മുപ്പത് വർഷക്കാലം കേരളാ എക്സ്പ്രസ്സിൻ്റെ കേരള ഘടകം എഡിറ്റർ ആയിരുന്ന തോമസ് വടക്കേൽ കൈവെച്ച മേഖലകളിലെല്ലാം തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ ജീവിത വഴിയിലൂടെ -
പൂഞ്ഞാര്‍ വടക്കേല്‍ വി.ടി. കുര്യന്‍-കുഞ്ഞുമറിയം ദമ്പതികളുടെ ഏകപുത്രനാണ് തോമസ് വടക്കേല്‍ (ഉമ്മച്ചന്‍). ഭാര്യ : ദീനാമ്മ തോമസ് ( മുൻ അദ്ധ്യാപിക അമലാംബിക കോളേജ് , കോട്ടയം, സെൻ്റ് ജോൺസ് കോളജ് തിരുവല്ല ).മക്കൾ: സിറിൾ തോമസ് വടക്കേൽ ( യു.കെ ) , ജോർജ് കുട്ടി തോമസ് ( യു.കെ ) , അമൃത ബിജു ( രാമങ്കരി , ആലപ്പുഴ ).
മരുമക്കൾ : ബിജു നാല്പതാംകളം ( രാമങ്കരി, ആലപ്പുഴ ), സ്വപ്ന ചാക്കോ ( യു.കെ )
കൊച്ചുമക്കൾ : ഏഞ്ചൽ ബിജു ( എൽ. എൽ. ബി വിദ്യാർത്ഥി ) , ആൻ റോസ് ബിജു ( പ്ലസ് വൺ വിദ്യാർത്ഥിനി ), ഡാനിയേൽ തോമസ് ജോർജ് , ജോയൽ ജെയിംസ് ജോർജ് , ജോഷ്വ തോമസ് ജോർജ് ( മൂവരും യു.കെയിൽ വിദ്യാർത്ഥികൾ )
.png)
തോമസ് വടക്കേൽ
ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തോമസ് വടക്കേൽ തേവര സേക്രഡ് ഹാര്‍ട്ട് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ പഠിച്ച് മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദമെടുത്തു. തുടര്‍ന്നു ദീപിക പത്രാധിപസമിതിയംഗമായി. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ത്ത് സിനിമയെക്കുറിച്ച് ആധികാരികമായി ദീപിക പഠിപ്പിച്ചു. തുടര്‍ന്നു നിയമപഠനവും നടത്തി.
പിതൃസഹോദരന്‍ മാത്യു വടക്കേലിന്‍റെ പ്രചോദനമുള്‍ക്കൊണ്ടും പ്രേരണകൊണ്ടും ഉമ്മച്ചന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ സാഹിത്യരചന ആരംഭിച്ചു. 23 വയസ്സിനിടയില്‍ ഇരുന്നൂറിലേറെ ചെറുകഥകള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറണാകുളം മഹാരാജാസ് കോളജില്‍ പഠിക്കുമ്പോള്‍തന്നെ ദീപിക പത്രത്തിന്‍റെ ചലച്ചിത്ര നിരൂപകനായി. ദീപികയില്‍ ജോലിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ഫിലിം പേജിന്‍റെ ചുമതല കൂടി ഏറ്റെടുത്തു.
കുട്ടികളുടെ ദീപികയുടെ എഡിറ്ററാകുന്ന ആദ്യത്തെ അല്മായന്‍ തോമസ് വടക്കേലാണ്. കുട്ടികളുടെ ദീപികയുടെ എഡിറ്റോറിയലായ കൊച്ചേട്ടന്‍റെ കത്ത്, വിമര്‍ശന പംക്തികളായ അമ്മാവന്‍, തങ്കമ്മചേച്ചി എന്നിവയും ഈ കാലയളവില്‍ കൈകാര്യം ചെയ്തിരുന്നു. ദീപികയില്‍ മാത്രം ആയിരത്തിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ രണ്ടായിരത്തിലേറെ നിരൂപണങ്ങളും. സത്യധരന്‍, വിക്ടര്‍, ടീവി എന്നീ തൂലികാ നാമങ്ങളിലും എഴുതി.
ദീപിക വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡണ്ട്, കോട്ടയം പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട്, ജോ. സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.
ചലച്ചിത്ര നിരൂപകരുടെ സംഘടനയായ കേരളാ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ രുപംകൊണ്ടത് തോമസ് വടക്കേലിന്‍റെ നേതൃത്വത്തിലാണ്. ദീര്‍ഘകാലം ഇതിന്‍റെ സാരഥികളിലൊരാളുമായിരുന്നു. ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്താറുള്ള താരനിശയും യേശുദാസിന്‍റെ ഗാനമേളയും 1983-ല്‍ കോട്ടയത്തു നടത്തിയത് തോമസ് വടക്കേല്‍ കണ്‍വീനറായിട്ടാണ്.
