PRAVASI

" ഉല്ലാസ പൂത്തിരികൾ കണ്ണിലണിഞ്ഞവളെ... ഉൻമാദ തേനലകൾ ചുണ്ടിലണിഞ്ഞവളെ.... രാഗം നീയല്ലെ താളം നീയല്ലെ

Blog Image

"പത്ത് രൂപയുടെ ഒറ്റ ബൾബ് മിന്നി മിന്നി കെട്ടതിനെതുടർന്ന് റീൽ വെട്ടി വെട്ടി പടം ഓടി തുടങ്ങുമ്പോൾ ചേലാമറ്റം നളിനി നീയേറ്ററിൽ കരൻ്റങ്ങ് പോയാൽ.......
.
..കൂവലോടെ ഈ വിളി കേൾക്കാം ...

"എടാ പാഞ്ചാലി....... "

ആരാണ് പാഞ്ചാലിയൊന്നൊന്നും അന്ന് എനിക്കറിയില്ലയെങ്കിലും ഞാനും ആ കളിപേര് വിളിച്ച് കൂവും..

കരൻ്റ് പോയാൽ ശബ്ദവേരിയേഷനോടെ കൂവുന്നത് ആരാണെന്നറിയാത്തെയുള്ള ഇരുട്ടിലെ ആ കൂക്കി വിളിക്ക്, കൂവുന്ന ആർക്കും ഒരു സംതൃപ്തി കിട്ടും.
അത് ഒരു സുഖമുള്ള സംതൃപ്തിയാണ് '

90 കളിലാണ് നളിനി തീയറ്റർ അടച്ചുപൂട്ടിയത്.

എൻ്റെ ഓർമ്മയിൽ ടിക്കറ്റിന് 60 പൈസയിൽ നിന്ന് 75 പൈസയാക്കി പിന്നീട് 1 രൂപയും
1രൂപയിൽ നിന്ന് ഒന്നേകാൽ രൂപയാക്കിയപ്പോഴാണ്
"ഇവിടെ തുടങ്ങുന്നു" എന്ന മോഹൻ ലാൽ സിനിമയോടെ
വല്ലം, ചേലാമറ്റം ഭാഗത്തുള്ളവർ ചാർജ് വർദ്ധനവിനെതിരെ സിനിമ നടസ്സപെടുത്തി തീയേറ്റർ അടച്ചുപൂട്ടിയത്.

സിനിമ കോട്ടയിൽ ആഴ്ചയിൽ ചൊവ്വയും വെള്ളിയും പടം മാറി മാറി വരുമായിരുന്നു. അടച്ചുപൂട്ടലിൻ്റെ അവസാന കാലത്ത് A ക്ലാസ് B ക്ലാസ് തീയേറ്ററുകളുടെ തള്ളിച്ചയോടെ വല്ലത്തിന് സമീപ പ്രദേശമായ ചേലാമറ്റം എന്ന ഗ്രാമപ്രദേശത്തെ സിനിമാകൊട്ടകയിൽ ആളില്ലാതായി തുടങ്ങിയിരുന്നു

ആളുകൾ കയറായായി തുടങിയതോടെ ചൊവ്വാഴ്ചമാറ്റുന്ന പടങ്ങൾ അവസാന കാലത്ത് സാജൻ്റെ സംവിധാനത്തിൽ മംഗ്ലീഷ് ചിത്രങ്ങളായ തുണ്ടു പടങ്ങളായി മാറിയിരുന്നതും കോട്ട അടയ്ക്കാൻ കാരണമായി.

അങ്ങനെ പല പല കാരണങ്ങൾ കൊണ്ട് 90 കളിലെ ആരംഭത്തിൽ നളിനി എന്ന ഓലമേഞ്ഞ സിനിമ കോട്ട എന്നെന്നേക്കുമായി അടച്ചു പൂട്ടി.

ചേലാമറ്റം സ്വദേശി പൗലോസിൻ്റെ കൈയ്യിൽ നിന്ന്
സ്ഥലം വാടകക്കെടുത്ത് എറണാകുളം സ്വദേശി വേണു എന്നയാളാണ് തീയറ്റർ 1980 ൽ തുടങ്ങിയത്.

കമൽ ഹാസൻ ചെറുപ്പത്തിൽ അഭിനയിച്ച കണ്ണും കരളുമായിരുന്നു ആദ്യ പടം.

