PRAVASI

ക്രിസ്ത്യാനികളുടെ ഓണം

Blog Image

“ഓ… ലണ്ടൻ നിറയെ ക്രിസ്ത്യാനികളുടെ ഓണാഘോഷമാണ്!”

സുഹൃത്ത് ശശിയുടെ ഫോൺ വന്നപ്പോൾ ഞാൻ ചിരിച്ചു.

“ഞങ്ങൾ നായന്മാർ വേറെ ആഘോഷിക്കുന്നുണ്ട്. അവിടെ എങ്ങനെയാ?”

“ഓ… ഇവിടെയും അച്ചായന്മാരുടെ ഓണമാണ്. ഇലയിട്ട് വയറുനിറയെ തിന്നും. അതിനു മുമ്പ് വയറുനിറയെ കള്ളും! എല്ലാ പള്ളിയിലും ഓണം അടിപൊളി. ഒരു വ്യത്യാസമുണ്ട്—അപ്പോൾ കാറുകൾ തന്നെ ബാറുകളാകും!”

രണ്ടുപേരും പൊട്ടിച്ചിരിച്ചു.

“മലയാളി എവിടെ പോയാലും മലയാളിയായി ഒന്നിക്കാൻ ഓണം പോലൊരു മാർഗമില്ലല്ലോ.”

ശശി ഒന്ന് ഗൗരവമായി.

“എന്നാലും അത് ഞങ്ങൾ ഹിന്ദുക്കളുടെ കഥയല്ലേ? മഹാബലിയും 'വാമനനും' ഒക്കെ…”

“അതുശരി. അപ്പോൾ കേരളത്തിന്റെ പൊതുവായ ആഘോഷം എന്താണ്? വിഷുവും ഓണവും കൂടി നിങ്ങൾ അങ്ങനെ എടുക്കേണ്ട. വിഷു ഞങ്ങൾ വിട്ടുതന്നു. പകരം ഓണം ഞങ്ങൾ ഇങ്ങെടുത്തു!”
സുരേഷ് ഗോപി സ്റ്റൈലിൽ പറഞ്ഞപ്പോൾ ശശി ചിരിച്ചു.

പക്ഷേ ചിരി പെട്ടെന്ന് നിലച്ചു.

“പണ്ടൊക്കെ നമ്മൾ എല്ലാവരും പള്ളിയിലും അമ്പലത്തിലും ഒക്കെ പോകാറുണ്ടായിരുന്നില്ലേ?”

“അതെ,” ശശി പറഞ്ഞു. “ഞങ്ങളുടെ വീട്ടിലും ക്രിസ്മസ് കരോളുകൾ വരുമായിരുന്നു. ഞങ്ങൾ നക്ഷത്രവിളക്കുകൾ തൂക്കുമായിരുന്നു".

"അമ്പലത്തിലെ ഉത്സവം ഞങ്ങളുടെയും ഉത്സവമായിരുന്നു. പറ എഴുന്നള്ളത്ത് വരുമ്പോൾ ഞങ്ങളുടെ വീട്ടുമുറ്റത്തും അത് എത്തുമായിരുന്നു.” ഞാൻ പറഞ്ഞു.
ഒരു നിമിഷം ഞങ്ങൾ രണ്ടുപേരും മിണ്ടാതിരുന്നു.

“അതൊരു കാലമായിരുന്നു,” ഞാൻ പറഞ്ഞു. “എല്ലാവരും എല്ലാവരുടെയുമായിരുന്ന മഹാബലിക്കാലം.”

ശശിയുടെ ശബ്ദം പതുക്കെ കനത്തു.

“ഇപ്പോൾ ഹിന്ദു ഉണർന്നു, കോരസൺ. അതാണ് ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും പ്രശ്നം.”

“ഉണരുന്നത് പ്രശ്നമല്ല ശശി. പക്ഷേ ഉണർത്താൻ വെറുപ്പിന്റെ ഭാഷ വേണമോ?”

