PRAVASI

സഹകരണ തട്ടിപ്പുകള്‍ നിര്‍ബാധം തുടരുന്നു; വെങ്ങാനൂര്‍ ബാങ്കില്‍ കോടികളുടെ പണാപഹരണം

Blog Image

സംസ്ഥാനത്തെ സഹകരണ ബാങ്ക് തട്ടിപ്പുകള്‍ ഇനിയും അവസാനിക്കുന്നില്ല. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ കോ- ഓപ്പറേറ്റീവ് റൂറല്‍ ഡെവലപ്‌മെന്റ് സഹകരണ ബാങ്കില്‍ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് കോടികളുടെ തട്ടിപ്പ് നടത്തിയതായി സഹകരണ സംഘം ഓഡിറ്റര്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് കോവളം പോലിസ് കേസെടുത്ത് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മാനേജര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥരുള്‍പ്പടെ 25 പേര്‍ക്കെതിരെയാണ് കേസ്. 2016-17 വര്‍ഷത്തെ ഓഡിറ്റില്‍ മാത്രം ഒരു കോടി 33 ലക്ഷത്തിന്റെ തട്ടിപ്പ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

കോവളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് പ്രധാന പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ക്രമക്കേടുകളെക്കുറിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരള സഹകരണ സംഘം ഗ്രൂപ്പ് കണ്‍കറന്റ് ഓഡിറ്റ് വിഭാഗം വെങ്ങാനൂര്‍ ബാങ്കില്‍ പരിശോധന നടത്തിയത്. പ്രസിഡന്റ് സതീഷ് കുമാര്‍, വൈസ് പ്രസിഡന്റ് സാജന്‍ എന്നിവരുള്‍പ്പെടുന്ന ഭരണ സമിതിക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ബിനാമി പേരുകളില്‍ ലോണ്‍ എടുത്തും, അനധികൃത പണമിടപാടുകള്‍ നടത്തിയും ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷത്തി നാല്‍പ്പത്തിയൊന്‍പതിനായിരം രുപ അപഹരിച്ചെടുത്തുവെന്നാണ് ഓഡിറ്റര്‍ കെ എസ് രതീഷ് കുമാര്‍ കണ്ടെത്തിയത്.

സംഘത്തില്‍ നിക്ഷേപിച്ച സ്ഥിര നിക്ഷേപ – സേവിംഗ്‌സ് തുകകള്‍ പ്രസിഡന്റും കൂട്ടരും ചേര്‍ന്ന് കള്ളപ്പേരിലും മറ്റും നിരന്തരം തട്ടിച്ചെടുത്തുവെന്നാണ് ഓഡിറ്റര്‍ കണ്ടെത്തിയത്. കേവലം ഒരു വര്‍ഷത്തെ ഓഡിറ്റില്‍ മാത്രം ഇത്ര വലിയ തുകയുടെ തിരിമറി കണ്ടെത്തിയ സാഹചര്യത്തില്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതിനേക്കാള്‍ വലിയ തട്ടിപ്പ് നടന്നിട്ടുണ്ടാവു മെന്നാണ് നിക്ഷേപകര്‍ കരുതുന്നത്. ഗ്രാമീണരായ നാട്ടുകാരുടെ ജീവിത സമ്പാദ്യമാണ് ഭരണസമിതിക്കാരും ജീവനക്കാരും ചേര്‍ന്ന് തട്ടിച്ചെടുത്തത്.
സേവിംഗ്‌സ് നിക്ഷേപ പദ്ധതിയിലേക്ക് ചെക്ക് മുഖേന തുകകള്‍ നാള്‍വഴിയിലും വ്യക്തിഗതി രജിസ്റ്ററിലും വ്യാജ രേഖപ്പെടുത്തലുകള്‍ നടത്തിയാണ് പണം തട്ടിച്ചെടുത്തിരുന്നത്. ഭരണ സമിതിക്കാര്‍ തട്ടിപ്പ് തിരിച്ചറിഞ്ഞ ജീവനക്കാരും അവരുടേതായ വിധത്തില്‍ നിക്ഷേപതുകകള്‍ അടിച്ചു മാറ്റുകയും വ്യാജ പേരുകളില്‍ വായ്പ തരപ്പെടുത്തുകയുമായിരുന്നു. ബാങ്കിലെ അറ്റന്‍ഡര്‍മാര്‍ പോലും നിക്ഷേപത്തുക അടിച്ചുമാറ്റിയിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്. 2017- 18 മുതല്‍ 2023- 24 വരെയുള്ള വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ തട്ടിപ്പിന്റെ വ്യാപ്തി ഭയാനകമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലവധി അവസാനിച്ച തുകകള്‍ക്കായി നിക്ഷേപകര്‍ ബാങ്കിന്റെ തിണ്ണ തിരങ്ങുകയാണ്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.