ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന കുറ്റാരോപിതരായ വ്യക്തികളുടെ പേരുകൾ വെളിപ്പെടുത്താൻ നടി ശ്വേത മേനോനെ വെല്ലുവിളിച്ച് മാലാ പാർവതി. പേരുകൾ വ്യക്തമാക്കേണ്ട ഉത്തരവാദിത്തം ശ്വേതയ്ക്കുണ്ടെന്നും, അല്ലാത്തപക്ഷം സമൂഹത്തിൽ അനാവശ്യ സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇത് വഴിവെക്കുമെന്നും മാലാ പാർവതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന പവർ ഗ്രൂപ്പിനെതിരെയാണ് തന്റെ പോരാട്ടമെന്നും കുറ്റാരോപിതർ സംഘടനയുടെ തലപ്പത്ത് വരില്ലെന്നും ശ്വേത മേനോൻ പ്രസ്താവിച്ചതിന് പിന്നാലെയാണ് മാലാ പാർവതി രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടുകയും അതേസമയം ‘അമ്മ’യുടെ നേതൃത്വത്തിലേക്ക് വരാൻ ശ്രമിക്കുകയും ചെയ്യുന്ന ആ വ്യക്തികൾ ആരാണെന്ന് വ്യക്തമാക്കണമെന്ന് മാലാ പാർവതി ചോദിച്ചു. ശ്വേത ഉദ്ദേശിച്ച വ്യക്തികൾ ആരാണെന്ന് തുറന്നുപറയണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനോടാണ് തന്റെ യുദ്ധമെന്നും താൻ ഉള്ളിടത്തോളം കുറ്റാരോപിതർ ‘അമ്മ’യുടെ തലപ്പത്ത് വരില്ലെന്നുമായിരുന്നു ശ്വേത മേനോൻ മുൻപ് അവകാശപ്പെട്ടത്. സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതർ തന്നെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിച്ചുവെന്നും ഇരകൾക്കൊപ്പമുള്ള തന്റെ പോരാട്ടം മാധ്യമശ്രദ്ധയ്ക്കോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയല്ലെന്നും ശ്വേത വ്യക്തമാക്കിയിരുന്നു.

