നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ കേരളത്തില്‍ യുഡിഎഫ് മന്ത്രിസഭ പ്രൗഢിയോടെ ഭരണമേറ്റെടുത്തെങ്കിലും കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ഇപ്പോള്‍ മറ്റൊരു ചൂടേറിയ പോരിന് കളമൊരുങ്ങുകയാണ്. മുഖ്യമന്ത്രി കസേരയെച്ചൊല്ലി മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുണ്ടായ വടംവലിയുടെ അടിയൊഴുക്കുകള്‍ ശാന്തമാകും മുന്‍പേയാണ് പാര്‍ട്ടി കൈപ്പിടിയിലൊതുക്കാനുള്ള പുതിയ പടയൊരുക്കം. കെപിസിസി പ്രസിഡന്റായിരുന്ന സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാറും പി.സി. വിഷ്ണുനാഥും പുതിയ സര്‍ക്കാരില്‍ മന്ത്രിമാരായതോടെ ഇന്ദിരാ ഭവന്റെ അമരത്തേക്ക് പുതിയൊരു നായകനെ കണ്ടെത്തുകയെന്നത് അനിവാര്യമായി മാറി. ഇതോടെ, ഭരണം തിരിച്ചുപിടിച്ച ആവേശത്തിനിടയിലും സംഘടനയുടെ നിയന്ത്രണം കൈക്കലാക്കാന്‍ കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് കരുക്കള്‍ നീക്കാന്‍ തുടങ്ങിയത് വരും ദിവസങ്ങളില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിമാറുമെന്ന സൂചനയാണ് നല്‍കുന്നത്. മുഖ്യമന്ത്രിയായ ശേഷമുള്ള തന്റെ ആദ്യ ഡല്‍ഹി സന്ദര്‍ശനത്തില്‍ വി.ഡി. സതീശന്‍ ഹൈക്കമാണ്ട് നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചകള്‍ ഈ പുനഃസംഘടനയുടെ ഭാവി നിര്‍ണ്ണയിക്കും.
ഭരണ നേതൃത്വവും സംഘടനാ നേതൃത്വവും തമ്മില്‍ യാതൊരുവിധത്തിലുള്ള പരസ്യപ്പോരും ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഇത്തവണ ഹൈക്കമാണ്ട് മുന്നോട്ടുവെക്കുന്നത്. പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭരണ വേഗതയ്‌ക്കൊപ്പം നില്‍ക്കുന്നതും സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതുമായ ഒരു സാരഥിയെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കണ്ടെത്താനാണ് ഹൈക്കമാണ്ട് താല്പര്യപ്പെടുന്നത്. ഇവിടെയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പങ്ക് നിര്‍ണ്ണായകമാകുന്നത്. എന്നാല്‍, പാര്‍ട്ടി തലപ്പത്തേക്ക് വരാന്‍ കടുത്ത ആഗ്രഹം പ്രകടിപ്പിച്ച വടകര എംപി ഷാഫി പറമ്പിലിനെ വെട്ടാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരിട്ട് രംഗത്തിറങ്ങിയതോടെ സമവാക്യങ്ങള്‍ ആകെ മാറിമറിഞ്ഞിരിക്കുകയാണ്.
കെപിസിസി അധ്യക്ഷന്‍ ആരാകണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയായ താന്‍ തന്നെയാണെന്ന കടുത്ത നിലപാടിലാണ് സതീശന്‍ ഇപ്പോള്‍. ഭരണവും പാര്‍ട്ടിയും ഒരേ വേഗതയില്‍ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ കെപിസിസി അമരത്ത് തനിക്ക് പൂര്‍ണ്ണ വിശ്വാസമുള്ളയാള്‍ വരണമെന്ന നിര്‍ബ്ബന്ധം വി.ഡി. സതീശനുണ്ട്. മുഖ്യമന്ത്രി കസേരയ്ക്ക് പിന്നാലെ പാര്‍ട്ടി സംഘടനയും സ്വന്തം താല്പര്യത്തിനനുസരിച്ച് മാറ്റിയെടുക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ജനപ്രീതിയും പാര്‍ട്ടിയില്‍ വലിയൊരു യുവനിരയുടെ പിന്തുണയുമുള്ള ഷാഫി പറമ്പില്‍ കെപിസിസി പ്രസിഡന്റായാല്‍ പാര്‍ട്ടിയില്‍ സമാന്തര അധികാരകേന്ദ്രം രൂപപ്പെടുമെന്ന ആശങ്ക മുഖ്യമന്ത്രിയുടെ ക്യാമ്പുകള്‍ക്കുണ്ട്. കെ.സി. വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഷാഫിയെ മാറ്റിനിര്‍ത്തി, തനിക്ക് പൂര്‍ണ്ണമായി വഴങ്ങുന്നതും ഭരണത്തില്‍ ഇടപെടാത്തതുമായ ഒരു നേതാവിനെ കണ്ടെത്താനാണ് സതീശന്‍ ഡല്‍ഹിയില്‍ കരുക്കള്‍ നീക്കുന്നത്.
