PRAVASI

പൊലീസ് കസ്റ്റഡിയിൽ വെച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ വടകര ഡിവൈഎസ്പി ഉമേഷിനെ സസ്‌പെൻഡ് ചെയ്തു

Blog Image

പൊലീസ് കസ്റ്റഡിയിൽ വെച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ വടകര ഡിവൈഎസ്പി ഉമേഷിനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ തന്നെ ഉമേഷ് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവധിയില്‍ പ്രവേശിച്ചിരിന്നു. കോഴിക്കോട്, നാദാപുരം ഡിവൈഎസ്പിക്ക് ആയിരിക്കും പകരം ചുമതല.

ചെർപ്പുളശ്ശേരി സിഐ ആയിരുന്ന ബിനു തോമസ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലാണ് ഉമേഷിനെതിരെ ആദ്യമായി ഗുരുതരമായ ആരോപണം ഉയർന്നത്. 2014ൽ വടക്കാഞ്ചേരി സിഐ ആയിരുന്ന സമയത്ത് അനാശാസ്യ കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ ഉമേഷ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. തുടർന്ന്, നിയമനടപടികളിൽ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയെന്നും ബിനു തോമസിന്റെ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.

ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങൾക്ക് പിന്നാലെ, യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നൽകി. ഡിവൈഎസ്പി ഉമേഷ് തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും, ഒപ്പം പിടിയിലായവരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നും യുവതി മൊഴി നൽകി. യുവതിയെ ടെറസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തിയെന്നും മൊഴിയിൽ പറയുന്നു.

പാലക്കാട് എസ്പി നടത്തിയ അന്വേഷണത്തിൽ ഡിവൈഎസ്പി ഉമേഷിനെതിരെയുള്ള ആരോപണങ്ങൾ സത്യമെന്ന് കണ്ടെത്തി. തുടർന്നാണ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ സസ്‌പെൻഡ് ചെയ്തത്. അതേസമയം, യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

എന്നാൽ, ബിനു തോമസിന്റെ കത്തിൽ പറയുന്ന കാര്യങ്ങൾ 11 വർഷം മുൻപുള്ളതാണെന്നും, അതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഉമേഷ് ആദ്യം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ കേസ് കേരളാ പൊലീസിനുള്ളിൽ വലിയ കോളിളക്കം സൃഷ്ടിക്കുകയും, ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തലത്തിലും നിയമപരമായും ശക്തമായ നടപടികൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.