LITERATURE

തൃശൂരമ്മാമൻ ( അത്രമേൽ ഹൃദ്യം )

Blog Image

"ഗിരിക്കു്,  
നീന്തൽ പഠിക്കാൻ മാർഗ്ഗമൊന്നുമില്ല, കുളത്തിലേക്കങ്ങു ചാടുകതന്നെ,  രണ്ടോ മൂന്നോ തവണ കുറച്ചുവെള്ളം കുടിച്ചുവെന്ന് വരും."


"ഗിരിക്കു്,  
നീന്തൽ പഠിക്കാൻ മാർഗ്ഗമൊന്നുമില്ല, കുളത്തിലേക്കങ്ങു ചാടുകതന്നെ,  രണ്ടോ മൂന്നോ തവണ കുറച്ചുവെള്ളം കുടിച്ചുവെന്ന് വരും."

രണ്ടായിരത്തിപ്പത്തിൽ എന്നെ എഴുത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിൽ തൃശൂരമ്മാമൻ എഴുതിയ കത്തിലെ വരികളാണ് മേലെ എഴുതിയത്.  

തൃശൂരിൽനിന്നും പുറത്തിറങ്ങുന്ന എക്സ്പ്രസ്സ് ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന എന്റെ അമ്മയുടെ അമ്മാമൻ ശ്രീ ടി വി അച്യുതവാരിയരാണ് മേൽപ്പറഞ്ഞ ഞങ്ങളുടെ തൃശൂരമ്മാമൻ.   പത്രത്തിൽ ജോലി ചെയ്യുന്ന കാലത്ത് തൃശൂരിൽ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത് അതിനാലാണ് തൃശൂരമ്മാമൻ എന്ന ഓമനപ്പേര് വരാൻ കാരണം.

തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ അമ്മാമൻ പഠിക്കുന്ന കാലത്ത്  ബിരുദത്തിന് കണക്കും ചരിത്രവും അടങ്ങുന്ന ഒരു ഗ്രൂപ്പുണ്ടായിരുന്നു ,   ബിരുദത്തിനുള്ള പഠനത്തിനിടയിലാണ് അമ്മാമന്റെ ജീവിതത്തിൽ നിന്നും ശബ്ദം ഇല്ലാതാകുന്നത്.  കുറെ കാലം ആരോടും ശബ്ദം നഷ്ടപ്പെട്ട വിവരം അറിയിക്കാതെ നടന്നു.   എന്തെങ്കിലും കാരണത്താൽ ചെവിയടഞ്ഞതാവും എന്നുകരുതി കേൾവി തിരിച്ചുകിട്ടുന്നതും കാത്തിരുന്നു എന്ന് ഒരിക്കൽ അമ്മാമൻ പറഞ്ഞതായി ഓർക്കുന്നു.    പിന്നീട് വളരെയധികം ചികിത്സകൾ നടന്നുവെങ്കിലും കേൾവി തിരിച്ചുകിട്ടിയില്ല.

എക്സ്പ്രസ്സ് ദിനപത്രത്തിൽ ട്രെയിനിയായി ജോലി ആരംഭിച്ചു.  പിന്നീട് മൂർച്ചയുള്ള വാക്കുകളിൽ മുഖപ്രസംഗമെഴുതി പേരെടുത്ത കരുണാകരൻ നമ്പ്യാരുടെ കൂടെ കൂടി.  അടിയന്തരാവസ്ഥക്കാലത്ത് അവർ എഴുതിയ മുഖപ്രസംഗങ്ങൾ അധികാരികൾക്കുള്ള ചാട്ടവാറുകളായിരുന്നു എന്ന് അമ്മാമനെക്കുറിച്ചുള്ള ഒരു റിപ്പോർട്ടിൽ എഴുതിയതായി ഓർക്കുന്നു.  

പരിസ്ഥിതി വിഷയങ്ങളിൽ വായനയിലൂടെ അഗാധമായ അറിവുനേടി അതിനെ ആസ്പദമാക്കി ഒരുപാട് ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.  ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് തർജ്ജമ ചെയ്യുന്നതിൽ വളരെ വിദഗ്ദനായിരുന്നു.    ശരിക്കും വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യം ചെവി കേൾക്കാത്ത അമ്മാമൻ പന്ത്രണ്ടോളം വർഷം സ്പോർട്സ് വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.   പൂരക്കാലമായാൽ മേളമായാലും പഞ്ചവാദ്യമായാലും തായമ്പകയായാലും ആസ്വദിക്കാനും അമ്മാമൻ മുൻപന്തിയിലുണ്ടാവാറുണ്ട് 

അമ്മാമന്റെ വീട്ടിൽ അദ്ദേഹത്തിൻറെ എഴുത്തുമുറിയിൽ ചുമരിനുനാലുചുറ്റും  ഒരു ലൈബ്രറിയുണ്ട്.  ഒരുപാട് പുസ്തകങ്ങൾ നമ്പറിട്ട് ഒതുക്കിവെച്ചിട്ടുണ്ടാവും.  മേശപ്പുറത്ത് അമ്മാമൻ തർജ്ജമ ചെയ്യുന്ന പുസ്തകങ്ങളും ഉണ്ടാവാറുണ്ട്.  

