PRAVASI

നീ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍റെ മകളാണ് ! ( നിരീക്ഷണം )

Blog Image

കസേരയിലിരുന്ന് പത്രം വായിക്കുന്ന സഖാവ് അച്യുതാനന്ദനോട് ചേര്‍ന്നുനിന്നുകൊണ്ട് കൗമാരക്കാരിയായ ഏക മകള്‍ മധുരതരമായി ചോദിച്ചു "അച്ഛാ! എനിക്ക് സ്വര്‍ണ്ണക്കൊലുസ് വാങ്ങിത്തരാമോ ?" മകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു. "നീ ഒരു കമ്മ്യൂണിസ്റ്റുകാരന്‍റെ മകളാ.. നീ പഠിച്ച് മിടുക്കിയായി സ്വന്തമായ സമ്പാദ്യത്തില്‍ നിന്ന് വാങ്ങിക്കൊള്ളുക. ആഡംബരം കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ചേര്‍ന്നതല്ല." സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച സഖാവ് അച്യുതാനന്ദന്‍റെ ജീവിതത്തിലെ ഒരു മുഹൂര്‍ത്തം. വാക്കും ജീവിതവും ഒന്നുതന്നെ എന്ന് കാട്ടിത്തന്ന നേതാവ്. സര്‍ സി.പി.യോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടാണ് അദ്ദേഹം തന്‍റെ ഐഡന്‍റിറ്റിയായ ജുബ്ബാ ധരിച്ചുതുടങ്ങിയത്. കൊടിയ ദുഷ്പ്രഭുത്വത്തിനു തിരുമുമ്പില്‍ തലകുനിക്കാത്തതാണ് എന്‍റെ യൗവനം എന്ന് തിരിച്ചറിഞ്ഞ് ബാല്യം മുതല്‍ മരണം വരെ ദുഷ്പ്രഭുത്വത്തിനെതിരെ പോരാടിയ ധീരപോരാളി. ജന്മിത്വവും ഏകാധിപത്യവും എന്നും മനുഷ്യരെ ചൂഷണം ചെയ്ത ഘടകങ്ങളായിരുന്നു. അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും വിമോചനത്തിനുവേണ്ടി രൂപപ്പെട്ട പ്രസ്ഥാനമാണ് കമ്മ്യൂണിസം. ഒരു കമ്മ്യൂണിസ്റ്റുകാരന് ഉണ്ടാകേണ്ട ഗുണങ്ങളൊക്കെ അച്യുതാനന്ദനില്‍ രൂപപ്പെട്ടത് ദുഃഖദുരിതങ്ങളും ദാരിദ്ര്യ സങ്കടങ്ങളും അടിച്ചമര്‍ത്തപ്പെട്ടവന്‍റെ വേദനകളും നിറഞ്ഞ ബാല്യ കൗമാരങ്ങളിലൂടെയാണ്. തന്‍റെ ജീവിതത്തില്‍ ഉടനീളം അദ്ദേഹം ദുഷ്പ്രഭുത്വത്തിനെതിരെ പോരാടി.


    ജനാധിപത്യവും സോഷ്യലിസത്തിന്‍റെ വകഭേദങ്ങളും നിറഞ്ഞ ആധുനികലോകത്തും ദുഷ്പ്രഭുത്വം നിലനില്‍ക്കുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അധികാര സിംഹാസനങ്ങളിലിരിക്കുന്ന മിക്ക വ്യക്തികളുടെയും മനസ്സില്‍ ഒരു ദുഷ്പ്രഭു ജീവിച്ചിരിക്കുന്നുവെന്ന് തന്‍റെ വാക്കുകളിലൂടെയും ശരീര ചലനങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും അതവര്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. സേവകന്മാരുടെ ഒരു പരിവൃന്ദം അവരെ ചുഴന്നു നില്‍ക്കുന്നു. കാറിന്‍റെ ഡോര്‍ തുറന്നുകൊടുക്കാന്‍ സേവകന്‍; ഹാന്‍ഡ് ബാഗ് ആണെങ്കിലും ചുമക്കാന്‍ ഒരു സേവകന്‍. ആപ്പീസ് മുറിയുടെ വാതില്‍ തുറക്കാന്‍ സേവകന്‍; ഇരിക്കാന്‍ കസേര വലിച്ചിട്ട് കൊടുക്കാന്‍ സേവകന്‍.. ഇങ്ങനെ സേവകന്മാരുടെ സല്യൂട്ട് സ്വീകരിക്കാനാണ് എല്ലാ ജനനായകന്മാരുടെയും ആഗ്രഹം. വേദിയില്‍ ഇരിക്കാന്‍ സിംഹാസന രൂപത്തിലുള്ള കസേര. അധികാര ശ്രേണിയനുസരിച്ച് പ്രത്യേകതയുള്ള വിരിപ്പുകള്‍.... ഇതെല്ലാം ദുഷ്പ്രഭുത്വത്തിന്‍റെ ലക്ഷണങ്ങളാണ്. ഡ്രൈവര്‍ ഓടിക്കുന്ന ഇന്നോവാ കാറിന്‍റെ പിറകില്‍ വലതുവശം ചേര്‍ന്നിരുന്ന് പശമുക്കി ഇസ്തിരിയിട്ട വടിപോലത്തെ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് കറുത്ത ഷൂസുമിട്ട് യാത്ര ചെയ്യുന്ന ഒരു ചെറിയ ദുഷ്പ്രഭു ആകുവാനാണ് എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ആത്യന്തിക മോഹം. നിക്ഷേപകരുടെ നിക്ഷേപം തിരിച്ചുകൊടുത്തില്ലെങ്കിലും സഹകരണ ബാങ്ക് പ്രസിഡന്‍റുമാര്‍ വരെ ഇങ്ങനെ ഇന്നോവ കാറില്‍ ഊര് ചുറ്റുന്നു. ആത്മീയ പ്രസ്ഥാനങ്ങളുടെ ആചാര്യന്മാര്‍പോലും ആട്ടിടയന്‍റെ വടിയും ലളിത വസ്ത്രവും മഹത്തായ ജീവിതവും നയിച്ച് കരുണയുടെ സുവിശേഷം പ്രസംഗിച്ചു നടന്ന യേശുവിനെ മറന്ന് അധികാരത്തിന്‍റെ ആര്‍ഭാടത്തില്‍ പ്രഭുത്വത്തിന്‍റെ ചുമടുകാരായി മാറിയിരിക്കുന്നു. ചൂഷണത്തില്‍ നിന്ന് മനുഷ്യരെ വിമോചിപ്പിക്കാനാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതപ്രസ്ഥാനങ്ങളും രൂപീകൃതമായെങ്കിലും ചൂഷകരായ അധികാരശക്തികള്‍ ചൂഷണത്തിന്‍റെ വില്പനക്കാരായി മാറിയിരിക്കുന്നു. സാധാരണക്കാരന്‍റെ വിവാഹ വേദികളും പ്രഭുത്വത്തിന്‍റെ അനുകരണങ്ങളായ ആഘോഷങ്ങളുടെയും ആഡംബരങ്ങളുടെയും പ്രകടനപരതകൊണ്ട് വിരൂപമാകുന്നുണ്ട്. അപ്പോഴാണ് സഖാവ് അച്യുതാനന്ദന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. "ആര്‍ഭാടം കമ്മ്യൂണിസ്റ്റുകാരന് ചേര്‍ന്നതല്ല".

പ്രൊഫ.  ബാബു തോമസ് പൂഴിക്കുന്നേല്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.