സംസ്ഥാന മന്ത്രിസഭയിൽ അംഗമായ സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട്, കോട്ടയം ഡി.സി.സി ഓഫീസുകൾക്ക് മുന്നിലും തൃശൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സണ്ണി ജോസഫിനെതിരെ പരസ്യമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. മന്ത്രിപദവിയും പാർട്ടി അധ്യക്ഷസ്ഥാനവും ഒരാൾ തന്നെ ഒരേസമയം കൈയാളുന്ന ഇരട്ടപ്പദവി രീതി ശരിയല്ലെന്നും, സംഘടനയെ നയിക്കാൻ മുഴുവൻ സമയവും നീക്കിവെക്കാൻ സാധിക്കുന്ന ഒരു കെ.പി.സി.സി പ്രസിഡന്റ് വരണമെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ ആവശ്യം.
ഭരണകാലയളവിൽ തന്നെ പാർട്ടി സംവിധാനങ്ങളെ സജീവമായി ചലിപ്പിക്കാൻ പ്രാപ്തിയുള്ള പുതിയ നേതൃത്വം വരണമെന്നാണ് ഉയർന്നുവരുന്ന പ്രധാന ആവശ്യം. പരമാവധി 55 വയസ്സിന് താഴെയുള്ള യുവനേതാക്കൾ കെ.പി.സി.സിയുടെ തലപ്പത്തേക്ക് വരണമെന്നാണ് ഫ്ലക്സുകളിലൂടെയും അല്ലാതെയുമുള്ള ആവശ്യം. സംസ്ഥാനത്തുടനീളം ഓടിനടന്ന് സംഘടനയെ താഴേത്തട്ടിൽ മുതൽ കെട്ടിപ്പടുക്കാൻ യുവനേതൃത്വത്തിന് മാത്രമേ സാധിക്കൂ എന്ന് ഇവർ വാദിക്കുന്നു. സംസ്ഥാന മന്ത്രിസഭ രൂപീകരിച്ചപ്പോൾ പുതുമുഖങ്ങൾക്കും യുവാക്കൾക്കും വലിയ പ്രാധാന്യം നൽകിയിരുന്നു. ഇതേ മാതൃക തന്നെ വരാനിരിക്കുന്ന കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനകളിലും കർശനമായി പിന്തുടരണമെന്ന ആലോചനയിലാണ് പാർട്ടിയിലെ വലിയൊരു വിഭാഗം നേതാക്കൾ.

