ആരോടെങ്കിലും സംസാരിക്കുക അത് എവിടെയൊക്കെയോ കൊണ്ടെത്തിക്കുന്നു നമ്മളെ .
ഇപ്പോൾ എളുപ്പത്തിൽ സാധിക്കാത്തതും , എന്നാൽ ആഗ്രഹിക്കുകയും ചെയ്യുന്നു, മറ്റുള്ളവരുമായി സംസാരിക്കുക ഇഷ്ടമുള്ള വിഷയങ്ങൾ . വിഷയം എന്തും ആകാം പക്ഷെ ഇരുകൂട്ടർക്കും താല്പര്യം ഉള്ള വിഷയം ആയിരിക്കണം എന്ന് മാത്രം .
സെൽ ഫോൺ വിളികൾ മിക്കവാറും ഏകപക്ഷീയവും പലപ്പോഴും വിളിക്കുന്നവരുടെ സ്വാർത്ഥത കാരണം കേട്ടുകൊണ്ടിരിക്കുക മാത്രം . ഇടയ്ക്കെങ്കിലും എതിർപാർട്ടിക്കു പൂർണ്ണമായൊരു വാചകം പൂർത്തിയാക്കുവാൻ പോലുമിവർ സമ്മതിക്കുകയില്ല , എന്ന് മാത്രമല്ല വല്ലപ്പോഴുമൊരു മൂളലോ മുക്കെലോ കേട്ടില്ലെങ്കിൽ ഇവർ പെട്ടെന്ന് സംഭാഷണം നിർത്തിക്കളയും .
നിർഗ്ഗളമായി സംസാരിച്ചു കൊണ്ടിരിക്കുക അത് ചിലർക്ക് മാത്രമേ കഴിയു . വളരെ ചുരുക്കം പേർക്കുമാത്രം . ശശീ തരൂരും ബോബി ജോസ് അച്ചനും ഈ ഗണത്തിൽ .സംസാരം ഒരു ശാപമല്ല, പക്ഷേ അതിൽ കുടുങ്ങിപ്പോകുമ്പോൾ അതൊരു ബന്ധനമായി മാറും. അതിൽ നിന്ന് മോചിതമാകുമ്പോൾ എത്തുന്നത് സ്വതന്ത്രതയുടെ തിരയിലേക്കുള്ള യാത്രയിലേക്കാണ് .
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഡാലസ്സിന്റെ ഇനിയും പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്നും ചിക്കാഗോയുടെ സൗഹാർദ വലയത്തിലേക്ക് കുറച്ചു ദിവസങ്ങളിലേക്ക് നടത്തിയ യാത്ര .
പ്രിയപ്പെട്ടവരിൽ ചിലരെങ്കിലും ചോദിച്ചു എഴുത്തു നിർത്തിയോ എന്ന് ?
ആത്മാർത്ഥത ഉണ്ടായിരുന്നിരിക്കാം അല്ലെങ്കിൽ കപടമായ ഒരു ചോദ്യമായിരുന്നു അതെന്നു എന്റെ മനസ്സിൽ തോന്നുക തെറ്റാണോ ?.തിരിച്ചു വന്നപ്പോൾ തോന്നി , ഒന്ന് ശ്രമിച്ചാലോ വീണ്ടും എഴുതിത്തുടങ്ങാൻ . അതെപ്പോഴും അങ്ങിനെയായായിരുന്നു , സംസാരത്തിലൊ , ഇന്റർനെറ്റിലെ ചില വാർത്തകളിലോ എഴുത്തിനു സഹായിക്കാറുള്ള ചിലതൊക്കെ വീണു കിട്ടാറുണ്ട് .
