PRAVASI

വെള്ളാപ്പള്ളിയോട് സി പി എമ്മിന് ഇനി മമതയില്ല

Blog Image

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുമ്പ് വരെ ചേർത്തുപിടിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെതിരെ സി.പി.എം. ഇപ്പോൾ കടുത്ത നിലപാടിലേക്ക് നീങ്ങുന്നതിന് പിന്നിൽ പാർട്ടിയുടെ പേരുദോഷം മാറ്റാനുള്ള നീക്കമെന്ന് വിലയിരുത്തൽ. വർഗീയ പരാമർശങ്ങളുടെ ഘട്ടത്തിൽപ്പോലും സി.പി.എമ്മും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളിയെ ചേർത്തുപിടിച്ചിരുന്നു. എന്നാൽ ഇത് പാർട്ടിക്ക് വലിയ പേരുദോഷമുണ്ടാക്കുകയും തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമാവുകയും ചെയ്തതായി സി.പി.എം. വിലയിരുത്തിയെന്നാണ് സൂചന.

വെള്ളാപ്പള്ളിക്കെതിരെ നിലപാടെടുക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരം ഇതുവരെ സി.പി.എമ്മിന് ലഭിച്ചിരുന്നില്ല. എന്നാൽ എ.എൻ. ഷംസീറിനെ ലീഗുകാരനായി ചിത്രീകരിച്ചുകൊണ്ടുള്ള വെള്ളാപ്പള്ളിയുടെ പരാമർശം അതിനുള്ള അവസരമായി പാർട്ടി കാണുന്നതായാണ് വിലയിരുത്തൽ. ഇതോടെ വെള്ളാപ്പള്ളിയുടെ നിലപാടുകളെ പരസ്യമായി തള്ളിപ്പറയാനുള്ള രാഷ്ട്രീയ സാഹചര്യം സി.പി.എമ്മിന് ലഭിച്ചു.

പിണറായിക്ക് ഒപ്പമാണെന്ന പ്രതീതി സൃഷ്ടിക്കുകയും പാർട്ടിക്കുള്ളിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിൽ വ്യത്യസ്ത ഘട്ടങ്ങളിൽ പ്രതികരിക്കുകയും ചെയ്യുന്ന രീതിയാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്ന് മുതിർന്ന സി.പി.എം. നേതാക്കൾ പറയുന്നുണ്ട്. ഇതിനെ മറികടക്കാനുള്ള അവസരമായാണ് ഇപ്പോഴത്തെ സാഹചര്യം പിണറായി വിജയനും എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ള നേതാക്കൾ കാണുന്നത്.

പാർട്ടിക്ക് വെള്ളാപ്പള്ളി നടേശനോട് ഇനി പ്രത്യേക മമതയില്ലെന്ന സന്ദേശം പാർട്ടി പ്രവർത്തകരിലേക്കും വെള്ളാപ്പള്ളിയിലേക്കും ഒരുപോലെ എത്തിക്കുകയാണ് ഇപ്പോഴത്തെ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഉയർന്ന പേരുദോഷം മാറ്റുന്നതിനൊപ്പം, വെള്ളാപ്പള്ളിയുമായുള്ള രാഷ്ട്രീയ അടുപ്പത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം അവസാനിപ്പിക്കാനുള്ള ശ്രമം കൂടിയാണ് സി.പി.എമ്മിന്റെ പുതിയ നിലപാടിന് പിന്നിലെന്നാണ്  സൂചന.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.