'ഒരാള്‍ക്ക് ഒരു പദവി' എന്ന സംഘടനാനയം ഹൈക്കമാണ്ട് കര്‍ശനമായി നടപ്പിലാക്കിയാല്‍ നിലവില്‍ എംപിമാരും എംഎല്‍എമാരുമായിരിക്കുന്ന പല പ്രമുഖരും അധ്യക്ഷന്മാരുടെ അന്തിമ പട്ടികയില്‍ നിന്നും പുറത്താകും. ഇതേ മാനദണ്ഡം ഉയര്‍ത്തി ഷാഫി പറമ്പിലിനെ വെട്ടാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നാണ് സൂചന. വടകരയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ഷാഫി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കട്ടെ എന്ന വാദമാണ് സതീശന്‍ ക്യാമ്പ് ഉയര്‍ത്തുന്നത്. എന്നാല്‍ ഹൈക്കമാണ്ടിലെ വലിയൊരു വിഭാഗം നേതാക്കള്‍ക്കും എ ഗ്രൂപ്പിനും ഷാഫിയോട് താല്പര്യമുണ്ട് താനും. മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ. ജനീഷിനും പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട് എന്നതിനാല്‍ യുവാക്കളുടെ വലിയൊരു നിരയും ഇത്തവണ ശുപാര്‍ശകളുമായി ഡല്‍ഹിയിലുണ്ട്.
കെപിസിസി അധ്യക്ഷ പദവി ലക്ഷ്യമിട്ട് നിലവില്‍ ഷാഫിയെ കൂടാതെ മൂന്ന് പ്രമുഖ ചേരികളാണ് ഡല്‍ഹിയില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നത്. മുന്‍പ് പലതവണ കപ്പിനും ചുണ്ടിനുമിടയില്‍ വെച്ച് ലീഡര്‍ഷിപ്പ് കൈവിട്ടുപോയ മുതിര്‍ന്ന നേതാവ് കൊടിക്കുന്നില്‍ സുരേഷിനാണ് നിലവില്‍ ഒരു വിഭാഗം നേതാക്കളുടെ വലിയ പിന്തുണയുള്ളത്. കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇതുവരെ പിന്നാക്ക-ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള ഒരാള്‍ പോലും കെപിസിസി പ്രസിഡന്റ് പദവിയില്‍ എത്തിയിട്ടില്ലെന്ന ശക്തമായ സാമുദായിക-രാഷ്ട്രീയ വാദമാണ് കൊടിക്കുന്നില്‍ ഇത്തവണ ഹൈക്കമാണ്ടിന് മുന്നില്‍ ശക്തമായി ഉന്നയിക്കുന്നത്. പദവി ഉറപ്പാക്കുന്നതിനായി അദ്ദേഹം ഇതിനകം തന്നെ ഡല്‍ഹി കേന്ദ്രീകരിച്ച് ഹൈക്കമാണ്ട് നേതാക്കളെ നേരില്‍ക്കണ്ട് ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ കാലം മുതല്‍ പാര്‍ട്ടിയെ പ്രതിസന്തികളില്‍ തുണച്ച അനുഭവസമ്പത്ത് മുന്‍നിര്‍ത്തി ചാലക്കുടി എംപി ബെന്നി ബഹനാനെ അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ 'എ' ഗ്രൂപ്പിലെ ഒരു വിഭാഗം ഇപ്പോഴും രംഗത്തുണ്ട്. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിച്ച്, കടുത്ത നിലപാടുകാരനും പാര്‍ട്ടി വക്താവുമായ ജോസഫ് വാഴയ്ക്കനെ അമരത്തെത്തിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിഭാഗവും ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. മുന്‍പ് പല ഉന്നത പദവികളിലും പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും തന്നെ തഴഞ്ഞതിലുള്ള കടുത്ത അമര്‍ഷം വാഴയ്ക്കന്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ കെ.സി. ജോസഫ്, ആന്റോ ആന്റണി എന്നിവരുടെ പേരുകള്‍ക്കൊപ്പം യുവാക്കളുടെ പ്രതിനിധിയായി മാത്യു കുഴല്‍നാടന്‍, അടൂര്‍ പ്രകാശ് എന്നിവരുടെ പേരുകളും പല കോണുകളില്‍ നിന്നായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
ജനപ്രതിനിധികള്‍ ഭാരവാഹികളാകേണ്ടെന്ന തീരുമാനം ഹൈക്കമാണ്ട് കര്‍ശനമാക്കിയാല്‍ എംപിമാരായ കൊടിക്കുന്നില്‍ സുരേഷും ബെന്നി ബഹനാനും ഷാഫി പറമ്പിലും പട്ടികയില്‍ നിന്ന് പുറത്താകും. അങ്ങനെ വന്നാല്‍ പൂര്‍ണ്ണസമയ സംഘടനാ പ്രവര്‍ത്തകനായ ജോസഫ് വാഴയ്ക്കനോ കെ.സി. ജോസഫിനോ ഭാഗ്യം തുണച്ചേക്കും. ഡല്‍ഹിയില്‍ നടക്കുന്ന ഹൈക്കമാണ്ട് ചര്‍ച്ചകളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നല്‍കുന്ന വ്യക്തിപരമായ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ അതീവ നിര്‍ണ്ണായകമാകും. കെപിസിസി പുനഃസംഘടനയ്‌ക്കൊപ്പം തന്നെ സംസ്ഥാനത്തെ ഏഴ് ഡിസിസി അധ്യക്ഷന്മാരെയും അടിയന്തരമായി മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എമാരായി മാറിയ ഡിസിസി അധ്യക്ഷന്മാര്‍ക്ക് പകരക്കാരെ കണ്ടെത്താത്തതിനാല്‍ നിലവില്‍ ഡിസിസി ഓഫീസുകള്‍ നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്.