പക്ഷെ ഇനിയും ഒരങ്കത്തിന് ബാല്യമില്ല എന്ന് കരുതി വിഷണ്ണനായി ഇരിക്കുമ്പോഴാണ് ഒന്നുമില്ലെങ്കിലും വാട്സാപ്പിലൂടെ വിരലുകൾ ഒന്നോടിക്കാമെന്നു കരുതിയത് , വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുന്നതുപോലെ , അങ്ങോട്ടുമിങ്ങോട്ടും ഐഫോണിന്റെ മിനുസമുള്ള കണ്ണാടിയിൽ ,
പക്ഷെ ഇവിടെയും കുഴപ്പം . സാധാരണ തള്ള വിരലുകൊണ്ട് ഐഫോണിലൂടെ ടൈപ്പ് ചെയ്യുക ബുദ്ധിമുട്ടാണെണെങ്കിലും സാധിക്കുമായിരുന്നു .
പക്ഷെ ഇപ്പോൾ തള്ളവിരൽ സ്‌ക്രീനിൽ കുത്തിയാൽ , ഉദ്ദേശിച്ച ഫോണ്ടിൽ കൊള്ളാതെ തൊട്ടടുത്ത അക്ഷരത്തിലേക്കു പോകുന്നു . ഐ ക്കു പകരം ഓയിലേക്കും ഡി ക്കു പകരം എഫിലേക്കും ഒക്കെ അങ്ങനെ പോകുന്നു . ഡക്ക് എന്ന് ടൈപ്പ് ചെയ്താൽ തൊട്ടടുത്ത് കിടക്കുന്നു എഫിൽ കൈ വിരൽ മുട്ടിയാൽ എന്താണ് സംഭവിക്കുകയെന്നു പറയേണ്ടല്ലോ .
തള്ള വിരലിന്റെ വണ്ണം അല്പം കൂടിയത് കൊണ്ടാണോ അതോ മനസ്സ് വിചാരിച്ചെടുത്തു വിരൽ എത്താത്തത് കൊണ്ടോ ?
എവിടൊക്കെ വെടിവച്ചാലും ഉണ്ട ചെന്ന് കൊള്ളുന്നത് ലക്ഷ്യ സ്ഥാനത്തല്ലെന്നു ചുരുക്കം .
“ഈ ലേഖനവുമായി ഞാൻ എത്ര ദൂരം പോകുമെന്നു അറിയില്ല. ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ വായനക്കാർ സമ്മതിക്കയുകയോ ഇഷ്ടപ്പെടുകയോ ചെയ്യണമെന്നില്ല . എങ്കിലും, ഞാൻ ഇത് എഴുതിയെന്തെങ്കിലും പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.”
വാട്ട്സ്ആപ്പ് ഗ്രൂപ്പിലൊരാൾ .അയച്ചൊരു സന്ദേശം വായിച്ചു. അതിൽ പറയുന്നത് മറ്റൊരാളുടെ കഥയായിരുന്നു. അല്ലെങ്കിലും എപ്പോഴുമിങ്ങനെയാണല്ലോ സോഷ്യൽ മീഡിയ , മറ്റുള്ളവരുടെ കഥകൾ ഫോർവേഡ് ചെയ്യാൻ തള്ള വിരൽ മാത്രം ചലിപ്പിക്കുക** . കഥ ഇങ്ങനെ :വര്ഷങ്ങള്ക്കു മുൻപ് നഷ്ടപെട്ട ഒരു സ്വർണ്ണവള പിന്നീടൊരിക്കൽ കണ്ടെത്തിയത് ഒരു കാക്ക കൂട്ടിൽ .
