്‍ എഴുന്നേറ്റു നിന്ന് കൈയടിക്കും. അഭിമാനത്തോടെ. 
'മൂടുക ഹൃദന്തമേ മുഗ്ധ ഭാവന കൊണ്ടീ മൂക വേദനകളെ, മുഴുവന്‍ മുത്താകട്ടേ' (ജി.ശങ്കരക്കുറുപ്പ്)

Related Posts