വയനാട് മാനന്തവാടി അപ്പപ്പാറയില്‍ അമ്മയെ കുത്തിക്കൊന്ന് ആണ്‍സുഹൃത്ത് തട്ടിക്കൊണ്ടുപോയ ഒന്‍പതുവയസുകാരിയെ കണ്ടെത്തി. പ്രതിക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടി സുരക്ഷിതയാണ്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് എടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയെ ഒപ്പം താമസിച്ചിരുന്ന ദിലീഷ് ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ പ്രീവണയുടെ മൂത്തമകളായ പതിനാലുകാരിക്കും പരിക്കേറ്റിട്ടുണ്ട്. കഴുത്തിനും ചെവിക്ക് പരിക്കേറ്റ കുട്ടി വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കൊല നടത്തിയ വീടിന് സമീപമുള്ള വനമേഖലയില്‍ നിന്നാണ് കുട്ടിയെയും പ്രതിയെയും കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ തന്നെ പോലീസ് വ്യാപക തിരച്ചില്‍ തുടങ്ങിയിരുന്നു. ഡ്രോണ്‍ പരിശോധന അടക്കം നടത്തി. ഇതിനിടെ പ്രതിയുടെതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണും പുതുപ്പും കണ്ടെത്തി. ഇതോടെയാണ് ഈ മേഖലയില്‍ പരിശോധന ശക്തമാക്കിയത്. നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് പ്രതിയേയും കുട്ടിയേയും കണ്ടെത്തിയത്.
കൊലപാതകം എന്തിനായിരുന്നു എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇരുവരം തമ്മില്‍ തര്‍ക്കം പതിവായിരുന്നു എന്നാണ് വിവരം. വിവാഹമോചിത ആയ ശേഷമാണ് പ്രീവണയ മക്കളോടൊപ്പം ദിലീഷിനൊപ്പം താമസം തുടങ്ങിയത്.