എഴുതുവാൻ സബ്ജെക്റ്റുകൾ ഒന്നുമില്ലാതിരുന്ന എന്റെ മനസ്സിൽ പൊട്ടിയത് രണ്ടു ലഡ്ഡുകൾ . അതിങ്ങനെ ആയിരുന്നു:വർഷങ്ങൾക്കു മുൻപ് ചെറുപ്പക്കാരിയായ ഒരു വീട്ടമ്മക്കു ഒരു പൊൻ കങ്കണം നഷ്ടപ്പെട്ടു. മറപ്പുരയിൽ എണ്ണതേച്ചു വിസ്തരിച്ചു ഉച്ചവെയിലിൽ കുളിക്കാൻ കയറിയ അവർ എല്ലാം ഉരിഞ്ഞ കൂട്ടത്തിൽ അറിയാതെ കയ്യിലെ സ്വർണ്ണ വള എണ്ണ മെഴുക്കത്തിൽ ഊരിപ്പോയി പുറത്തേക്കിറങ്ങിയപ്പോൾ . അയലത്തെ ചെത്തുകാരൻ ചന്ദ്രൻ ചെത്താൻ തെങ്ങിൽ കയറാൻ വരുന്നതിനു മുൻപേ കുളിച്ചിറങ്ങാനുള്ള തിടുക്കത്തിലായിരുന്നു അവൾ .വള ഊരിപ്പോയതറിയാതെ കിടക്കമുറിയിൽ ചെന്ന് ഈറൻ മാറുമ്പോഴാണവർ വലതു കൈ തണ്ടയിൽ കിടന്ന വളയവിടെ ഇല്ലെന്നു മനസ്സിലാക്കിയത് .
കഴിഞ്ഞ കന്നി കൊയ്ത്തുകാലത്തു ഭർത്താവല്പം മടിച്ചാണെങ്കിലും വാങ്ങി കൊടുത്ത വള കാണാതെ വന്നപ്പോൾ സ്വർണ്ണം നഷ്ടപെട്ടതിനപ്പുറം അദ്ദേഹം എങ്ങിനെ റിയാക്ട് ചെയ്യുമെന്ന് ഭയപ്പെട്ടു .ഏറെ തിരഞ്ഞിട്ടും കിട്ടാതെപോയപ്പോൾ , ക്രെമേണ അവർ എല്ലാം മറന്നു . വർഷങ്ങൾക്കു ശേഷം, ഇവരുടെ ഒരു അയൽവാസി മറ്റൊരു അയൽവാസിയുടെ സംഭാഷണം കേട്ടപ്പോൾ, എവിടെയോ ഒരു കാക്ക കൂട്ടിൽ ആരോ എന്തോ തിളങ്ങുന്നത് കണ്ടെന്നും, കൗതുകത്താൽ ആളെ തെങ്ങിന്റെ മണ്ടയിൽ കയറ്റി നോക്കിയപ്പോൾ പൊൻ കങ്കണത്തിന്റെ ഒട്ടേറെ തൂണ്ടുകൾ കണ്ടു എന്നും . ഉടനെ തന്നെ അയാൾക്ക് ഓർമ്മവന്നു – വർഷങ്ങൾ മുമ്പ് മറ്റൊരു അയൽവാസി തന്റെ ഭാര്യയുടെ പൊൻ കങ്കണം നഷ്ടപ്പെട്ടതായി പറഞ്ഞിരുന്നത്.
കാക്ക ആയിരിക്കണം അത് എടുത്ത് കൂട്ടിലേക്ക് കൊണ്ടുപോയത്. കാക്ക കൊത്തിവലിച്ചു പല തുണ്ടുകളാക്കി , കൂടുണ്ടാക്കാൻ ഉപയോഗിച്ചിരിക്കാം .
ഒരു പക്ഷെ ആ കാക്കയുടെ കുഞ്ഞുകാക്കകൾ തങ്ങൾ ജനിച്ച തറവാട് സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയെതെന്നു വിചാരിച്ചു അഭിമാനം കൊണ്ടിരിക്കണം നമ്മിലെ ചില ശുംഭന്മാരെ പോലെ .