ചിത്രകലയിലും പ്രാവീണ്യമുണ്ടായിരുന്ന ഉമ്മച്ചന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ യുവജനോത്സവങ്ങളില്‍ പലവട്ടം സമ്മാനം നേടി. കോളജ് വിദ്യാഭ്യാസത്തിനിടയില്‍ ചെറുകഥ, കവിത, ലേഖനം എന്നിവയില്‍ യൂണിവേഴ്സിറ്റി തലത്തില്‍ ഒട്ടേറെ മത്സരങ്ങളില്‍ ഒന്നാമനായി.
കേരളാ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥിവിഭാഗമായ കെ.എസ്.സി ക്ക് എറണാകുളം മഹാരാജാസ് കോളജില്‍ യൂണീറ്റ് സ്ഥാപിക്കുന്നതിനു നേതൃത്വം നല്‍കി. കേരളാ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു.
എറിക് സെഗാളിന്‍റെ ബെസ്റ്റ് സെല്ലര്‍ നോവലായ "ലൗ സ്റ്റോറി" മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത് "ജെന്നി" എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ഈ നോവലാണ്
'മദനോത്സവം' എന്ന പേരില്‍ സിനിമയായത്. പാലാ കെ.എം. മാത്യു ചീഫ് എഡിറ്ററായി പ്രസിദ്ധീകരിച്ച 101 ബാലകഥകള്‍, 101 മഹാന്മാര്‍ എന്നീ ഗ്രന്ഥങ്ങളുടെ രചനയിലും എഡിറ്റിംഗിലും മുഖ്യപങ്കു വഹിച്ചു.
ചലച്ചിത്രലോകവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. പ്രേംനസീര്‍, പി.ജെ. ആന്‍റണി, അടൂര്‍ഭാസി, വീരന്‍തുടങ്ങിയുള്ള മലയാള നടന്മാരും രാജ് കപൂര്‍, മനോജ് കുമാര്‍ തുടങ്ങിയ ഹിന്ദിയിലെ പ്രഗത്ഭരും പ്രശസ്ത ഗായകനായ മുഹമ്മദ് റാഫിയും തോമസ് വടക്കേലിന്‍റെ സുഹൃത്ത് വലയത്തിലുണ്ടായിരുന്നവരാണ്.
തോമസ് വടക്കേലിനെക്കുറിച്ച് മാത്തുക്കുട്ടി ജെ. കുന്നപ്പള്ളി ഒരു ലേഖനവും ഫാ. ചെറിയാന്‍ കുനിയന്തോടത്ത് രണ്ടു ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇത് 24 വയസ് തികയുന്നതിന് മുമ്പാണ്.
1987-ല്‍ ദീപികയില്‍നിന്നും രാജിവെച്ച് സഖിവാരികയുടെ ചീഫ് എഡിറ്ററായി. തുടര്‍ന്ന് അമേരിക്കയിലെ ചിക്കാഗോയില്‍നിന്നും പ്രസിദ്ധീകരണമാരംഭിച്ച കേരളാ എക്സ്പ്രസ് പത്രത്തിന്‍റെ എഡിറ്ററായി 30 വര്‍ഷം സേവനമനുഷ്ഠിച്ചു.
വടക്കേല്‍ കുടുംബത്തിനിന്നും എം.എ. ബിരുദമെടുക്കുന്ന ആദ്യ വ്യക്തിയാണ് തോമസ് വടക്കേല്‍.
പ്രധാന രചനകള്‍
1. പുഴ ഒഴുകും വഴി (നോവല്‍) ദീപിക വാരാന്തപ്പതിപ്പ്
2. ജെന്നി (നോവല്‍) കുടുംബദീപം
3. ആചാര്യ രജനീഷിനെക്കുറിച്ചുള്ള ലേഖന പരമ്പര (ദീപിക വാരാന്തപ്പതിപ്പ്)
4. മള്‍ട്ടിപ്പിള്‍ മര്‍ഡര്‍ കേസ് (ദീപിക)
5. എന്തെഴുതണം, എങ്ങനെ എഴുതണം (സാഹിത്യ രചന നടത്തുന്നവര്‍ക്കു വേണ്ടിയുള്ള ലേഖന പരമ്പര)
6. എത്രയെത്ര ചുവന്ന തെരുവുകള്‍ (പരമ്പര മംഗളം വാരിക)
7. കഴുതയും ഞാനും അഗ്രഹാരങ്ങളും (ദീപിക)
8. നിരവധി ചെറുകഥകള്‍
9. ആയിരത്തോളം എഡിറ്റോറിയലുകള്‍
10. നിരവധി അഭിമുഖങ്ങള്‍
തോമസ് വടക്കേലിൻ്റെ നിര്യാണത്തിൽ കേരളാ എക്സ്പ്രസ്സ് കുടുംബത്തിൻ്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.

