PRAVASI

സതീശന്‍ കെസിയെ വിരട്ടി; തിരഞ്ഞെടുപ്പിലൂടെ കൊല്ലുക ലക്ഷ്യമെന്നും അന്‍വര്‍

Blog Image

യുഡിഎഫ് പ്രവേശനം തടയുന്നതിന് പിന്നില്‍ പ്രതിപക്ഷ നേതാവെന്ന വിമര്‍ശനവുമായി പിവി അന്‍വര്‍. സതീശന്‍ നിഗൂഢ ലക്ഷ്യവുമായി പ്രവര്‍ത്തിക്കയാണ്. പി.വി.അന്‍വറിനെ ഒതുക്കാനാണോ പിണറായിയെ ഒതുക്കാനാണോ യുഡിഎഫ് ചെയര്‍മാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാകുന്നില്ല. സതീശന്റെ നിഗൂഢ ലക്ഷ്യം അന്വേഷിക്കുകയാണ്. ഏകദേശം എന്താണെന്ന് കിട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പിലൂടെ അന്‍വറി കൊല്ലുകയാണ് ലക്ഷ്യം ആ ചതിക്കുഴിയിലേക്ക് താനില്ലെന്നും അന്‍വര്‍ പറഞ്ഞു.

കെസി വേണുഗോപാലിലാണ് പ്രതീക്ഷ. പികെ കുഞ്ഞാലികുട്ടി കെസിയോട് അന്‍വറിന് സംസാരിക്കണം എന്ന് പറഞ്ഞിരുന്നു. അതിനുവേണ്ടി അഞ്ച് മണി മുതല്‍ രാത്രി എട്ടു മണിവരെ കാത്തിരുന്നു. എന്നാല്‍ ധൃതിയുണ്ടെന്ന് പറഞ്ഞ് കെസി കാണാതെ പോവുകയാണ് ചെയ്തത്. ഇതിനു പിന്നിലും സതീശനാണ്. അന്‍വറുമായി സംസാരിച്ചാല്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന് സതീശന്‍ ഭീഷണിപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നിര്‍ത്തി പറവൂര്‍ക്ക് പോകും എന്ന പറഞ്ഞാണ് സതീശന്‍ വിരട്ടിയത്. തല്‍ക്കാലം ഞാന്‍ നയം വ്യക്തമാക്കുന്നില്ല. പ്രതീക്ഷ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങളിലാണെന്നും അന്‍വര്‍ പറഞ്ഞു.

എന്നാല്‍ അന്‍വറിന്റെ ആരോപണങ്ങളെ ചിരിച്ച് തള്ളുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് അന്‍വറിനോട് ഏറ്റവും എളിമയോടെയും വിനയത്തോടെയും പറഞ്ഞത്. അത് സംഭവിച്ചാല്‍ മുന്നണി തീരുമാനം അപ്പോള്‍ പറയും. തനിക്കെതിരെ പറഞ്ഞതൊന്നും തിരുത്തേണ്ട കാര്യമില്ല. അത് ആവശ്യപ്പെടുന്നുമില്ല. സ്ഥാനാര്‍ത്ഥിക്കെതിരെ പറഞ്ഞ്ത് പിന്‍വലിച്ച് പിന്തുണ പ്രഖ്യാപിക്കണം. ഇക്കാര്യം യുഡിഎഫിലെ എല്ലാ നേതാക്കളുമായി കൂടിയാലോചന നടത്തി എടുത്ത തീരുമാനമാണെന്നും സതീശന്‍ പറഞ്ഞു.

നിലവില്‍ സാധ്യതകളെ പൂര്‍ണ്ണമായും അടയ്ക്കുന്ന പ്രതികരണമാണ് അന്‍വറില്‍ നിന്നുണ്ടായിരിക്കുന്നത്. ഇതോടെ മധ്യസ്ഥതയ്ക്കായി ശ്രമിക്കുന്ന മുസ്ലിം ലീഗും കോണ്‍ഗ്രസിലെ ചില നേതാക്കളും കൂടി പ്രതിരോധത്തിലായിരിക്കുകയാണ്. മുന്നണി ചെയര്‍മാന് നിഗൂഢ ലക്ഷ്യമെന്ന് പറയുന്ന ആളെ എങ്ങനെ സഹകരിപ്പിക്കും എന്ന സതീശന്റെ ചോദ്യത്തിന് ഇക്കൂട്ടര്‍ ഉത്തരം നല്‍കേണ്ടിവരും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.