ഇനി മനസ്സിൽ പൊട്ടിയ രണ്ടാമത്തെ ലഡ്ഡുവിന്റെ കഥ :
ഇങ്ങനെ എന്തോ തന്റെ **കൗമാരപ്രായത്തിൽ സംഭവിച്ചതായി ഓർത്തെടുത്തു . സെൽഫോണും ടാബ്ലെറ്റുകളും ഇല്ലാതിരുന്ന ഗ്രാമഫോണുകളുടെ കാലത്തു നടന്ന ഒരു കഥ .ഓടിട്ട വീടുകളും കക്കൂസുകളും വളരെ ദുർലഭമായുണ്ടായിരുന്ന ഒരു കുട്ടനാടൻ ഗ്രാമത്തിൽ നടന്ന ഒരു സംഭവ കഥ . ഓർക്കുന്നില്ലേ നിങ്ങൾ സ്ലം ഡോഗ് മില്ലിയനൈർ എന്ന ഹോളിവുഡ് ഇന്ത്യൻ സിനിമ . ആ സിനിമ വഴി ഫേമസ് ആയ കക്കൂസ് , ഉണ്ടായിരുന്നു അന്ന് ഞങ്ങളുടെ കുട്ടനാടൻ തറവാട്ടിലും . കുബേരതയുടെ ഒരലങ്കാരം അന്നൊക്കെ .
തന്റെ വല്യമ്മച്ചി ( അന്നൊക്കെ 50 തു കഴിഞ്ഞ എല്ലാപെണ്ണുങ്ങളും വല്യമ്മച്ചിമാർ ) , അവർ ശൈശവ വിവാഹം കഴിഞ്ഞു , 43 ന്നാം വയസ്സിൽ വിധവ ആയി . ഇപ്പോൾ അൻപത്തിഅഞ്ചു വയസ്സായി , ഇടിഞ്ഞു തൂങ്ങിയ മാറും കനത്ത വട്ട കമ്മൽ കൊണ്ട് തൂങ്ങിയ കാതുകളും അന്നെയവരെ പടു വൃദ്ധയാക്കിയിരുന്നു . ഗോദ്‌റെജ് ഹെയർ കളറും , കോപ്പർ ബ്രായുമൊന്നുമില്ലാതിരുന്ന അന്നത്തെ കാലം പെണ്ണിനെ പെട്ടെന്ന് വൃദ്ധയാക്കിയിരുന്നു .
ഓർമയിൽ ഇന്നും അമ്മച്ചിയുടെ ചെറുതായി ചിരിച്ചു കൊണ്ട് നിൽക്കുന്ന മുഖം .
ആ അമ്മക്ക് പരാതികളോ മോഹഭംഗങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല . ഒരു പക്ഷെ ഉണ്ടായിരുന്നിരിക്കാം പക്ഷെ പ്രകടിപ്പിക്കാനുള്ള തന്റേടമോ സ്വാതന്ത്ര്യമോ ഇല്ലാതെ പോയി . പതിനഞ്ചാം വയസ്സിൽ തുടങ്ങിയ പ്രസവം , 8 മക്കളെ പ്രസവിച്ചെങ്കിലും 6 മക്കൾ മാത്രം ശേഷിച്ചു. ഭർത്താവു മരിക്കുന്നതിന് 10 വര്ഷങ്ങള്ക്കു മുൻപേ ഉണ്ടായവർ തടിമാടമാരായ അഞ്ചു ആണ്മക്കളും ഒരു മകളും .
എന്നിലെ തന്റേടിയായ മനുസ്മ്രിതിയിലെ മനുവിന്റെ ഭാഷയിൽ ഭതൃസുഖം ഒരിക്കലും അനുഭവിക്കാതിരുന്ന പാവം ഒരു സ്ത്രീ ആയിരുന്നിരിക്കണം അവർ . പുരുക്ഷനുമാത്രം *അവകാശമുണ്ടായിരുന്ന രതി സുഖം , ഒരു പക്ഷെ ഇന്നും കൂടെ കിടക്കുന്നവനോട് ചോദിച്ചു വാങ്ങേണ്ടി വരുന്നതും സ്ത്രീക്കു മാത്രം .
വളരെ ചെറുപ്പത്തിലെയുള്ള പ്രസവങ്ങൾ , ഒരിക്കലും കിട്ടാതിരുന്ന പ്രസവരക്ഷകൾ അവരുടെ പല്ലുകളെയെല്ലാം ഇല്ലാതാക്കിയിരുന്നു .
