തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ തനിക്കെതിരെ ഉയർന്നുവന്ന ഭിന്നതകൾക്കും ഫ്ലക്സ് യുദ്ധങ്ങൾക്കും മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് രംഗത്ത്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാൻ താൻ ഏത് സമയത്തും തയ്യാറാണെന്ന് മന്ത്രി വ്യക്തമാക്കി. തനിക്കെതിരെ വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് ആരാണെന്ന് അറിയില്ല.
മന്ത്രിസ്ഥാനവും പാർട്ടി അധ്യക്ഷപദവിയും ഒന്നിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ താൻ നേരത്തെ തന്നെനേതൃത്വത്തെ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്, കോട്ടയം ഡി.സി.സി ഓഫീസുകൾക്ക് മുന്നിലും തൃശൂർ നഗരത്തിലും ‘കോൺഗ്രസ് പ്രവർത്തകർ’ എന്ന പേരിൽ മന്ത്രി സണ്ണി ജോസഫിനെതിരെ ഫ്ലക്സുകൾ ഉയർന്നിരുന്നു. ഒരാൾ തന്നെ ഒരേസമയം രണ്ട് പ്രധാന പദവികൾ വഹിക്കുന്നത് ശരിയല്ലെന്നും സംഘടനയ്ക്കായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു പ്രസിഡന്റാണ് കെ.പി.സി.സിക്ക് ആവശ്യമെന്നുമാണ് ഫ്ലക്സുകളിലെ വാദം. എം.പിമാരും എം.എൽ.എമാരും മന്ത്രിമാരും തങ്ങളുടെ സ്വന്തം മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ എന്നും ബോർഡുകളിൽ കുറിച്ചിട്ടുണ്ടായിരുന്നു.

