തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത രാഷ്ട്രീയ-നിയമപരമായ ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ രംഗത്ത്. മൈക്രോഫിനാൻസ് തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ നിന്നും ശിക്ഷാനടപടികളിൽ നിന്നും രക്ഷപ്പെടാൻ വെള്ളാപ്പള്ളി നടേശൻ സംസ്ഥാനത്തെ പിണറായി വിജയൻ സർക്കാരിനെയും ബിജെപി നേതൃത്വത്തെയും ഒരേസമയം സ്വാധീനിച്ചെന്ന് സുധീരൻ ആരോപിച്ചു. മൈക്രോഫിനാൻസ് കേസിന് പിന്നിൽ സുധീരനാണെന്ന വെള്ളാപ്പള്ളിയുടെ ആവർത്തിച്ചുള്ള പ്രസ്താവനകളെ അദ്ദേഹം പൂർണ്ണമായും തള്ളി.
വി.എസ്. അച്യുതാനന്ദൻ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ കേസിൽ അന്വേഷണം ആരംഭിച്ചതെന്ന് സുധീരൻ വ്യക്തമാക്കി. നിലവിൽ അട്ടിമറിക്കപ്പെടുകയോ തളർന്നുപോവുകയോ ചെയ്ത ഈ കേസന്വേഷണം അടിയന്തിരമായി ഊർജ്ജിതമാക്കി മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കെതിരെയുള്ള നിയമനടപടികൾക്ക് തടയിടാൻ വെള്ളാപ്പള്ളി നടേശൻ രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്യുകയാണെന്ന് സുധീരൻ കുറ്റപ്പെടുത്തി. തന്റെ പേരിൽ വരുന്ന നിയമനടപടികൾക്കും ശിക്ഷകൾക്കും തടയിടാനാണ് വെള്ളാപ്പള്ളി നിരന്തരം ശ്രമിക്കുന്നത്. ഇതിനായി ഒരു വശത്ത് മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും മറുവശത്ത് ബിജെപി നേതൃത്വത്തെയും അദ്ദേഹം ഒരേസമയം ‘മനോഹരമായി’ കൈകാര്യം ചെയ്തു. ഇരു ഭരണകൂടങ്ങളെയും സ്വാധീനിച്ച് സ്വന്തം കുറ്റകൃത്യങ്ങൾക്ക് രാഷ്ട്രീയ പരിരക്ഷ ഉറപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത് സുധീരൻ പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ഉദാത്തമായ ആദർശങ്ങൾ സമൂഹത്തിൽ നടപ്പിലാക്കാൻ ബാധ്യസ്ഥമായ ഒരു വലിയ പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് വെള്ളാപ്പള്ളി ഗുരുവിനോട് കടുത്ത നിന്ദയാണ് കാണിക്കുന്നതെന്ന് സുധീരൻ വിമർശിച്ചു. ഗുരുവിന്റെ ആശയങ്ങൾക്ക് തീർത്തും വിരുദ്ധമായാണ് അദ്ദേഹത്തിന്റെ നയങ്ങൾ. രാഷ്ട്രീയ സമൂഹത്തെയും കേരളീയ പൊതുസമൂഹത്തെയും ഗുരുവിന്റെ ആദർശങ്ങളെയും ഒരേപോലെ ഇത്രയധികം കബളിപ്പിക്കുന്ന മറ്റൊരു വ്യക്തിയെ കാണാനാവില്ലെന്ന് അദ്ദേഹം കടുത്ത ഭാഷയിൽ പറഞ്ഞു. തനിക്ക് വെള്ളാപ്പള്ളിയോട് വ്യക്തിപരമായ യാതൊരു വിരോധവുമില്ലെന്നും, എന്നാൽ അദ്ദേഹം തന്റെ പദവി ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങൾക്ക് മറപിടിക്കുന്നതിനോടാണ് തന്റെ ശക്തമായ വിയോജിപ്പെന്നും സുധീരൻ കൂട്ടിച്ചേർത്തു.