അവർക്കിന്നു മുഴുവൻ വെപ്പ് പല്ലുകൾ . വിശേഷ ദിവസങ്ങളിലും ഭക്ഷണം കഴിക്കുമ്പോഴും മാത്രമേ ആ അമ്മച്ചി വെപ്പ് പല്ലുകൾ ധരിക്കുമായിരുന്നുള്ളു .
എല്ലാദിവസവും രാവിലെ മുടക്കം
കൂടാതെ വെപ്പ് പല്ല് ഉമിക്കരി കൊണ്ട് തേച്ചു ശുദ്ധമാക്കാറുണ്ടായിരുന്നു അവർ. ഇത് അവൻ ദിവസവും കാണാറുള്ളൊരു ശീലമായിരുന്നു.അന്നൊരു ദിവസം, അവർ .വെപ്പ് പല്ല് തേച്ചു വൃത്തിയാക്കിയ ശേഷം അതിനെ പഴയ ഉരലിന്റെ മുകളിൽ വെച്ചുവച്ചു. അടുക്കളമുറിയുടെ തൊട്ടു പിറകിലെ തിണ്ണയിലായിരുന്നു ഉരലിന്റെ സ്ഥാനം .
തിണ്ണയുടെ തൊട്ടടുത്തുള്ള സപ്പോട്ട മരത്തിൽ നിന്നും വീണുകിടന്നിരുന്ന ഒന്ന് രണ്ടു സപ്പോട്ട പഴങ്ങൾ പെറുക്കാനായി അവർ മുൻപോട്ടു നടന്നു .അവൾ തിരിച്ചുവന്നപ്പോൾ വെപ്പ് പല്ല് കാണാനില്ല. പിന്നെ അവിടെ സംഭവിച്ചത് എല്ലാവർക്കും ഒരുപാട് രസകരമായിരുന്നു.പല്ല് (ഡെഞ്ചർ) അഴിച്ചു കഴുകി, വലിയ ഉരകല്ലിനു കല്ലിന് അടുത്തായി വെച്ചു , അതിനെ മുകളിൽ നിന്ന് ഒറ്റകണ്ണിട്ട് നോക്കികൊണ്ടിരുന്ന ഒരു കാക്ക—നമ്മുടെ വീട്ടുവളപ്പിലെ വലിയ തെങ്ങിന്റെ മുകളില്‍ ഇരിക്കുന്നുണ്ടായിരുന്നു .
പാവം കാക്കയ്ക്കു തോന്നിയിരിക്കണം “ഹ്‌മ്മ് , ഈ വെളുത്ത വെളുത്ത കുണ്ണണ്ടം ഏതായാലും നല്ല രുചിയായിരിക്കും . കഴിഞ്ഞ ആഴ്ച്ച പാപ്പി ചോകത്തി ഉണക്കച്ചെമ്മീനും തേങ്ങാപ്പൂളും മുളകും ചേർത്തരച്ച ചമ്മന്തിയുടെ ഒരു സ്കൂപ് കൊത്തിയെടുത്തതാണ് . “ശ്ശൊ “. എന്തൊരു രുചിയായിരുന്നു .ഡെഞ്ചർ കണ്ട കാക്കക്കു തീർച്ചയായും തീർച്ചയായും മനസ്സിൽ തോന്നിയത്: ഈ സൌഭാഗ്യത്തിന്റെ രുചി ഒറ്റതവണയെങ്കിലും നോക്കണം! കുരങ്ങമാരെ പോലെ കാക്കയ്ക്ക് കഴിയില്ല തേങ്ങ തുരന്ന് അകത്തെ കാമ്പ് തിന്നാൻ.
