കാടായ കാടെല്ലാം വെട്ടി തെളിച്ചപ്പോൾ
കാട്ടു മൃഗങ്ങൾ തൻ വീടതില്ലാതായി
കാടെല്ലാം നാടായി നാടെല്ലാം കാടായി
കാട്ടു മൃഗങ്ങൾക്ക് നാടിപ്പോൾ വീടായി
പാമ്പിന്റെ ദംശന വാർത്ത ഇല്ലാത്തൊരു
പത്രത്തിൻ താൾ ഇന്ന് കേരളത്തിൽ ഇല്ല
പട്ടികൾ പെറ്റു പെരുകുന്നു നാടെങ്ങും
പേപ്പട്ടി പേടിയാൽ ഓടുന്നു നാട്ടുകാർ
കാട്ടുപോത്തും ആന കാട്ടുപന്നി മൊത്തം
കാട്ടു മൃഗങ്ങളും കാടിറങ്ങീടുന്നു
കാടിൻ അതിരുകൾ മായും മുറയ്ക്കിന്ന്
നാടിൻ അതിരുകൾ മാറി മറയുന്നു
വളർച്ച എന്ന് ചൊല്ലി വനം വിഴുങ്ങീടുമ്പോൾ
വന ജീവികൾ ഒന്നായ് നാട് വീടാക്കുന്നു
മലനിര വെട്ടി നിരത്തും കണക്കിനു
മഴ മേഘം മഴയുമായ് വഴി മാറുന്നു
നദികൾ ചുരുങ്ങി നിലം വരണ്ടീടുന്നു
നിഴലറ്റ ഭൂമിയിൽ ചൂട് കൂടീടുന്നു
പ്രകൃതിയെ ചൂഷണം ചെയ്യും മനുഷ്യനെ
പ്രകൃതി തന്നെ നല്ല പാഠം പഠിപ്പിക്കും
കാടിൻ വിലാപത്തെ കേൾക്കുക അല്ലെങ്കിൽ
കാലം കലികാലമായ് മാറും എന്നോർക്കുക
കാടും നാടും ചേർന്ന് ഒന്നിച്ചു നിന്നീടിൽ
കാണും നാം ജീവന്റെ സ്പന്ദനം നാൾക്കു നാൾ

ആൻഡ്രൂസ് അഞ്ചേരി