“പണ്ടൊക്കെ ഹിന്ദുക്കൾ കാര്യങ്ങൾ അത്ര കൃത്യമായി പഠിച്ചിരുന്നില്ല. ആചാരമായി കൊണ്ടുപോയി. ഇപ്പോൾ അവർ ചരിത്രവും മതവും പഠിക്കുന്നു. അതുകൊണ്ടാണ് പല കാര്യങ്ങളും മാറുന്നത്.”

“പഠിക്കട്ടെ. എല്ലാവരും പഠിക്കട്ടെ. പക്ഷേ ഒരു മതത്തെക്കുറിച്ചുള്ള അറിവ് മറ്റൊരു മതത്തോടുള്ള വെറുപ്പായി മാറുമ്പോൾ?”

ശശി മിണ്ടിയില്ല.

“വെറുപ്പിന്റെ വിഷം ഒരിക്കൽ വിളമ്പിയാൽ,” ഞാൻ പറഞ്ഞു, “അത് തിരിച്ചെടുത്ത് കുപ്പിയിൽ അടയ്ക്കാൻ കഴിയുമോ?”

“ലക്ഷ്യമാണ് പ്രധാനം. ഒരു സമുദായം തകർന്നുപോകുന്നു എന്നു തോന്നിയാൽ പ്രതിരോധം വേണ്ടിവരും.”

“പ്രതിരോധിക്കാം. പക്ഷേ കൂട്ടുകാരനെ ശത്രുവാക്കി കൊണ്ടാണോ?”
സംഭാഷണം വീണ്ടും ചൂടുപിടിച്ചു.

അപ്പോൾ ഞാൻ പറഞ്ഞു:

“എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ രണ്ടു വ്യക്തികൾ നായർ സമുദായത്തിൽപ്പെട്ടവരായിരുന്നു—പി. സദാശിവൻപിള്ള സാറും എം. പി. പണിക്കർ സാറും. ഒരാൾ മന്നത്ത് പത്മനാഭന്റെ സെക്രട്ടറിയായിരുന്നു. മറ്റൊരാൾ എൻ.എസ്.എസ്. കോളേജ് പ്രിൻസിപ്പൽ. എന്റെ കുഞ്ഞു ജീവിതത്തിൽ അവർ നൽകിയ കരുതലും പ്രോത്സാഹനവും ഞാൻ ഒരിക്കലും മറക്കില്ല.

അവർ ഒരിക്കൽപോലും എന്നോട് ചോദിച്ചില്ല—‘നീ ഏത് സമുദായക്കാരനാണ്?’

അവർ ചോദിച്ചത് മറ്റൊന്നായിരുന്നു:

‘നിനക്ക് എന്താണ് വായിക്കാൻ ഇഷ്ടം? എന്താണ് എഴുതാൻ തോന്നുന്നത്? എന്താണ് പഠിക്കേണ്ടത്?’

അവർ എന്റെ മതം കണ്ടില്ല; എന്റെ ഉള്ളിലെ കുട്ടിയെ കണ്ടു.”

ശശി കുറച്ചു നേരം മിണ്ടാതെ ഇരുന്നു.

പിന്നെ പറഞ്ഞു:

“ഇന്ന് ഹിന്ദു ഉണർന്നിട്ടുണ്ട്. അതാണ് പ്രശ്നം.”

“അല്ല ശശി,” ഞാൻ പറഞ്ഞു. “ഇന്ന് എല്ലാവരും ഉണർന്നിരിക്കുകയാണ്. അതാണ് നമ്മുടെ അവസരവും അപകടവും. ഉണർന്ന മനുഷ്യൻ കൂട്ടുകാരനെ കാണണം; ശത്രുവിനെ അല്ല.”

വിഷയം മാറ്റാനായി ഞാൻ അടുത്തിടെ ന്യൂയോർക്കിൽ അവതരിപ്പിച്ച തുഞ്ചത്ത് എഴുത്തച്ഛന്റെ നാടകത്തെക്കുറിച്ചു പറഞ്ഞു.

