PRAVASI

തുലുക്കനും ക്രിസ്തുവും

Blog Image

ഇസ്‌ലാം മത വിശ്വാസത്തിൽ നിന്ന് ക്രിസ്‌തീയ വിശ്വാസത്തിലേക്ക് വന്ന ഒരു സുവിശേഷകനെ ഈയടുത്ത കാലത്തു മറ്റൊരാൾ അപഹസിച്ച പദമാണ് "ആ തുലുക്കൻ". ഈ പ്രയോഗം വളരെ ചിന്തനയീമാണ്. ഇതൊരു വ്യക്തിയുടെ കാഴ്ച പ്പാടായോ നിലപാടായോ മാത്രം കാണുന്നത് തീർത്തും ഉപരിപ്ലവം ആണ്. ക്രിസ്തു മാർഗത്തിൻ്റെ മഹത്വത്തിന് നേരേയുള്ള ദുഃഖകരമായ ആക്രമണമാണിത്. ദൈവസഭ മാനവ കുലത്തിൽ എന്ത് മാറ്റമാണ് വരുത്തിയത്?  വരുത്തന്നത്?  ക്രിസ്തുമാർഗം മറ്റൊരു മതമായിട്ടല്ല രൂപപ്പെട്ടത്. അതൊരു പുതുവഴി ആയിരുന്നു.  നവീന മാനവികതയായിരുന്നു.  ലോകത്തിന് അത് പുതിയൊരു നൈതികതയായിരുന്നു  സമ്മാനിച്ചത്.  ജാതിയും മതവും ധനവും അതിര് കെട്ടി മനസുകളെ ചുരുക്കിയപ്പോൾ ജാതിവ്യതാസമില്ലാതെ, ധനവാനും ദരിദ്രനും, പണ്ഡിതനും പാമരനും,  കറുത്തവനും  വെളുത്തവനും, വൈദ്യനും മീൻപിടുത്തക്കാരനും ഒരുമിച്ചു പങ്കിടുന്ന മേശ ഒരു മഹാ വിപ്ലവം ഹൃദയങ്ങളിൽ ഉണ്ടാക്കി. അവർ കർത്തൃമേശയിലൂടെ ക്രൂശിതൻ്റെ സ്നേഹം ഒരുമിച്ചു അനുഭവിക്കുകയായിരുന്നു.  അന്ധ വിശ്വാസങ്ങളും  അനാചാരങ്ങളും മൂലം ഇരുണ്ടു പോയ ജീവിതങ്ങൾ സുവിശേഷത്തിലൂടെ  സ്നേഹത്തിൻ്റെ വെളിച്ചം കണ്ടു. ക്രിസ്തുമാർഗം സ്ഥാപനവത്കരിക്കപ്പെടുകയും  ആത്മീയത മതാത്മകതയായി ശോഷിക്കുകയും ചെയ്തതോടെ മതഭേതങ്ങൾ ദൈവസഭയിൽ നുഴഞ്ഞു കയറി. ഭാരത ക്രൈസ്തവ മനസുകളിൽ ഇന്നും ജാതിചിന്ത വാഴുന്നുണ്ട് എന്നത് പൊള്ളുന്ന സത്യമാണ്. നമ്മുടെ വിവാഹ പരസ്യങ്ങൾ അത് വിളിച്ചു പറയുന്നു. "സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു", "ക്നനായ പെന്തക്കോസ്തു",  "ചേരമർ ക്രിസ്ത്യൻ പെന്തക്കോസ്തു"  ഇങ്ങനെയുള്ള പ്രയോഗങ്ങൾ വായിക്കുമ്പോൾ നമുക്ക് ലജ്ജയോ  ഖേദമോ തോന്നാറില്ല.കാരണം അത് നമുക്ക് സാധാരണവത്കരിക്കപ്പെട്ട ചിന്തകളാണ്.ഗലാത്യ സഭയിലെ വിഭാഗിയതക്കെതിരെ പൗലൊസ്‌ എഴുതി, "യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല,
ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുവിൽ ഒന്നത്രേ"(ഗലാ 3:28). സുവിശേഷത്തിൻ്റെ തിരസ്കരണമാണ് ജാതിചിന്ത. ദൈവസഭയിൽ ജാതിചിന്ത വളർന്നാൽ ക്രൂശിൻ്റെ ശക്തി തുച്ഛികരിക്കപ്പെടും.     