ഇലയമ്മാവന്‍റെ യഥാര്‍ത്ഥ പേര് എനിക്കിപ്പോഴും അറിയില്ല. അറിയണമെന്നു തോന്നിയിട്ടുമില്ല. മാസത്തിലൊരിക്കലെങ്കിലും വീട്ടിലെത്തിയിരുന്ന, കാലിനല്പം വളവുണ്ടായിരുന്ന, വലിയ ചന്ദനക്കുറി തൊട്ട, രണ്ടു ചെവിയിലും പൂവ് തിരുകിയ, കുറിയ, വെളുത്ത മനുഷ്യന്‍. സ്വതസിദ്ധമായ ലാളിത്യവും നിഷ്കളങ്കതയും. അല്പം കേള്‍വിക്കുറവ് ഉണ്ടായിരുന്ന ഇലയമ്മാവന്‍റെ ഓരോ വരവും ഞങ്ങള്‍ കുട്ടികള്‍ ആഘോഷിച്ചിരുന്നു.
സദ്യകള്‍ക്ക് വേണ്ട വാഴയില വെട്ടാന്‍ വന്നിരുന്നത് കൊണ്ടാണ് അമ്മാവന്‍ ഞങ്ങള്‍ക്ക് ഇലയമ്മാവനായത്. വാഴകളാല്‍ സമൃദ്ധമായ ഞങ്ങളുടെ പുരയിടം ഇലയമ്മാവന് പലപ്പോഴും ആവശ്യത്തിലധികം ഇലകള്‍ നല്‍കിയിരുന്നു. വാഴയില വെട്ടിക്കോട്ടെ? എന്ന ചോദ്യത്തോടെയാണ് ഇലയമ്മാവന്‍റെ വരവെങ്കിലും ശേഷം അത് ഒട്ടുപാല്‍, ജാതിക്ക, കുരുമുളക് തുടങ്ങിയ വിഷയങ്ങളിലേക്കും വ്യാപിക്കും. ഓരോ വരവിലും ഇലയമ്മാവന്‍റെ കേള്‍വിശക്തി കുറഞ്ഞുവരികയായിരുന്നു. അതുകൊണ്ടുതന്നെ വീട്ടുകാരണവരായ അപ്പച്ചനും ഇലയമ്മാവനും തമ്മിലുള്ള സംഭാഷണം ഞങ്ങള്‍ക്ക് ചിരിയുടെ ഉത്സവമായിരുന്നു.
"അപ്പോ ജാതിക്കായ്ക്ക് എന്താ വില?" എന്ന അപ്പച്ചന്‍റെ ചോദ്യത്തിന് ഒട്ടുപാല്‍ നാലുകിലോ എന്നോ വാഴകള്‍ക്ക് പലതിനും കേട് ഉണ്ടെന്നോ ഒക്കെയായിരിക്കും ഇലയമ്മാവന്‍റെ മറുപടി. അപ്പച്ചന്‍ ചോദ്യം പല ആവര്‍ത്തി ചോദിച്ചാലും ഉത്തരം മറ്റേതെങ്കിലും വിഷയത്തെ സംബന്ധിച്ച് ആയിരിക്കും. ക്ഷമ നശിച്ചു തുടങ്ങുന്ന അപ്പച്ചന്‍ പരമാവധി ശബ്ദത്തില്‍ ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ പല്ലുകള്‍ പലതും അപ്രത്യക്ഷമായ മോണകാട്ടി, നിറഞ്ഞു ചിരിച്ചുകൊണ്ട് ഇലയമ്മാവന്‍ പറയും.
"ഓ, സാറ് ജാതിക്കായുടെ വിലയാണോ ചോദിച്ചത്?"
ഉടന്‍തന്നെ കൃത്യമായ മറുപടിയും വരും.
ഒട്ടുപാലിനും ജാതിക്കായ്ക്കും കുരുമുളകിനും കാപ്പിക്കുരുവിനുമൊക്കെ കമ്പോള വിലയേക്കാള്‍ താഴ്ന്ന വിലയാണ് ഇലയമ്മാവന്‍ പറഞ്ഞിരുന്നതെങ്കിലും അത് അറിഞ്ഞുകൊണ്ടുതന്നെ അപ്പച്ചന്‍ അവസാനം ഇലയമ്മാവനുമായി കച്ചവടം ഉറപ്പിക്കും.