ആ കാക്ക, ഉത്സാഹത്തോടെ ചിറകടിച്ചു പറന്നു വന്നു അരകല്ലിന്റെ അരികിൽ ഇരിക്കുന്ന ആ “വെളുത്ത കുണ്ണണ്ടം ” കൊത്തി പറക്കാൻ . പക്ഷേ, പാവം കാക്കയ്ക്ക് കിട്ടിയത് തേങ്ങാപ്പൂൾ അല്ല പകരം രുചിയൊന്നുമില്ലാത്ത വെളുത്ത സെറാമിക് പല്ല് . ** അടങ്ങാത്ത കൊതിയോടെയും ഒടുങ്ങാത്ത നിരാശയോടെയും കാക്ക അതെടുത്ത് തിരിച്ചു വച്ചത് കൊന്നത്തെങ്ങിന്റെ മണ്ടയിൽ .ഇതെല്ലാം സെക്കന്റുകൾക്കുള്ളിൽ നടക്കുമ്പോള്‍, ആ അമ്മ ട്ടി നിന്നു . അതിശയത്തിലും ലജ്ജയിലും, ഭയത്തിലും . “ഇത് ഇനി എങ്ങനെ പറയും മക്കളോടു , വിലകൂടിയ കൃത്രിമ പല്ല് എങ്ങനെ നഷ്ടപ്പെട്ടു എന്ന് .“കാക്ക എന്റെ പല്ല് കൊണ്ടുപോയെ ” ഈ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടപ്പോൾ , – ഓടിയെത്തി എല്ലാവരും .
അമ്മാമ്മ വിരൽ ചൂണ്ടിയതു മേൽക്കൊമ്പിലേക്കാണ്: “അവിടെയാണെ കാക്ക പോയത്!”
പിറകെ ചുറ്റുപാടുമുള്ള അയൽക്കാരും കുട്ടികളും , തോടിനക്കരെ നിന്നും വെള്ളത്തിൽ ചാടി നീന്തി ഇക്കരെ വന്നു . വിവരമറിഞ്ഞവരെല്ലാം ഓടിയെത്തി , ശബ്ദകോലാഹലങ്ങൾ കേട്ട് പേടിച്ച കാക്ക പറന്നകന്നു , കാക്ക കൂട്ടിലെ കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് കൂടൂതൽ കാകന്മാർ തിരികെ പറന്നു വന്നു മറ്റു തെങ്ങുകളുടെ മണ്ടയിൽ നിലയുറപ്പ്പിച്ചു .
ആകപ്പാടെ യുദ്ധ സമാനമായ ഒരന്തരീക്ഷം . കാ കാ കൂകുന്ന കാക്കകളും , ഉച്ചത്തിലുള്ള മനുഷ്യരുടെ ആക്രോശങ്ങളും .
പിന്നെ ആശങ്ക തുടങ്ങി – “ഇത് ആരാണ് കയറിപ്പോയി തിരിച്ച് എടുത്ത് തരിക? കൃത്രിമ പല്ലിനു അന്നത്തെക്കാലത്തു രണ്ടു പവൻ സ്വർണ്ണത്തേക്കാളും വിലയുണ്ടായിരുന്നിരിക്കണം , പക്ഷെ ഇതിലുമൊക്ക് ഉപരിയായി ഡെഞ്ചർ ഒരു സ്റ്റാറ്റസ് സിംബൽ .
ആര് തെങ്ങിൽ കയറി പല്ലെടുത്തു താഴെ കൊണ്ടുവരും , കൂടിയ ആൾക്കൂട്ടത്തിൽ ചിലരെങ്കിലും കയറാൻ തയ്യാറായിരുന്നിട്ടും , തെങ്ങിന്റെ മണ്ടയിലെ കാക്കകൂടും കുഞ്ഞുങ്ങളും അവർ ഭയപ്പെടുത്തി , തലയിൽ മറ്റു കാക്കകൾ ആഞ്ഞു കൊത്തിയാലോ .
അതിരാവിലെ ആയിരുന്നത് കൊണ്ട് കിടക്കപ്പായിൽ നിന്ന് കിട്ടിയത് വാരിയെടുത്തു ചുറ്റി വന്ന ചില മഹാന്മാർ ഒരു പക്ഷെ അടിവസ്ത്രമൊന്നും ധരിക്കാതിരുന്നതും ഒരു പക്ഷെ തെങ്ങിൽ കയറുന്നതിൽ നിന്നും അവരെ പിന്തിരിപ്പിച്ചിരിക്കാം .
