ഭഗത് സിംഗ്, വിപ്ലവത്തെ സ്നേഹിച്ച മരണത്തെ വരിച്ചിട്ട് മാർച്ച് 23ന് 95 വർഷം
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഭഗത് സിംഗിനോളം യുവത്വത്തെ സ്വാധീനിച്ച മറ്റൊരു വിപ്ലവകാരിയില്ല. തോക്കിനും ബോംബിനുമപ്പുറം, ചിന്തകൾ കൊണ്ട് സാമ്രാജ്യത്വത്തെ വിറപ്പിച്ച ആ 23-കാരൻ ഇന്നും വിപ്ലവത്തിന്റെ നിത്യപ്രതീകമാണ്.
1907 സെപ്റ്റംബർ 28-ന് പഞ്ചാബിലെ ലയൽപൂർ ജില്ലയിലുള്ള ബംഗാ ഗ്രാമത്തിലാണ് (ഇന്നത്തെ പാകിസ്താൻ) ഭഗത് സിംഗ് ജനിച്ചത്. വിപ്ലവകാരികളുടെ ഒരു കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ദേശസ്നേഹം ജന്മനാ ലഭിച്ചതായിരുന്നു. 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊല ഭഗത് സിംഗിന്റെ മനസ്സിൽ ആഴത്തിലുള്ള മുറിവുകളുണ്ടാക്കി. 12-ാം വയസ്സിൽ ആ ചോരപുരണ്ട മണ്ണ് തൊട്ട് ബ്രിട്ടീഷ് ഭരണത്തെ വേരോടെ പിഴുതെറിയാൻ പ്രതിജ്ഞയെടുത്തു.
ആദ്യകാലത്ത് ഗാന്ധിജിയുടെ അസ്സഹകരണ പ്രസ്ഥാനത്തിൽ വിശ്വസിച്ചിരുന്നെങ്കിലും, ചൗരിചൗരാ സംഭവത്തെത്തുടർന്ന് സമരം പിൻവലിച്ചത് അദ്ദേഹത്തെ സായുധ വിപ്ലവത്തിലേക്ക് നയിച്ചു. അദ്ദേഹം ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനിൽ (HSRA) ചേരുകയും ചന്ദ്രശേഖർ ആസാദ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുമായി ചേർന്ന് വിപ്ലവ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തു.
സൈമൺ കമ്മീഷനെതിരെയുള്ള പ്രതിഷേധത്തിനിടെ ലാലാ ലജ്‌പത് റായിയുടെ മരണത്തിന് കാരണമായ ലാത്തിച്ചാർജിന് ഉത്തരവിട്ട ജെയിംസ് സ്കോട്ടിനെ വധിക്കാൻ ഭഗത് സിംഗും സംഘവും പദ്ധതിയിട്ടു. അബദ്ധവശാൽ അവർ ജോൺ സൗണ്ടേഴ്സ് എന്ന ഓഫീസറെ വധിച്ചു.
കരിനിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ 1929 ഏപ്രിൽ 8-ന് ഭഗത് സിംഗും ബടുകേശ്വർ ദത്തും ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞു. ആരെയും കൊല്ലാനല്ല, മറിച്ച് "ബധിരരായ ഭരണാധികാരികളെ കേൾപ്പിക്കാനാണ്" തങ്ങൾ ഇത് ചെയ്തതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഭഗത് സിംഗ് വെറുമൊരു പോരാളി മാത്രമായിരുന്നില്ല, മറിച്ച് ഒരു മികച്ച വായനക്കാരനും ചിന്തകനുമായിരുന്നു. മാർക്സിസത്തിലും സോഷ്യലിസത്തിലും അദ്ദേഹം വിശ്വസിച്ചു. ജയിലിൽ കഴിയുന്ന സമയത്ത് അദ്ദേഹം എഴുതിയ "ഞാൻ എന്തുകൊണ്ട് ഒരു നിരീശ്വരവാദി ആയി" (Why I am an Atheist) എന്ന പുസ്തകം ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്നു. ജയിലിലെ മോശം സാഹചര്യങ്ങൾക്കെതിരെ അദ്ദേഹം നടത്തിയ 63 ദിവസത്തെ നിരാഹാര സമരം ചരിത്രപ്രധാനമാണ്.
ലാഹോർ ഗൂഢാലോചന കേസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ വധശിക്ഷയ്ക്ക് വിധിച്ചു. 1931 മാർച്ച് 23-ന് വൈകുന്നേരം 7:33-ന് "ഇൻക്വിലാബ് സിന്ദാബാദ്" എന്ന മുദ്രാവാക്യം മുഴക്കി ആ മൂന്ന് പോരാളികൾ ചിരിച്ചുകൊണ്ട് തൂക്കുമരത്തിലേറി.
ഭഗത് സിംഗ് മരിച്ചെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്ത്യയിലെമ്പാടും കാട്ടുതീ പോലെ പടർന്നു. കേവലം 23 വയസ്സിനുള്ളിൽ ലോകം ശ്രദ്ധിക്കുന്ന ഒരു വിപ്ലവകാരിയായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. മരണം കാത്തുനിൽക്കുമ്പോഴും ഭയമില്ലാതെ പുസ്തകം വായിച്ചിരുന്ന ആ ധീരത ഇന്നും ഓരോ ഇന്ത്യക്കാരന്റെയും സിരകളിൽ ആവേശം നിറയ്ക്കുന്നു. വിപ്ലവത്തെ സ്നേഹിച്ചു മരണത്തെ വരിച്ച ധീരയോദ്ധാവ്.


ബെൻസൺ തെങ്ങുംപള്ളിൽ