പിന്നെയാണ് സംഭവബഹുലമായ ചടങ്ങ്. കണ്ണിനു നന്നേ മൂടല്‍ ഉള്ള അപ്പച്ചനും കേള്‍വിക്കുറവുള്ള ഇലയമ്മാവനും കൂടി സാധനങ്ങള്‍ ഓരോന്നായി തൂക്കിനോക്കുന്ന ചടങ്ങ്. വര്‍ക്ക് ഏരിയായില്‍ സൂക്ഷിച്ചിരുന്ന പഴയ ത്രാസും തൂക്കുകട്ടികളും എടുത്തുകൊണ്ടുവന്ന് ഉത്തരത്തിലെ കൊളുത്തില്‍ തൂക്കുന്നത് മുതല്‍ ആരംഭിക്കുന്ന ആ വലിയ പ്രക്രിയ ഞങ്ങള്‍ കൗതുകത്തോടെയാണ് വീക്ഷിച്ചിരുന്നത്. അപ്പച്ചനും ഇലയമ്മാവനുമിടയിലെ പരിഭാഷികളായും, മധ്യസ്ഥരായും പിന്നെയുള്ള സമയം നില്‍ക്കുന്നത് ഞങ്ങള്‍ കുട്ടികളാണ്. ത്രാസിന്‍റെ സൂചി വ്യക്തമായി കാണാന്‍ കഴിയാതിരുന്ന അപ്പച്ചനും അപ്പച്ചന്‍ പറയുന്നതൊന്നും വ്യക്തമായി കേള്‍ക്കാന്‍ കഴിയാതിരുന്ന ഇലയമ്മാവനും ഏറെ പണിപ്പെട്ടാണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നത്. കാല്‍ക്കുലേറ്ററിനെ തോല്‍പ്പിക്കുന്ന കൃത്യതയോടെയും വേഗതയോടെയും കണക്കുകൂട്ടിയിരുന്ന അപ്പച്ചന്‍ ഉടന്‍തന്നെ കച്ചവടം ഉറപ്പിച്ച സാധനങ്ങളുടെ എല്ലാം വില കൂട്ടി പറയും. കാവിമുണ്ടിനടിയിലെ, കളംകളം നിക്കറിന്‍റെ പോക്കറ്റില്‍നിന്ന് ഇലയമ്മാവന്‍ നോട്ടുകളും നാണയത്തുട്ടുകളും എടുത്ത് കണക്കൊപ്പിക്കും. പിന്നെ അപ്പച്ചനോടും ഞങ്ങള്‍ കുട്ടികളോടും ഒക്കെ യാത്രപറഞ്ഞ്, നിറഞ്ഞ ചിരിയോടെ, ഇലക്കെട്ട് തലയില്‍വെച്ചും വലിയ സഞ്ചി തോളില്‍ തൂക്കിയും, വളഞ്ഞ കാലുകള്‍ സൃഷ്ടിക്കുന്ന ഒരു പ്രത്യേക താളത്തോടെ ഇലയമ്മാവന്‍ നടന്നുനീങ്ങും. കേള്‍വിശക്തി തീര്‍ത്തും കുറഞ്ഞതുകൊണ്ടും ആരോഗ്യസ്ഥിതി മോശമായതുകൊണ്ടും ഇലയമ്മാവന്‍റെ വരവിന്‍റെ ഇടവേളകൂടി. പിന്നീടെപ്പോഴോ വന്നപ്പോള്‍ ഇനിയുള്ള വരവ് സംശയമാണെന്ന് പറഞ്ഞാണ് മടങ്ങിയത്. വാഴയിലകളും ജാതിപത്രിയും കുരുമുളകും കാപ്പിക്കുരുവും, വര്‍ക്ക് ഏരിയയിലെ ത്രാസും തൂക്കുകട്ടികളും, അപ്പച്ചനും ഞങ്ങള്‍ കുട്ടികളും ഇലയമ്മാവന്‍റെ അടുത്ത വരവിനെ പ്രതീക്ഷിച്ചെങ്കിലും, തേജസ്സുള്ള ആ കുറിയ മനുഷ്യന്‍, പിന്നീട് ഒരിക്കലും വന്നില്ല.
പാഴ്സല്‍ ആഹാരവും പ്ലാസ്റ്റിക് കവറുകളും കടലാസും ഡിസ്പോസിബിള്‍ ഗ്ലാസും പ്ലേറ്റും കാണുമ്പോള്‍ ആവശ്യമില്ലെങ്കില്‍ കൂടി ഇലയമ്മാവനെ ഓര്‍ക്കും. ഇലയമ്മാവന്‍ പ്രതിനിധാനം ചെയ്ത ഒരു സംസ്കാരത്തെയും! നന്മ നിറഞ്ഞ, പ്രകൃതിയുടെ സംസ്കാരം!
(ആന്‍സി സിറിയക് ഇലക്കാട്ട് (കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക) രചിച്ച്, മഷിക്കൂട്ട് പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച, നാട്ടുവഴിയിലെ വിളക്കുമരങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

ആന്‍സി സിറിയക് ഇലക്കാട്ട്