പാര്‍ട്ടി ഭരണം തിരിച്ചുപിടിച്ചിട്ടും സംഘടന ഇത്തരത്തില്‍ നിശ്ചലമായി കിടക്കുന്നത് വരും ദിവസങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ വലിയ തിരിച്ചടിയാകുമെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശക്തമാണ്. അതിനാല്‍ ജംബോ കമ്മിറ്റികള്‍ ഒഴിവാക്കി കെട്ടുറപ്പുള്ള പുതിയൊരു ടീമിനെയാണ് സതീശനും കെ.സി. വേണുഗോപാലും ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ വി.ഡി. സതീശന് കേരള ഹൗസില്‍ വികാരനിര്‍ഭരവും പ്രൗഢവുമായ സ്വീകരണമാണ് ലഭിച്ചത്. വിദ്യാര്‍ത്ഥികളും കേരള ഹൗസ് ജീവനക്കാരും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് പുതിയ മുഖ്യമന്ത്രിയെ വരവേറ്റത്.
ഡല്‍ഹിയില്‍ തുടരുന്ന സതീശന്‍ ഇന്ന് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചകളില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ മാര്‍ഗ്ഗരേഖ തയ്യാറാകും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കും വന്‍ ചരടുവലികളാണ് നടക്കുന്നത്. മന്ത്രിയായ ഒ.ജെ. ജനീഷിന് പകരം കെ.സി. വേണുഗോപാല്‍ വിഭാഗത്തിനും വി.ഡി. സതീശന്‍ വിഭാഗത്തിനും താല്പര്യമുള്ള യുവനേതാക്കളെ തിരുകിക്കയറ്റാന്‍ അണിയറയില്‍ മത്സരമുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ തനിക്കുണ്ടായ മേല്‍ക്കൈ സംഘടനയിലും നിലനിര്‍ത്താനാണ് മുഖ്യമന്ത്രി സതീശന്റെ നീക്കം.
സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പൂര്‍ണ്ണമായി മാറിമറിഞ്ഞ സാഹചര്യത്തില്‍ ഹൈക്കമാണ്ടിന്റെ പ്രഖ്യാപനം എന്തായിരിക്കുമെന്നത് അണികളിലും വലിയ ആകാംക്ഷയാണ് ഉണ്ടാക്കുന്നത്. വരും ദിവസങ്ങളില്‍ തന്നെ ഡല്‍ഹിയില്‍ നിന്നും കെപിസിസി, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും. ആഭ്യന്തരവകുപ്പ് കൈയാളുന്ന രമേശ് ചെന്നിത്തലയും കേന്ദ്രത്തില്‍ സ്വാധീനമുള്ള കെ.സി. വേണുഗോപാലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത പക്ഷം പുനഃസംഘടന വീണ്ടും നീണ്ടുപോകാനും സാധ്യതയുണ്ട്. ഭരണത്തില്‍ അഴിമതി വിരുദ്ധ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുന്ന യുഡിഎഫ് സര്‍ക്കാരിന് കരുത്തുറ്റ ഒരു സംഘടനാ സംവിധാനം കൂടി ഒപ്പമുണ്ടായാല്‍ മാത്രമേ അടുത്ത അഞ്ച് വര്‍ഷം സുഗമമായി മുന്നോട്ട് പോകാന്‍ കഴിയൂ എന്ന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് നേതൃത്വത്തിന് നന്നായറിയാം.