പടത്തിൻ്റെ വരവറിയിക്കാൻ ജീപ്പിൽ കോളാമ്പി വച്ചു കെട്ടി അനൗൺസ്മെൻ്റ് നടത്തുമ്പോൾ എനിക്ക് ആറു വയസ് പ്രായം. ജീപ്പിൽ വിതരണം ചെയ്യുന്ന നോട്ടീസിനായി വള്ളി നിക്കറിട്ട് പിറകേ ഞാനുൾപെടെയുള്ള കുട്ടികൾ ഓടുന്നത് എൻ്റെ ഓർമ്മയിൽ ചെറുതായുണ്ട്.

വാഹനത്തിൻ്റെ പിറകെ ഓടികിട്ടുന്ന നോട്ടീസ് ഒന്നു പോരാ, ജയൻ്റേയും നസീറിൻ്റേയും ചിത്രങ്ങൾ ബുക്കിൽ വെട്ടിയൊട്ടിക്കാൻ പല നോട്ടീസ് അക്കാലത്ത് ആവശ്യമായിരുന്നു.

സി ക്ലാസ് തീയേറ്ററായ നളിനിയിൽ ശനിയും ഞായറും മാത്രമെ മാറ്റിനി ഉൾപ്പെടെ 3 കളികൾ നടക്കുക.

ബാക്കി ദിവസങ്ങളിൽ തീയേറ്ററിൽ ഫസ്റ്റ് , സെക്കൻ്റ് ക്ലാസുകൾ കളികൾ മാത്രം നടക്കും

തൊടു മുമ്പത്തെ കാലത്തിലെ തറ ടിക്കറ്റിൽ നിന്ന് നളിനി തീയേറ്റർ തുടങ്ങിയത് ബഞ്ചിലേക്കുയർത്തിയായിരുന്നു.

ഞങ്ങൾ കുട്ടികൾക്കൊക്കെ ശനി ഞായർ ദിവസങ്ങളിൽ മാറ്റിനി കാണാനെ കഴിയൂ
ഉച്ചക്കാണ് ഒത്തു പള്ളി പഠനം.
ഓത്തുപള്ളി വിട്ട് ഓടിച്ചെന്ന് ഇൻ്റർവെല്ലിന് പിറകിലെ പൂട്ടിയ വാതിലിന് വിടവിലൂടെ കട്ട് കയറി അടവുകൾ 18 ഉൾപ്പെടെ പകുതി മാത്രമായി കുറെ പടങ്ങളും കണ്ടിട്ടുണ്ട്.

വെയിലത്തുള്ള മാറ്റിനിക്ക് ഓല വിടവിലൂടെ സൂര്യകിരണങ്ങളുടെ തറയിലടിച്ച വട്ടം വട്ടം വരുന്ന വെളിച്ചങ്ങളും, മഴ വന്നാൽ ഓല പൊങ്ങി ഊത്തലടിച്ചും പടം കാണുമ്പോഴും ഒരു സുഗമുള്ള തണുപ്പ് ലഭിക്കുമ്പോൾ ഇന്നത്തെ എ സി ക്ലാസ് തീയറ്റിനപ്പുറത്തെ ഒരു സുഗമുണ്ടായിരുന്നു.

പടയോട്ടം പോലുള്ള സിനിമാസ്കോപ്പ് പടങ്ങൾക്ക് വശങ്ങളിലെ തേക്ക് തൂണിൽ പകുതി ചിത്രം തെളിഞ്ഞു കണ്ടതും ഇന്നും സുഗമുള്ള ഓർമ്മകൾ തന്നെയാണ്.
അവിടെയും "എടാ പാഞ്ചാലി......" വിളിയുയരും.

മാറ്റിനി ഒന്നരയ്ക്ക് തുടങ്ങുമെങ്കിൽ രാശിക്ക കളിച്ചും കട്ടെടുത്ത കോഴിമുട്ടയും കശുവണ്ടി വിറ്റും കിട്ടുന്ന പണം കൂട്ടിവച്ചാണ് 75 പൈസ ഒപ്പിക്കുന്നത്.

പടം തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പ് ദൂരെ നിന്ന് പോലും കോളാമ്പിയിൽ പാട്ടു കേൾക്കാം..

" ഉല്ലാസ പൂത്തിരികൾ കണ്ണിലണിഞ്ഞവളെ...
ഉൻമാദ തേനലകൾ ചുണ്ടിലണിഞ്ഞവളെ....
രാഗം നീയല്ലെ താളം നീയല്ലെ "

"ചാം ചക്ക, ചൂം ചക്ക ചിങ്കിരി ചക്കച്ചാ..
ഒരു മുത്തം മണി മുത്തം
പുളകത്തിൻ സമ്മാനം, വേറേന്ത് വേണം പൊന്നെ....."

