ഫ്രാങ്ക്ഫർട്ട് (ജർമ്മനി): ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ജൂലൈ 10 മുതൽ 12 വരെ സംഘടിപ്പിച്ച ത്രിദിന യൂറോപ്യൻ ക്നാനായ യുവജന സംഗമം "തെക്കൻസ് ഓറ"ക്ക് ഉജ്ജ്വല സമാപനം. ജർമ്മനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവക്ക് പുറമെ ഇറ്റലി, നെതർലാൻഡ്സ്, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, UK, USA എന്നിവിടങ്ങളിലും നിന്നുള്ള 140ൽ പരം കെ.സി.വൈ.എൽ പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തു. ജൂലൈ 10-ന് രജിസ്ട്രേഷനും പ്രാർഥനാ കൂട്ടായ്മയോടെയുമാണ് സംഗമത്തിന് തുടക്കമായത്. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിൻറെ സാന്നിധ്യത്തിൽ ആരംഭിച്ച പരിപാടിയിൽ അദ്ദേഹം യുവജനങ്ങളെ ആശീർവദിച്ചു. തുടർന്ന് നടന്ന തുറന്ന സംവാദത്തിൽ യുവജനങ്ങൾ പിതാവിനോട് ചോദ്യങ്ങൾ ചോദിക്കുകയും പിതാവ് അവയ്ക്ക് മറുപടി നൽകുകയും ചെയ്തു. തുടർന്ന് പരസ്പര പരിചയം വളർത്തുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങളും വിനോദപരിപാടികളും സംഘടിപ്പിച്ചു. യുവജനങ്ങളുടെ സംഗീതാവതരണവും ആദ്യദിന പരിപാടികൾക്ക് മാറ്റുകൂട്ടി.
രണ്ടാം ദിനത്തിൽ പുരാതനപ്പാട്ടുകളുടെയും നടവിളിയുടെയും അകമ്പടിയോടെ മാർ മാത്യു മൂലക്കാട്ടിന് സ്വീകരണം നൽകി. തുടർന്ന് മാർ മാത്യു മൂലക്കാട്ട്, കെ.സി.വൈ.എൽ ചാപ്ളിയ്ൻ ഫാ. ബിനോയ് കൂട്ടനാൽ, ഫാ. അനൂപ് ഇലവുങ്കച്ചാലിൽ എന്നിവർ ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു. കെ.സി.വൈ.എൽ പ്രസിഡൻറ് തോബിയാസ് പാറപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം ഉൾക്കൊണ്ട് ദൈവവുമായും സഹജീവികളുമായും യുവജനങ്ങൾ ആത്മബന്ധം വളർത്തിയെടുക്കണമെന്ന് മാർ മൂലക്കാട്ട് പറഞ്ഞു. സഭയിലെ വിശുദ്ധരുടെ ആത്മീയ പ്രഭാവലയമാണ് ഈ യുവജനസംഗമത്തിൻറെ ആശയത്തിലൂടെ പ്രതിഫലിക്കുന്നതെന്നും യുവജനങ്ങളിൽ വിശ്വാസവും കൂട്ടായ്മയും ശക്തിപ്പെടുത്തുകയെന്നതാണ് സംഗമത്തിൻറെ ലക്ഷ്യമെന്നും കെ.സി.വൈ.എൽ ചാപ്ളിയ്ൻ ഫാ. ബിനോയ് കൂട്ടനാൽ പറഞ്ഞു. ഫാ. അനൂപ് ഇലവുങ്കച്ചാലിൽ, കെ.സി.വൈ.എൽ ഡയറക്ടർ ചിഞ്ചു, ഡി.എ.സി.എച്ച് പ്രതിനിധികളായ നദീന (ഓസ്ട്രിയ), ജോയൽ (സ്വിറ്റ്സർലൻഡ്) എന്നിവർ ആശംസകൾ നേർന്നു. ക്നാനായ സമുദായത്തിൻറെ പ്രസക്തിയും സമകാലിക വെല്ലുവിളികളും സംബന്ധിച്ച ചർച്ചകൾക്ക് ബ്രദർ റോബിൻ കൂവപ്പള്ളിയും കെ.സി.വൈ.എൽ അതിരൂപത മുൻ പ്രസിഡൻറ് ലിബിൻ ജോസ് പാറയിലും നേതൃത്വം നൽകി.
അവസാന ദിനത്തിൽ വിവിധ മത്സരങ്ങളുടെയും കലാപരിപാടികളുടെയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്വിറ്റ്സർലൻഡിൽ നിന്നുള്ള ജേക്കബ് മിസ്റ്റർ ക്നാ പട്ടവും പാരിസിൽ ഇൻ്റേൺഷിപ്പ് ചെയ്യുന്ന ടെക്സസിൽ നിന്നുള്ള റെയ്ന കാരക്കാട്ടിൽ മിസ് ക്നാ പട്ടവും നേടി. പങ്കെടുത്ത എല്ലാ യുവജനങ്ങൾക്കും സംഗമത്തിൻറെ സ്മാരകോപഹാരം വിതരണം ചെയ്തു. മൂന്നു ദിവസങ്ങളിലായി നടന്ന ആത്മീയ, സാംസ്കാരിക, നേതൃത്വപരമായ പരിപാടികൾ യൂറോപ്പിലെ ക്നാനായ യുവജനങ്ങൾക്കിടയിലെ വിശ്വാസവും കൂട്ടായ്മയും കൂടുതൽ ദൃഢമാക്കിയതായി സംഘാടകർ അറിയിച്ചു. ജർമ്മൻ കെ.സി.വൈ.എൽ കേന്ദ്ര-ദേശീയ ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു സംഗമത്തിൻറെ നടത്തിപ്പ്.





