പിണറായി സർക്കാരിന്റെ കാലത്ത് പാർട്ടിക്ക് ഭരണത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്.
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയനിൽ മാത്രം കേന്ദ്രീകരിച്ചത് വലിയ തന്ത്രപരമായ പാളിച്ചയായി മാറി. ഇത് എതിരാളികൾക്ക് അദ്ദേഹത്തെ വ്യക്തിപരമായി കടന്നാക്രമിക്കാൻ അവസരമൊരുക്കിയെന്നും കോൺഗ്രസിനെതിരെ ശക്തമായ തിരിച്ചടി നൽകാൻ പാർട്ടിയെ അപ്രാപ്തമാക്കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, കെ.കെ. ശൈലജയുടെ മണ്ഡലം മാറ്റിയത് പൊതുജനങ്ങളിൽ തെറ്റായ സന്ദേശം നൽകിയെന്നും ഇത് പാർട്ടിക്കെതിരായ പ്രചാരണങ്ങൾക്ക് ആയുധമായെന്നും ചൂണ്ടിക്കാണിക്കുന്നു.
പാർട്ടിയും സർക്കാരും തമ്മിൽ കൃത്യമായ ഏകോപനം ഉണ്ടായിരുന്നില്ലെന്നും, മന്ത്രിമാർ പൊതുപ്രവർത്തകരിൽ നിന്നും സാധാരണക്കാരായ അണികളിൽ നിന്നും അകന്നുപോയെന്നും റിപ്പോർട്ടിൽ രൂക്ഷമായ വിമർശനമുണ്ട്. ചില നേതാക്കളുടെ ആഡംബര ജീവിതശൈലിയും ജനങ്ങളുടെ ഇടയിൽ പാർട്ടിയ്ക്ക് തിരിച്ചടിയായി. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിച്ചെന്ന മുൻ അവകാശവാദത്തെ കേന്ദ്ര കമ്മിറ്റി തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.
ലെനിന്റെയും പി. കൃഷ്ണപിള്ളയുടെയും ആശയങ്ങൾ ഉദ്ധരിച്ചുകൊണ്ട്, തെറ്റുകൾ തുറന്നുപറയാനും തിരുത്തലുകൾ വരുത്താനും സംസ്ഥാന നേതൃത്വം തയ്യാറാകണമെന്ന് റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു. യുവജന സംഘടനകൾക്ക് ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിൽ വീഴ്ച പറ്റിയെന്നും, സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജില്ലാ കമ്മറ്റികൾക്ക് സംഭവിച്ച പിഴവുകളുടെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

