ഐക്യകേരളം രൂപീകൃതമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2031-ഓടെ ലോകം ഉറ്റുനോക്കുന്ന ഇടമായി കേരളത്തെ മാറ്റിത്തീർക്കുന്നതിനാവശ്യമായ വികസന നയരേഖ രൂപീകരിക്കുന്നതിനായുള്ള 'വിഷൻ 2031' രാജ്യാന്തര കോൺഫറൻസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. വിഖ്യാത പണ്ഡിതരായ അമർത്യാ സെൻ, റോമില ഥാപ്പർ, പാലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷവേഷ്, ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മിറ്റിയംഗം അയ്മി ഡിയാസ് നെഗ്രിൻ, മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ, ഡോ. ശകുന്തള ഹരക്സിങ് തിൽസ്റ്റെഡ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150-ലധികം വിദഗ്ദ്ധരും പങ്കുചേരുന്ന ഈ സമ്മേളനം കേരളത്തിന്റെ വികസന മുന്നേറ്റത്തിലെ അടുത്ത ഘട്ടത്തെ വിഭാവനം ചെയ്യുന്നതിനുള്ള വേദിയാണ്. കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുടെ ചിറകിലേറിയാണ് പുതിയ വികസന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളെ കുറിച്ചുള്ള ഗൗരവ ചർച്ചകളിലേക്ക് നാം കടക്കുന്നത്.
.jpg)
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലുണ്ടായ പുരോഗതിയും ഭാവിസാധ്യതകളും ചർച്ച ചെയ്യുന്നതിനായി 14 ജില്ലകളിലായി 34 വിഷയങ്ങളിൽ വിപുലമായ സെമിനാറുകൾ നാം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് 3500-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ കോൺഫറൻസ് നടത്തുന്നത്. വ്യവസായ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തിയും ഐടി മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായി കേരളത്തെ മാറ്റുക എന്നതാണ് നമ്മുടെ ലക്ഷ്യം.
കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് അഭൂതപൂർവ്വമായ മാറ്റങ്ങളാണ് നമ്മുടെ നാട്ടിലുണ്ടായത്. ഈ നേട്ടങ്ങളിൽ ഒതുങ്ങാതെ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ കേരളത്തിന് സാധിക്കേണ്ടതുണ്ട്. സംസ്ഥാനത്തിനാവകാശപ്പെട്ട ഫണ്ടുകളും പദ്ധതി വിഹിതങ്ങളും തടഞ്ഞുവെച്ച് കേന്ദ്രം നമ്മെ വരിഞ്ഞുമുറുക്കുകയാണ്. ഇത്തരം പ്രതിബന്ധങ്ങളെ ഇച്ഛാശക്തി കൊണ്ടും ജനകീയമായ വികസന പദ്ധതികൾ കൊണ്ടും ഒരു പരിധി വരെ മറികടക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു. വെല്ലുവിളികൾ ഇനിയും ഉയരും. ഉൽപ്പാദനക്ഷമവും നീതിയുക്തവുമായ ഒരു നവകേരളത്തെ 2031-ഓടെ യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം.




