PRAVASI

കളക്ടറാവാൻ അച്ഛനും അമ്മയും പഠിപ്പിച്ചത് കുടുംബശ്രീയിൽ നിന്നും സഹ. ബാങ്കിൽ നിന്നും ലോണെടുത്ത്; കുറിപ്പുമായി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ എ എസ്

Blog Image

ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടത്തിന്റെ നിമിഷത്തിൽ, തന്നെ ഇവിടെവരെ എത്തിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച മാതാപിതാക്കളെ ഓർത്ത് തൃശ്ശൂർ ജില്ലാ കളക്ടർ പങ്കുവെച്ച കുറിപ്പ് വായനക്കാരുടെ കണ്ണ് നിറയ്ക്കുന്നു.
 തൃശ്ശൂരിന്റെ അമരക്കാരിയായി ചുമതലയേൽക്കുമ്പോൾ, ഡയാലിസിസ് കിടക്കയിൽ നിന്ന് തനിക്ക് ഊർജ്ജം നൽകിയ അച്ഛന്റെ അഭാവം തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് കളക്ടർ കുറിച്ചു. "ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോകുന്നു." ഡയാലിസിസ് കിടക്കയിൽ കിടക്കുമ്പോഴും അച്ഛൻ നൽകിയ ആത്മവിശ്വാസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഊർജ്ജമെന്ന് കളക്ടർ ഓർക്കുന്നു.
കളക്ടറുടെ ഹൃദയം തൊടുന്ന കുറിപ്പ് ഇങ്ങനെ....;
സ്വപ്നം കാണുവാൻ പഠിപ്പിച്ചത് അച്ഛനാണ്. ഇന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ആയി ചാർജ് എടുത്തപ്പോൾ, ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. ഡയാലിസിസ് കിടക്കയിൽ നിന്ന് അച്ഛൻ പകർന്നു തന്നത്ര ഊർജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നൽകാനായിട്ടില്ല. കണ്ണുകൾ ഈറനണിഞ്ഞാണ് ഈ കുറിപ്പ് എഴുതുന്നതെങ്കിലും, അച്ഛന്റെ അനുഗ്രഹങ്ങൾ എന്നും എന്നിൽ ഉണ്ടാകും എന്ന ഉറപ്പാണ് മുന്നോട്ടുള്ള എന്റെ ഊർജ്ജം. 


ചാർജ് എടുക്കുവാൻ കളക്ടറേറ്റിലേക്ക് ഇറങ്ങുന്ന നേരം, കാൽ തൊട്ടു തൊഴുതപ്പോൾ, അമ്മ വിതുമ്പിയതിന് കാരണം അച്ഛന്റെ അഭാവമാണ്. എന്നോടൊപ്പം ജില്ലാ കളക്ടറുടെ കാറിൽ കയറിയപ്പോഴും സങ്കടം കൊണ്ടു അമ്മ ഒന്നും മിണ്ടിയിരുന്നില്ല. അച്ഛൻ രോഗബാധിതനായപ്പോൾ ഏതാണ്ട് ഇരുപത് വർഷം ഞങ്ങൾക്കുവേണ്ടി വിയർപ്പൊഴുക്കി അധ്വാനിച്ചത് അമ്മയാണ്. കമ്പനിയിൽ ഏറെ സമയവും നിന്നു കൊണ്ടുള്ള ജോലിചെയ്ത് ക്ഷീണിതയായി വീട്ടിലെത്തുന്ന അമ്മയ്ക്ക്,  മകൾക്ക് ഉപദേശങ്ങൾ നൽകുവാനോ, പഠനത്തിലെ സംശയങ്ങൾ ദൂരീകരിക്കുവാനോ അറിയുമായിരുന്നില്ല. സിവിൽ സർവീസ് കോച്ചിങ്ങിന് കുടുംബശ്രീയിൽ നിന്നും ,സഹകരണ ബാങ്കിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ചു. വീട്ടിലെ അവസ്ഥ മനസ്സിലാക്കി മറ്റൊരു ജോലിയോടൊപ്പം പഠിക്കാം എന്ന് കരുതിയപ്പോൾ പോലും അമ്മയും അച്ഛനും എന്നെ പിന്തിരിപ്പിച്ചു. 
സിവിൽ സർവീസ് പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ നിന്നും ജില്ലാ കളക്ടറുടെ കസേരയിലേക്ക് എന്നെ എത്തിച്ചത് ഞാൻ വായിച്ചു പഠിച്ച പുസ്തകങ്ങളും എഴുതി ശീലിച്ച ഉത്തരങ്ങളും മാത്രം അല്ല ; മറിച്ച്, പഠിച്ചു മടുത്തിരിക്കുമ്പോൾ , ചെയ്യാമെന്ന് കരുതി മാറ്റിവെക്കുമ്പോൾ , തോൽക്കും എന്ന് ഭയന്നിരിക്കുമ്പോൾ , എല്ലാം-  തന്റെ മകൾ അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും ഒരു അമ്മയുമാണ്. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.