ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ കേരളത്തിന്റെ പുത്രൻ, പ്രശസ്ത ക്രിക്കറ്റർ സഞ്ജു സാംസണെക്കുറിച്ച്, തന്റെ ലോകക്കപ്പ് പ്രകടനത്തിന് ശേഷം, അദ്ദേഹത്തിന്റെ അമ്മ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടത്, ഒരു ബൈബിൾ വാക്യമായിരുന്നു. ഇതാണാ വാക്യം. “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” (മത്തായി 21:42). ‘എല്ലാവരാലും തള്ളിക്കളയപ്പെട്ടാലും, ആർക്കും അവഗണിക്കുവാൻ സാധിക്കാത്ത നിലയിൽ, തള്ളിക്കളഞ്ഞവരാൽ തന്നെ ഒരുനാൾ ബഹുമാനിക്കപ്പെടും’ എന്ന അർത്ഥത്തിൽ യേശുക്രിസ്തു പറഞ്ഞ ഈ സുവിശേഷ ഭാഗം പലയിടത്തും പരാമർശിക്കപ്പെടാറുണ്ട്. സഞ്ജുവിന്റെ ദൈവഭക്തിയുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ ആത്മീയ സാന്നിദ്ധ്യവും ഇവിടെ പ്രകടമാണ്.
ഇക്കഴിഞ്ഞ T20 ലോകകപ്പിൽ, ക്വാർട്ടർ ഫൈനലിൽ സഞ്ജു തന്റെ അവിസ്മരണീയ പ്രകടനത്തിലൂടെ ഇന്ത്യയെ വിജയപാതയിലെത്തിച്ചതിനു ശേഷം, പെട്ടെന്ന് താൻ തന്റെ ബാറ്റും ഹെൽമെറ്റുമൊക്കെ താഴെയിട്ടിട്ട് മുട്ടുകുത്തി സ്വർഗ്ഗത്തിലേക്ക് നോക്കി കൈമലർത്തി കുരിശുവരച്ചത് ലോകം മുഴുവൻ കാണുകയുണ്ടായി. ആ ഒരൊറ്റ ദൃശ്യം സഞ്ജുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട് അനേക ലക്ഷങ്ങൾ ഇനിയും കണ്ടുകൊണ്ടിരിക്കും എന്നതിന് സംശയമില്ല.
വിജയിച്ചപ്പോൾ പെട്ടെന്നുള്ള തന്റെ പ്രതികരണമാണ് എന്നെ അതിശയിപ്പിച്ചത്. മാതാപിതാക്കൾ തന്നിൽ വിതച്ച വിത്ത് തക്ക സമയത്ത് ഫലം കണ്ടു എന്നതിന് സംശയമില്ല. വിജയിക്കുമ്പോൾ ചില താരങ്ങൾ മൈതാനത്തെ ചുംബിക്കാറുണ്ട്, ചിലർ ബാറ്റിനെ ആശ്ലേഷിക്കാറുണ്ട്, മറ്റു ചില താരങ്ങൾ ബാറ്റ് ആകാശത്തേക്ക് ഉയർത്താറുണ്ട്. എന്നാൽ ഇവിടെ കണ്ടത് ഒരു സമ്പൂർണ്ണ സമർപ്പണമായിരുന്നു. ശൂന്യമാക്കിയ കൈകൾ എബ്രായ പാരമ്പര്യത്തിലെ കീഴടങ്ങലിന്റെയും സമ്പൂർണ്ണ ദൈവാശ്രയത്തിന്റെയും അടയാളമാണ്. കുരിശു വരയ്ക്കുന്നതിലൂടെ പ്രകടമാകുന്നത് അന്തിമ രക്ഷ അല്ലെങ്കിൽ വിജയം ക്രിസ്തുവിലൂടെ മാത്രം എന്നതിന്റെ തെളിവാണ്.
ഇതിനോട് ചേർത്ത് എന്റെ മകളുടെ ഒരു അനുഭവം കൂടിപറഞ്ഞു നിർത്താം. അവൾക്ക് 24 വയസ്സുണ്ട്. അവളുടെ പല്ലിന്റെ റൂട്ട്-കനാൽ ചെയ്യാൻ വേണ്ടി ഡെന്റിസ്റ്റിന്റെ അടുത്ത് പോയതാണ്. ഡെന്റിസ്റ്റ് ചികിത്സാ തുടങ്ങാൻ നേരം അതിന്റെ വേദനയോർത്തു അവൾ ഒരു നിമിഷം കൂടി സമയം നീട്ടി ചോദിച്ചു. എന്നിട്ട് പെട്ടെന്ന് സ്തോത്രം സ്തോത്രം എന്ന് ആവർത്തിച്ച് പറഞ്ഞിട്ട് ഡോക്ടറോട് പറഞ്ഞു, കുഴപ്പമില്ല, തുടർന്ന് ചികിത്സ തുടർന്നോളാൻ!. അവൾ മലയാളത്തിൽ പറഞ്ഞത് ഡോക്ടറിന് മനസ്സിലായില്ല. അതുകൊണ്ട് ഡോക്ടർ ചോദിച്ചു, ‘ഇപ്പോൾ പറഞ്ഞതെന്താണ്?’ മകൾ പറഞ്ഞു, അത് പ്രാർത്ഥിച്ചതാണെന്ന് ! അമേരിക്കയിൽ ജനിച്ചു വളർന്നതുകൊണ്ട് പൊതുവെ അവൾ മലയാളം പറയാറില്ല. എന്നാൽ കൃത്യസമയത്ത് അവളുടെ അധരത്തിൽ നിന്ന് പുറത്തുവന്നത് രക്തത്തിൽ അലിഞ്ഞുകിടന്ന ദൈവാശ്രയത്തിന്റെ വാക്കുകളായിരുന്നു.
വിത്തും വിതയും നന്നായാൽ വിളവ് മോശമാകില്ല!
“യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ.” (സങ്കീർത്തനം 71:5)

തോമസ് മുല്ലയ്ക്കൽ