അമ്മാമാനുമായി സംസാരിക്കാൻ വളരെ എളുപ്പമാണ്,  ഞങ്ങൾ കൈമലർത്തി ഉള്ളംകൈയിൽ ചൂണ്ടുവിരൽ കൊണ്ട് എഴുതുന്ന കാര്യങ്ങൾ അമ്മാമൻ വായിച്ചെടുക്കും, അതിനുള്ള മറുപടിയും തരും.  

അമ്മാമൻ തലോരുള്ള ഞങ്ങളുടെ വീട്ടിൽ രണ്ടോമൂന്നോ ദിവസം കൂടുമ്പോൾ വരുമായിരുന്നു,  അമ്മമ്മ അക്കാലത്ത് ഞങ്ങളുടെ കൂടെയായിരുന്നു.   രണ്ടായിരത്തിപ്പത്തിന്റെ ആരംഭത്തിലായിരുന്നു അമ്മമ്മയുടെ മരണം, ഒരു വർഷത്തിനുളളിൽ പതിനൊന്നിൽ അമ്മയുടെയും.  അതോടുകൂടി അമ്മാമൻ മാനസികമായി വളരെ തളർന്നു.  ആ വർഷം നവംബറിലാണ് അമ്മാമന്റെ അവസാന കത്തുവന്നത്.  രണ്ടായിരത്തിപന്ത്രണ്ട് മെയ് മാസത്തിൽ അമ്മാമൻ ഈ ലോകത്തോട് വിടപറഞ്ഞു.

ഒരു ദിവസം അവസാനിപ്പിക്കുന്നത് എഴുത്തോടുകൂടിയാവണം എന്ന് അമ്മാമൻ പറയാറുണ്ട്.  അതുകൊണ്ടുതന്നെ ദിവസത്തിൽ ഒരു പേജെങ്കിലും എന്തെങ്കിലും കുത്തിക്കുറിക്കണം എന്നുപറയാറുണ്ട്.   മടി അങ്ങേയറ്റമായതിനാൽ മാസത്തിൽ ഒന്നോ രണ്ടോ പേജ് എന്തെങ്കിലും കുത്തിക്കുറിച്ച്  അയക്കാറുണ്ട്.   അതിനുള്ള മറുപടിയായി ഒരു ഇന്ലാന്ഡ് ലെറ്റെറിൽ ഒതുങ്ങാതെ ഒരേ ദിവസം രണ്ടു കത്തുകൾ അയച്ച അവസരങ്ങളും ഉണ്ട്.  

വായനക്കാരന് അലോസരമുണ്ടാക്കാത്ത സാഹിത്യമേ എഴുത്തുകാരൻ എഴുതാവൂ,  അത് ലേഖനമായാലും കഥയായാലും കവിതയായാലും.  രചനകൾ ആസ്വദിക്കാനുള്ളതാണ്,  അതിന് സാഹിത്യം തടസ്സമാകരുതെന്ന് അമ്മാമൻ പറയാറുണ്ട്. 

എന്റെ എഴുത്തിൽ പലപ്പോഴും അമ്മാമൻ ചൂണ്ടിക്കാണിച്ച തെറ്റുകൾ വരാതിരിക്കാൻ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ചും  അർത്ഥമറിയാത്ത കടുപ്പമുള്ള വാക്കുകൾ ഉപയോഗിക്കാതെ വായനക്കാരനോട് പറയാനുള്ളത് നേരിട്ടുപറയുക എന്ന ഉപദേശം  മുഖവിലക്കെടുത്ത്. 

നിങ്ങളുടെ ജീവിതത്തിൽ ആരെങ്കിലും പ്രേരണയായിട്ടുണ്ടെങ്കിൽ അവരെപ്പറ്റി ഒന്നെഴുതണം എന്നുപറഞ്ഞപ്പോൾ ത്രുശൂരമ്മമനല്ലാതെ മറ്റാരും മനസ്സിൽ വന്നില്ല

 

ഗിരി ബി വാരിയർ

Related Posts