1967ൽ ലോകത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ദക്ഷിണാഫ്രിക്കയിലെ ഡോ: ക്രിസ്റ്റ്യൻ ബർണാഡ് അതിനിടയിലെ ഒരു നിമിഷത്തെ കുറിച്ച് തന്റെ ആത്മകഥയായ One Life ൽ പറയുന്നുണ്ട്.
അതിനുമുൻപ് ഇങ്ങനെ ഒരു ശസ്ത്രക്രിയ നടത്തിയിട്ടില്ല. 25 വയസ്സുള്ള മസ്തിഷ്ക മരണം സംഭവിച്ച ഒരു സ്ത്രീയുടെ ഹൃദയം 53 വയസ്സുള്ള ലൂയിസിന്റെ ശരീരത്തിൽ വച്ചുപിടിപ്പിക്കണം. അതിനുവേണ്ടി ലൂയിസിന്റെ ഹൃദയം മുറിച്ചുമാറ്റി, അതിനുശേഷം ഹൃദയ ശൂന്യമായ ആ നെഞ്ചിലേക്ക് ബർണാഡ് നോക്കി, അപ്പോൾ കണ്ട ശൂന്യത ഞാൻ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിന്റെ വ്യാപ്തിയെ കുറിച്ച് അതുവരെയില്ലാത്ത ഒരു ചങ്കിടിപ്പ് നൽകി. ഒരുപക്ഷെ, ജീവനുള്ള ഒരു മനുഷ്യനെ അത്രയും ഹൃദയ ശൂന്യനായി കണ്ട ആദ്യത്തെ ആൾ ഡോ: ബർണാഡ് ആയിരിക്കണം.
36 വർഷത്തിനു ശേഷമാണ് കേരളത്തിൽ അങ്ങനെ ഒരു നിമിഷം സംഭവിക്കുന്നത്. 2003ൽ ഡോ: ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ മുഖ്യകാർമികത്വത്തിൽ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ. ഹൃദയം സ്വീകരിക്കേണ്ട 34 കാരനായ കെഎ എബ്രഹാമിനോട് ഞാൻ ഇതിനുമുൻപ് ഇങ്ങനെ ഒരു ശസ്ത്രക്രിയ ചെയ്തിട്ടില്ല എന്നു പറഞ്ഞതിനെ കുറിച്ച് ഡോക്ടർ "ഹൃദയം തൊട്ട്" എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട്. ഡോക്ടറുടെ കൈകൾ രണ്ടും ചേർത്തുപിടിച്ച് "എനിക്ക് ഡോക്ടറെ വിശ്വാസമാണ്, ഡോക്ടർക്കതിനു കഴിയും" എന്നു എബ്രഹാം പറഞ്ഞ ആ നിമിഷം. ഭർത്താവിന്റെ ഹൃദയം നൽകാൻ ഭാര്യ സമ്മതം പറഞ്ഞ ആ നിമിഷം. തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് ഹൃദയം എയർ ലിഫ്റ്റ് ചെയ്തുകൊണ്ടുവന്ന ആ നിമിഷം. തുന്നിച്ചേർക്കാൻ തുടങ്ങി ഒരു മണിക്കൂറും നാല്പത്തിയേഴു മിനിറ്റും കഴിഞ്ഞപ്പോൾ എബ്രഹാമിന്റെ ശരീരത്തിൽ ഇരുന്നു ഹൃദയം മിടിച്ചു തുടങ്ങിയ ആ നിമിഷം!
രണ്ടു ഹൃദയമാറ്റ ശാസ്ത്രക്രിയകളാണ് ഈ ആഴ്ചയിൽ നടന്നത്. ഐസക്ക് ജോർജ്ജും ബിൽജിത്തും അവരുടെ തുടിക്കുന്ന ഹൃദയങ്ങളെ ഈ കൈകളിൽ ഏല്പിച്ചിട്ടാണ് പോയത്. മറ്റു രണ്ടു ജീവനുകളുമായി അവരുടെ മിടിപ്പിനെ തുന്നിച്ചേർത്തു വച്ചത് ഈ വിരലുകളാണ്. ആരൊക്കെയോ പറഞ്ഞ ഒരു യെസിന്റെ തുടർച്ചയാണ് ഇപ്പോഴും നാം കേൾക്കുന്ന അവരുടെ മിടിപ്പുകൾ.

ഡോ ജോസ് ചാക്കോ പെരിയപ്പുറം

