“ഞങ്ങളോട് ക്ഷമിക്കണം… പോകാനുള്ള സമയമായി…”
കണ്ണീരോടെ ഹരീഷ് റാണയ്ക്ക് വിട നൽകി കുടുംബവും സുഹൃത്തുക്കളും. രാജ്യത്ത് നിഷ്ക്രിയ ദയാവധത്തിന് അനുമതി ലഭിച്ച ആദ്യ സംഭവമായി ഈ വിടവാങ്ങൽ ചരിത്രത്തിൽ രേഖപ്പെടുന്നു.
പഞ്ചാബ് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണയ്ക്ക് 2013-ലാണ് ദുരന്തകരമായ അപകടം സംഭവിക്കുന്നത്. കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് വീണതോടെ തലച്ചോറിന് ഗുരുതരമായ പരിക്കേറ്റു. അതിനുശേഷം നീണ്ട 13 വർഷം ഹരീഷ് കോമയിലായിരുന്നു.
ശ്വാസം നിലനിർത്താൻ ട്രാക്കിയോസ്റ്റമി ട്യൂബും ഭക്ഷണം നൽകാൻ ഗ്യാസ്ട്രോജെജുനോസ്റ്റമി ട്യൂബും ആശ്രയിച്ചായിരുന്നു ദിവസങ്ങൾ കടന്നുപോയത്. പ്രതീക്ഷകൾ ഒട്ടേറെ ഉണ്ടായിരുന്നെങ്കിലും വർഷങ്ങൾ കടന്നുപോകുമ്പോൾ ചികിത്സാ സംവിധാനങ്ങൾ പോലും പ്രതീക്ഷകൾ കൈവിടേണ്ടിവന്നു.
അവസാനം വർഷങ്ങളായുള്ള വേദനകൾക്കും കാത്തിരിപ്പിനും ശേഷം ഹരീഷിന്റെ മാതാപിതാക്കൾ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷം കോടതി അനുമതി നൽകുകയായിരുന്നു. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരാൾക്ക് നിഷ്ക്രിയ ദയാവധത്തിന് അനുമതി ലഭിക്കുന്നത്.
ജീവൻ രക്ഷാ ഉപകരണങ്ങൾ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്നതിനായി ഹരീഷിനെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് ഗാന്ധിയാബാദിലെ വീട്ടിൽ ഒരു വിടവാങ്ങൽ ചടങ്ങ് സംഘടിപ്പിച്ചു. അവിടെ നടന്ന നിമിഷങ്ങൾ കണ്ടവർക്ക് കണ്ണീരടക്കാനായില്ല.
“എല്ലാവരോടും ക്ഷമിക്കണം… പോകാനുള്ള സമയമായി” എന്ന് ബ്രഹ്മകുമാരി സഭയിലെ സിസ്റ്റർ ഹരീഷിന്റെ നെറ്റിയിൽ തിലകം ചാർത്തിക്കൊണ്ട് പറഞ്ഞപ്പോൾ, അവിടെ ഉണ്ടായിരുന്നവരുടെ കണ്ണുകളും നിറഞ്ഞു.
തൊട്ടടുത്തിരുന്ന് മകനെ അവസാനമായി നിറഞ്ഞ കണ്ണുകളോടെ നോക്കിക്കൊണ്ടിരുന്ന അമ്മയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
13 വർഷത്തെ നീണ്ട പോരാട്ടത്തിന് ഒടുവിൽ വേദനകളിൽ നിന്ന് മോചിതനായ ഹരീഷ് റാണയ്ക്ക്…
ആദരാഞ്ജലികൾ


