കർണാടകയിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലുണ്ടായിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമം. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചതായും ജൂൺ മൂന്നിന് വൈകിട്ട് നാലുമണിക്ക് ഡി.കെ. ശിവകുമാർ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾ പ്രതീക്ഷിച്ച രാഷ്ട്രീയ എതിരാളികൾക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ കാണിച്ച മാതൃകാപരമായ പാർട്ടിക്കൂറാണ് ഇതിന് വഴിയൊരുക്കിയത്. സ്ഥാനമൊഴിയാൻ സിദ്ധരാമയ്യ തയ്യാറായത് കോൺഗ്രസ് ചരിത്രത്തിലെ അഭിമാനകരമായ നിമിഷമാണെന്ന് വേണുഗോപാൽ വിശേഷിപ്പിച്ചു. ഏറ്റവും സുഗമമായ അധികാര കൈമാറ്റമാണ് കർണാടകയിൽ നടന്നതെന്നും, ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ പാർട്ടി കൂടുതൽ കരുത്താർജിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളും പരിഹരിച്ചു കഴിഞ്ഞു. 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

