തിരുവനന്തപുരത്തിന്റെ സിനിമാ ചരിത്രത്തിന്റെ ഭാഗമായ ധന്യ രമ്യ തിയേറ്റർ മണ്ണോട് മണ്ണടിഞ്ഞ കാലത്താണ് ഈ കുറിപ്പെഴുതിയത്. ഭാവിയിലെ വികസനത്തിനായിട്ടായിരിക്കും തിയേറ്റർ സമുച്ചയത്തെ ഇടിച്ചു നിരത്തിയത്. തിയേറ്റർ വ്യവസായത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ പോലും പതറാതെ പിടിച്ചു നിന്ന തിയേറ്ററുകളിലൊന്നാണ് അവിടെ ഉണ്ടായിരുന്നു എന്നതിന് യാതൊരു തെളിവുകളുമില്ലാതെ തകർക്കപ്പെട്ടത്. പുതിയ വ്യാപാര സമുച്ചയത്തിനായി തിയേറ്റർ വഴി മാറി എന്നതാണ് വാർത്ത. ത്രീഡി കണ്ണാടി വച്ച് കണ്ട മൈ ഡിയർ കുട്ടിച്ചാത്തനിൽ തുടങ്ങിയ ആത്മബന്ധം ഇടിച്ചു നിരത്തുന്നതിന് മുന്നേയുള്ള ഫിലിം ഫെസ്റ്റിവൽ വരെ തുടർന്നു.
ധന്യയും രമ്യയും ചരിത്രത്തിന്റെ ഭാഗമായപ്പോൾ പഴയ കാല സിനിമാവസന്തത്തെ അറിയാതെ ഓർത്തു പോകുന്നു.തിരുവനന്തപുരത്തുകാരായ സിനിമാപ്രേമികളുടെ പ്രധാന ആകർഷണീയ കേന്ദ്രമായിരുന്നു ഓവർ ബ്രിഡ്ജിനടുത്തെ SLകോംപ്ലക്സ്.നാലു തിയേറ്ററുകൾ.അതുല്യ, അഞ്ജലി, ആതിര, അശ്വതി. അന്നത്തെ ആധുനിക സംവിധാനങ്ങളെല്ലാം ഉൾക്കൊള്ളിച്ചാണ് ഈ തിയേറ്ററുകൾ ആരംഭിച്ചത്.അനന്തപുരിയിലെ ആസ്വാദകർക്ക് നവീനമായ അനുഭവമായിരുന്നു ആ സമുച്ചയം. അതുല്യയായിരുന്നു ഏറ്റവും വലിയ തിയേറ്റർ.തൊട്ടു പിന്നിൽ അഞ്ജലി.ആതിര ചെറിയ തിയേറ്ററാണ്.ഒരു നീളൻ സിനിമാശാല. ഏറ്റവും ചെറിയ തിയേറ്ററാണ് അശ്വതി. ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കുന്ന സിനിമകൾ അതുല്യയിൽ ആരംഭിച്ച് ,ആള് കുറയുന്നതിനനുസരിച്ച് ആതിരയിലേക്കും അശ്വതിയിലേക്കും മാറ്റി നൂറും നൂറ്റമ്പതും ദിവസം തികച്ചിരുന്ന സിനിമാക്കാലം.SLതിയേറ്ററിൽ എല്ലാ ഭാഷയിലുമുള്ള സിനിമകൾ പ്രദർശിപ്പിച്ചിരുന്നു. അന്ന് നാട്ടുകാർക്ക് ഇത്രയധികം കാർ ഇല്ലാതിരുന്നതിനാൽ മതിയായ പാർക്കിംഗ് ഏര്യ അന്ന് എസ്.എൽ. കോംപ്ലക്സിൽ ഉണ്ടായിരുന്നു.
പുത്തരിക്കണ്ടം മൈതാനത്തിനുപ്പുറത്തുള്ള സെൻട്രൽ തിയേറ്ററിൽ തമിഴ് സിനിമകൾ മാത്രമേ പ്രദർശിപ്പിച്ചിരുന്നുള്ളൂ.
എല്ലാത്തരം തമിഴ് സിനിമകൾക്കും പ്രേക്ഷകരുണ്ടായിരുന്ന കാലമായിരുന്നു അത്.കമൽ രജനി സിനിമകൾക്കുപരിയായി മികച്ച തമിഴ് സിനിമകളെല്ലാം തിരുവനന്തപുരത്തെത്തിയിരുന്നു. സെൻട്രലിൽ തമിഴ് മാത്രമായിരുന്നുവെങ്കിൽ ന്യൂ തിയേറ്ററിൽ ഇംഗ്ലീഷ് സിനിമകളായിരുന്നു പ്രദർശിപ്പിച്ചിരുന്നത്.നഗരത്തിലെ ഏറ്റവും വലിയ തിയേറ്റർ ആയിരുന്നു ന്യൂ. അന്നും ഇന്നും ഏറ്റവും വലിയ പാർക്കിംഗ് ഏര്യ ന്യൂവിന്റെ സവിശേഷതയായിരുന്നു
ശ്രീകുമാർ ശ്രീവിശാഖ് തിയേറ്ററുകൾ ഹിന്ദി, ഇംഗ്ലീഷ് സിനിമകൾക്ക് വേണ്ടി മാറ്റി വയ്ക്കപ്പെട്ടവയായിരുന്നു. ഇന്നത്തെപ്പോലെ സൂപ്പർ ഹിറ്റ് ഇംഗ്ലീഷ് സിനിമകൾ മാത്രം വന്നു പോകുന്ന നഗരമല്ലായിരുന്നു അന്നിത്. റിവ്യൂ പോലുമില്ലാതെ ആഴ്ചയിൽ മൂന്നു ഇംഗ്ലീഷ് സിനിമകളെങ്കിലും ഇവിടെ റിലീസ് ചെയ്തിരുന്നു. ജാക്കിച്ചാനും ജെയിംസ് ബോണ്ട് സീരീസും പോലീസ് അക്കാഡമിയുമെല്ലാം പ്രേക്ഷകർ ആഘോഷപൂർവ്വം വരവേറ്റു. ശ്രീകുമാർ തിയേറ്റർ ആയിരുന്നു ഹിന്ദി സിനിമകളുടെ റിലീസിംഗ് സെന്റർ. Mr. ഇന്ത്യ അടക്കമുള്ള ഹിന്ദി സിനിമകൾ തിരുവനന്തപുരത്ത് കളക്ഷനിൽ ചരിത്രം സൃഷ്ടിച്ചു.
സിനിമകളുടെ ടിക്കറ്റെടുക്കുന്ന കാര്യത്തിലും തിയേറ്ററിലിരുന്ന് സിനിമ കാണുന്ന കാര്യത്തിലും ഇംഗ്ലീഷിനും ഇതര ഭാഷാചിത്രങ്ങൾക്കും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. എല്ലാ തിയേറ്ററുകളിലും ടിക്കറ്റ് കൗണ്ടറുകൾ ഓരോ തുരങ്കങ്ങളായിരുന്നു .താഴ്ന്ന ക്ലാസ്സ് ടിക്കറ്റുകൾ എടുക്കുന്നവർക്കാണ് തുരങ്ക പാത. ഫസ്റ്റ് ക്ലാസ്സിന് ടിക്കറ്റെടുക്കാൻ തുറന്ന സംവിധാനമായിരുന്നു.റിലീസ് ദിവസങ്ങളിൽ ഇന്ത്യൻ ഭാഷാചിത്രങ്ങളുടെ ടിക്കറ്റെടുക്കാൻ കൗണ്ടറുകൾക്ക് മുന്നിൽ യുദ്ധം നടക്കുമായിരുന്നു. തുരങ്കത്തിലേക്ക് കടക്കാൻ പ്രവേശന ദ്വാരത്തിനു് മുന്നിൽ തടിച്ചുകൂടി നിൽക്കുന്ന പുരുഷാരത്തിന്റെ ചുമലുകൾക്ക് മുകളിലൂടെ വിരുതൻമാർ ചവുട്ടിക്കയറി തുരങ്കത്തിലേക്ക് ഊർന്നിറങ്ങി ബഹളം കൂട്ടി ടിക്കറ്റെടുക്കുക പതിവായിരുന്നു. കരിഞ്ചന്തയിലും ടിക്കറ്റുകൾ സുലഭമായിരുന്നു. ഹിറ്റ് സിനിമകളുടെ ടിക്കറ്റ് ഒരുമിച്ചെടുത്ത് വില കൂട്ടി വിൽക്കുന്ന വിദ്വാൻമാർ തിയേറ്റർ പരിസരത്തു തന്നെയുണ്ടാകും. സ്ഥിരമായി ബ്ളാക്കിൽ ടിക്കറ്റെടുത്ത് സിനിമ കാണുന്ന എണ്ണവും കൂടുതലായിരുന്നു. ഇത്തരത്തിൽ കച്ചവടം നടത്തുന്ന കൈക്കരുത്തുള്ളവരുടെ സംഘം സിനിമ ശാലകളെ ചുറ്റിപ്പറ്റി നിലയുറപ്പിക്കും. പരിധി കടക്കുമ്പോൾ നേരിടാൻ പോലീസും.
ഇംഗ്ലീഷ് സിനിമകൾ റിലീസ് ചെയ്യുന്ന തിയേറ്ററുകളിലെ കാര്യം തുലോം വ്യത്യസ്തമായിരുന്നു. അച്ചടക്കവും നിശബ്ദതയുമായിരുന്നു ആ തിയേറ്ററുകളുടെ മുഖമുദ്ര. വരിവരിയായി നിന്നു് ടിക്കറ്റെടുക്കുന്നവർ സിനിമ തുടങ്ങും വരെ ശാന്തരായിരിക്കും. ഒച്ചയും ബഹളവുമില്ലാതെ . മലയാള സിനിമക്ക് സാധാണഗതിയിൽ മൂന്ന് പ്രദർശനങ്ങൾ ഉണ്ടായിരുന്നു. നൂൺ ഷോ,മാറ്റിനി ,ഫസ്റ്റ് ഷോ ,സെക്കന്റ് ഷോ എന്നിങ്ങനെയായിരുന്നു പ്രദർശനക്രമം. ഇംഗ്ലീഷ് സിനിമകൾക്ക് പതിനാന്നര മണി,ഒരു മണി, മൂന്ന് മണി, ഫസ്റ്റ് ഷോ, സെക്കന്റ് ഷോ എന്ന ക്രമത്തിൽ നാല് പ്രദർശനങ്ങൾ ഒരു ദിവസം ഉണ്ടായിരുന്നു. ഞായറാഴ്ചകളിൽ മോണിംഗ് ഷോയും പിൽക്കാലത്ത് എല്ലാ ദിവസവും നൂൺ ഷോയും തിയേറ്ററുകളിൽ പതിവായി. പ്രധാന സിനിമ ആയിരിക്കില്ല നൂൺ ഷോയിൽ പ്രദർശിപ്പിക്കുന്നത്.ഉച്ചപ്പടമെന്ന് വിളിപ്പേരുള്ള ലൈംഗിക അതിപ്രസരമുള്ള സിനിമകൾ ആയിരുന്നു മിക്ക തിയേറ്ററുകളിലും പ്രദർശിപ്പിച്ചിരുന്നത്. ശിവരാത്രിക്കും ആറ്റുകാൽ പൊങ്കാലക്കും സെക്കന്റ് ഷോക്ക് ശേഷം ഒരു ഷോകൂടി പതിവായിരുന്നു. ഭക്തി ചിത്രങ്ങളായിരുന്നു അത്തരം അധിക ഷോകളിൽ പ്രദർശിപ്പിച്ചിരുന്നത്. സ്ത്രീകളായിരുന്നു ആറ്റുകാൽ പൊങ്കാലയിലെ പ്രേക്ഷകർ.
തിയേറ്ററിനകത്തെ ആസ്വാദനത്തിലും ഈ ഭാഷാ വ്യത്യാസം പ്രകടമായിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ ആസ്വാദനം അച്ചടക്കത്തിലധിഷ്ഠിതമായിരുന്നെങ്കിൽ ഇന്ത്യൻ ഭാഷാ സിനിമകളെ ആരവങ്ങളോടെ ആർപ്പുവിളികളോടെ ആസ്വാദകർ എതിരേറ്റു. താരങ്ങൾക്ക് പാലഭിഷേകം അന്നു് പതിവില്ലായിരുന്നു. മോഹൻലാലും മമ്മൂട്ടിയും തമ്മിൽ താരയുദ്ധം മുറുകിയതോടെയാണ് ഫാൻസ് അസോസിയേഷനുകൾ സജീവമായത്. പുഷ്പ വൃഷ്ടിയും പടുകൂറ്റൻ ബോർഡുകളും ചെണ്ടമേളവും സിനിമ റിലീസിന്റെ ഭാഗമായി. റിലീസ് ദിവസങ്ങളിൽ നായകന്റെ ഡയലോഗ് കേൾക്കാനാവാത്ത വിധത്തിലായി സിനിമാപ്രദർശനം. രജനിക്കും കമലിനും ശക്തമായ ഫാൻസ് അസോസിയേഷൻ നഗരത്തിൽ ഉണ്ടണ്ടായിരുന്നു.
ക്രമേണ തിയേറ്ററുകളിലെ ഭാഷാ സംവരണം അവസാനിച്ചു. ന്യൂവിലും ശ്രീകുമാറിലും ശ്രീവിശാഖിലും മലയാള സിനിമകൾ പ്രദർശിപ്പിച്ചു തുടങ്ങി. കമലിന്റെയും രജനിയുടെയും വിജയകാന്തിന്റെയും ഭാഗ്യ രാജിന്റെയും ടി.രാജേന്ദ്രന്റെയും പ്രഭുവിന്റെയും സിനിമകൾക്കായി കാത്തിരുന്നവരായിരുന്നു അനന്തപുരിയിലെ സിനിമാ പ്രേമികൾ. ഇതരഭാഷകളിലെ സിനിമകൾ സ്ഥിരമായി കാണുന്നതിനുള്ള അവസരമാണ് അനന്തപുരിയിലെ ആസ്വാദകർക്ക് ഇതോടെ നഷ്ടമായത്. എന്തുകൊണ്ടാണ് അന്ന് അത്തരത്തിൽ ഭാഷാധിഷ്ഠിത പ്രദർശനം നിലനിന്നിരുന്നതെന്നറിയില്ല, ഇതര ഭാഷാചിത്രങ്ങളുടെ ഉത്സവകാലമായിരുന്നു .കാണുവാനാഗ്രഹിക്കുന്നവർക്ക് കൺനിറയെ കാണുവാൻ കാഴ്ചകളുണ്ടായിരുന്ന കാലം. നഗരത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു വിവിധ ഭാഷകളിലുള്ള സിനിമകളും നിറയെ സിനിമാ പ്രദർശനശാലകളും. ലോകത്തിലേക്ക് നാം തുറന്നു പിടിച്ച വാതയാനങ്ങളായിരുന്നു തിയേറ്ററുകൾ. വ്യത്യസ്ത സംസ്കാരങ്ങളെയും ജീവിത രീതികളെയും നമുക്ക് പരിചയപ്പെടുത്തിത്തന്ന സാംസ്കരിക കേന്ദ്രങ്ങളായിരുന്നു അവ. സിനിമാശാലകളിൽ ഇന്നത്തെപ്പോലെ വിലപിടിപ്പുള്ള ലഘുഭക്ഷണ ശാലകൾ അന്ന് ഇല്ലായിരുന്നു. ഗോലി സോഡയും കളർ സോഡയും കപ്പലണ്ടി മുഠായിയും വറുത്ത കടലയും മിക്സ്ചറുമൊക്കെയായിരുന്നു വി.ഐ.പി വിഭവങ്ങൾ.ഇടവേളയിൽ തിയേറ്ററിന്റെ ഇടനാഴികൾ സിഗററ്റിന്റെ രൂക്ഷ ഗന്ധത്തിലമരും. തിയേറ്ററിനകത്ത് സിഗററ്റ് വലിക്കുന്നവരും അവരെ പിടിക്കാൻ പോലീസും ഹാജരായിരുന്നു.
പിന്നെപ്പോഴോ പ്രേക്ഷകന്റെ പ്രതീക്ഷകൾക്ക് അനുസരിച്ച് സിനിമാശാലകൾ ഉയരാതിരുന്നപ്പോൾ അവർ തിയേറ്ററുകളെ കൈയൊഴിഞ്ഞു. ചലച്ചിത്ര വ്യവസായം മൊത്തത്തിൽ പ്രതിസന്ധിയെ നേരിട്ട നാളുകളായിരുന്നു അത്. പ്രേക്ഷകനെ ആവേശഭരിതനാക്കുന്ന സിനിമകൾ സൃഷ്ടിക്കുന്നതിൽ സംവിധായകരും രചയിതാക്കളും തുടർച്ചയായി പരാജയപ്പെട്ടു. തിയേറ്ററുകൾ പലതും പൂട്ടി.
ടി വിയുടെ അതിപ്രസരണം കൊണ്ടാണോ എന്നറിയില്ല അന്യഭാഷാചിത്രങ്ങളുടെ അനസ്യൂത പ്രവാഹം നഗരത്തിനന്യമായി. ലോകത്തിന് നേരെ തുറന്നു വച്ചിരുന്ന വാതിലുകളെയാണ് അതിലൂടെ നാം കൊട്ടിയടച്ചത്. പൊളിച്ച് മാറ്റിയ ധന്യയും രമ്യയും അച്ചു പൂട്ടപ്പെട്ട സെൻട്രലും എംപിയും ശ്രീബാലയും പാർത്ഥാസും സിനിമാപ്രേമികളുടെ തീർത്ഥാടന കേന്ദ്രങ്ങളായിരുന്നു. ഓരോ കാലത്തിനും അതിന്റേതായ സവിശേഷതകളുണ്ടായിരിക്കും. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് വരെ ഞങ്ങളുടെ നഗരത്തിലെ തിയേറ്ററുകൾ ഇങ്ങനെയായിരുന്നു. ഗോലിസോഡയും കളർ സോഡയും കപ്പലണ്ടി മുട്ടായിയും കുമ്പിൾ കടലയും ഇടവേളകളിൽ കിട്ടിയിരുന്ന കാലം. പണ്ഡിതനും പാമരനും ഒരു പോലെ യഥേഷ്ടം ഇംഗ്ലീഷ് സിനിമയും അന്യഭാഷാചിത്രങ്ങളും കാണാനും വിലയിരുത്താനും അവസരമൊരുക്കിയത് പഴയ സിനിമാശാലകളായിരുന്നു.
നഗരത്തിൽ സിനിമാ വസന്തം ആവർത്തിക്കില്ല എന്ന വിശ്വാസത്തെ കാലം തകർത്തു. തിരുവനന്തപുരം വീണ്ടും സിനിമയുടെ തലസ്ഥാനമായി. വർഷത്തിലൊരിക്കൽ സർക്കാർ നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം നഗരത്തിലെ സംസ്കാരത്തിന് നവ്യാനുഭവമായി. ലോകത്തിലെ എല്ലാ ഭാഷകളിലുമുള്ള മികച്ച സിനിമകൾ നമ്മുടെ പ്രേക്ഷകർക്ക് പ്രാപ്യമായി. അതിനൊപ്പം സിനിമാവ്യവസായം പ്രതിസന്ധിയെ അതിജീവിച്ചു. നവീന സാങ്കേതികവിദ്യയും മികച്ച സൗകര്യങ്ങളുമായി മാറി മറിഞ്ഞ തിയേറ്ററുകളിലേക്ക് കാണികൾ മടങ്ങിയെത്തി. തിയേറ്ററിനകത്തെ ഇരിപ്പിടങ്ങളടക്കം പരിവർത്തനത്തിന് വിധേയമായി. മികച്ച ദൃശ്യ-ശ്രവ്യ സംവിധാനങ്ങൾ അനുഭവേദ്യമായി.ശീതീകരണ സംവിധാനം സുസജ്ജമാക്കി. കിടന്നു കാണുന്ന സംവിധാനമടക്കമുണ്ടായി. നാറ്റം കൊണ്ട് മൂക്ക് പൊത്തേണ്ട ശുചിമുറികൾ അപ്രത്യക്ഷമായി. ഭക്ഷണ ശാലകൾ മികച്ചതും വിലയുടെ കാര്യത്തിൽ കൊള്ളയുടെ കേന്ദ്രങ്ങളുമായി . ഫിലിം പെട്ടികൾ അപ്രത്യക്ഷമായി. ഏക കേന്ദ്രത്തിൽ നിന്നും പുതിയ സാങ്കേതിക വിദ്യയിൽ സിനിമ നേരിട്ട് സ്ക്രീനിൽ എത്തുന്ന രീതിയാണ് ഇപ്പോൾ അവലംബിക്കുന്നത്.
പാറ്റൂരിലും അനന്തപുരി ആശുപത്രിക്കടുത്തുള്ള ട്രാവൻകൂർ മാളിലും കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലും ലുലു മാളിലും മൾട്ടിപ്ളക്സുകൾ എത്തി. SL തിയേറ്റർ ഏരീസ് പ്ലസായി മാറ്റത്തിന്റെ പതാകാവാഹകരായി . ന്യൂ തിയറ്ററിൽ നാല് തിയേറ്റർ പ്രവർത്തിക്കുന്നു. കൈരളി ശ്രീയിലും നിള കൂടെ വന്നു. കൃപയും ശ്രീപദ്മനാഭയും മോഹിപ്പിക്കുന്ന സൗകര്യങ്ങളോടെ മടങ്ങിയെത്തി. അജന്തയും കലാഭവനും ശ്രീകുമാറും ശ്രീവിശാഖും പ്രേക്ഷകരുടെ ഇഷ്ടകേന്ദ്രങ്ങൾ തന്നെ.
കോവിഡിന്റെ കഠിനകാലത്തിനിടയിലാണ് ധന്യയും രമ്യയും അപ്രത്യക്ഷമായത്. കോവിഡ് പ്രതിസന്ധി നീളുന്തോറും തിയേറ്ററുകളുടെ ഭാവിയും ആശങ്കയിലാഴുന്നു. ചിരിച്ചു ചിരിച്ചു കുടൽ മറിഞ്ഞു കിലുക്കം കണ്ട അജന്തയും ആഗസ്റ്റ് ഒന്നു കണ്ട് ആവേശഭരിതമായ ധന്യയും വിസ്മയത്തോടെ മൈഡിയർ കുട്ടിച്ചാത്തൻ കണ്ട രമ്യയും മിസ്റ്റർ ഇന്ത്യ കണ്ട ശ്രീകുമാറും വിക്രം കണ്ട പാർത്ഥാസും പഴയ കാല ദീപ്ത സ്മരണകളാണ്. ജാക്കിച്ചാനെ കണ്ട് കൈയടിച്ച ന്യൂവും അവസാനം അഞ്ചാപാതിരയും ട്രാൻസും കണ്ണൂർ സ്ക്വാഡും കണ്ട ന്യൂവും രണ്ട് കാലഘട്ടത്തിലെ ദൃശ്യാനുഭവത്തിന്റെ നേർക്കാഴ്ചയാണ്. എമ്പുരാൻ, തുടരും ചിത്രങ്ങൾ തിയേറ്റർ വ്യവസായത്തിന് നൽകിയ സാമ്പത്തിക ഉണർവ്വ് വിവരണാതീതമാണ്. തിരുവനന്തപുരത്തിന്റെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാണ് സിനിമ തിയേറ്ററുകൾ. പുതിയ കാലത്തിനും പ്രേക്ഷകനും അനുസരിച്ച് തിയേറ്റർ വ്യവസായം പുരോഗമിക്കട്ടെ...




വിനോദ് സെൻ