തുലുക്കൻ എന്ന് ഒരുവൻ ഉച്ചത്തിൽ പറഞ്ഞുവെങ്കിലും അത് മൃദു സ്വരത്തിൽ ഹൃദയത്തിൽ പേറുന്നവരാണ് പലരും. മറ്റൊരു മതവിഭാഗത്തിൽ നിന്നും വിശ്വാസ മാർഗം സ്വീകരിക്കുന്നവരെ സംശയത്തോടെ വീക്ഷിക്കുകയും അത്തരക്കാരുമായുള്ള വിവാഹ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കാ- തിരിക്കുകയും ചെയ്യുന്നത് നമ്മുടെ സമൂഹത്തിലെ പരസ്യമായ പ്രവണതയാണ്. വിശ്വാസമാർഗം സ്വീകരിച്ച മറ്റൊരു മതസ്ഥനെ പുച്ഛത്തോടെ വീക്ഷിക്കുന്ന ഒരുവന് സുവിശേഷത്തിൻ്റെ മഹത്വമോ, മാനവികതയോ ഒരിക്കലും മനസിലായിട്ടില്ല. അത്തരക്കാർ ക്രിസ്തുമതക്കാർ മാത്രമാണ്. ക്രിസ്തു ആരെന്ന ബോധം അവർക്കില്ലെന്നു മാത്രമല്ല പരീശ ഭക്തിയെന്ന മാരക വിഷവാഹികളാണവർ. ഗാർഡിനെർ സ്പ്രിംഗ് തൻ്റെ Distinguishing Traits of Christian Character എന്ന മഹത്തായ പുസ്തകത്തിൽ  മതത്തിൻ്റെ രൂപം (Form of religion) എന്നൊരു പരാമർശം നടത്തുന്നുണ്ട്. അദ്ദേഹം പറയുന്നു," വേദപുസ്തകത്തിലെ മതത്തിനു ദേഹവും ആത്മാവും ഉണ്ട്. അത് പ്രകടവും യഥാർത്ഥവും ആണ്.അത് രൂപവും ശക്തിയും ധരിച്ചിരിക്കുന്നു.ദൃശ്യമായ ദേഹം, ശക്തിയുടെ ഉറവിടമായ അദൃശ്യമായ ആത്മാവിൽ നിന്ന് വ്യത്യസ്തമാണ്. ഭക്തിയുടെ വേഷം മാത്രം ധരിച്ചവർക്കു അതിൻ്റെ ശക്തി ഉൾക്കൊള്ളാനാവില്ല".  മറ്റു ക്രൈസ്തവ വിഭാഗത്തിൽപെട്ടവരെ പെന്തക്കോസ്തു സംഘത്തിൽ ആക്കുന്നതാണോ നമ്മുടെ സുവിശേഷീകരണം. അങ്ങനെ ആക്കിയാൽപോലും അതിലും നാം വിഭാഗീയത കണ്ടെത്തുന്നു. അക്കൂട്ടത്തിൽ ചിലർ ഏതു വിഭാഗത്തിൽ നിന്ന് വന്നുവോ അത്തരക്കാരുമായി മാത്രം വിവാഹബന്ധം ഉണ്ടാക്കാൻ യത്നിക്കുന്നുവെന്ന് മാത്രമല്ല അതിൽ അഭിമാനിക്കുകയും ചെയ്യുന്നു. ഇത്തരക്കാർക്ക് വീണ്ടും ജനനം എന്ന വാക്കിൻ്റെ അർത്ഥം ആരെങ്കിലും എന്നെങ്കിലും പറഞ്ഞു കൊടുത്തിട്ടുണ്ടോ? യേശുകർത്താവ് എല്ലാ സാമൂഹ്യ മതിൽക്കെട്ടുകളെയും പൊളിച്ചു കളഞ്ഞു. അവിടുന്ന് കുഷ്ട രോഗികളെ തൊട്ടു. ശമര്യക്കാരത്തിയോട് സംസാരിച്ചു. നല്ല ശമര്യാക്കാരൻ്റെ ഉപമ പറഞ്ഞു. ചുങ്കക്കാരോടും പാപികളോടും കൂടെ പന്തിയിൽ ഇരുന്നു. സ്ത്രീകളെ പരസ്യമായി പഠിപ്പിച്ചു. റോമൻ ശതാധിപൻ്റെ ദാസനെ സൗഖ്യമാക്കി. മതത്തിൻ്റെ പേരിൽ നടത്തുന്ന പരിഹാസം ഭാരതീയ ന്യായ സംഹിത സെക്ഷൻ 300 പ്രകാരം ശിക്ഷാർഹമാണെങ്കിലും ഹൈന്ദവ സംസ്കാരത്തിൻ്റെ വിഷ മുള്ളാണ് ജാതി വ്യവസ്ഥ. സുവിശേഷത്തെ ഏതു മാർഗവും ഉപയോഗിച്ച് തടുക്കാൻ മത ശക്തികൾ ശ്രമിക്കുന്നതിൻ്റെ പ്രധാന കാരണം സുവിശേഷം മനുഷ്യനെ ജാതി ബന്ധനത്തിൽ നിന്നും സ്വത്രന്തമാക്കുന്നുവെന്ന ഭീതി മൂലമാണ്. ക്രിസ്തു മതത്തിലും ഇതിൻ്റെ അർബുദ നാമ്പുകൾ ഇന്നും തുടരുന്നു.