"പാവാട വേണം മേലാട വേണം പഞ്ചാര പനം കിളിക്ക് ഉമ്മാൻ്റെ പൊരുളെ....."

ഇത്തരം പാട്ടുകളാണ് കോളാമ്പിയിൽ നിന്ന് സ്ഥിരം കേൾക്കുന്നത്

12.30 ന് തന്നെ ഓടി തീയറ്ററിലെത്തി ക്യൂവിൽ നിൽക്കും. തിക്കി തിരക്കി വലം കൈയ്യിട്ട് ടിക്കെറ്റെടുക്കുമ്പോൾ മരപൊത്തിലെ വശങ്ങളിൽ ഉരസി കൈയ്യൊടിഞ്ഞ വേദന ടിക്കറ്റ് കിട്ടുമ്പോൾ ആശ്വാസം പകരും.

തീയേറ്ററിന് മുമ്പിൽ വൈകീട്ടു തുടങ്ങുന്ന മൊയ്തീൻക്കയുടേയും ചേമുക്കയുടെ ഓംലെറ്റ്,
ടിക്കറ്റ് ഇടിച്ചു വാങ്ങുന്ന കാക്കി നിക്കറിട്ട അലി,
ടിക്കറ്റ് കീറാൻ വാതിലിൽ നിൽക്കുന്ന ജോയി,
പടം തുടങ്ങുമ്പോൾ തീയേറ്ററിൻ്റെ ഒത്ത നടുക്ക് 10 രൂപയുടെ ഒറ്റ ബൾബ് മിന്നി മിന്നി റീൽ വെട്ടി വെട്ടി സ്ക്രീനിൽ
4,3,2,1 എന്ന് വട്ടം കറങ്ങി വരുന്നതും
ശബ്ദമുണ്ടാക്കി പഴയ പങ്ക കറങ്ങാതാകുമ്പോൾ ചാക്കോ വന്ന് ഈറ്റ കൊണ്ട് പങ്ക കറക്കുന്നതും, ഇൻ്റർവെല്ലിന് കപ്പലണ്ടി, കപ്പലണ്ടി എന്ന പരുപരുത്ത ശബ്ദവും ഒരു കുമിളയുടെ നനവാർന്ന സുഗമുള്ള ഓർമ്മകളാണ്.

പടം തുടങ്ങുമ്പോൾ ഇതിൻ്റെ പിന്നിൽ നിന്ന് ആരെങ്കിലും പറയുന്നതാണോ എന്ന സംശയത്തിൽ ഞാൻ ആദ്യം കണ്ട ചിത്രമായ ഏഴാം കടലിനക്കരെ എന്ന ചിത്രത്തിൽ പിന്നിൽ ചെന്ന് നോക്കിയത് ഓർക്കുന്നു.

അഞ്ചു വർഷത്തിന് ശേഷം വേണുവിൽ നിന്ന് ചേലാമറ്റം സ്വദേശിയായ രാജപ്പൻ നായർ കോട്ടക ഏറ്റെടുത്തു. പുരുഷൻ, ഗീതാ കൃഷ്ണൻ എന്നിവരായിരുന്നു ഓപ്പറേറ്റർമാർ, വാടകയും കരൻ്റ് ക്യാഷ് പെൻ്റിംഗ് വന്നതോടെ സ്ഥല ഉടമകളായ പോളും പിന്നീട് മണിയും
തീയേറ്റർ നടത്തിപ്പുകാരായിരുന്നു.

ലൗവിൻ സിങ്കപ്പൂർ എന്ന സിനിമയിൽ ജയൻ ഇടിച്ചിട്ട് എണീറ്റ് തിരിച്ചിടിക്കുന്ന നസീർ
" വീണു കിടക്കുന്നവരെ തല്ലരുതെന്ന് എന്നെ അഛൻ പഠിപ്പിച്ചിട്ടുണ്ട് "
എന്ന ഡയലോഗ് പറഞ്ഞപ്പോൾ
നസീർ ആരാധികയായ പട്ടാണി മൂമ; എണീറ്റ് നിന്ന് തല്ലs അവനെ എന്ന് പറഞ്ഞതും
പടം കഴിഞ്ഞാൽ വെറുതെ ഒരു കൂവലും എല്ലാം എല്ലാം ഓർമ്മയിലെ സുഖമുള്ള നോവുകളാണ്.

ഒരിക്കലും തിരിച്ചു കിട്ടാത്ത സുഗമുള്ള നൊവ്വുകൾ..

ഒരിക്കലും തിരിച്ച് കിട്ടാത്ത മരണമടഞ്ഞ നൊവ്വുകൾ....

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.