PRAVASI

( വഴിവിളക്കുകള്‍-2) ആശാന്‍

Blog Image

ഓട്ടന്‍തുള്ളല്‍ കലാകാരന്മാരിലെ പ്രഗത്ഭന്‍. കലാമണ്ഡലത്തില്‍ സ്കോളര്‍ഷിപ്പോടുകൂടി പഠനം. സംസ്ഥാന സര്‍ക്കാരിന്‍റെ പെന്‍ഷന്‍. നിരവധി ശിഷ്യഗണങ്ങള്‍. തികഞ്ഞ ഒരു കലാകാരന്‍ തന്നെയായിരുന്നു ആശാന്‍!
ഞാന്‍ ഓട്ടന്‍തുള്ളല്‍ പഠിച്ചിട്ടില്ല. അതിനു ശ്രമിച്ചിട്ടുമില്ല. എങ്കിലും അദ്ദേഹം എന്‍റെ ആദ്യ ഔദ്യോഗിക ഗുരുവായി. കിന്‍റര്‍ഗാര്‍ട്ടനുകള്‍ ഇത്രമേല്‍ പ്രചാരത്തില്‍ എത്തുന്നതിനു മുന്‍പ് ആശാന്‍ കളരി എന്നൊരു സംവിധാനം നാട്ടിലുണ്ടായിരുന്നു. അന്യംനിന്നു പൊയ്ക്കൊണ്ടിരുന്ന, ആശാന്‍ കളരിയിലെ ഒരുപക്ഷേ, അവസാന ബാച്ചില്‍പ്പെട്ട ആളാവും ഞാന്‍. എന്‍റെ അനിയത്തി പോലും ആശാന്‍ കളരി കണ്ടിട്ടില്ല. ഒരു വയസ്സിലെ തന്നെ ഡിക്ഷ്ണറിയിലെ ഒട്ടുമിക്ക വാക്കുകളും പറഞ്ഞിരുന്ന എന്നെ (അപ്പച്ചന്‍ എന്നെക്കുറിച്ച് പറഞ്ഞിരുന്നതാണ്) നേരത്തെതന്നെ എഴുത്തുകൂടി പഠിപ്പിക്കാമെന്ന അപ്പച്ചന്‍റെ തീരുമാനമാണ് ആശാനെ എന്‍റെ ആദ്യ ഔദ്യോഗിക ഗുരുവാക്കിയത്.
ആ സമയം കൊണ്ട് നാട്ടിലെ ആശാന്‍ കളരികളെല്ലാം അടച്ചുപൂട്ടിയിരുന്നതുകൊണ്ടും, ആശാന്മാര്‍ ഉപജീവനത്തിനായി മറ്റു തൊഴിലുകളെ ആശ്രയിച്ചു തുടങ്ങിയിരുന്നതുകൊണ്ടും, എന്നെ ആശാന്‍ കളരിയില്‍ അയക്കുക സാധ്യമല്ലായിരുന്നു. അങ്ങനെയാണ് എന്നെ അക്ഷരം പഠിപ്പിക്കാനുള്ള ദൗത്യവുമായി ആശാന്‍ ഞങ്ങളുടെ വീട്ടിലെത്തിയത്. കടുംനീല നിറത്തിലുള്ള "NIVEA'എന്നെഴുതിയ (ആന്‍റിമാര്‍ ആരോ ഉപയോഗിച്ച ക്രീമിന്‍റെ പെട്ടി) ലോഹപ്പാത്രത്തില്‍ എഴുത്തുപഠിക്കാനുള്ള അടിസ്ഥാന അസംസ്കൃത വസ്തുവായ മണല്‍ അപ്പച്ചന്‍ നിറച്ചു തന്നു. പിന്നെയുള്ള കുറച്ചു ദിവസങ്ങള്‍  "NIVEA'-യുടെ ഈ മണല്‍പ്പാത്രവുമായി ഞാന്‍ ആശാനെ വരവേറ്റു. സാമാന്യം വേഗത്തില്‍ തന്നെ ഞാന്‍ അക്ഷരങ്ങള്‍ പഠിച്ചതുകൊണ്ട് ആശാന്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേ  ഞങ്ങളുടെ വീട്ടില്‍ വന്നുള്ളൂ. പിന്നീട് ആശാനെ കാണുമ്പോഴൊക്കെ ഞാന്‍ അപ്പച്ചന്‍റെ നിര്‍ദ്ദേശമനുസരിച്ച് നമസ്തേ എന്നു പറഞ്ഞ് കൈകൂപ്പി ആശാനെ അഭിവാദനം ചെയ്തു. വര്‍ഷങ്ങളോളം തുടര്‍ന്നു ആ പതിവ്,
കുറേയധികം നല്ല കലാകാരന്മാര്‍ക്കുള്ളതുപോലെ ആശാനും ഒരു ബലഹീനത ഉണ്ടായിരുന്നു- മദ്യം. അത് അദ്ദേഹത്തെ ക്രമേണ നശിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. എല്ലാ ദിവസവും പതിവായി ഷാപ്പില്‍ പോയി മൂക്കുമുട്ടെ മദ്യപിച്ച് വഴിയില്‍ കിടക്കുന്ന കാഴ്ച പതിവായി. ആവശ്യത്തിന് സ്റ്റേജ് പരിപാടികളും, ഇടയ്ക്കും മുട്ടിനും ഒക്കെ കിട്ടിയിരുന്ന അവാര്‍ഡുകളും അതിന്‍റെ സമ്മാനത്തുകയും ആശാനെ സ്ഥിരം മദ്യപാനിയാക്കി.