മേൽജാതിക്കാർ വിശ്വാസികളായി മാറിയാൽ പ്രേത്യക മാന്യത`നാം നല്കി കൊടുക്കാറില്ലേ? മാനസാന്തരം ഒരുവനെ പുതിയ സൃഷ്ടിയാക്കുവെങ്കിൽ നിങ്ങൾ ഏതു സമുദായക്കാരാണ് എന്ന ചോദ്യം ഒരു ക്രിസ്തുഭകതൻ്റെ നാവിൽ നിന്നും ഉയരാമോ?  ഓരോ ക്രൈസ്തവനും തീരുമാനിക്കേണ്ടതുണ്ട്, സംസ്കാരമോ ക്രിസ്തുവോ, പാരമ്പര്യമോ വചനമോ, ജാതിഅഹന്തയോ ക്രൂശിൻ്റെ താഴ്മയോ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന്. എല്ലാവരും പാപികളാണെന്നും, എല്ലാവർക്കും കൃപ ലഭിക്കുമെന്നും എല്ലാവരും ക്രിസ്തുവിൽ ഒന്നാണെന്നും തിരുവെഴുത്തു നമ്മെ പഠിപ്പിച്ചപ്പോൾ, നാമോ ക്രിസ്തുമാർഗ്ഗത്തിലേക്കു ധനത്തിൻ്റെയും ജാതീയാധിപത്യത്തിൻ്റെയും രോഗാണുക്കൾ കുത്തിനിറച്ചു. പ്രാകൃതമായ ലോകവീക്ഷണത്തെ താലോലിക്കുന്ന മറ്റൊരു മതമാക്കി നാം അതിനെ മാറ്റി. ദൈവസഭകൾ ജാതീയ വിഭാഗിയതയിൽ മുറിച്ചു വിറ്റു. ഇതൊക്കെ ഇന്നത്തെ മേലാളന്മാർ നിഷേധിച്ചേക്കാം. പക്ഷെ അവ ചരിത്ര ജ്ഞാപകങ്ങളാണ്. ക്രിസ്തുമാർഗത്തിൻ്റെ മഹത്വകരമായ രജത രേഖ,അത് മനുഷ്യനെ മനുഷ്യനായി കാണുന്നു എന്നതാണെങ്കിൽ ജാതിചിന്തയുടെ വിഴുപ്പു  ഇന്നും അകത്തളങ്ങളിൽ  സൂക്ഷിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നവർ ക്രൂശിതനെ വീണ്ടും മുറിവേൽപ്പിക്കുന്നു. തമിഴ് നാട്ടിലെ തരംഗമ്പാടിയിൽ സുവിശേഷ വേല ചെയ്ത, തമിഴിൽ പുതിയ നിയമം രചിച്ച ബർത്തലോമെയൂസ് സീഗൻ ബാൽഗ്(1678-1719) ഇങ്ങനെ കുറിച്ചിട്ടു, "മേൽജാതി ക്രൈസ്തവർ വേറിട്ട കൂട്ടായ്മകൾ രൂപപ്പെടുത്തുകയും ആത്മീയ സമത്വത്തെ എതിർക്കുകയും ചെയ്തു". വില്യം കേറിയുടെ ജീവചരിത്രത്തിൽ ജെയിംസ് കളറോസ് രേഖപ്പെടുത്തിയത്, " മുൻകാല മിഷനറിമാർ വിശ്വാസികളുടെ സാമൂഹ്യ ജീവിതത്തിലെ ജാതിവ്യവസ്ഥയോട് സഹിഷ്ണത കാണിക്കുക മാത്രമല്ല, കർത്തൃമേശയിലും ഈ വിഭാഗീയത വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ വില്യം കേറിയും അദ്ദേഹത്തിൻ്റെ സഹ പ്രവർത്തകരും തുടക്കത്തിൽത്തന്നെ ഇതിനെ തിരുത്താൻ തീരുമാനമെടുത്തു. കൃഷ്ണപ്രസാദ് എന്ന ബ്രാഹ്മണൻ സ്നാനമെടുത്ത ദിനം  തന്നെ ശൂദ്രനായ കൃഷ്ണുവിനെ കൊണ്ട് പാനപാത്രം പങ്കിട്ടു കൊണ്ട് ക്രിസ്തീയ സാഹോദര്യത്തിൽ ജാതിവ്യവസ്ഥ ഇല്ലെന്ന് അദ്ദേഹം ബോദ്ധ്യപ്പെടുത്തി".  