“ അഞ്ഞൂറു വർഷം മുമ്പത്തെ ചാതുർവർണ്യത്തിന്റെ വേദനയും അപമാനവും ഒരു നാടകത്തിൽ വീണ്ടും വേദിയിലേക്ക് കൊണ്ടുവന്നപ്പോൾ ചില സുഹൃത്തുക്കൾ ചോദിച്ചു—‘ഇതൊക്കെ ഇപ്പോൾ ആരാണ് കാണാൻ പോകുന്നത്? ബോറൻ വിഷയം!’
പക്ഷേ ശശി, ആ വേദന ബോറനാണോ?

ഒരു മനുഷ്യനെ അവന്റെ ജനനംകൊണ്ട് താഴ്ത്തിയതിന്റെ കഥ നമുക്ക് മറക്കണോ?

അവമാനിക്കപ്പെട്ടവന്റെ കണ്ണുനീർ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാമോ?

അങ്ങനെ ചെയ്താൽ നാം ചരിത്രത്തിൽ നിന്ന് പഠിക്കുന്നില്ല; ചരിത്രത്തെ വീണ്ടും ആവർത്തിക്കുകയാണ്.”

ശശി ഒന്നും പറഞ്ഞില്ല.

ഫോണിന്റെ മറുവശത്ത് ഒരു നീണ്ട നിശ്ശബ്ദത.

അവസാനം ഞാൻ ചോദിച്ചു:

“ശശി, നമുക്ക് പഴയ ചങ്ങാതിമാരായി തിരിച്ചുപോകാൻ കഴിയുമോ?”

“അറിയില്ല,” അവൻ പറഞ്ഞു.

എനിക്കും അറിയില്ലായിരുന്നു.

പക്ഷേ ആ രാത്രി എനിക്ക് ഒരു കാര്യം വ്യക്തമായി തോന്നി.

മഹാബലി മടങ്ങിവരണമെന്നില്ല.
പക്ഷേ മഹാബലിയുടെ കാലത്തെ മനുഷ്യർ തമ്മിലുള്ള സ്നേഹം മടങ്ങിവരാം.

ഓണം ഒരു മതത്തിന്റെ മാത്രം ആഘോഷമാകേണ്ടതില്ല. ക്രിസ്മസ് ഒരു മതത്തിന്റെ മാത്രം സന്തോഷമാകേണ്ടതില്ല. വിഷുവും ഈദും പെരുന്നാളുകളും മറ്റൊരാളുടെ വാതിൽ അടയ്ക്കാനുള്ള കാരണമാകരുത്.

നമ്മുടെ കുട്ടികൾക്ക് നാം കൈമാറേണ്ടത് മതങ്ങളുടെ മതിലുകളല്ല; പരസ്പരം തുറക്കുന്ന വാതിലുകളാണ്.

ഒരിക്കൽ ഞങ്ങളുടെ വീട്ടുമുറ്റത്ത് അമ്പലത്തിലെ പറ എത്തിയിരുന്നു. അതേ മുറ്റത്ത് ക്രിസ്മസ് നക്ഷത്രവും തൂങ്ങിയിരുന്നു.

അന്ന് ആരും ചോദിച്ചില്ല—

“ഇത് ആരുടെ ആഘോഷമാണ്?”

അവർ ചോദിച്ചത് ഒറ്റ കാര്യം മാത്രം:

“നമുക്കും കൂടെ ആഘോഷിക്കാമോ?”

അതാണ് ഒരുപക്ഷേ

യഥാർത്ഥ ഓണം.

പൂക്കളം വാടിപ്പോയാലും
ഓണത്തിന്റെ ഓർമ്മ വാടാതിരിക്കട്ടെ.

പഴയ സൗഹൃദങ്ങൾ തിരികെ വരുമോ എന്നറിയില്ല.

പക്ഷേ, വാടിയ പൂവിനും ചിലപ്പോൾ മഴ കാത്തിരിക്കാം.

ഇനിയും ഈ അസ്തമയത്തിൽ
നമുക്ക് ഒരുമിച്ച് നക്ഷത്രങ്ങളെ സ്വപ്നം കാണാം

കോരസൺ

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.