വര്‍ഷങ്ങളോളം തുടര്‍ന്ന ഈ പതിവ് ആശാന്‍റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. തുള്ളല്‍ പരിപാടികളുടെയും ശിഷ്യരുടെയും എണ്ണം നന്നേ കുറഞ്ഞു. മകന്‍ അച്ഛനോളമോ അതിലേറെയോ അറിയപ്പെടുന്ന കലാകാരനായി. ആശാന്‍റെ ശിഷ്യഗണങ്ങള്‍ എല്ലാം മകന്‍റെ പക്കലേക്ക് ചേക്കേറി. ആഹാരം, വസ്ത്രം, മരുന്ന് തുടങ്ങി ആശാന്‍റെ എല്ലാവിധ ആവശ്യങ്ങളും നിറവേറ്റിയിരുന്ന അദ്ദേഹത്തിന്‍റെ വീട്ടുകാര്‍, മദ്യം വാങ്ങാനുള്ള പണം മാത്രം നല്‍കിയില്ല.
മദ്യത്തിന് ആ സമയംകൊണ്ട് അടിമയായിക്കഴിഞ്ഞിരുന്ന ആശാന്‍ ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞ് നാട്ടിലെ ഒരുമാതിരി വീടുകളിലെല്ലാം കയറി പണം കടം വാങ്ങി മദ്യപാനം തുടര്‍ന്നു. പതുക്കെ പതുക്കെ ആശാനെ കാണുമ്പോഴേ ആളുകള്‍ ഒഴിഞ്ഞുമാറിത്തുടങ്ങി. എങ്കിലും ആശാന്‍ പതിവായി ഞങ്ങളുടെ വീട്ടില്‍ വന്നു.  എന്നെ അക്ഷരം പഠിപ്പിച്ചതിന്‍റെ പേരില്‍ സ്ഥിരമായി വീട്ടില്‍നിന്നും പണം വാങ്ങി. ആശാനെ ആ അവസ്ഥയില്‍ കാണുമ്പോഴൊക്കെയും മനസ്സിലൊരു വിങ്ങലായിരുന്നു. ആശാന്‍റെ ആരോഗ്യം ക്രമേണ മോശമായി വന്നു. ഓരോ തവണ കാണുമ്പോഴും, ആശാന്‍ എന്‍റെ പഠനത്തിന്‍റെ വിശദാംശങ്ങള്‍ തിരയും. എല്ലായ്പ്പോഴും അനുഗ്രഹവാക്കുകള്‍ ചൊരിയും. അപ്പോഴേക്കും ആശാന്‍ നാട്ടുകാരുടെയൊക്കെ പരിഹാസപാത്രമായിരുന്നെങ്കിലും എന്‍റെ മനസ്സില്‍ അദ്ദേഹത്തോട് തികഞ്ഞ ബഹുമാനമായിരുന്നു.
പി.ജി. കഴിഞ്ഞയുടനെ കോളജില്‍ അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍, ആശാനെ കാണണം എന്ന് ഉറപ്പിച്ചു. ശമ്പളം കിട്ടി തുടങ്ങിയില്ലെങ്കിലും ജോലി കിട്ടിയതിന്‍റെ സന്തോഷം ആശാനെ അറിയിച്ച് കൈയില്‍ ഏതാനും നോട്ടുകള്‍ വെച്ചുകൊടുത്തു. കുറച്ചുദിവസം ആശാന് കള്ളുഷാപ്പില്‍ കൊടുക്കാന്‍ മാത്രമേ ആ തുക ഉപകാരപ്പെടൂ എന്ന് നന്നായി അറിയാമായിരുന്നെങ്കിലും ചെയ്തതില്‍ കുറ്റബോധം തോന്നിയില്ല. ചില തെറ്റുകള്‍ ചില ശരികളേക്കാള്‍ സ്വാസ്ഥ്യം നല്‍കും!

ആന്‍സി സിറിയക് ഇലക്കാട്ട്

(ആന്‍സി സിറിയക് ഇലക്കാട്ട് (കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക) രചിച്ച്, മഷിക്കൂട്ട് പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച, നാട്ടുവഴിയിലെ വിളക്കുമരങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.