പൂണുൽ ഊരാൻ അദ്ദേഹം ആവശ്യപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്‌. മുന്ന് വർഷത്തിന് ശേഷം കൃഷ്ണപ്രസാദ്‌ സ്വയം അത് ഉപേക്ഷിച്ചു. പുറമെയുള്ള പൂണുൽ സമ്മർദ്ദം കൊണ്ട് മാറ്റിയാലും ഹൃദയത്തിലെ പൂണുൽ സ്വയമല്ലേ മാറ്റുവാൻ കഴിയൂ.2024ൽ പ്രസിദ്ധികരിച്ച  "ക്രിസ്തുവതിൽ ജാതി"(Caste in Christianity) എന്ന ഗവേഷണ സ്വഭാവമുള്ള പുസ്തകത്തിൽ നിവേദിത ലൂയിസ് പറയുന്നത്,  ഭാരത സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ജാതി മനോഭാവം ഭാരതസഭയിലും തുടരുന്നു.   പദവികളിലും ഭരണസമിതികളിലും മേൽജാതി സ്വാധീനം  പ്രകടമാണെന്നു മാത്രമല്ല, വിവാഹബന്ധങ്ങളിലും ജാതി ഒരു പ്രധാന ഘടകമാണ്. മേൽപ്പറഞ്ഞ വിവാഹ പരസ്യ വരികൾ അതിൻ്റെ ബാക്കിപത്രമാണ്.  തന്നെ പിന്തുടരുന്നവരുമായി തനിക്കുള്ള ആത്മബന്ധമാണ് രക്തബന്ധത്തെക്കാൾ പ്രധാനമെന്ന്  യേശുകർത്താവ് വെളിപ്പെടുത്തി,"എൻ്റെ അമ്മ ആർ  എൻ്റെ സഹോദരൻ ആർ എന്ന് ചോദിച്ചു. ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: "ഇതാ, എൻ്റെ അമ്മയും എൻ്റെ സഹോദരന്മാരും" (മത്താ.12:48,49). മനുഷ്യബന്ധങ്ങൾക്ക് നവീന വർണശോഭ ചാലിച്ചെഴുതിയ ഇടമാണ് ക്രൂശു. "ആ ശിഷ്യൻ അവളെ തൻ്റെ വീട്ടിൽ കൈക്കൊണ്ടു" (യോഹ.19:27). ക്രൈസ്തവ മാനവികതയുടെ മഹത്വത്തിൻ്റെ രേഖാചിത്രവുമാണിത്. അതിൻ്റെ പിന്തുടർച്ചയല്ലേ  പണ്ഡിത രമാഭായ് വേശ്യകളുടെ കണ്ണീർ ഒപ്പിയതും  കൽക്കത്തയിലെ തെരുവിൽ മദർ തെരേസ എന്ന വൃദ്ധ ആർക്കും വേണ്ടാത്തവരെ നെഞ്ചോട് ചേർത്തതും. അവർ ക്രിസ്തുവിനെ സ്വന്തം ജീവിതത്തിലൂടെ  ലോകത്തിനു കാട്ടിക്കൊടുത്തു. എന്നാൽ ഇവിടെ ഇതാ ക്രിസ്തുവിനെ അനുഭവിച്ചിട്ടില്ലാത്തവർ, തുലുക്കൻ വിളിയിലൂടെ മറ്റൊരു മതത്തിൽ നിന്നും ക്രിസ്തുമാർഗം സ്വീകരിച്ച എല്ലാവരുടെയും മുഖത്ത് ആഞ്ഞു തുപ്പുകയാണ്. ഇത്തരക്കാർ നസറായന് ഇന്നും ക്രൂശൊരുക്കുന്നു. തന്നെ രൂപാന്തരപ്പെടുത്തിയ യേശുവിനെ ലജ്ജയോ ഭയമോ ഇല്ലാതെ വഴിയോരങ്ങളിൽ നിന്ന് വിളിച്ചു പറയുന്ന ഒരു സുവിശേഷകൻ്റെ ഹൃദയത്തിനേറ്റ മുറിവ് ആർ ഉണക്കും? സഹോദരാ, മാപ്പു ചോദിക്കുന്നു,നിന്നെ വേദനിപ്പിച്ചതിനു....നിൻ്റെ ധീരതയെ മാനിക്കാത്തതിന്.......ക്രിസ്തു തുലുക്കനോടൊപ്പം  നടക്കുമെന്ന് തിരിച്ചറിയാതിരുന്നതിന് .......                                  
       

 പാസ്റ്റർ സേവ്യർ ജെയിംസ്     
                                                                      

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.