അകലങ്ങളിൽ എവിടെയോ ഉള്ള ഒരു മകനുവേണ്ടി ഇരുപതു വർഷം തുടർച്ചയായി വിരിച്ചുവച്ച ഒരു പ്രാർത്ഥനപ്പായയുണ്ടായിരുന്നു കോഴിക്കോട് ഫറോക്കിലെ ആ ചെറിയ വീട്ടിൽ.
2006-ൽ, ഇരുപത്തിയാറാം വയസ്സിൽ അബ്ദുൽ റഹീം എന്ന ആ ചെറുപ്പക്കാരൻ വിമാനം കയറുമ്പോഴും
ആ ഉമ്മയുടെ മനസ്സിൽ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ,
ദാരിദ്ര്യത്തിന്റെ കറുത്ത ചുമരുകൾക്കിടയിൽ നിന്നും തന്റെ കുടുംബത്തെ ഒന്ന് കരകയറ്റണം.
എന്നാൽ പ്രവാസത്തിന്റെ മണ്ണിൽ റഹീമിനെ കാത്തിരുന്നത് ഒരു വലിയ നിയോഗമായിരുന്നു; കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക മെഡിക്കൽ ഉപകരണത്തിന്റെ സഹായത്തോടെ മാത്രം ശ്വസിക്കുന്ന,
ശാരീരിക ബുദ്ധിമുട്ടുകളുള്ള ഒരു കുഞ്ഞിനെ പരിചരിക്കുക എന്ന ഉത്തരവാദിത്തം.ജീവിതം ശാന്തമായി മുന്നോട്ടു പോകുന്നതിനിടയിലാണ് വിധി ഒരു കാറ്റായെത്തി ആ വിളക്ക് കെടുത്തിക്കളഞ്ഞത്. ഒരു കാർ യാത്രയ്ക്കിടയിൽ അവിചാരിതമായി ഉണ്ടായ ഒരു കൈയബദ്ധം. കുഞ്ഞിനെ ശാന്തനാക്കാൻ ശ്രമിക്കുന്നതിനിടയിൽ റഹീമിന്റെ കൈ അബദ്ധത്തിൽ ആ ശ്വസന സഹായിയായ ട്യൂബിൽ തട്ടി.
നിമിഷങ്ങൾക്കകം ആ കുഞ്ഞ് റഹീമിന്റെ കൈകളിൽ കിടന്ന് ശ്വാസം നിലച്ചുപോയി.
മനഃപൂർവ്വമല്ലെങ്കിൽ പോലും, തന്റെ കൺമുന്നിൽ ഒരു ജീവൻ പൊലിഞ്ഞതിന്റെ ആഘാതത്തിൽ പകച്ചുപോയ ആ ഇരുപത്തിയാറുകാരനെ തേടിയെത്തിയത് സൗദി കോടതിയുടെ വധശിക്ഷാ വിധിയായിരുന്നു. അതോടെ നാട്ടിൽ ആ വൃദ്ധയായ ഉമ്മയുടെ കണ്ണീരുണങ്ങിയില്ല. മകൻ ജയിലറയ്ക്കുള്ളിൽ നാളുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, ആ ഉമ്മ പ്രാർത്ഥനാപ്പായയിൽ നിന്നും എഴുന്നേറ്റതേയില്ല. "എന്റെ മോൻ വരും..."
എന്നൊരു വാക്ക് മാത്രമായിരുന്നു ആ നെഞ്ചിലുണ്ടായിരുന്നത്.
വർഷങ്ങൾ നീണ്ടുപോയി.
ഒടുവിൽ ഒരു നൂൽപാലം പോലെ ആശ്വാസ വാർത്തയെത്തി;
കുട്ടിയുടെ കുടുംബം വധശിക്ഷ ഒഴിവാക്കാൻ 34 കോടി രൂപ
'ദിയാധനം' ആവശ്യപ്പെട്ടു.
ഒരു സാധാരണ കുടുംബത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത അത്രയും വലിയൊരു തുക! പക്ഷേ അവിടെയാണ് 'മലയാളി' എന്ന വാക്കിന്റെ അർത്ഥം ലോകം അറിഞ്ഞത്.
ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ, ആ അമ്മയുടെ കണ്ണീരൊപ്പാൻ ലോകത്തിന്റെ വിവിധ കോണുകളിലുള്ള ലക്ഷക്കണക്കിന് മനുഷ്യർ കൈകോർത്തു.
രൂപയായും പത്തായും ലക്ഷങ്ങളായും ആ അക്കൗണ്ടിലേക്ക് പണം ഒഴുകിയെത്തി. ദിവസങ്ങൾക്കുള്ളിൽ ആ ഹിമാലയൻ തുക മലയാളി മനസ്സ് ഒന്നിച്ച് സമാഹരിച്ചു.അത് വെറുമൊരു തുകയായിരുന്നില്ല, ഒരു അമ്മയ്ക്ക് ഒരു ജനത നൽകിയ ഉറപ്പായിരുന്നു.
അങ്ങനെ, കൃത്യം 20 വർഷത്തെ നിയമപരമായ ശിക്ഷാ കാലാവധിയും പൂർത്തിയാക്കി,ഈ പുണ്യമായ ബലിപെരുന്നാൾ ദിനത്തിൽ അബ്ദുൽ റഹീം സ്വന്തം മണ്ണിൽ തിരിച്ചെത്തി. എയർപോർട്ടിൽ നിന്നും നേരെ വീട്ടിലേക്ക്... ഉമ്മയുടെ അരികിലേക്ക് അദ്ദേഹം .നടന്നു നീങ്ങിയപ്പോൾ കണ്ടുനിന്നവരുടെയെല്ലാം നെഞ്ച് പിടയുകയായിരുന്നു. നീണ്ട രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആ മകൻ തന്റെ ഉമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞപ്പോൾ, ആ വീടിന്റെ ഉമ്മറപ്പടിയിൽ വീണത് സന്തോഷക്കണ്ണീരായിരുന്നു.
ആ ഉമ്മയുടെ നെഞ്ചിലെ ചൂടേറ്റ് കണ്ണുകൾ പൂട്ടി റഹീം കരയുമ്പോൾ, ഇരുപത് വർഷത്തെ കാത്തിരിപ്പിന്റെ എല്ലാ വേദനയും ആ സ്നേഹത്തിൽ അലിഞ്ഞുപോവുകയായിരുന്നു. ഇതിലും വലിയൊരു കാരുണ്യത്തിന്റെ പുണ്യക്കാഴ്ച ഈ പെരുന്നാൾ ദിനത്തിൽ മറ്റെന്തുണ്ട്...