ഇനി മറ്റൊരു കാക്ക തേങ്ങാപൂളെന്നു കരുതി വീണ്ടും കൊത്തിയെടുത്തു പറന്നലോ എന്ന മറ്റൊരു ഭയവും .
അടിമുടി ചിന്തിച്ചശേഷം, എല്ലാവരും ഒരേ ധാരണയിൽ എത്തിയിരുന്നു:
“ കണ്ടൻ കാളി മണ്ണാനേ വിളിക്കണം!.
ആരാണീ മണ്ണാൻ ** തെങ്ങിൽ കയറി തേങ്ങാ വെട്ടിയിറക്കുക കലാകാലങ്ങൾ ആയി തൊഴിലാക്കുന്നവൻ .
ഇവരുടെ ഭാര്യമാർ മണ്ണാത്തിമാർ . പാരമ്പര്യ ജോലി – മറ്റുള്ളവരുടെ മുഷിഞ്ഞ വെച്ച വസ്ത്രങ്ങൾ നദിയിൽ കഴുകി, നീലം മുക്കിയോ മുക്കാതെയോ ഉണക്കി, തേച്ചോ തേക്കാതെയോ തിരിച്ച് എത്തിക്കുക.
താഴ്ന്ന ജാതിക്കാർക്ക് കാലത്തു അന്നൊക്കെ നൽകിയിരുന്ന തൊഴിൽ അധിഷ്ഠിതമായ വിളിപ്പേര് – പക്ഷേ അത് പ്രാദേശിക പ്രാകൃത സംസ്കാരത്തിന്റെ പ്രതീകം!ഞങ്ങളുടെ വീട്ടിലെ വീട്ടുജോലിക്കാരനെ അയച്ചു കണ്ടൻ കാളി മണ്ണാനേ വിളിച്ചു വരുത്തി.
അയാള് വന്നപ്പോൾ അതൊരു ഒന്നൊന്നര *കാഴ്ച! നീളമുള്ള ശരീരം, കനത്ത കൈകാലുകൾ ,ഉറച്ച പേശികൾ – ദിവസേന 250 തെങ്ങുകൾ തളാപ്പിട്ടു കയറി ഇറങ്ങിയതിന്റെ ദൃഢത . അരയിൽ മുറിക്കിയുടുത്ത ലുങ്കിയുടെ മറ്റേ അറ്റം കാലുകൾക്കിടയിലൂടെ പുറകിലേക്ക് വലിച്ചു കയറ്റി മുറുക്കിയിരിക്കുന്നു . അരയിൽ തൂക്കിയിട്ടിരിക്കുന്ന നീളമുള്ള തിളങ്ങുന്ന വാക്കത്തി . അംഗത്തിനിറങ്ങുന്ന തച്ചോളി ഒതേനനെ പെട്ടൊന്നൊരമ്മ വന്നു .
എന്തായാലും ഇദ്ദേഹം തെങ്ങിൽ കയറുമ്പോൾ ഞങ്ങൾ ഒന്നും ചെയ്യാതെ കാണുക മാത്രമാണ് ചെയ്തത്. അത്രയും സുന്ദരമായ കയറൽ! അങ്ങനെ ഒടുവിൽ പല്ല് തിരികെ കിട്ടി!
എങ്കിലും… അതെ, ഞാൻ ആ ദിവസം സ്കൂളിലേക്ക് താമസിച്ചു പോയി. , ഒരു കാക്ക വരുത്തി വച്ച വിന . വെപ്പ് പല്ലിന്റെ ദുഷ്പ്രഭാവം, അത്ര സങ്കടകരവും അതുപോലെ പിന്നീട് കൗതുകവുമായ മറ്റൊരു അനുഭവം ആകുകയായിരുന്നു!
ചുമ്മാ ഒരു പല്ലിനോട് കാക്കയ്ക്ക് തോന്നിയ പ്രണയത്തിന്റെ കഥ അല്ല ഈ കഥ . ഇതൊരു നാടിന്റെ അനുഭവകഥ .
.jpg)
ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ

