നായകനായി അഭിനയിച്ച 'ഒരു ഭാരത സർക്കാർ ഉത്പന്നം' എന്ന ചിത്രം ജീവിതം വഴിമുട്ടിച്ചതായി നടൻ സുബീഷ് സുധി. സ്വന്തം വീട് ജപ്തിയിലായി. നിർമാതാക്കളുടെ അവസ്ഥയും മറിച്ചല്ല. ജീവനൊടുക്കാൻ പോലും തുനിയേണ്ട സാഹചര്യം ഉണ്ടായി എന്ന് സുബീഷ്. ഫേസ്ബുക്ക് പോസ്റ്റിൽ തന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ച് കൂടെയുണ്ടാകണം എന്ന് ഓരോ മലയാളിയോടും പറയുകയാണ് സുബീഷ്. പോസ്റ്റിലേക്ക്:
"വലിയ സ്വപ്നങ്ങൾക്ക് പുറകേ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിലാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80 ഓളം സിനിമകളിൽ അഭിനയിച്ചു. 'ഒരു ഭാരത സർക്കാർ ഉത്പന്നം' എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത്. 2024 മാർച്ച് 8 പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തിയേറ്റർ നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു. പിന്നെ നോമ്പ് മാസവും എക്സാമും ആയിരുന്നു.
പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ 5 ൽ 4 സ്റ്റാർ തന്നു. എന്റെ ഭാഗ്യക്കേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല. സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്നങ്ങൾ ആയിരുന്നു. 'ഒരു ഭാരത സർക്കാർ ഉത്പന്നം' സിനിമയുടെ പേരിൽ നിന്ന് ഭാരതം സെൻസർ ബോർഡ് കട്ട് ചെയ്തു.റിലീസിന് രണ്ടു ദിവസം മുന്നേ തിരക്കഥാകൃത്ത് നിസാംക്ക മരണപെട്ടു. പിന്നേ ഈ സിനിമ വിൽക്കാൻ ബോംബയിൽ പോയി അവിടെ കുറേ ഏജന്റ്മാർ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല. ഞാൻ നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വീട്ടാൻ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി. ഞാൻ വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. എന്റെ വീട് ജപ്തിയിൽ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട് തന്നവർ എനിക്കു എതിരെ കേസ് കൊടുത്തു. അത് വാറണ്ട് ആയി. എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ എന്റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം 40ഓളം കാളുകൾ ആണ് വരുന്നത് കടക്കാരുടേത്.
പിടിച്ചു നിൽക്കാനാവാതെ രണ്ടു തവണ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട. ശ്രമം നടത്തും മുന്നേ ഞാൻ രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക് മെസ്സേജ് അയച്ചിരുന്നു. അവരിൽ ആരോ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. അശ്വതി മാഡം എന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല, ജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.

ഈ നല്ല സിനിമ തിയേറ്ററിൽ എത്തിക്കാൻ ശ്രമിച്ച സതീഷേട്ടനും വർക്കിച്ചനും സാമ്പത്തിക ബാധ്യതയിലാണ്. എന്റെ പടത്തിന്റെ പ്രൊഡ്യൂസർമാറും സമാന അവസ്ഥയിലാണ്. ഒരടിപോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയാണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല. പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം."

